സീറോ മലബാര്‍ ഉയിര്‍പ്പ് ഏഴാം ബുധന്‍ മെയ്‌ 27 യോഹ. 17: 1-5 നിത്യജീവൻ

മരണത്തിൽ നിന്നും രക്ഷപെടുവാനായി വെമ്പൽ കൊള്ളുന്ന ഒരു ജനതയുടെ മുന്നിലേയ്ക്ക്, അതിൽ നിന്നും രക്ഷപെടുവാനുള്ള ശരിയായ മാർഗ്ഗം പറഞ്ഞുകൊടുക്കുകയാണ് ഈശോ. തന്റെ ഇഹലോക ജീവിതത്തിന്റെ ലക്ഷ്യപൂർത്തീകരണത്തോട് അടുത്തുകൊണ്ടിരിക്കുന്ന അവസരത്തിൽ ഈശോ തന്റെ ശിഷ്യന്മാർക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഭാഗമാണ് ഇന്നത്തെ വചനവിചിന്തനത്തിനായി നമുക്ക് ലഭിച്ചിരിക്കുന്നത്.

നിത്യജീവന് അർഹരാകുവാൻ ഏകസത്യദൈവത്തെയും അവിടുന്ന് അയച്ച ക്രിസ്തുവിനെയും അറിയണം എന്നാണ് ഈശോ പറയുന്നത്. ഈ അറിവ് നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. യോഹന്നാന്റെ സുവിശേഷം ഒൻപതാം അധ്യായം 35 മുതലുള്ള വാക്യങ്ങളിൽ നാം കാണുന്നു: അന്ധനെ സുഖപ്പെടുത്തിയതിനുശേഷം ഈശോ അവനോടു ചോദിക്കുകയാണ്, മനുഷ്യപുത്രനിൽ നീ വിശ്വസിക്കുന്നുവോ എന്ന്. മനുഷ്യപുത്രൻ ആരാണെന്നും ഈശോ അവന് പറഞ്ഞുകൊടുക്കുന്നു. മനുഷ്യപുത്രൻ ആരാണെന്ന് അറിയുന്നതോടുകൂടി അന്ധന്റെ ജീവിതം തന്നെ മാറിമറിയുകയാണ്. അവൻ വലിയ സുവിശേഷപ്രഘോഷകനാകുന്നു.

ദൈവം നമുക്കു നൽകിയ നന്മകളെ തിരിച്ചറിഞ്ഞ് നന്ദിയോടെ ജീവിക്കുകയും നമ്മുടെ പ്രവർത്തികൾ വഴി ദൈവത്തിന്റെ ദാനങ്ങൾ പ്രഘോഷിക്കുകയും ചെയ്യുകയാണ് മിശിഹായെ തിരിച്ചറിഞ്ഞ ശിഷ്യൻ ചെയ്യേണ്ടത്. നമ്മുടെ ജീവിതത്തിൽ, നമുക്ക് അനന്തമായ നന്മകൾ നൽകിയ ദൈവത്തെ നാം തിരിച്ചറിഞ്ഞിട്ടുണ്ടോഎന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് അവനെക്കുറിച്ചു പറഞ്ഞുകൊടുക്കുവാൻ എനിക്കായിട്ടുണ്ടോനന്ദിയുള്ള ഹൃദയത്തോടെയാണോ ഞാൻ ജീവിക്കുന്നത്എന്റെ ജീവിതത്തിൽ എന്റെ പൊന്നുതമ്പുരാൻ കനിഞ്ഞുനൽകിയ നന്മകളെ തിരിച്ചറിഞ്ഞ് എന്റെ ജീവിതം കൊണ്ട് അവനെ പ്രഘോഷിക്കുവാനും അങ്ങനെ നിത്യജീവൻ കരസ്ഥമാക്കുവാനുമുള്ള കൃപയ്ക്കായി ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.