സീറോ മലബാര്‍ ശ്ലീഹാക്കാലം ഒന്നാം ചൊവ്വ ജൂണ്‍ 02 മത്തായി 20: 29-34 ആത്മീയാന്ധത ബാധിച്ചവര്‍

ആത്മീയാന്ധത നിറഞ്ഞ ഈ ലോകത്തിൽ അകക്കണ്ണിന്റെ തുറവിയാൽ മിശിഹായെ ദാവീദിന്റെ പുത്രനായി തിരിച്ചറിഞ്ഞ് അവനിൽ ശരണം പ്രാപിക്കുന്ന ശാരീരികാന്ധതയുള്ള രണ്ടു വ്യക്തികളെ ഇന്നത്തെ വചനഭാഗം നമുക്ക് കാണിച്ചുതരുന്നു. ശാരീരികാന്ധതയും തിക്കിത്തിരക്കി വരുന്ന ജനക്കൂട്ടവുമൊന്നും യഥാർത്ഥത്തിൽ ഒരുവന് ദൈവത്തെ തിരിച്ചറിയുന്നതിനോദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയുന്നതിനോ തടസ്സമാകുന്നില്ല എന്ന പച്ചയായ യാഥാർത്ഥ്യം നമുക്കു മുമ്പിൽ തുറന്നുകാട്ടുകയാണ് ഈ അന്ധന്മാർ.

ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവനേതൃത്വത്തെയും പുരോഹിതരെയും സന്യസ്തരെയും തെരുവിലുംനവമാധ്യമങ്ങളിലുമെല്ലാം താറടിക്കുന്ന ഈ കാലഘട്ടത്തിൽ, ക്രൈസ്തവ വിശ്വാസം വെറുക്കപ്പെടേണ്ടതും കാലഹരണപ്പെട്ടതുമാണെന്ന് ഉറക്കെ ഘോഷിക്കുന്ന ഒരു വലിയകൂട്ടം ക്രൈസ്തവ നാമധാരികളും അല്ലാത്തവരുമായുള്ള ജനതയുടെ ഇടയിൽ നിന്നും ക്രിസ്തുവിനെ തിരിച്ചറിയുവാനും അവനെ രക്ഷകനും ദാവീദിന്റെ പുത്രനുമായി ലോകത്തിന്റെ മുമ്പിൽ ഉദ്‌ഘോഷിക്കുവാനും ഇന്നത്തെ സുവിശേഷം നമുക്ക് പ്രചോദനം നൽകുന്നു.

ഈ കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങളിലും നവമാധ്യമങ്ങളിലും വന്ന ഒരു വാർത്ത വളരെയേറേ പ്രേരണാദായകമായി എനിക്കു തോന്നി. വാർത്തയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു: “മികച്ച ശമ്പളം ഉപേക്ഷിച്ച് രണ്ട് എൻജിനീനിയറിംഗ് ബിരുദധാരിണികൾ സമർപ്പിതജീവിതത്തിലേയ്ക്ക്.” ഇന്നത്തെ പ്രതികൂലസാഹചര്യങ്ങളിൽ ലോകത്തിന്റെ എതിർപ്പുകളെയും അവഗണനകളെയും മറികടന്ന് അകക്കണ്ണിലൂടെ, തങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്ത മിശിഹായെ പിന്തുടരുവാൻ ഇവർ കാണിച്ച ചങ്കൂറ്റം ആത്മീയാന്ധത ബാധിച്ച ഈ ലോകത്തിനും നമുക്കും പ്രകാശവും വഴിവിളക്കുമാകട്ടെ എന്ന പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.