സീറോ മലബാര്‍ സെപ്റ്റംബര്‍ 8 മത്തായി 1: 1- 16 പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുന്നാള്‍

രാത്രികാലങ്ങളില്‍ കാര്‍മേഘരഹിതമായ ആകാശത്തേക്കു നോക്കി നമ്മില്‍ പലരും ചിലപ്പോഴെങ്കിലും സമയം ചെലവഴിച്ചിരിക്കാം. ചെറുതും വലുതുമായ അനേകം നക്ഷത്രങ്ങള്‍ മിന്നിപ്രകാശിക്കുന്ന ആകാശം വളരെ മനോഹരമാണ്. എന്നാല്‍ പുലര്‍ച്ചെയുള്ള ആകാശത്തേക്ക് ഒന്നു നോക്കുകയാണെങ്കില്‍ നമുക്ക് കാണുവാന്‍ സാധിക്കും, മറ്റു നക്ഷത്രങ്ങളില്‍ നിന്ന് വിഭിന്നമായി ഉജ്വലപ്രകാശത്തോടെ വിരാജിക്കുന്ന ഒരു പ്രത്യേക നക്ഷത്രത്തെ. നാമതിനെ ‘പുലരിനക്ഷത്രം, ഉഷഃകാലനക്ഷത്രം’ എന്നൊക്കെ വിളിക്കാറുണ്ട്.  സൂര്യോദയത്തിനു കുറച്ച്മുമ്പ് മാത്രമാണ് ഈ നക്ഷത്രം പ്രത്യക്ഷപ്പെടുക. ഇതാ, രാത്രി തീരാന്‍ പോകുന്നു; പകലോന്റെ വെളിച്ചം ഭൂമുഖത്തെ പ്രകാശിപ്പിക്കുവാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ഈ പുലരിനക്ഷത്രത്തിന്റെ ഉദയം. ഇതുപോലെ നീതിസൂര്യനായ ഈശോയുടെ ഉദയത്തിന് മുമ്പും ഒരു ഉഷഃകാലനക്ഷത്രം – പരി. മറിയം – ഈ ലോകത്തില്‍ പ്രത്യക്ഷപ്പെട്ടു.  അന്ധകാരശക്തികളുടെ മേലുള്ള വെളിച്ചത്തിന്റെ വിജയം അത് വിളിച്ചോതി. ആ ഉഷഃകാലനക്ഷത്രോദയത്തിന്റെ ഓര്‍മ്മ – പരി. കന്യകാമറിയത്തിന്റെ പിറവിത്തിരുന്നാള്‍ നാമിന്ന് ആഘോഷിക്കുന്നു.

ലോകചരിത്രം, ദൈവം തന്റെ സൃഷ്ടികളോട് പ്രദര്‍ശിപ്പിച്ച അനന്തസ്‌നേഹത്തിന്റെ അനര്‍ഘചരിത്രമാണെന്ന് പറയാം. ദൈവത്തിന്റെ അനന്തസ്‌നേഹത്തിന്റെയും കരുണയുടെയും മധുരിമ നുകര്‍ന്ന മനുഷ്യന്‍ ഒരു നിര്‍ണ്ണായകമുഹൂര്‍ത്തത്തില്‍ ദൈവത്തിനെതിരെ, സ്വാര്‍ത്ഥതയുടെയും നിഷേധത്തിന്റേതുമായ കരിങ്കൊടി കാണിച്ചു. അങ്ങനെ ദൈവത്തിന്റെ മാര്‍ഗ്ഗം മറന്ന,് പുതിയ മേഖലകള്‍ അന്വേഷിച്ച മനുഷ്യന്റെ ജീവിതചക്രവാളത്തില്‍ തീരാവ്യഥയുടെയും കൊടുംനിരാശയുടേതുമായ കരിമേഘങ്ങള്‍ ഉരുണ്ടു കൂടിയപ്പോള്‍, താന്‍ സ്‌നേഹത്തിന്റെ വിപ്ലവകാരിയാണെന്ന് പ്രഖ്യാപിക്കുമാറ് പുത്തന്‍പ്രതീക്ഷയുടെ പൊന്‍പ്രഭ പരത്തിക്കൊണ്ട് ദൈവം മനുഷ്യചരിത്രത്തില്‍ ഇടപെട്ടു. ഉല്‍പത്തി 3 : 15-ാം വാക്യത്തില്‍ ഇപ്രകാരം പാപത്തില്‍ വീണ മനുഷ്യന് പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ആദ്യദൈവിക രക്ഷാവാഗ്ദാനം നാം ദര്‍ശിക്കുക. തുടര്‍ന്ന് ഇമ്മാനുവേലിന്റെ പിറവിയെക്കുറിച്ച് ഏശയ്യായുടെ (7 : 11) പ്രവചനത്തിലും, ജറെമിയ (3 : 22), മിഖാ 5 : 2 തുടങ്ങിയവരുടെ പ്രവചനങ്ങളിലുമെല്ലാം രക്ഷകന്റെ പിറവിയെക്കുറിച്ച് സൂചനകളുണ്ട്. ഇവിടെയെല്ലാം രക്ഷാകരജന്മം നല്‍കുവാനിരിക്കുന്ന പുണ്യവ്യക്തിയെക്കുറിച്ചുള്ള സൂചനയും നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും.

‘ഉഷസ്സ് പോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയുമായ… ഇവള്‍ ആരാകുന്നു’ എന്ന ഉത്തമഗീതത്തിലെ (6 : 10) ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നത് ദൈവമാതൃസ്ഥാനത്തിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയിലാണ്. അനാദിമുതല്‍ ദൈവം മറിയത്തെ ദൈവമാതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തെന്നും ആ മഹനീയ സ്ഥാനത്തിനനുയോജ്യമായി അവള്‍ക്ക് മുന്‍കൂട്ടി സകലപാപങ്ങളില്‍ നിന്നും വിടുതല്‍ നല്‍കുകയും പ്രസാദവരം കൊണ്ട് നിറയ്ക്കുകയും ചെയ്‌തെന്ന് നാം വിശ്വസിക്കുന്നു. അതെ, തീര്‍ച്ചയായും അമലോത്ഭവജനനമായിരുന്നു മ   റിയത്തിന്റേത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പറയുന്നു; ‘ജന്മപാപത്തിന്റെ സകല കറകളില്‍ നിന്നും സ്വതന്ത്രയായിരുന്നു പരി. കന്യകാമറിയം’ (തിരുസഭ 59)

ഈ വിശ്വാസസത്യങ്ങള്‍ പരമ്പരാഗതമായി തിരുസഭ അംഗീകരിച്ചു പോന്നിട്ടുള്ളതാണ്. സഭാപിതാവായ വി. അപ്രേമിന്റെ സാക്ഷ്യം ഇപ്രകാരമാണ്; ‘അങ്ങും അങ്ങയുടെ അമ്മയും മാത്രം സത്യമായും നിര്‍മ്മലരാണ്, അങ്ങയിലോ അങ്ങയുടെ അമ്മയിലോ പാപക്കറയില്ല’. പരി. കന്യകാമറിയത്തിന്റെ പിറവിത്തിരുന്നാളില്‍ താല്‍പര്യപൂര്‍വ്വം പങ്കുചേരുന്ന നമുക്ക് ലഭിക്കുന്ന ഈ സന്ദേശം ഒരു വെല്ലുവിളിയാണ്. അമ്മയെപ്പോലെ പാപരഹിതമായ ജീവിതം നയിക്കുവാനുള്ള വെല്ലുവിളി. അമ്മയെപ്പോലെ സ്വയം എളിമപ്പെടാനും നിരന്തരം ദൈവതിരുമനസ്സിന് കീഴ്‌വഴങ്ങാനുമുള്ള വെല്ലുവിളി. സഹനത്തിന്റെ തീച്ചൂളയില്‍ എരിയുമ്പോഴും പ്രത്യാശ കൈവെടിയാതെ നിരന്തരം ദൈവത്തില്‍ ആശ്രയിക്കുവാനും ദൈവഹിതത്തിന് സ്വന്തം താല്‍പര്യങ്ങളെ ബലികഴിക്കുവാനുമുള്ള വെല്ലുവിളി. അതുകൊണ്ടാണ്, പരി. അമ്മമറിയം ദൈവമാതാവായിത്തീര്‍ന്നതും ലോകത്തിനു മുഴുവനും അമ്മയായിത്തീര്‍ന്നതും.

അമ്മയെ കുറിച്ച് ധ്യാനിക്കുമ്പോള്‍ ഒരുകാര്യം പറയാതെവയ്യ, ജനിക്കുന്നതിനു മുമ്പേ ചരിത്രം രചിച്ചവളാണ് പരി. കന്യകാമറിയം. അനാദിയില്‍ മനുഷ്യര്‍ക്കു വേണ്ടി സജ്ജമാക്കിയ ദൈവികപദ്ധതിയിലാണ് മറിയത്തെ നം ആദ്യമായി കാണുന്നത്. ദൈവം തന്റെ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ഉപകരണങ്ങളാക്കുന്നത് സാധാരണക്കാരായിരുന്നുവെന്ന് ബൈബിളും ചരിത്രഗ്രന്ഥവും സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധ യൊവാക്കിമും അന്നായും സാധാരണക്കാരായിരുന്നുവെന്ന് പാരമ്പര്യങ്ങളും ചരിത്രവുമൊക്കെ സാക്ഷ്യപ്പെടുത്തുന്നു. യൊവാക്കിം ദാവീദ് രാജവംശജനും അന്ന പുരോഹിതവര്‍ഗ്ഗത്തില്‍ പെട്ടവളുമായിരുന്നു. ഇവര്‍ അന്യാദൃശ്യമായ ദൈവഭക്തിയുള്ള, നീതിനിഷ്ഠയുള്ള പുണ്യാത്മാക്കളായിരുന്നു. സന്താന ഭാഗ്യമില്ലാത്തതിന്റെ ദുഃഖം അവര്‍ അനുഭവിച്ചിരുന്നു. ‘വന്ധ്യത’ യാഹ്‌വെയുടെ കോപത്തിന്റെ ഫലമായി, യഹൂദാപാരമ്പര്യം കരുതിയിരുന്നതിനാല്‍ സമൂഹത്തില്‍ ഒരുപാട് അപമാനവും ക്ലേശങ്ങളും സഹിക്കേണ്ടിവന്നവരാണ് ഈ ദമ്പതികള്‍. എങ്കിലും അസാധാരണമായ ദൈവവിശ്വാസത്തിന് ഉടമകളായ ഈ ദമ്പതികള്‍ ദൈവത്തിലാശ്രയിച്ച് പ്രാര്‍ത്ഥിച്ചും ഉപവസിച്ചും ദൈവത്തിന്റെ സമയത്തിനുവേണ്ടി കാത്തിരുന്നു.

കരുണാസമ്പന്നനായ ദൈവം അവരുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കിയെന്നു മാത്രമല്ല, പ്രപഞ്ചം, ആദിമുതലേ കാത്തിരിക്കുന്ന, രക്ഷകന്റെ അമ്മയുടെ മാതാപിതാക്കളാകാനുള്ള ഭാഗ്യവും നല്‍കി അനുഗ്രഹിച്ചു. കര്‍ത്താവിന്റെ കരുണയ്ക്കു വേണ്ടി കാത്തിരുന്ന് പ്രാര്‍ത്ഥിച്ച ഈ മാതാപിതാക്കളുടെ ഉപവാസവും പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും മാതൃകയാക്കി ഇന്ന് ക്രൈസ്തവസമൂഹത്തിലെ സ്ത്രീജനങ്ങള്‍ എട്ടുനോമ്പ് ആചരിക്കുന്നതെന്ന പാരമ്പര്യം നിലനില്‍ക്കെ നമുക്കും ദൈവത്തിന്റെ വാഗ്ദാനങ്ങളെ സ്വീകരിക്കുവാന്‍, അവ നിഷേധിക്കപ്പെടുന്നുവെന്ന് തോന്നാനിടയാകാതെ, പ്രത്യാശയോടെ ദൈവകരങ്ങളില്‍ പൂര്‍ണ്ണമായി നമ്മെത്തന്നെ സമര്‍പ്പിക്കുവാന്‍ നമ്മെത്തന്നെ ഒരുക്കാം.

സ്വര്‍ഗ്ഗസ്ഥാനായ പിതാവിന്റെ രക്ഷാകരപ്രവര്‍ത്തനം പൂര്‍ത്തിയാക്കുവാന്‍ സഹായിച്ചവളെന്ന നിലയില്‍ പരി. അമ്മയുടെ ജനനത്തിരുന്നാള്‍ കൃതജ്ഞതയുടെ തിരുനാളായാണ് നാം ആഘോഷിക്കുന്നത്. പരി. അമ്മയെപ്പോലെ നമ്മെ ദൈവഹിതത്തിന് സമര്‍പ്പിക്കുവാന്‍ പ്രാപ്തമാക്കുന്നതാവട്ടെ ഈ വിശുദ്ധദിനത്തിന്റെ ആഘോഷങ്ങളും അനുസ്മരണങ്ങളുമെല്ലാം.

എവര്‍ക്കും പരി. അമ്മയുടെ പിറവിത്തിരുന്നാള്‍ മംഗളങ്ങള്‍ …!

ബ്ര. ജൂഡ് കോയിൽപറമ്പിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.