സീറോ മലങ്കര ഏപ്രിൽ 08 മത്തായി 26: 14-16 യൂദാസിന്റെ വഞ്ചന

യേശു ബഥാനിയായിൽ കുഷ്ഠരോഗിയായ ശിമയോന്റെ ഭവനത്തിലിരിക്കുമ്പോൾ ഒരു സ്ത്രീ വിലയേറിയ സുഗന്ധതൈലം കൊണ്ട് യേശുവിന്റെ ശിരസിനെ അഭിഷേകം ചെയ്യുന്നു. ഈ മനോഹരമായ ദൃശ്യത്തിനു ശേഷമാണ് യൂദാസിന്റെ ഒറ്റിക്കൊടുക്കലിന്റെ കഥ ഇന്നത്തെ സുവിശേഷത്തിൽ വരുന്നത്. തന്റെ സമ്പാദ്യമെല്ലാം അവൾ ഇങ്ങനെ പാഴാക്കിക്കളയുന്നുവെന്നു പറഞ്ഞ് ശിഷ്യന്മാർ അവളെ കുറ്റപ്പെടുത്തുന്നു. ഉടൻതന്നെ ഇവിടെ വലിയൊരു വൈരുദ്ധ്യം വായനക്കാരന് ശ്രദ്ധിക്കാൻ കഴിയും. യേശുവിനെ അധികം അറിയാത്ത ഒരു സ്ത്രീ സാന്ദ്രമായ സ്നേഹത്തിന്റെ പ്രതീകമാവുമ്പോൾ, യേശുവിനെ അടുത്തറിയുന്ന ഒരു ശിഷ്യൻ വഞ്ചനയുടെ പ്രതിരൂപമാകുന്നു. ഒരാൾ തനിക്കുള്ളതെല്ലാം യേശുവിനു കൊടുക്കാൻ പരിശ്രമിക്കുമ്പോൾ, മറ്റേയാൾ യേശുവിനെ വിറ്റു മുതലാക്കാൻ ശ്രമിക്കുന്നു.

മത്തായിയുടെ സുവിശേഷത്തിൽ യേശു തന്റെ ശിഷ്യന്മാരെ കൂടെ കൊണ്ടുനടന്ന് പരിശീലിപ്പിക്കുന്നതെങ്ങനെയെന്ന് പല പ്രാവശ്യം വിവരിക്കുന്നുണ്ട്. എന്നാൽ, ഈ പന്ത്രണ്ടു പഴങ്ങൾക്കിടയിൽ ജീര്‍ണ്ണിച്ച ഒരു കനിയുമുണ്ടെന്ന് യൂദാസിന്റെ കഥ നമ്മെ പഠിപ്പിക്കുന്നു. കാരണങ്ങൾ അത്ര വ്യക്തമല്ലെങ്കിലും യേശുവിനോടുള്ള അവന്റെ സമർപ്പണം ഒരു പൊയ്മുഖം മാത്രമായിരുന്നു. അത് മാനവചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഞ്ചനയുടെ ചരിത്രമായി മാറുന്നു. മിക്കപ്പോഴും, ഒരു സമൂഹം ഏറ്റവും വിശ്വസ്തരെന്നു കരുതുന്നവരെയാണ് പണസംബന്ധമായ കാര്യങ്ങൾ ഏൽപ്പിക്കുക. യേശു തന്റെയും മറ്റു ശിഷ്യന്മാരുടെയും കയ്യിലുള്ള എല്ലാ പണവും ഏൽപിച്ചുകൊടുത്തവൻ, വിലമതിക്കാനാവാത്ത തന്റെ ഗുരുവിനെ വക്രബുദ്ധിയോടെ ഒരു അടിമയുടെ വിലയായ മുപ്പതു വെള്ളിക്കാശിനാണ് (പുറ. 21:32) ഒറ്റിക്കൊടുത്തത്.

യൂദാസ് വളരെ വിദഗ്ദമായി ശിഷ്യമാരുടെ സമൂഹത്തിൽ നിന്ന് അപ്രത്യക്ഷമാവുകയും യഹൂദപ്രമാണിമാരുടെ അടുത്തുചെന്ന് യേശുവിനെ ഒറ്റിക്കൊടുക്കാനുള്ള ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. പെസഹാ ആഘോഷത്തിനായി യേശു ജറുസലേമിലെത്തിയത് ഇവരുടെ പദ്ധതികൾ നടപ്പാക്കാനുള്ള അനുയോജ്യമായ സമയമായിരുന്നു. അങ്ങനെ അവരുടെ കൈയ്യിൽ നിന്നും കരാർപ്രകാരമുള്ള പണവും വാങ്ങി ഒന്നും സംഭവിക്കാത്തതുപോലെ യൂദാസ് യേശുവിന്റെ അടുത്തെത്തുന്നു. സഖറിയായുടെ പുസ്തകത്തിൽ ദൈവത്തിന്റെ വിശ്വസ്തനായ പ്രവാചകന് കൂലിക്കുള്ള വേതനമായി കച്ചവടക്കാർ നൽകുന്നതാണ് മുപ്പതു വെള്ളിക്കാശ് (11:12). ഗുരുവിനെ വിറ്റ കാശ് കീശയില്‍ ഇട്ടുകൊണ്ടാണ് വിശുദ്ധ കുർബാനയും പുരോഹിത്യവും കർത്താവ് സ്ഥാപിച്ച പെസഹാ പെരുനാൾ അനുസ്മരണത്തിൽ യേശുവിനോടും മറ്റു ശിഷ്യന്മാരോടുമൊപ്പം അവൻ ഇരുന്നത്. കൊടിയ വഞ്ചനയുടെ കഥയാണ് യൂദാസിന്റെ ഒറ്റിക്കൊടുക്കൽ. നമ്മുടെ ജീവിതത്തെ ദൈവത്തിന്റെ സന്നിധിയിൽ വിശകലം ചെയ്ത്, തിന്മകളെ വേരോടെ പിഴുതുകളഞ്ഞ് വിശ്വസ്തശിഷ്യരായി നമുക്ക് ജീവിക്കാൻ പരിശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍