ഞായര്‍ പ്രസംഗം 2 ദനഹാക്കാലം 2-ാം ഞായര്‍ കൂടെ വസിക്കുന്ന ദൈവം

‘കൂടെയായിരിക്കുക’ എന്നത് ഒരു ആത്മബന്ധത്തിന്റെ അടയാളമാണ്. നാം സ്നേഹിക്കുകയും നമ്മെ സ്‌നേഹിക്കുകയും ചെയ്യുന്നവരുടെ കൂടെയായിരിക്കാന്‍ നാം ആഗ്രഹിക്കാറുണ്ട്. ഉയര്‍ന്ന ജീവിതസാഹചര്യങ്ങളുള്ള ഒരുവന്‍ വേദനിക്കുന്നവരുടെ കൂടെ വസിക്കുമ്പോഴാണ് ‘കൂടെ വസിക്കല്‍’ കൂടുതല്‍ മഹത്തരമാവുക – ശ്രേഷ്ഠതയുള്ളതായി മാറുക.

ഇന്നത്തെ സുവിശേഷത്തിലൂടെ യോഹന്നാന്‍ ശ്ലീഹാ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത് നമ്മുടെ കൂടെ വസിക്കുവാന്‍ മാംസം ധരിച്ച ദൈവത്തെപ്പറ്റിയാണ്. ‘വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു’ (യോഹ. 1:14). ദൈവത്തെ വചനമായാണ് യോഹന്നാന്‍ ശ്ലീഹാ അവതരിപ്പിക്കുന്നത്. ഇത് തികച്ചും അര്‍ത്ഥവത്താണ്. ദൈവത്തെ കാണുന്നവന്‍ മരിക്കുമെന്നും ദൈവത്തെ കേള്‍ക്കുന്നവന്‍ ജീവിക്കുമെന്നും യഹൂദര്‍ വിശ്വസിച്ചിരുന്നു. അതുപോലെ തന്നെ ദൈവം സൃഷ്ടികര്‍മ്മം നടത്തിയത് തന്റെ വചനത്താലാണ്. അവിടുന്ന് പൂര്‍വ്വപിതാക്കളോടും പ്രവാചകന്മാരോടും സംസാരിച്ചത് വചനത്തിലൂടെയാണ്. അതുകൊണ്ടാണ് വചനമനുസരിച്ചുള്ള ജീവിതം എന്നതിന് ദൈവതിരുഹിതം അനുസരിച്ചുള്ള ജീവിതമെന്ന അര്‍ത്ഥം കൈവരിക.

‘വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു’ എന്നത് ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ പറ്റിയുള്ള പ്രഖ്യാപനം കൂടിയാണ്. പഴയനിയമത്തില്‍, വാഗ്ദാനപേടകത്തില്‍ ഇസ്രായേല്‍ ജനതയുടെ കൂടെ ഇറങ്ങിവന്ന് വസിച്ച ദൈവസാന്നിധ്യത്തെ – പകല്‍ മേഘസ്തംഭമായും രാത്രി അഗ്നിത്തൂണായും കൂടെ നടന്ന ദൈവസാന്നിധ്യത്തെ (സംഖ്യ 10:34) അനുസ്മരിക്കുന്ന വാക്കുകളാണിവ. മരുഭൂമിയില്‍ ഇസ്രായേല്‍ ജനത്തിന് ശക്തിയും സംരക്ഷണവും വഴികാട്ടിയുമായാണ് ദൈവം അവരുടെ കൂടെ വസിച്ചത്. അതു പോലെ തന്നെ പുതിയ നിയമത്തിലെ പുതിയ ഇസ്രായേലായ സഭയ്ക്ക് വഴികാട്ടിയും സംരക്ഷകനും ശക്തിയുമായാണ് ക്രിസ്തു മനുഷ്യനായി അവതരിച്ചത്.

പഴയനിയമകാലത്ത് ദൈവം, വാഗ്ദാനപേടകത്തിലും തുടര്‍ന്ന് ദേവാലയത്തിലും വാസമുറപ്പിച്ച് ഇസ്രായേലിന്റെ കൂടെയുണ്ടായിരുന്നു. ദേവാലയം തകര്‍ക്കപ്പെട്ടപ്പോള്‍ ദൈവസാന്നിധ്യം തങ്ങള്‍ക്കിടയില്‍ നിന്ന് അപ്രത്യക്ഷമായതായി അവര്‍ക്ക് അനുഭവപ്പെട്ടു. എന്നാല്‍ ഇസ്രായേലിന്റെ മധ്യേ ദൈവസാന്നിധ്യമായി നിലകൊണ്ട യേശുവിനെ അവര്‍ തിരിച്ചറിഞ്ഞില്ല. പ്രവാചകന്മാരുടെ വാഗ്ദാനവും അവരുടെ കൂടെ വസിക്കുന്ന ഒരു ദൈവത്തെപ്പറ്റിയായിരുന്നു ‘എന്റെ വാസസ്ഥലം അവരുടെ മധ്യേ ആയിരിക്കും, ഞാന്‍ അവര്‍ക്ക് ദൈവവും അവരെനിക്ക് ജനവുമായിരിക്കും’ (എസെക്കി. 37:27). ‘ദൈവം നിന്നോട് കൂടെയാണ്’ (ഏശ. 45:14). ‘കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; ദൈവം നമ്മോട് കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നവന്‍ വിളിക്കപ്പെടും’ (ഏശ. 7:14).

പ്രിയമുള്ളവരെ, ഇന്ന് നമ്മുടെ കൂടെ വസിക്കുന്ന ദൈവസാന്നിധ്യം കൂടുതല്‍ അടുത്തറിയാന്‍ സാധിക്കുന്നത് വി. കുര്‍ബാനയിലൂടെയാണ്. വി. കുര്‍ബാനയില്‍ അവിടുത്തെ ശക്തിയും മഹത്വവും നാം ദര്‍ശിച്ച് സ്‌നാപകയോഹന്നാനെ പോലെ യേശുവിന് സാക്ഷ്യം വഹിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് നമുക്കുള്ളത്. അതിന് ദൈവം നമ്മോട് കൂടെയായിരിക്കുന്നത് പോലെ നാമും ദൈവത്തോട് കൂടെയായിരിക്കുവാന്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

ഒരു കുഞ്ഞ് അപ്പനോട് ചോദിച്ചു: ‘ദൈവം എത്ര വലുതാണ്’. ആകാശത്ത് കൂടി പറന്നു പോകുന്ന ഒരു വിമാനത്തിലേയ്ക്ക് വിരല്‍ ചൂണ്ടി അപ്പന്‍ തിരിച്ചു ചോദിച്ചു: ‘ആ വിമാനത്തിന് എത്ര വലിപ്പമുണ്ട്?’ പെട്ടെന്നു തന്നെ ഉത്തരമുണ്ടായി, ‘കാണാന്‍ കഴിയാത്തവിധം ചെറുതാണ്.’ അപ്പോള്‍ത്തന്നെ അയാള്‍ മകനെ അടുത്തുള്ള എയര്‍പോര്‍ട്ടിലേയ്ക്ക് കൊണ്ടുപോയി അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന വിമാനത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം വീണ്ടും മകനോട് ചോദിച്ചു: ‘ഈ വിമാനത്തിന് എത്ര വലിപ്പമുണ്ട്?’ ആശ്ചര്യപൂര്‍വ്വം മകന്‍ പറഞ്ഞു: ‘ഇത് വളരെ വലുതാണ്.’ അയാള്‍ മകനെ ഓര്‍മ്മിപ്പിച്ചു; ‘മകനെ, ഇതുപോലെയാണ് ദൈവവും. അവന്റെ വലിപ്പം നിശ്ചയിക്കുന്നത് അവനുമായി നിനക്കുള്ള അകല വ്യതിയാനങ്ങളാണ്. കൂടുതല്‍ അടുക്കുന്തോറും അവന്‍ നിനക്ക് കൂടുതല്‍ മഹനീയനാണ്.’

വി. കുര്‍ബാനയായി നമ്മുടെ കൂടെ വസിക്കുന്നവനാണ് നമ്മുടെ ദൈവം. ആ ദൈവത്തിന് നമ്മോടുള്ള കരുതലും കാരുണ്യവും നമുക്ക് തിരിച്ചറിയാനും അങ്ങനെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നവരാകാനും സാധിക്കുക നാം എത്രമാത്രം അവിടുത്തോട് അടുത്തിരിക്കുന്നു എന്നതനുസരിച്ചാണ്.

വി. കൊച്ചുത്രേസ്യാ ഇപ്രകാരം പറയുന്നുണ്ട്: ‘വി. കുര്‍ബാനയിലൂടെ എന്റെ ഹൃദയത്തിലേയ്ക്ക് എഴുന്നള്ളി വന്ന ഈശോയെ ഞാന്‍ ഒരോ മൂന്ന് മിനിറ്റ് കൂടുമ്പോഴും ഓര്‍ക്കാറുണ്ട്’. ഓരോ ദിവസത്തെ നമ്മുടെ തിരക്കുകള്‍ക്കിടയിലും അല്‍പ്പനേരം നമ്മുടെ കൂടെയുള്ള ദൈവസാന്നിധ്യത്തെ ഓര്‍ക്കാന്‍ നമുക്ക് പരിശ്രമിക്കാം. അങ്ങനെ ആത്മധൈര്യവും പ്രത്യാശയിലുള്ള അഭിമാനവും അവസാനം വരെ മുറുകെ പിടിക്കാനും ദൈവത്തിന്റെ ഭവനമായി നമ്മുടെ ശരീരത്തെ കാത്തുസൂക്ഷിക്കാനും നമുക്ക് സാധിക്കട്ടെ.ആമേന്‍.

ബ്ര. ജോസ് പറഞ്ഞാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.