സീറോ മലങ്കര ജൂണ്‍ 16 യോഹ. 6: 25-33 അപ്പമേകുവാനല്ല, അപ്പമാകുവാന്‍

ആരാധനാക്രമം അനുസരിച്ച് ശ്ലീഹാനോമ്പിലേയ്ക്ക് നാം പ്രവേശിക്കുകയാണ്. വിശുദ്ധരായ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മത്തിരുനാളിന് മുന്നൊരുക്കമായി നാം ആചരിക്കുന്ന നോമ്പ്, വിശ്വാസജീവിതത്തില്‍ ആ ശ്ലീഹന്മാരുടെ പാത പിന്‍ചെല്ലുവാന്‍ നമ്മെ സഹായിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

യേശുനാഥന്‍ ഈ ലോകത്തിലേയ്ക്ക് വന്നത് ഈ ലോകത്തിന് ദൈവത്തിന്റെ-സ്വര്‍ഗ്ഗത്തിന്റെ ജീവന്റെ അപ്പം നല്‍കുവാന്‍ വേണ്ടിയിട്ടല്ല മറിച്ച്, ഈ ലോകത്തില്‍ ദൈവത്തിന്റെ ജീവന്റെ അപ്പമായി തീരുന്നതിനു വേണ്ടിയിട്ടാണ്. അതുകൊണ്ടാണല്ലോ വചനം പറയുന്നത്: ‘സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും’ (യോഹ. 6:51) എന്ന്.

ആവശ്യക്കാരനു മുമ്പില്‍ അപ്പമായിത്തീരുവാനുള്ള വിളിയാണ് ഓരോ ദൈവപൈതലും സ്വീകരിച്ചിട്ടുള്ളത്. ആവശ്യക്കാരന്‍ അയല്‍ക്കാരനാകാം, അകന്നിരിക്കുന്നവരാകാം, അടുത്തുള്ളവരാകാം, അകറ്റി നിര്‍ത്തിയിരിക്കുന്നവരാകാം… അപ്പമാകുവാന്‍ സ്വര്‍ഗ്ഗത്തിന്റെ ജീവനുള്ള-ജീവനേകുന്ന അപ്പമായി തീരുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ വിശുദ്ധ കുര്‍ബാനയാകുന്ന ഈശോയില്‍ വിശ്വസിച്ച് അവനില്‍ നമുക്ക് അഭയപ്പെടാം. ആഗ്രഹത്തോടെ ആവേശത്തോടെ അവശ്യക്കാരുടെ മുമ്പില്‍ അപ്പമാക്കി തീര്‍ക്കണമേ എന്ന് അപേക്ഷിക്കാം.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്