സീറോ മലങ്കര ഫെബ്രുവരി 29 യോഹ. 4: 46-54 രാജസേവകന്റെ പുത്രനെ സുഖപ്പെടുത്തുന്നു

യോഹന്നാന്റെ സുവിശേഷത്തിൽ, യേശുവിന്റെ ആദ്യത്തെ അത്ഭുതമായ വെള്ളം വീഞ്ഞാക്കിയ ഗലീലിയായിലെ കാനായിൽ അവിടുന്ന് വീണ്ടും എത്തുന്നു. യേശു ജറുസലേമിൽ ചെയ്ത അത്ഭുതങ്ങൾ കണ്ടതിനാൽ ഗലീലിയായിലുള്ള അനേകർ യേശുവിൽ വിശ്വസിക്കുന്നു. അവിടുത്തെ അത്ഭുതപ്രവൃത്തിയുടെ ലക്ഷ്യം ദൈവീക ത്യങ്ങൾ വെളിപ്പെടുത്തുകയും മിശിഹായുടെ സാന്നിധ്യം അറിയിക്കുകയും ആളുകളെ വിശ്വാസത്തിലേയ്ക്ക് നയിക്കുകയുമായിരുന്നു. എന്നാൽ, അത്ഭുതം മാത്രം പ്രതീക്ഷിച്ച് തന്റെ അടുത്തുവരുന്നവരോട് യേശുവിനു വലിയ താല്‍പര്യമുണ്ടായിരുന്നില്ല. അവിശ്വാസം നിമിത്തം പലപ്പോഴും യേശു അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാതെയുമിരുന്നിട്ടുണ്ട്. എന്നാൽ ഇവിടെ, കാനാ വീണ്ടും യേശുവിന്റെ മറ്റൊരു അത്ഭുതപ്രവൃത്തിക്കു കൂടി വേദിയാവുന്നു.

യേശുവിനെ കാണാൻ കാനായിൽ എത്തിയിരിക്കുന്ന ഈ രാജസേവകൻ കഫർണാമിൽ നിന്നും ഒരു ദിവസത്തെ യാത്ര ചെയ്താണ് ഇവിടെ എത്തിയിരിക്കുന്നത്. ഹേറോദേസിന്റെ ഉദ്യോഗസ്ഥനായിരുന്ന ഇയാൾ യഹൂദനോ പുറജാതിയോ എന്ന് സുവിശേഷം പറയുന്നില്ല. പക്ഷേ, യേശുവിലുള്ള വിശ്വാസമാണ് അവിടുത്തെ സന്നിധിയിൽ ആശ്വാസത്തിനായി എത്തുന്നതിന് അവനെ പ്രേരിപ്പിച്ചത്. ഇവിടെ അവന്റെ മകന് രോഗസൗഖ്യം കൊടുക്കുന്നതിനു മുമ്പുള്ള വിശ്വാസപരീക്ഷയിൽ അവൻ വിജയിക്കുകയും ചെയ്യുന്നു. ഇനിയും “പൊയ്ക്കൊള്ളുക, നിന്റെ മകൻ ജീവിക്കും” എന്ന് യേശു പറഞ്ഞതുകേട്ട് അവൻ തിരികെ നടന്നതും യേശുവിൽ വിശ്വാസമുള്ളതു കൊണ്ടായിരുന്നു. യേശു പറഞ്ഞ നിമിഷം തന്നെ അവൻ സുഖം പ്രാപിച്ചുവെന്നത് അവിടുത്തെ വചനത്തിന്റെ ശക്തിയെ കാണിക്കുന്നു. രാജസേവകൻ പിന്നീട് “ക്രിസ്‌തുസേവകൻ” ആയി മാറുകയും അവനും അവന്റെ കുടുംബവും യേശുവിൽ വിശ്വസിക്കുകയും ചെയ്യുന്നു.

ദൈവവചനം വിശ്വാസത്തോടെയായിരിക്കണം നാം വായിക്കേണ്ടത്. അതിന് ഇന്നും നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും അത്ഭുതങ്ങൾ പ്രവൃത്തിക്കാനും സാധിക്കും. സുവിശേഷം പഴയകാലത്തു ജീവിച്ച ഒരാളുടെ കഥയല്ല; നാം വായിക്കുന്ന സമയത്ത് നമ്മോടു സംസാരിക്കുന്ന, നമ്മുടെ ഇടയിൽ ജീവിക്കുന്ന, നാമുമായി വ്യക്തിബന്ധം പുലർത്തുന്ന, ഇന്നും ജീവിക്കുന്ന യേശുവിന്റെ കഥയാണ്. ദൈവവചനം വിശ്വാസത്തോടെ നാം വായിക്കുമ്പോൾ രണ്ടായിരം വർഷങ്ങള്‍ക്കുമുമ്പ് അവിടുന്ന് രാജസേവകനും കുടുംബത്തിനും കൊടുത്ത അനുഗ്രഹം ഇന്ന് നമ്മുടേതുമായി മാറും. നമ്മുടെ വിശ്വാസത്തെയും യേശു ചിലപ്പോഴൊക്കെ പരീക്ഷിക്കുന്ന ചെറിയ അനുഭങ്ങളുണ്ടാകാം. പൂർണ്ണവിശ്വാസത്തോടെ യേശുവിൽ ആശ്രയിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ അവിടുത്തെ നാം അനുവദിക്കണം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍