സീറോ മലബാര്‍ ഏലിയാ ശ്ലീവാ മൂശാക്കാലം രണ്ടാം ചൊവ്വാ സെപ്റ്റംബര്‍ 17 മത്തായി 23: 29-36 കാപട്യം

ക്രൂദ്ധനാകുകയാണ് ഈശോ. കാരണം, ‘കാപട്യം’ അവനെ എപ്പോഴും അസ്വസ്ഥതപ്പെടുത്തുന്ന ഒരു പാപമാണ്. സംസാരത്തില്‍ എല്ലാ തിന്മകളെയും എതിര്‍ക്കുകയും എന്നാല്‍, പ്രവൃത്തികളില്‍ അവ ആവര്‍ത്തിക്കുകയും ചെയ്യുക. നിര്‍ഭാഗ്യവശാല്‍ നാമെല്ലാം ജീവിക്കുന്നത് മുഖംമൂടികളുടെ ഒരു ലോകത്തിലാണ്. മുഖത്തെ അവഗണിക്കുകയും ഹൃദയം മാത്രം നോക്കുകയും ചെയ്യുന്നവന്റെ മുന്നില്‍ നമുക്ക് എത്രനാള്‍ അഭിനയിക്കാന്‍ പറ്റും?

കുറെ നാള്‍ കൈവശം വച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കും വന്നുപോകുന്ന തെറ്റിദ്ധാരണയാണ് ‘ഞാന്‍ ഒടേക്കാരനാണ്’ എന്ന ചിന്ത. ഇതാണ് ഏറ്റവും വലിയ അപകടവും. നീ ഒന്നിന്റെയും ഒടേക്കാരനല്ല, ആരുടെയും യജമാനനുമല്ല. നിന്റെ ജീവിതപങ്കാളിയുടെയും മക്കളുടെയും പോലും ഒടേക്കാരന്‍ നീയല്ല. മറിച്ച്, നീ വെറും കാവല്‍ക്കാരനും ശുശ്രൂഷകനുമാണ്. ഒടേക്കാരന്‍ ദൈവം മാത്രമാണ്. നിന്റെ ജീവന്റെയും സമ്പത്തിന്റെയും കാര്യത്തിലും ഇതു തന്നെയാണ് സത്യം.

ഫാ. ജി. കടൂപ്പാറയിൽ MCBS