സീറോ മലങ്കര നവംബര്‍ 05 യോഹ. 5: 19-23 പുത്രന്റെ അധികാരം

യേശു തന്റെ പിതാവുമായിട്ടുള്ള ബന്ധം വെളിപ്പെടുത്തുന്ന ഒരു വേദഭാഗമാണിത്. ഇന്നത്തെ സുവിശേഷ വായനയില്‍, ആദ്യത്തെ വാചകവും അവസാനത്തെ വാചകവും ആരംഭിക്കുന്നത് യേശു രണ്ടു പ്രാവശ്യം ‘ആമീന്‍’ എന്ന് പറഞ്ഞുകൊണ്ടാണ് (സത്യം സത്യമായി). സാധാരണയായി യഹൂദന്മരും, ക്രിസ്ത്യാനികളും, മുസ്ലീങ്ങളും മിക്കവാറും എല്ലാ പ്രാര്‍ത്ഥനയുടെയും അവസാനമാണ് ‘ആമീന്‍’ പറഞ്ഞുകൊണ്ട് ആ പ്രാര്‍ത്ഥന ദൈവത്തിനു സമര്‍പ്പിക്കുന്നത്. നമ്മള്‍ ഒരു കാര്യം ആണയിട്ടു സത്യം ചെയ്യുന്നതിന് സമാനമാണ് ഹീബ്രു ഭാഷയില്‍ ഒരു സംഭാഷണം ‘ആമീന്‍’ രണ്ടു പ്രാവശ്യം പറഞ്ഞുകൊണ്ട് ആരംഭിക്കുന്നത്. ഇനിയും പറയാന്‍ പോകുന്ന കാര്യം സത്യമാണെന്നു മാത്രമല്ല, പ്രസ്താവന നടത്തുന്ന വ്യക്തിക്ക് അതിനെക്കുറിച്ച് നേരിട്ട് അറിവും, ഇത് പറയാനുള്ള അധികാരവുമുണ്ടൈന്നാണ് അതിന്റെ അര്‍ത്ഥം.

ഇവിടെ യേശു, തനിക്ക് പിതാവുമായിട്ടുള്ള ബന്ധത്തിന്റെ ആഴം നമുക്ക് കൃത്യമായി വെളിപ്പെടുത്തി തരികയാണ്. യേശുവിന്റെ വാക്കുകളും പ്രവൃത്തികളുമെല്ലാം പിതാവായ ദൈവത്തിന്റെ വാക്കുകളും പ്രവൃത്തികളുമാണ്. ജീവന്‍ നല്‍കുകയും അത് സംരക്ഷിക്കുകയും ചെയ്യുന്നതാണ് പിതാവിന്റെ ജോലി. അതു തന്നെയാണ് യേശു തന്റെ പ്രവര്‍ത്തനങ്ങളിലൂടെ തുടരുന്നതും. ‘ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവന്‍ ഉണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്’ (യോഹ. 10:10). മറ്റൊരു നിത്യസത്യം കൂടി യേശു നമ്മോട് പറയുന്നു. ദൈവവചനം കേള്‍ക്കുകയും ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യജീവന്‍ ലഭിക്കും. യേശു വളരെ വ്യക്തമായിട്ട് പറഞ്ഞിരിക്കുന്ന ഇക്കാര്യങ്ങള്‍ സംശയലേശമെന്യെ വിശ്വസിക്കേണ്ടവരാണ് നമ്മള്‍.

നമ്മുടെ ക്രിസ്തീയജീവിതത്തിന് ആഴവും അര്‍ത്ഥവും കൈവരുന്നത് യേശുവുമായിട്ടുള്ള ഗാഢമായ വ്യക്തിബന്ധത്തില്‍ നിന്നുമാണ്. നിത്യജീവന്‍ സ്വായത്തമാക്കുന്നതിനു മാത്രമല്ല, ഈ ലോകജീവിതത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായി സന്തോഷത്തോടെ ജീവിക്കുന്നതിനും യേശുവുമായുള്ള വ്യക്തിബന്ധം നമുക്കാവശ്യമാണ്. മറ്റുള്ളവരെയും യേശുവുമായിട്ടുള്ള സ്‌നേഹബന്ധത്തിലേയ്ക്ക് കൊണ്ടുവരുന്നതിനും അങ്ങനെ എല്ലാവര്‍ക്കും അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം സാധിതമാക്കുന്നതിനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.