വചനജീവിതം സീറോ മലബാര്‍ ജനുവരി 31 യോഹ. 1:35-42

ദൈവാനുഭവം പങ്കുവയ്ക്കപ്പെടുന്നിടത്ത് സാക്ഷ്യങ്ങളും ശിഷ്യത്വവും സംഭവിക്കാതെ തരമില്ല. ഞാന്‍ ക്രിസ്തുവിനെ കണ്ടു എന്ന അനുഭവസാക്ഷ്യം അന്ത്രയോസ് പങ്കുവച്ചത് സഹോദരന്‍ ശിമയോനോടാണ്. ആ പങ്കുവയ്ക്കല്‍ ശിമയോനെ ക്രിസ്തുശിഷ്യനാക്കി മാറ്റി.

നാം അനുഭവിച്ച ദൈവസ്നേഹാനുഭവമാണ് പങ്കുവയ്ക്കപ്പെടേണ്ടത്. അത് വിശ്വാസത്തിന്‍റെ വിതരണം ആയതിനാല്‍, അത് കേള്‍ക്കുന്നവര്‍ വിശ്വാസാനുഭവത്തിലേയ്ക്കാണ് പ്രവേശിക്കുന്നത്. സാക്ഷ്യങ്ങള്‍ ശക്തിയുറ്റതായി മാറുന്നതിങ്ങനെയാണ്. അത് കാതുകളെയല്ല, ഹൃദയങ്ങളെയാണ് തൊടുന്നത്.

അന്ത്രയോസിന്‍റെ ദൗത്യം ഓരോ ക്രിസ്തുഅനുയായിയും മാമോദീസയിലൂടെത്തന്നെ ഏറ്റെടുക്കുന്നുണ്ട്. ക്രിസ്തുവിലുള്ള ജീവിതം വചനജീവിതം തന്നെയാണ്. വചനാധിഷ്ഠിതമായ ജീവിതം ക്രിസ്തുവിലുള്ള ജീവിതവും. അങ്ങനെയെങ്കില്‍ ദിവസം എത്രസമയം (എത്ര മിനിറ്റ്) വചനം വായിക്കുവാന്‍ ഞാന്‍ വിനിയോഗിക്കുന്നുണ്ട്.? ഉത്തരം ഒരു ‘മൗനം’ മാത്രമെങ്കില്‍, എന്‍റെ ക്രിസ്ത്വാനുഭവവും ‘ശൂന്യം’ മാത്രമായിരിക്കും.

ആദ്യം എന്‍റെ സമീപത്ത് അവന്‍ വസിക്കുന്ന ഇടം കണ്ടെത്തണം. ചിലപ്പോള്‍ അത് നൊമ്പരപ്പെടുന്ന ഒരു ഹൃദയമായിരിക്കാം, സഹായം ചോദിച്ചു വന്ന ഒരു മനുഷ്യനായിരിക്കാം, ക്ഷമിക്കുവാന്‍ കിട്ടിയ ഒരവസരമായിരിക്കാം, മറ്റൊരാളുടെ കുറ്റം പറയുവാന്‍ വന്ന അവസരമായിരിക്കാം, ദിവ്യബലിയില്‍ രാവിലെ ത്യാഗപൂര്‍വം പോകാനുള്ള തോന്നലായിരിക്കാം, ദിവ്യകാരുണ്യസന്നിധിയില്‍ അല്പനേരം കൂടുതല്‍ ഇരിക്കാനുള്ള അനുഗ്രഹമായിരിക്കാം, മടി കൂടാതെ ജോലി ചെയ്യാനുള്ള ചിന്തയായിരിക്കാം, ദൈവികചൈതന്യം മുന്നില്‍ തെളിയുന്ന വഴികള്‍ വിഭിന്നങ്ങളാണ്. കണ്ടെത്തണം അവന്‍ വസിക്കുന്ന ഇടം.

അനുദിനം തിരുവചനവായനയുടെ പിന്‍ബലമുണ്ടെങ്കില്‍, ജീവിതസാഹചര്യങ്ങളിലൂടെയുള്ള ദൈവാനുഭവം എളുപ്പമായിത്തീരും. അത്തരം അനുഭവങ്ങളാണ് നമ്മെ ദൈവസാന്നിധ്യസ്മരണയില്‍ നിലനിര്‍ത്തുന്നത്. അതുതന്നെ സ്നേഹാനുഭവത്തിലേയ്ക്കുള്ള വഴിയും. വചനം വായിക്കുവാന്‍ മടി വിചാരിക്കാതിരിക്കുമെങ്കില്‍ ദൈവസ്നേഹാനുഭവത്തിലേയ്ക്ക് മെല്ലെ അവന്‍ നമ്മെ കൈപിടിച്ചു നടത്തും.

ഫാ. ജിയോ കണ്ണന്‍കുളം സി.എം.ഐ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.