സീറോ മലബാര്‍ നോമ്പുകാലം മൂന്നാം ശനി മാര്‍ച്ച്‌ 14 മത്തായി 21: 28-32 പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന പുത്രൻ

അധരവ്യായാമം കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്തുവാനായി പരിശ്രമിച്ചിരുന്ന ഒരു സമൂഹത്തിൽ നിന്നുകൊണ്ട്, വാക്കിന്റെ വില പ്രവർത്തിയിലാണ് കാണിക്കേണ്ടത് എന്നുപറയുന്ന ഈശോ, ഇന്നത്തെ വചനത്തിലൂടെ അതിന് ഉദാഹരണം നൽകുകയാണ്. പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന പുത്രൻ ആരെന്ന് ഇവിടെ വചനം ശ്രവിക്കുന്നവർക്ക് നന്നായി മനസ്സിലാകുന്നുണ്ട്.

വാക്കുകൾ കൊണ്ട് പിതാവിന്റെ ആവശ്യം നിറവേറ്റാം എന്നു പറയുന്നവൻ പ്രവർത്തി കൊണ്ട് അതിനു വിപരീതമായി പ്രവർത്തിക്കുന്നു. എന്നാല്‍, രണ്ടാമത്തെ പുത്രൻ പിതാവിനോട് മറുത്തുപറഞ്ഞെങ്കിലും പശ്ചാത്തപിച്ച് പിതാവിന്റെ മനസ്സറിഞ്ഞു പിന്നീട് പ്രവർത്തിക്കുന്നു. പുത്രന് മനസ്താപം ഉണ്ടാകാൻ വേണ്ടി പിതാവ് ഒന്നും പറയുന്നതായി നാം കാണുന്നില്ല. എന്നാൽ, ആ നല്ല പിതാവ് അവന് സമയം കൊടുക്കുകയാണ്. അവന്റെ തെറ്റിനെ തിരിച്ചറിയുവാനായി. ഈ നോമ്പുകാലം നമുക്കും നമ്മുടെ സ്വർഗ്ഗീയപിതാവ് തന്ന സമയമല്ലേ?

നമ്മെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ അതിന്റെ പൂര്‍ണ്ണതയില്‍ ചെയ്യുവാനും അതുവഴി പിതാവിനെ മഹത്വപ്പെടുത്തുവാനും നമുക്ക് അവസരം ലഭിച്ചിരിക്കുകയാണ്. അതിനാൽ നമുക്കും അനുതപിക്കാം. പിതാവിന്റെ ഇഷ്ടത്തിനു വിപരീതമായി പോയ സമയത്തെ ഓർത്ത്, നമുക്കും തിരിച്ചുവരാം. പിതാവ് കാണിച്ചുതന്ന വഴിയിൽ നിന്നും എനിക്കിഷ്ടമുള്ള വഴിയേ സഞ്ചരിക്കുന്നതിൽ നിന്നും… അങ്ങനെ പിതാവിന്റെ ഇഷ്ടം കാൽവരിയിൽ പൂർത്തിയാക്കിയവനെ അനുഗമിച്ച് ഒരു മാനസാന്തരത്തിന്റെ ഉയിർപ്പിനായി നമുക്ക് നമ്മെത്തന്നെ ഒരുക്കാം. ഈ നോമ്പുകാലം അനുതാപത്തിന്റെ കണ്ണുനീരാൽ ദൈവത്തിന്റെ പാദങ്ങൾ കഴുകുവാനുള്ള  അവസരമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ