യുവാക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കണം: ഫ്രാൻസിസ് പാപ്പാ

ക്രൈസ്തവരെന്ന നിലയിൽ, തങ്ങളുടെ ജീവിതത്തിന്റെ സൗന്ദര്യം എന്താണെന്നു തിരിച്ചറിയണമെന്നും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കണം എന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഇറ്റലിയിലെ വെനീസിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തിയ സന്ദർശനവേളയിൽ യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം ആഹ്വാനം ചെയ്തത്.

യുവജനങ്ങളുടെ സാന്നിധ്യത്തിൽ, സൂര്യൻ പോലും പുഞ്ചിരിക്കുന്നുവെന്ന നർമ്മം കലർന്ന അഭിസംബോധനയോടെയാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ക്രൈസ്തവരെന്ന നിലയിൽ, തങ്ങളുടെ ജീവിതത്തിന്റെ സൗന്ദര്യം എന്താണെന്നു തിരിച്ചറിയണമെന്ന് പാപ്പാ യുവജനങ്ങളെ ഓർമ്മപ്പെടുത്തി. കർത്താവിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടിയും അവന്റെ സന്തോഷത്തിൽ നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനും നാം ശ്രദ്ധിക്കണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ജീവിതത്തിൽ ലഭിച്ചിട്ടുള്ള മനോഹരമായ അനുഭവങ്ങളെപ്പറ്റി തിരിച്ചറിവുണ്ടാകണമെന്നും, ആ അനുഭവങ്ങളെ മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും പാപ്പാ പറഞ്ഞു. ഇത്തരത്തിൽ പങ്കുവയ്ക്കലിന്റെ മനോഹാരിതയാണ് ഈ കൂട്ടായ്മയിൽ പ്രകടമാകുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. സൗന്ദര്യത്തിന്റെ നഗരമായ വെനീസിൽ, കണ്ടുമുട്ടലിന്റെ സൗന്ദര്യം കൂടി ആസ്വദിക്കുവാൻ സാധിക്കുന്നത് ദൈവത്തിന്റെ അത്ഭുതമാണെന്നും പാപ്പാ അടിവരയിട്ടു.

മറ്റെന്തിനെക്കാളും ഉപരിയായി, നാം വിലയേറിയവരും പകരം വയ്ക്കാനാകാത്തവരുമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, തന്റെ ജീവിതത്തിൽ എന്താണ് ദൈവം ആഗ്രഹിക്കുന്നതെന്നു നാം ചോദിക്കണമെന്ന് പാപ്പാ യുവജനങ്ങളോട് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.