ആധുനിക യുഗത്തിലെ മൂന്നു മാര്‍പാപ്പമാര്‍

ആധുനിക യുഗത്തിലെ കത്തോലിക്കാ സഭയുടെ ഭാഗധേയം നിര്‍ണയിച്ചവര്‍ ജോണ്‍ പോള്‍ രണ്ടാമനും, ബനഡിക്ട് 16-ാമനും ഫ്രാന്‍സിസ് പാപ്പയുമാണ്. ഇവര്‍ക്ക് സമാനതകളും വൈവിധ്യങ്ങളും ഏറെയുണ്ടെങ്കിലും ക്രിസ്തുവിന്റെ വികാരി, സാര്‍വത്രിക സഭയുടെ അജപാലകന്‍ എന്ന നിലയില്‍ ഇവര്‍ ആധുനിക ലോകത്തിന് ധാര്‍മ്മികമൂല്യങ്ങള്‍ നല്‍കിയവരാണ്. തുടർന്നു വായിക്കുക.

വളരെ പ്രസിദ്ധമായ ചലച്ചിത്രമാണ് “Two Popes.” ഫെര്‍ണാന്‍ഡോ മയിരല്ലെസിന്റെഈ ചിത്രത്തില്‍ ആന്റണി ഹോപ്കിന്‍സ്, ബനഡിക്ട് 16-ാമന്‍ ആയും ജോനാഥന്‍ പ്രൈസ്, ഫ്രാന്‍സിസ് പാപ്പായായും വളരെ തന്മയത്വമായി അഭിനയിക്കുന്നു. ഈ രണ്ടു മാര്‍പാപ്പമാരുടെ സൗഹൃദവും നര്‍മ്മബോധവും വ്യത്യസ്ത ശൈലികളും ഏറെ മികവോടെ സിനിമയിൽ അവതരിക്കപ്പെടുന്നു.

എന്നാല്‍ ആധുനിക യുഗത്തിലെ കത്തോലിക്കാ സഭയുടെ ഭാഗധേയം നിര്‍ണയിച്ചവര്‍ ജോണ്‍ പോള്‍ രണ്ടാമനും, ബനഡിക്ട് 16-ാമനും ഫ്രാന്‍സിസ് പാപ്പയുമാണ്. ഇവര്‍ക്ക് സമാനതകളും വൈവിധ്യങ്ങളും ഏറെയുണ്ടെങ്കിലും ക്രിസ്തുവിന്റെ വികാരി, സാര്‍വത്രിക സഭയുടെ അജപാലകന്‍ എന്ന നിലയില്‍ ഇവര്‍ ആധുനിക ലോകത്തിന് ധാര്‍മ്മികമൂല്യങ്ങള്‍ നല്‍കിയവരാണ്.

വി. ജോണ്‍ പോള്‍ രണ്ടാമന്‍

ജോണ്‍ പോള്‍ രണ്ടാമന്‍ ഒട്ടേറെ പ്രത്യേകതകളുള്ള മാര്‍പാപ്പയായിരുന്നു. 58-ാമത്തെ വയസില്‍ ഇറ്റലിക്കു പുറത്ത് പോളണ്ടില്‍നിന്നുമുള്ള ആദ്യ സ്ലാവേനിയന്‍ പാപ്പ. നീണ്ട 26 വര്‍ഷം സഭയെ നയിച്ചു. 129 രാജ്യങ്ങളിലേക്ക് അജപാലന യാത്രകള്‍ നടത്തി. ചരിത്രത്തില്‍ ഇത്രയും വര്‍ഷങ്ങള്‍ സഭയെ നയിച്ചവരില്‍ മൂന്നാമനാണ്. കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് ഭരണത്തകര്‍ച്ചയ്ക്ക് കാരണക്കാരനായി. അദ്ദേഹത്തിന്റെ ”ഒസ്റ്റ്‌പൊളിറ്റിക്‌സ്” പ്രസിദ്ധമാണ്. 1981-ല്‍ അലി അഗ്കാ അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചു. എഴുത്തുകാരന്‍, നടന്‍ എന്ന നിലയില്‍ പ്രസിദ്ധനാണ്. രണ്ടുപ്രാവശ്യം ഇന്ത്യ സന്ദര്‍ശിച്ചു. ആദ്യ സന്ദര്‍ശനത്തില്‍ കോട്ടയത്ത് എത്തി സി. അല്‍ഫോന്‍സയേയും ചാവറ ഏലിയാസച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വിശ്വാസ യാഥാസ്ഥികത്വം പുലര്‍ത്തിയിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ യുവജനങ്ങളുമായി സംവദിച്ചു. യുവജനവര്‍ഷം ആരംഭിച്ചു. 2005-ല്‍ കാലം ചെയ്ത ജോണ്‍ പോള്‍ രണ്ടാമനെ 2014-ല്‍ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.

ബനഡിക്ട് മാര്‍പാപ്പ

ദൈര്‍ഘ്യമേറിയ പേപ്പസിക്കുശേഷം പാപ്പയായി തിരഞ്ഞെടുത്തത് ജര്‍മ്മന്‍കാരനായ കാര്‍ഡിനല്‍ ജോസഫ് റാറ്റ്‌സിംഗറെയാണ്. അദ്ദേഹം ബനഡിക്ട് 16-ാമന്‍ എന്ന നാമം സ്വീകരിച്ചു. ബനഡിക്ട് മാര്‍പാപ്പയുടെ വിജ്ഞാനവും വിശുദ്ധിയും പ്രകാശിതമായത് ബൈബിള്‍ വ്യാഖ്യാനത്തിലും സഭയോടുളള്ള വിശ്വസ്തതയിലുമാണ്. ഉറച്ച നിലപാടുകളുടെയും ധീരതയുടെയും പര്യായമായിരുന്നു ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ. വിശ്വാസസംരക്ഷണ കോണ്‍ഗ്രിഗേഷനിലായിരുന്നപ്പോള്‍ വിമോചന ദൈവശാസ്ത്രജ്ഞരായിരുന്ന ലെയോണാര്‍ഡോ ബോഫ്, ഗുസ്താവൊഗുറിയേറ്റ്‌സ് എന്നിവരെ മാത്രമല്ല ചാള്‍സ് കറന്‍, ആന്തണി ഡിമെല്ലൊ എന്നിവര്‍ക്ക് അച്ചടക്കം ഏര്‍പ്പെടുത്തുകയുണ്ടായി. സഹപ്രവര്‍ത്തകനായിരുന്ന ഹാന്‍സ് ക്യൂഗിന്റെ ദൈവശാസ്ത്ര ചിന്തകളെ ബനഡിക്ട് പാപ്പായ്ക്ക് വലിയ പഥ്യമില്ലായിരുന്നു. 65 ദൈവശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ച ഈ മാര്‍പാപ്പ പിയാനിസ്റ്റും മൊസാര്‍ട്ട്, ബീതോവന്‍, വിവാള്‍ഡി എന്നിവരുടെ ക്ലാസിക്കല്‍ സംഗീത പ്രിയനുമായിരുന്നു. യൂറോപ്യന്‍ ക്രിസ്തീയ സഭയ്ക്ക് ഉണര്‍വുണ്ടാക്കുന്നതില്‍ ബനഡിക്ട് പാപ്പ വളരെ ശ്രദ്ധിച്ചു. എല്ലാ മെത്രാന്മാരും ചേര്‍ന്നെഴുതിയ “കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തിന്റെ” അണിയറക്കാരനായിരുന്നു. സഭാധികാരികളുടെ മൂടിവയ്ക്കപ്പെട്ട കുട്ടികളോടുള്ള അതിക്രമങ്ങളെ അദ്ദേഹം ഗൗരവപൂര്‍വം വീക്ഷിച്ചു. 2013 ഫെബ്രുവരി 11-ാം തീയതി ബനഡിക്ട് പാപ്പ സ്ഥാനത്യാഗം ചെയ്തു. പ്രായവും ശരീരത്തിന്റെയും മനസ്സിന്റെയും ശക്തിക്കുറവുമാണ് അതിന് കാരണമായി അദ്ദേഹം പറഞ്ഞത്. ഗ്രിഗറി പന്ത്രണ്ടാമന്‍ 1415-ല്‍ പാപ്പാസ്ഥാനം രാജിവച്ചതിനുശേഷം ആദ്യമായിട്ടാണ് മറ്റൊരു പാപ്പ ഈ സ്ഥാനത്തുനിന്നും മാറിനില്‍ക്കുന്നത്. 2022 ഡിസംബര്‍ 31-ാം തീയതി അദ്ദേഹം കാലം ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തിന്റെ മരണ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

ഫ്രാന്‍സിസ് പാപ്പ

അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന്, കൃത്യമായി പറഞ്ഞാല്‍ അര്‍ജന്റീനിയാക്കാരനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. 2013- ല്‍ 76-ാം വയസില്‍ കര്‍ദ്ദിനാള്‍ സംഘം തെരഞ്ഞെടുത്ത 266-ാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. ഏറെ വ്യത്യസ്തതകള്‍ പെരുമാറ്റത്തിലും ജീവിതശൈലിയിലും അദ്ദേഹം ഇതിനോടകം കാണിച്ചിട്ടുണ്ട്. ജസ്വീറ്റ് സന്ന്യാസ സമൂഹത്തിലെ ആദ്യത്തെ പാപ്പായായി തെരഞ്ഞെടുക്കപ്പെട്ട ബൊര്‍ഗോളിയോ, ഫ്രാന്‍സിസ് എന്ന പേരാണ് സ്വീകരിച്ചത്. ഫ്രാന്‍സിസ് പുണ്യവാളന്റെ ദാരിദ്ര്യവും പ്രകൃതിസ്‌നേഹവും അദ്ദേഹത്തെ ആകര്‍ഷിച്ചതു കൊണ്ടാണ് ഈ പേര് സ്വീകരിക്കാനിടയായത്. തനിക്കു മുമ്പുള്ള മാര്‍പാപ്പമാര്‍ താമസിച്ചിരുന്ന പലാസോ അപ്പോസ്റ്റോലിക്ക അരമനയില്‍ നിന്നും വത്തിക്കാന്റെ അതിഥി മന്ദിരമായ സാന്താ മാര്‍ത്തായില്‍ അദ്ദേഹം താമസമാക്കി. “എപ്പോഴും സുവിശേഷം പ്രസംഗിക്കുക, ആവശ്യമെങ്കില്‍ വാക്കുകള്‍ ഉപയോഗിക്കുക” എന്ന അസീസിയിലെ ഫ്രാന്‍സിസ് പുണ്യവാളന്റെ ഉപദേശം എല്ലായിടത്തും പ്രായോഗിമാക്കുന്ന വേറിട്ടൊരു മാര്‍പാപ്പ. ദരിദ്രരും പാവപ്പെട്ടവരും അഭയാര്‍ഥികളും ആണ് സഭയുടെ മുന്‍ഗണന എന്നും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ഇടയിലേക്ക് കൈനീട്ടുന്ന സഭയെ സ്വപ്നം കാണുന്നയാളുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.

ദൈവം കരുണയാണ് എന്ന് അദ്ദേഹം പ്രഘോഷിച്ചു. തന്റെ സന്ദര്‍ശനങ്ങളെല്ലാം പുറമ്പോക്കിലും അതിര്‍വരമ്പുകളിലും താമസിക്കുന്നവരെ തേടിയായിരുന്നു. ഇറ്റലിയിലെ ദ്വീപായ ലമ്പ്ഡൂസായിലേക്ക് അദ്ദേഹം ആദ്യ സന്ദര്‍ശനം നടത്തി. അവിടെയാണ് അനധികൃത കുടിയേറ്റക്കാര്‍ വന്നുചേരുന്നതും കടലില്‍ മരണപ്പെട്ടു പോകുന്നതും. 37 യാത്രകള്‍ 53 രാജ്യങ്ങള്‍ എല്ലാം തന്നെ കരുണയുടെ സന്ദേശവുമായിട്ടാണ്. മ്യാന്‍മാര്‍, അല്‍ബേനിയ, അര്‍മേനിയ, കസാക്കിസ്ഥാന്‍ തുടങ്ങിയ കൊച്ചുരാജ്യങ്ങള്‍. കര്‍ദ്ദിനാളുന്മാരെ തെരഞ്ഞെടുക്കുന്നതിലും അദ്ദേഹം മുഖ്യധാര രൂപതകളായ മിലാന്‍, വെനീസ്, നേപ്പിള്‍സ്, ജനോവ, ഫ്ളോറന്‍സ്, ടൂറിന്‍, പലേര്‍മോ എന്നിവയ്ക്കു പകരം 24 ചെറിയ രാജ്യങ്ങളില്‍ നിന്നും ഒരിക്കലും പ്രാതിനിധ്യം കിട്ടാത്തവരെ കര്‍ദ്ദിനാളന്മാരാക്കി. ഇന്‍ഡ്യയില്‍ നിന്നും ഹൈദ്രാബാദ് ആര്‍ച്ച് ബിഷപ്പും ദളിതനുമായ ആന്തണിപൂലായൂം കര്‍ദ്ദിനാളായി. വനിതകളുടെ ജയില്‍ സന്ദര്‍ശിച്ച് അവരുടെ കാലുകള്‍ പെസഹാദിനത്തില്‍ കഴുകുവാന്‍ അദ്ദേഹം ധൈര്യം കാണിച്ചു.

ഫ്രാന്‍സിസ് പാപ്പയുടെ പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള “ലൗദാത്തോസി” എന്ന ചാക്രിക ലേഖനം നിരീശ്വരര്‍ക്കുപോലും പ്രിയങ്കരമാണ്. “സുവിശേഷത്തിന്റെ സന്തോഷം” ഏറെ വായിക്കപ്പെടുന്ന തിരുവെഴുത്തു തന്നെ. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന “സിനഡാലിറ്റി”യും സുവിശേഷ ലാളിത്വ ജീവിതശൈലിയും ദരിദ്രരോടുള്ള സ്‌നേഹവും എല്ലാ വൈദികരും സ്വായത്തമാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇടക്കിടക്ക് ഓര്‍മ്മിപ്പിക്കുന്നു. ഈ അരനൂറ്റാണ്ടിലെ മൂന്ന് മാര്‍പാപ്പമാരും കാലത്തിന്റെ അടയാളങ്ങള്‍ മനസ്സിലാക്കി സഭയെ നയിച്ചവരാണ്. എന്നാല്‍ അവരുടേതായ പ്രബോധന ജീവിതശൈലികള്‍ ഓരോ കാലഘട്ടത്തിനും ചേര്‍ന്നുപോകുന്നു എന്നത് ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടല്‍ തന്നെ. സംശയമില്ല.

മുന്നറിവ്

ഈശോ സഭയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് പോപ്പ് ഫ്രാന്‍സിസ്. ഈശോ സഭയുടെ ആഗോള സുപ്പീരിയര്‍ ജനറലിനെ ‘ബ്ളാക്ക് പോപ്പ്’ എന്നു വിളിക്കാറുണ്ട്. ഇപ്പോഴത്തെ ജനറലിന്റെ പേര് ആര്‍തുറോ സോസാ. അദ്ദേഹം വെനേസ്വലക്കാരനാണ്. ഈശോസഭക്ക് പോപ്പ് ക്ലമന്റ് പതിനാലാമന്‍ പ്രവര്‍ത്തന വിലക്ക് കല്‍പിക്കുകയും പയസ് ഏഴാമന്‍ പാപ്പ ഈ സമൂഹത്തെ തിരിച്ചെടുക്കുകയും ചെയ്തിട്ടുള്ളതാണ്. അന്നു മുതല്‍ എല്ലാ ഈശോ സഭാവൈദികരും അനുസരണം, ബ്രഹ്‌മചര്യം, ദാരിദ്ര്യം എന്നീ മൂന്ന് സന്ന്യാസവ്രതങ്ങള്‍ കൂടാതെ മാര്‍പാപ്പയെ അനുസരിച്ചു കൊള്ളാമെന്ന നാലാമത്തെ വ്രതം കൂടി എടുക്കേണ്ടതുണ്ട്.

ഡോ.തോമസ് കോട്ടൂര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.