ലത്തീൻ: ഏപ്രിൽ 30 ചൊവ്വ യോഹ 14: 27-31 ക്രിസ്തുവിന്റെ സമാധാനം

വി. യോഹന്നാന്റെ സുവിശേഷം 14 -ാം അധ്യായം 27 മുതൽ 31 വരെയുള്ള തിരുവചന ഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകിയശേഷം ക്രിസ്തു നടത്തുന്ന ഒരു വിടവാങ്ങൽ പ്രസംഗമാണിത്. ക്രിസ്തു തങ്ങളിൽ നിന്നുപോകുന്നു എന്നു മാത്രം മനസിലാക്കിയ ശിഷ്യരുടെ ഇടയിൽ അസ്വസ്ഥതകൾ ഉണ്ടാകുന്നു. എന്നാൽ ക്രിസ്തു അവരോട് പറയുക എന്റെ സമാധാനം നിങ്ങളിലേക്ക് തരുന്നു എന്നാണ്. ഉത്ഥിതനായ ക്രിസ്തു ശിഷ്യർക്ക് നൽകുന്നതും ആശംസിക്കുന്നതും ഈ സമാധാനമാണ്.

അനുദിനജീവിതത്തിൽ ഒരുപാട് അസ്വസ്ഥതകൾ അനുഭവിക്കുന്നവരാണ് നാം. ജീവിതത്തിൽ സമാധാനത്തെ എങ്ങനെയും നേടിയെടുക്കണമെന്ന് ഏറെ കൊതിക്കുന്നവർ. എന്നാൽ, ക്രിസ്തു എന്ന സമാധാനത്തിൽ നിത്യവും ആശ്രയിക്കാൻ പലപ്പോഴും നാം മറന്നു പോകുന്നു. ഒരു ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് ഇന്ന് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. വിശ്വാസജീവിതത്തിൽ പ്രതിസന്ധികൾ എറീടുമ്പോഴും ക്രിസ്തു തരുന്ന ഉറപ്പ് എന്റെ സമാധാനം നിങ്ങളിൽ കുടി കൊള്ളണം എന്നാണ്. അതിനാൽ ഫ്രാൻസിസ് അസീസിയുടെ പ്രാർഥനകളിലെ പോലെ നമുക്കും പ്രാർഥിക്കാം: കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിൻറെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് ക്ഷമയും സന്ദേഹമുള്ളിടത്ത് വിശ്വാസവും നിരാശയുള്ളിടത്ത് പ്രത്യാശയും അന്ധകാരമുള്ളിടത്ത് പ്രകാശവും സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതയ്ക്കട്ടെ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.