വചനജീവിതം : സീറോ മലബാര്‍ ജനുവരി 17 മര്‍ക്കോ: 4:35-41

അതിശയം തോന്നും – തന്‍റെ പ്രിയപ്പെട്ട ശിഷ്യന്മാര്‍ നടുക്കടലില്‍ അപകടത്തില്‍ പെട്ടപ്പോള്‍ ഗുരുവിന് തലയണ വച്ചുറങ്ങാന്‍ കഴിഞ്ഞതെങ്ങനെയെന്ന്! എത്ര സ്വസ്ഥമായാണ് അവന്‍ വിശ്രമിച്ചത്!

ഇതു തന്നെയല്ലേ പലപ്പോഴും നാമും ചോദിക്കാറുമുള്ളത് – ഞാനീ അവസ്ഥയില്‍ ആയിരുന്നിട്ട് എന്‍റെ കാര്യത്തില്‍ എന്തുകൊണ്ട് ഇടപെടുന്നില്ല! ഇത്രയേറെ പ്രാര്‍ത്ഥിച്ചിട്ടും ഇത്രയേറെ കണ്ണീരൊഴുക്കി അപേക്ഷിച്ചിട്ടും എന്തേ എന്‍റെ തമ്പുരാന്‍ നിശബ്ദനായിരിക്കുന്നു! വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന ഇരുണ്ട നിമിഷങ്ങളാണവ.

കൂടെ കൊണ്ടു നടന്നവര്‍ ഒന്നാന്തരം മുക്കുവരായിരുന്നതിനാലും കടലിലെ പ്രതികൂലസാഹചര്യത്തെ മനോബലത്തോടെ തരണം ചെയ്യാന്‍ അവര്‍ക്ക് കഴിയും എന്ന് അവനറിയാമായിരുന്നതിനാലും ഗുരുവിന് വിശ്രമിക്കുന്നതില്‍ തടസ്സമുണ്ടായിരുന്നില്ല.

ദൈവം നിന്നിലേല്‍പ്പിക്കുന്ന വിശ്വാസത്തെ തകിടം മറിക്കരുതേ. നീ പിടിച്ചുനില്‍ക്കും എന്ന് ഉറപ്പുള്ളതിനാലല്ലേ ഇളക്കമുള്ള വെള്ളത്തിലെ യാത്ര നിനക്ക് അനുവദിച്ചത്. നീ കടന്നുപോകേണ്ടതായ വഴികളില്‍ നിന്‍റെ ജീവിതവണ്ടി സുരക്ഷിതമായി ഡ്രൈവ് ചെയ്യാന്‍ നിനക്കു കഴിയും എന്നതു കൊണ്ടല്ലേ അതേ ജീവിതവണ്ടിയില്‍ അവന്‍ വിശ്രമസങ്കേതം കണ്ടെത്തിയത്.

മനസ്സ് നീറിയുടഞ്ഞാലും മനസ്സിലവന് ഇടമുണ്ടാകണം. നില തെറ്റുമ്പോള്‍ വാവിട്ടു നിലവിളിക്കുന്നതിലല്ല, വിശ്വാസത്തോടെ പൊരുതാനിറങ്ങുന്നതിലാണ് വിശ്വാസത്തിന്‍റെ കരുത്ത് പ്രകടമാകുന്നത്. മനസ്സ് മടുക്കുമ്പോള്‍ ശരീരവും മടുക്കും. അത് പരാജയത്തിലേയ്ക്കുള്ള ആദ്യപടി തന്നെ. ആശ്വാസത്തിനായി കയറും കിണറും കുപ്പിയും തേടുന്നവരുടെ വിശ്വാസം എത്ര ശുഷ്കമെന്നത് തിരിച്ചറിയണം.

കൂടെയുണ്ടാകും എന്ന് വാക്ക് തന്നവന്‍ കൂടെത്തന്നെയുണ്ട് എന്ന വര്‍ദ്ധിതവിശ്വാസത്തോടെ നിലവിട്ടുണരുകയല്ലേ വേണ്ടത്. പോരാടാന്‍ സട കുടഞ്ഞെഴുന്നേല്‍ക്കുന്ന സിംഹത്തെപ്പോലെ ചങ്കൂറ്റത്തോടെ, പ്രശ്നങ്ങളെ നോക്കി ‘എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് കഴിയും’ എന്ന് ഉരുവിടാന്‍ കഴിഞ്ഞാല്‍ ഒട്ടുമിക്ക കാറും കോളും നമ്മെ വിട്ടുപോവുക തന്നെ ചെയ്യും. നമ്മെ വിശ്വസിച്ച് വിശ്രമിക്കുന്ന ഗുരുവിനെ അലറിവിളിച്ച് ശല്യപ്പെടുത്താതിരിക്കാം.

ഫാ. ജിയോ കണ്ണന്‍കുളം സി.എം.ഐ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.