സീറോ മലബാര്‍ നോമ്പുകാലം ഏഴാം വെള്ളി ഏപ്രില്‍ 10, ദുഃഖ വെള്ളി

പരിഹാസങ്ങളുടെയും തള്ളിപ്പറയലുകളുടെയും ഒറ്റുകൊടുക്കലുകളുടെയും മുറിപ്പെടുത്തലുകളുടെയും ഇടുങ്ങിയ വഴിയിൽക്കൂടി ദിവ്യനാഥനെ പിഞ്ചെല്ലുവാനായി വീണ്ടും ഈ ദുഃഖവെള്ളി നമ്മെ ഓർമ്മപ്പെടുത്തുകയാണ്. കുരിശുമരണം ഒന്നിന്റെയും അവസാനമല്ല. മറിച്ച്, നിത്യസൗഭാഗ്യത്തിലേയ്ക്കുള്ള കവാടമാണെന്നു നമുക്കായി കുരിശിൽ മരിച്ചവൻ ഇന്ന് നമ്മോടു പറയുകയാണ്.

ഒരു മനുഷ്യന് സഹിക്കാവുന്നതിന്റെ അങ്ങേയറ്റം പീഢകൾ, ശാരീരികവും മാനസികവുമായി അനുഭവിച്ച ഈശോ ഇന്ന് ഞാൻ അനുഭവിക്കുന്ന ഓരോ കഷ്ടതകൾക്കമുള്ള ഉത്തരം എന്റെ കുരിശിലുണ്ടെന്ന് നമ്മോടു പറയുകയാണ്. എന്റെ ജീവിതത്തിലെ ചെറിയ ചെറിയ ക്ലേശങ്ങൾ എനിക്ക് താങ്ങാൻ പറ്റാത്തതാണെന്നു പറഞ്ഞ് ഞാൻ പരിഭവപ്പെടുമ്പോൾ നിന്റെ ജീവിതപ്രശ്നങ്ങൾക്കുള്ള എല്ലാ ഉത്തരങ്ങളും എന്റെ കുരിശിൽ നിന്നു ലഭിക്കുമെന്നു പറഞ്ഞവൻ എനിക്ക് എന്റെ കുരിശു വഹിക്കുവാൻ ശക്തിയേകുന്നു.

എന്നെ അകാരണമായി വെറുക്കുന്നവരെയും എന്നെ കുറ്റപ്പെടുത്തുന്നവരെയും സ്വന്തം ആവശ്യങ്ങൾക്കായി എന്നെ ഉപയോഗിച്ചശേഷം ഇന്ന് തള്ളിപ്പറയുന്നവരെയുമെല്ലാം സ്നേഹിക്കുവാനും സ്വീകരിക്കുവാനും എനിക്ക് ഒരേയൊരു കാരണം മതി. അത് അയോഗ്യനായിരുന്നിട്ടും എനിക്കായി എല്ലാ അപമാനങ്ങളും സഹിച്ചു മരിച്ച എന്റെ ഈശോയുടെ കുരിശാണ്. കുരിശിന്റെ വഴി കഴിഞ്ഞ് നാം കുടിക്കുന്ന കൈപ്പുനീർ നമ്മുടെ കയ്‌പ്പേറിയ ജീവിതങ്ങളെ കുരിശോടു ചേർത്തുവയ്ക്കുന്നതിന്റെ പ്രതീകങ്ങളാണ്. ഒറ്റപ്പെടലിന്റെയും വേദനകളുടെയും നഷ്ടങ്ങളുടെയും ഈ കുരിശിന്റെ വഴിയിൽ നമുക്കും നമ്മുടെ ജീവിതസാഹചര്യങ്ങളെ ഈശോയുടെ കുരിശിനോട് ചേർത്തുവച്ചു കൊണ്ട് പ്രതീക്ഷയോടേ മുന്നേറാം. കുരിശുമരണത്തിനപ്പുറത്തെ നിത്യാനന്ദത്തിൽ നമുക്കെല്ലാവർക്കും പങ്കുചേരുവാൻ ഭാഗ്യമുണ്ടാവട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ