ഒരു പുരോഹിതന്റെ ജീവിതത്തെ താങ്ങി നിർത്തിയ ദിവ്യകാരുണ്യ അത്ഭുതം

ജീവിതത്തിൽ പ്രതിസന്ധികളും പ്രശ്നങ്ങളും വരുമ്പോൾ ഒരു ഉത്തരം കിട്ടാതെ നാം അലയും. എവിടെ നിന്ന് ഒരു ആശ്വാസം ലഭിക്കും എന്ന് അന്വേഷിക്കും. ഇത്തരം അന്വേഷണങ്ങൾ ആയിരിക്കും പലപ്പോഴും ദൈവത്തിലേക്ക് നമ്മെ എത്തിക്കുന്നത്. ചില സന്ദർഭങ്ങളിൽ നാം തേടുന്ന ചോദ്യങ്ങൾക്കു ഉത്തരമായി ദൈവം നമ്മുടെ മുന്നിലെത്തും. ഇപ്രകാരം പൗരോഹിത്യ ജീവിതത്തിൽ പ്രതിസന്ധികൾ നിറഞ്ഞപ്പോൾ, ആ വിളി ഉപേക്ഷിക്കുവാൻ ആലോചിച്ച ഒരു വൈദികനെ ദൈവം ദിവ്യകാരുണ്യ അത്ഭുതത്തിലൂടെ സ്പർശിച്ചു. ആ അത്ഭുതം തന്റെ ദൈവവിളിയിലെ, പൗരോഹിത്യ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യുവാൻ അദ്ദേഹത്തിന് കരുത്തു നൽകി. അറിയാം ദിവ്യകാരുണ്യ അത്ഭുതത്തിലൂടെ ദൈവത്തിലേക്ക് കൂടുതൽ അടുത്ത ഒരു വൈദികന്റെ ജീവിതം.

1991-ൽ, വെനസ്വേലയിൽ ദിവ്യകാരുണ്യ അത്ഭുതം സംഭവിച്ചപ്പോൾ വിശ്വാസ സംബന്ധമായ പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു കൊളംബിയൻ പൗരനായ ഫാദർ ഒട്ടി ഒസ്സ അരിസ്റ്റിസാബൽ. ഈ അത്ഭുതം നടന്ന വർഷം ഡിസംബർ 8-ന്, അമലോത്ഭവ ദിനത്തിൽ, അന്നത്തെ തലസ്ഥാനമായ കാരക്കാസിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ഒരു പർവതപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബെറ്റാനിയ സാങ്ച്വറിയിൽ വിശുദ്ധ കുർബാന അർപ്പിക്കുകയിരുന്നു അദ്ദേഹം. ആ കുർബാന അർപ്പണത്തിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു.

വിശ്വാസ ജീവിതത്തിലെ പലവിധ സംശയങ്ങളാലും പ്രതിസന്ധികളാലും എന്നി പൗരോഹിത്യ ജീവിതവുമായി മുന്നോട്ട് പോകണമോ വേണ്ടയോ എന്ന ഒരു ആത്മ സംഘർഷത്തിൽ നിൽക്കുകയായിരുന്നു അദ്ദേഹം. ആ തിരുനാൾ ദിനത്തിൽ ഒരുപക്ഷെ താൻ അർപ്പിക്കുന്ന അവസാന വിശുദ്ധ കുർബാനയായിരിക്കും ഇതെന്ന് കണക്കാക്കി നെഞ്ചുപൊട്ടിയാണ് അദ്ദേഹം അൾത്താരയിൽ നിന്നത്. അങ്ങനെ അദ്ദേഹം വിശുദ്ധ കുർബാന അർപ്പണം തുടർന്നു.

വിശുദ്ധ കുർബാനയുടെ ഇടയിൽ തിരുവോസ്തിയിൽ ഒരു ചുമന്ന നിറം അദ്ദേഹം ശ്രദ്ധിച്ചു. ആദ്യം അത് കാര്യമാക്കിയില്ല എങ്കിലും ചുവപ്പു നിറത്തിൽ കാണപ്പെട്ട ആ മാർക്കിൽ നിന്നും എന്തോ ഒലിച്ചു വരുന്നതായി തോന്നി. അത് രക്തത്തിന്റെ നിറമായിരുന്നു. ഒരു സ്റ്റിച്ചിന്റെ ഉള്ളിൽ നിന്നും രക്തം പനിച്ചു വരുന്നത് പോലെ അത് കാണപ്പെട്ടു. രക്തം പനിച്ചു വന്ന ആ തിരുവോസ്തിയെ വൈദികൻ സൂക്ഷിച്ചു. വൈകാതെ തന്നെ തനിക്കു മുന്നിൽ നടന്ന അത്ഭുതത്തെ അദ്ദേഹത്തിന് മനസിലാക്കുവാൻ സാധിച്ചിരുന്നു. സംഭവം അറിഞ്ഞു ബിഷപ്പ് ഉൾപ്പെടെയുള്ളവർ ദൈവാലയത്തിൽ എത്തി.

ബിഷപ്പ് ബെല്ലോ അത് ഡോ. ഡെയ്‌സി കാനിസാലസിന്റെ നേതൃത്വത്തിലുള്ള കാരക്കാസിലെ മുൻ ജുഡീഷ്യൽ ടെക്‌നിക്കൽ പോലീസിന്റെ മൈക്രോ അനാലിസിസ് ഡിപ്പാർട്ട്‌മെൻ്റിലേക്ക് അയച്ചു. ഫാദർ ഒസ്സയുടെ സാക്ഷ്യത്തിന്റെയും ശാസ്ത്രീയ പോലീസ് നടത്തിയ ലബോറട്ടറി പരിശോധനകളുടെയും ബലത്തിൽ, മോൺസ്. ബെല്ലോ-അന്നത്തെ ലോസ് ടെക്ക്സ് ബിഷപ്പ്-1992-ൽ, ബെറ്റാനിയയിലെ സാങ്ച്വറിയിൽ തിരുവോസ്തിയിൽ നിന്നും രക്തം വന്ന സംഭവത്തെ ഒരു “അത്ഭുത സംഭവം” ആയി പ്രഖ്യാപിച്ചു.

ഈ അത്ഭുത സംഭവത്തോടെ പൗരോഹിത്യത്തെ സംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ദൈവം ആ വൈദികന് ഉത്തരം നൽകുകയായിരുന്നു. തുടർന്നു വിശ്വാസ ജീവിതത്തിൽ ആഴപ്പെട്ട പുരോഹിതൻ തന്റെ പൗരോഹിത്യ ശുശ്രൂഷയെ കൂടുതൽ സജീവവും വിശുദ്ധവുമായി കണ്ടു മുന്നോട്ട് പോയി. പിന്നീട് ഒരിക്കലും ഒരു പുരോഹിതനായി അല്ലാതെ താൻ ജീവിക്കുന്നതിനെ കുറിച്ചു അദ്ദേഹം ചിന്തിച്ചിട്ടില്ല. 2015-ൽ അദ്ദേഹം മരിക്കുന്നത് വരെ ഒരു വിശുദ്ധനായ പുരോഹിതനായി അദ്ദേഹം ജീവിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.