സീറോ മലബാര്‍ നോമ്പുകാലം നാലാം ബുധന്‍ മാര്‍ച്ച്‌ 18 യോഹ. 6:60-69 യഥാർത്ഥ ശിഷ്യത്വം

ദൈവത്തിന്റെ പരിശുദ്ധനെ തിരിച്ചറിയുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുകയാണ് യഥാർത്ഥ ശിഷ്യത്വം. ആ വിശ്വാസത്തിലുള്ള വളർച്ചയുടെ ഭാഗമാണ് മിശിഹായുടെ പ്രബോധനങ്ങളെ സ്വീകരിച്ച് അതനുസരിച്ചു ജീവിക്കുക എന്നത്. ഈശോയുടെ അത്ഭുതങ്ങള്‍ കണ്ട് കൂടെക്കൂടിയവരെല്ലാം അത്ഭുതങ്ങളുടെ അപ്പുറത്തെ യഥാർത്ഥ ജീവിതത്തെക്കുറിച്ചു കേട്ടപ്പോൾ അത് ജീവിക്കാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞു പിൻവാങ്ങുന്നു. എന്നാൽ, അപ്പസ്തോലന്മാർ ഈശോയോടൊപ്പം നിൽക്കുന്നു. ആത്മാവിനാൽ പ്രേരിതനായി പത്രോസ് മിശിഹായിലുള്ള വിശ്വാസം ഏറ്റുപറയുകയാണ്. നിത്യജീവന്റെ വചസ്സുകൾ നിന്റെ പക്കലുണ്ട് എന്ന്. മിശിഹാ ചെയ്ത അത്ഭുതങ്ങൾ കണ്ട് കൂടെക്കൂടിയവർ, അപ്പം ഭക്ഷിച്ചു തൃപ്തരായവർ, രോഗശാന്തി ലഭിച്ചവർ… എല്ലാവരും ഈശോയുടെ വാക്കുകൾ ജീവിക്കാൻ പ്രയാസമാണെന്നു പറയുമ്പോൾ, യഥാർത്ഥമായ വിളി സ്വീകരിച്ചവർക്ക് അതേ വാക്കുകൾ  നിത്യജീവന്റെ വാക്കുകളാണെന്നുള്ള തിരിച്ചറിവുണ്ടാകുന്നു.

നമുക്ക് എപ്രകാരമുള്ള തിരിച്ചറിവാണുള്ളത്. ക്രിസ്തുവിന്റെ സഭയിലുള്ള ജീവിതം നമ്മുടെ ആർഭാടങ്ങളുടെ ഒരു ഭാഗം മാത്രമാണോ? അതോ അനുദിന കുരിശു വഹിച്ചുള്ള ക്രൂശിതനോടൊപ്പമുള്ള യഥാർത്ഥ ജീവിതമാണോ? നമുക്കും വിശുദ്ധ ഗ്രന്ഥത്തെ നമ്മുടെ രക്ഷയുടെ മാർഗ്ഗമായി കണ്ടുകൊണ്ട് അനുകരിക്കാനും അനുസരിക്കാനും പരിശ്രമിക്കാം. അതുവഴിയായി മിശിഹായുടെ യഥാർത്ഥ ശിഷ്യരാകുവാനും മിശിഹായെ സത്യദൈവമായി സ്വീകരിച്ച് അവന്റെ സാക്ഷികളാകുവാനുള്ള കൃപയ്ക്കായി ആത്മാർഥമായി പ്രാർത്ഥിച്ചുകൊണ്ട്…

ഫാ. ചാക്കോ ചൂരപ്പുഴയിൽ