ഞായര്‍ പ്രസംഗം 2 പള്ളിക്കൂദാശ നാലാം ഞായര്‍ നവംബര്‍ 24 മത്തായി 22: 41-46 പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ഠനായ മിശിഹാ

തിരുവനന്തപുരത്ത് വെട്ടുകാട് പള്ളിയുടെ മുകളില്‍ ഒരു രൂപമുണ്ട്. കടലിലേയ്ക്ക് നോക്കി കുരിശുമായി നില്‍ക്കുന്ന കര്‍ത്താവിന്റെ രൂപമാണത്. ലോകത്തെ മുഴുവന്‍ ആശീര്‍വദിക്കുന്ന – ജനഹൃദയങ്ങളെ കീഴടക്കുന്ന ക്രിസ്തുരാജനെയാണ് ആരാധനാക്രമവത്സരത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് തിരുസഭ അനുസ്മരിക്കുന്നത്.

സഭയില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ ആഘോഷിക്കുന്നു. ഭാഗ്യസ്മരണാര്‍ഹനായ 11-ാം പീയൂസ് മാര്‍പ്പാപ്പ “Quas Primus” എന്ന തിരുവെഴുത്തിലൂടെ 1925-ല്‍ ഈ തിരുനാള്‍ സ്ഥാപിച്ചു. പിന്നീട് 1969-ല്‍ ഭാഗ്യസ്മരണാര്‍ഹനായ പോള്‍ ആറാമന്‍ “Mystering Paschalis” എന്ന തിരുവെഴുത്തിലൂടെ ആരാധനാക്രമവത്സരത്തിലെ അവസാന ഞായറാഴ്ച ഈ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടണമെന്ന് ആഹ്വാനം ചെയ്തു. ലോകം മുഴുവന്‍ ഇന്ന് രാജാക്കന്മാരുടെ രാജാവായ, സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജാവായ ക്രിസ്തുവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. അവന്‍ രാജാവാണ്. ലോകത്തെ മുഴുവന്‍ കീഴടക്കുന്ന – ജനഹൃദയങ്ങളെ സ്വാധീനിക്കുന്ന – ആശീര്‍വദിക്കുന്ന രാജാവാണവന്‍.

രാജത്വത്തിരുനാള്‍ സന്ദേശമായി നാം ഇന്ന് ധ്യാനിക്കുന്നത് മത്തായി 22: 44-46 എന്ന തിരുവചനഭാഗമാണ്. ഫരിസേയരുമായി യേശു നടത്തുന്ന സംവാദമാണ് വിഷയം. “മിശിഹാ ദാവീദിന്റെ പുത്രനോ?” എന്നതാണ് വിവാദവിഷയം. മിശിഹാ ദാവീദിന്റെ പുത്രനാണ് എന്ന ഫരിസേയരുടെ ഉറപ്പിനെ വിശുദ്ധ വചനം കൊണ്ട് യേശു നേരിടുന്നു. സങ്കീ. 110: 1-ല്‍, ദാവീദ് മിശിഹായെ കര്‍ത്താവ് എന്ന് വിളിക്കുന്നതിനാല്‍ മിശിഹാ ദാവീദിന്റെ പുത്രനാകുന്നത് എങ്ങനെ എന്നതാണ് യേശുവിന്റെ ചോദ്യത്തിന്റെ പൊരുള്‍. ഇതില്‍ നിന്നും വ്യക്തമാണ് യേശു പറയാനാഗ്രഹിക്കുന്ന സന്ദേശം. മിശിഹാ ദാവീദിന്റെ കുലത്തില്‍ ജനിച്ചു എന്നതിനാല്‍ അവന്‍ ദാവീദിന്റെ പുത്രനാണ്. എന്നാല്‍, അവന്‍ ദൈവപുത്രനാകയാല്‍ അവന്‍ ദാവീദിന്റെയും കര്‍ത്താവാണ്. അതായത് യേശുവിന്റെ രാജത്വം കേവലം ദാവീദിന്റെ പരമ്പരയിലുള്ള രാജത്വം മാത്രമല്ല, കൊന്നും കൊലവിളിച്ചും വെട്ടിപ്പിടിച്ച രാജ്യമല്ല യേശുവിന്റെ രാജ്യം. ദാവീദിന്റെ പടയോട്ടമല്ല ക്രിസ്തുവിന്റെ രാജ്യസ്വഭാവം.

ക്രിസ്തുവിന്റെ രാജ്യം സ്‌നേഹത്തില്‍ അധിഷ്ഠിതമാണ്. സ്‌നേഹിതനു വേണ്ടി ജീവന്‍ ബലി കഴിക്കുന്ന സ്‌നേഹമാണ് ക്രിസ്തുരാജ്യത്തിന്റെ അടിസ്ഥാനശില. മനുഷ്യനെ സ്വന്തം ഹൃദയരക്തത്താല്‍ വിലയ്ക്കു വാങ്ങുന്ന രാജാവാണ് യേശു. അവന്‍ രാജാവായത് കുരിശുമരണത്തിലൂടെയാണ്. വി. പൗലോശ്ലീഹാ പറയുന്നു: “എല്ലാം അവനിലൂടെയും അവന്‍ വഴിയായും പൂര്‍ത്തീകരിക്കപ്പെടുന്നു. നിലനില്‍ക്കുന്നു; അവന്‍ വഴിയായി പിതാവായ ദൈവം എല്ലാത്തിനെയും തന്നിലേയ്ക്ക് അനുരഞ്ജിതമാക്കുന്നു.” ക്രിസ്തുരാജ്യം നിത്യം നിലനില്‍ക്കുന്ന രാജ്യമാണ്. ലൂക്കായുടെ സുവിശേഷത്തില്‍ നാം വായിക്കുന്നു, “അവന്റെ രാജ്യത്തിന് അവസാനമുണ്ടാവുകയില്ല” എന്ന്. കാരണം, ലോകത്തിന്റെ ചിന്തകള്‍ക്കും വ്യാപാരങ്ങള്‍ക്കും ഉപരിയാണ് അത്.

ക്രിസ്തുവിന്റെ രാജത്വത്തെക്കുറിച്ചും അവന്റെ രാജ്യത്തിന്റെ പ്രത്യേകതയെക്കുറിച്ചും വളരെ മനോഹരമായി ലത്തീന്‍ കുര്‍ബാനയിലെ രാജത്വത്തിരുനാളിന്റെ പ്രഘോഷണ പ്രാര്‍ത്ഥനയില്‍ വിവരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: “അങ്ങയുടെ രാജ്യം സത്യത്തിന്റെയും ജീവന്റെയും രാജ്യമാണ്. അത് വിശുദ്ധിയുടെയും അനുഗ്രഹത്തിന്റെയും രാജ്യമാണ്. അത് നീതിയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും രാജ്യമാണ്.” ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ് ക്രിസ്തു വന്നത്. അവന്‍ സത്യത്തിന്റെ പ്രതിരൂപമാണ്. സത്യത്തിന് സാക്ഷ്യം വഹിക്കാന്‍ വന്നവനാണ്. അവന്‍ മനുഷ്യരുടെ ഇടയിലുള്ള ദൈവസാന്നിധ്യത്തിന്റെ അടയാളമാണ്. നീതിയുടെയും ശാന്തിയുടെയും സ്‌നേഹത്തിന്റെയും വക്താവാണ് അവിടുന്ന്. വിജയിക്കുവാനുള്ള വഴി, തോറ്റു കൊടുക്കുന്നതാണെന്ന് കാണിച്ചുതന്നവനാണവന്‍. എല്ലാം സൗജന്യമായി നല്‍കുന്നതാണ് യഥാര്‍ത്ഥ ക്രിസ്തുരാജ്യം എന്ന് ജീവിതത്തിലൂടെ കാണിച്ചുതന്ന രാജാവാണ് അവന്‍. ശുശ്രൂഷിക്കപ്പെടാന്‍ ആഗ്രഹിക്കാതെ ശുശ്രൂഷിക്കുകയും, ശിഷ്യരുടെ പാദം കഴുകി ചുംബിക്കുകയും ചെയ്യുന്ന രാജാവാണ് അവിടുന്ന്. അതുകൊണ്ടാണ് അവന്റെ രാജത്വം ലോകത്തെ മുഴുവന്‍ പുല്‍കി നില്‍ക്കുന്നത്. അതിരുകളില്ലാതെ അനന്തതയോളം വ്യാപിച്ചുനില്‍ക്കുന്നത്. ലോകത്തെ മുഴുവന്‍ ആശീര്‍വ്വദിക്കുന്നത്.

ഇന്നത്തെ മനുഷ്യരുടെ മുമ്പില്‍ ഈശോയുടെ രാജത്വത്തിരുനാള്‍ ഉയര്‍ത്തുന്ന ചോദ്യം മാനസാന്തരത്തിന് പ്രേരകമാണ്. ക്രിസ്തുവിന്റെ രാജത്വം ഒരു ദാനവും ഉത്തരവാദിത്വവുമാണ്. ഇത് നമ്മില്‍ നിന്നും നിരന്തരമായ മാനസാന്തരവും അവനിലേയ്ക്കുള്ള നിരന്തര വളര്‍ച്ചയും പ്രതീക്ഷിക്കുന്നു. ഈശോ സ്ഥാപിച്ച ദൈവരാജ്യത്തിന്റെ വക്താക്കളാണ് നാം. സുവിശേഷത്തില്‍ ഫരിസേയര്‍ വന്ന് ദൈവരാജ്യം എപ്പോള്‍ വരുമെന്ന് ഈശോയോട് ചോദിക്കുന്നുണ്ട്. അപ്പോള്‍ ഈശോ പറഞ്ഞു: “ദൈവരാജ്യം നിങ്ങളില്‍ തന്നെയുണ്ട്. നിങ്ങളുടെ ഇടയിലുണ്ട്.” ഈ ലോകത്തില്‍ ദൈവരാജ്യ സംസ്ഥാപനത്തിനായി നിലകൊള്ളേണ്ടവരാണ് നാം.

കുഞ്ഞുന്നാളിലെ ഒരു ഓര്‍മ്മ പങ്കുവച്ചു കൊണ്ട് ഈ വിചിന്തനം അവസാനിപ്പിക്കാം. സണ്‍ഡേ സ്‌കൂളില്‍ പഠിക്കുന്ന കാലം. കുട്ടികളെല്ലാം മിഷന്‍ ലീഗ്, സൊഡാലിറ്റി, ഡി.സി.എല്‍. തുടങ്ങിയ ഭക്തസംഘടനകളില്‍ അംഗങ്ങളാണ്. ആണ്ടുവട്ടത്തില്‍ ഒരു ഞായറാഴ്ച കൈകളില്‍ ചെറിയ പേപ്പല്‍ പതാകയുമേന്തി വഴിയില്‍ കൂടി നടത്തിയിരുന്ന റാലി ഓര്‍മ്മിക്കുന്നു. അതിനിടയില്‍ വലിയ സ്വരത്തില്‍ വിളിച്ചു പറഞ്ഞിരുന്ന മുദ്രാവാക്യം ഇപ്രകാരമാണ്.

‘ജയിക്കട്ടങ്ങനെ ജയിക്കട്ടെ…                                                                              ക്രിസ്തുരാജന്‍ ജയിക്കട്ടെ…                                                                                പരക്കട്ടങ്ങനെ പരക്കട്ടെ…                                                                                  ക്രിസ്തുരാജ്യം പരക്കട്ടെ…’

ഇന്നത്തെ തിരുനാള്‍ ദിനം നമ്മുടെ ഹൃദയങ്ങളില്‍ ക്രിസ്തുരാജന്‍ ജയിക്കാന്‍ ആഗ്രഹിക്കാം. ക്രിസ്തുരാജ്യം ലോകമെങ്ങും, പ്രത്യേകിച്ച് നാം ജീവിക്കുന്ന ചുറ്റുപാടുകളില്‍ പരക്കാന്‍ നമുക്ക് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം. നമുക്ക് പ്രാര്‍ത്ഥിക്കാം, ഈശോയുടെ തിരുഹൃദയമേ അങ്ങയുടെ രാജ്യം വരേണമെ. ആമേന്‍.

റവ. ഫാ. തോമസ് പ്ലാത്തോട്ടത്തില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.