വചനജീവിതം സീറോ മലബാര്‍ ഫെബ്രുവരി 12 ലൂക്കാ 18:9-14

ആയിരിക്കുന്നതിൽ നിന്നും ആയിരിക്കേണ്ട നിലയിലേക്കുള്ള അകലം ആത്മീയ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്. ഉറച്ചുപോയ ചില ഇരിപ്പിടങ്ങളിൽ താല്‍ക്കാലികമെങ്കിലും സ്വസ്ഥത കണ്ടെത്താൻ കഴിഞ്ഞെന്നു വരാം. എന്നാൽ, തിരുസന്നിധി എന്ന ഹൈ റെസൊല്യൂഷൻ സ്കാനിംഗ് മെഷിന്റെ മുന്നിൽ ഒന്നും മറയപ്പെടുന്നില്ല. സ്വർഗ്ഗവിചാരം ലേശമില്ലാത്തവർ അസ്വസ്ഥരാകുന്ന ഇടമാണത്.

‘ഞാൻ നല്ലവൻ, ഞാനൊരു പുണ്യവാൻ, എന്നെ ദൈവം ബൈപാസിലൂടെ സ്വർഗ്ഗത്തിലേക്കു കയറ്റും’ എന്നിങ്ങനെയുള്ള തിന്മയുടെ വിചാരബോധത്തിൽ നിന്നും നിലവിട്ടുയരാതെ ഒന്നും നടക്കില്ല. എത്തിപ്പെടേണ്ട ആത്മീയനില എന്നത് ചുങ്കക്കാരന്റെ പ്രാർത്ഥനയിലെ മനോഭാവമാണ്.

‘എനിക്ക് തെറ്റിപ്പോയി, ക്ഷമിക്കണമേ’ എന്ന് ഉരുകുന്ന മനസ്സോടെ അപേക്ഷിക്കുന്ന ആരാണ് ക്ഷമയുടെ സുഖമറിയാത്തതായി ഉള്ളത്. എത്ര തെറ്റു ചെയ്താലും അവയ്ക്കെല്ലാം നീതീകരണം അവതരിപ്പിക്കുന്നവർ നിരാശരാകാതെ തരമില്ലല്ലോ. അനുഷ്ഠിച്ച ഉപവാസങ്ങളുടെയും കൊടുത്ത ദശാംശങ്ങളുടെയും കണക്കുകൾ സ്വർഗ്ഗത്തോളമുയരണമെങ്കിൽ അവയ്ക്ക് ‘ഭാരമില്ലായ്മ’ ഉണ്ടാകണം; ദൈവസന്നിധേ വിനീതനായി കരുണയ്ക്കായി അപേക്ഷിക്കുന്നതിലൂടെ നേടിയെടുക്കുന്ന ‘ഭാരമില്ലായ്മ’ – അതാണ് ചുങ്കക്കാരനെ കുറവുകൾ മറച്ച് കരുണയ്ക്ക് അർഹനാക്കിയത്.

ദിനംപ്രതി എത്ര ഉരുവിട്ടാലും കൂടിപ്പോകാത്ത പ്രാർത്ഥനയാണത്. “ദൈവമേ പാപിയായ എന്നിൽ കനിയണമേ” എന്നത്.

ഫാ.ജിയോ കണ്ണൻകുളം cmi

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.