സീറോ മലങ്കര ഡിസംബർ 09 ലൂക്കാ 1: 46-56 മറിയത്തിന്റെ സ്തോത്രഗീതം

ഡിസംബർ ഒന്നാം തീയതി ഞായറാഴ്ച ഈ വേദഭാഗത്തെക്കുറിച്ചു നമ്മൾ ചിന്തിച്ചതാണ്. മറിയത്തിന്റെ സ്തോത്രഗീതം (Magnificat) എന്നറിയപ്പെടുന്ന സ്നേഹത്തിന്റെ ഈ വിപ്ലവഗാനം മനോഹരമായ ഒരു സങ്കീര്‍ത്തനം പോലെ മറിയം ആലപിച്ചിരിക്കുന്നു. പരിശുദ്ധാത്മാവ് വന്നുനിറയുമ്പോൾ മാനുഷിക കഴിവിനെ അതിലംഖിക്കുന്ന ജ്ഞാനവും ശക്തിയും ബലഹീനരെന്നു ലോകം കരുതുന്നവരിലൂടെ ദൈവം പ്രകടമാക്കും എന്നതിന് വലിയ തെളിവാണ് ഈ സ്തോത്രഗീതം. സങ്കീര്‍ത്തകൻ എഴുതുന്നു: “എന്നോടൊത്ത് കർത്താവിനെ മഹത്വപ്പെടുത്തുവിൻ; ഞാൻ കർത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി…”(സങ്കീ. 34:3-4). തന്റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങൾക്കും മറിയം ദൈവത്തിനു മഹത്വം കൊടുക്കുന്നു. കാലപൂർണ്ണതയിൽ സംഭവിക്കേണ്ട വലിയ കാര്യങ്ങൾ മറിയം മുൻകൂട്ടി കാണുന്ന പ്രവചനാല്മകമായ ഒരു കവിത കൂടിയാണിത്.

ദൈവത്തെ വലിയവനായി അംഗീകരിച്ച് എല്ലാ ജീവിതസാഹചര്യങ്ങളിലും സന്നിഹിതമാക്കുമ്പോൾ മനുഷ്യരും വലിയവരാകും. അങ്ങനെ നാമും ദൈവീകരാകും. ദൈവത്തിന്റെ മഹത്വം ഈ ലോകത്തിൽ വലുതായി കാണണമെന്ന് മറിയം ആഗ്രഹിച്ചപ്പോൾ മറിയം ദൈവീകതയുള്ളവളായി. അതുകൊണ്ടാണ് ലോകത്തിനു തന്നെ ഉൾകൊള്ളാൻ കഴിയാത്ത ദൈവവചനം മറിയത്തിന്റെ “വീട്ടിൽ” വസിക്കാൻ ഇടയായത്. അവൾ അതിൽ ലയിച്ചു ജീവിച്ചു. അതിനാൽ, ജ്ഞാനത്തിന്റെ ആന്തരിക പ്രബുദ്ധത അവളിലൂടെ ലോകത്തിന് ലഭിച്ചു. യേശുവിന്റെ മലയിലെ പ്രസംഗത്തിൽ കാണുന്ന സൗഭാഗ്യവാന്മാരെപ്പോലെ (മത്തായി 5:12) ബലഹീനരും ദരിദ്രരും പീഡിപ്പിക്കപ്പെടുന്നവരുമൊക്കെ ശക്തരാകുന്ന ഒരു അസാധാരണ അവസ്ഥയാണ് ഇവിടെയും കാണുന്നത്. ഒന്നുമല്ലെന്നു പലരും കരുതിയ, ദൈവത്തിൽ മാത്രം ആശ്രയിച്ച്, ലോകത്തിൽ അത്ഭുതങ്ങൾ ചെയ്യാൻ പോകുന്ന ക്രിസ്തീയവിശുദ്ധരുടെ പ്രതീകം കൂടിയാണ് മറിയം.

മറിയത്തെപ്പോലെ നമ്മുടെ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് നമുക്കും നിരന്തരം ചരിക്കാൻ സാധിക്കണം. പ്രാർത്ഥനയോടെ നമ്മുടെ ദിവസം ആരംഭിക്കുകയും ഒരു സങ്കീര്‍ത്തനം പോലെ നല്ല ഈണത്തിൽ എല്ലായിടത്തും സംക്രമിക്കുകയും മറിയത്തിന്റെ സ്തോത്രഗീതം പോലെ അവസാനിപ്പിക്കുന്നതുമായിരിക്കണം നമ്മുടെ ഓരോ ദിവസവും. അങ്ങനെ തിന്മയെ ചെറുക്കുകയും ലോകത്തിൽ നന്മ വളർത്തുകയും ചെയ്യുന്ന ദൈവത്തിന്റെ ശക്തിയാൽ നമ്മളും ശക്തരും ധീരരുമായിത്തീരും. ഇന്ന് ദൈവത്തെ അകറ്റിനിർത്താനും സ്വയം ദൈവമാകാനുമുള്ള മനുഷ്യന്റെ പ്രവണതകളെ ആത്മീയമായി ചെറുത്തു തോൽപ്പിക്കാനും നമുക്കു പരിശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍