ഞായറാഴ്ച പ്രസംഗം ജൂണ്‍ 11: ക്ഷമിക്കപ്പെടുന്നതില്‍ വെളിപ്പെടുന്ന സ്‌നേഹം (ലൂക്കാ 7:36-50)

ശ്ലീഹാക്കാലം രണ്ടാം ഞായര്‍ ലൂക്കാ 7:36-50

”ക്ഷമിക്കുന്നതില്‍ ദൈവം ഒരിക്കലും ക്ഷീണിതനാവുന്നില്ല. ക്ഷമ ചോദിക്കുന്നതില്‍ നാമാണ് ക്ഷീണിതരാകുന്നത്” എന്ന് ഫ്രാന്‍സിസ് പാപ്പ കരുണയുടെ വര്‍ഷത്തില്‍ നമ്മെ ഉദ്‌ബോധിപ്പിച്ചു. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ ധ്യാനിക്കുന്ന ഈ ശ്ലീഹാക്കാലത്തില്‍ ദൈവീകമായ ക്ഷമയുടെ ഫലം നേരിട്ടനുഭവിച്ച് കൃപയുടെ പാത്രമായ പാപിനിയെയാണ് സുവിശേഷം ധ്യാനവിഷയമായി നല്‍കുക. ആത്മാവിന്റെ വരദാനങ്ങള്‍ക്കായി തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്ന കാലയളവില്‍ അനുതാപം നിറഞ്ഞ ഹൃദയത്തിന് ദൈവം നല്‍കുന്ന അമൂല്യമായ സ്ഥാനത്തെ ലൂക്കാ സുവിശേഷകന്‍ കാണിച്ചു തരുന്നു. കാരണം യഥാര്‍ത്ഥമായ അനുതാപമുള്ള ഹൃദയത്തില്‍ പരിശുദ്ധാത്മാവ് നല്‍കുന്ന ശക്തമായ വേരോട്ടമുണ്ടാകും. ആത്മാര്‍ത്ഥമായ പശ്ചാത്തലം നമ്മുടെ ഹൃദയനിലങ്ങളെ ഉഴുതുമറിച്ച് നൂറുമേനി ഫലം നല്‍കാന്‍ യോഗ്യമാക്കുന്ന ഇടമായി മാറും. അവിടെ കൃപ സമൃദ്ധമായി പടരും.

പല്ലിന് പകരം പല്ല്, കണ്ണിന് പകരം കണ്ണ് എന്ന ഫരിസേയ നിയമത്തിന് മുമ്പില്‍ കരുണാമസൃണമായ ആര്‍ദ്രതയുടെ പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ് യേശു. പാപിയെ വെറുക്കപ്പെട്ടവനും നിന്ദ്യനുമായിക്കണ്ട് അകറ്റിനിര്‍ത്താതെ, വിലയേറിയവനും പ്രിയങ്കരനും ബഹുമാന്യനുമായി കണ്ട് ചേര്‍ത്ത് പിടിച്ചത് യേശു മാത്രമാണ്. യേശുവിന്റെ കരുണയുടെ ഈ മുഖം ലൂക്കാ സുവിശേഷത്തില്‍ സുവ്യക്തമാണ്. ‘ബലിയല്ല കരുണ’യാണ് ഞാനാഗ്രഹിക്കുന്നത് എന്ന അവിടുത്തെ വചനത്തിന്റെ പൊരുളിവിടെ ദര്‍ശിക്കാന്‍ കഴിയും. ഫരിസേയന്റെ ചിന്തയില്‍ ആ പാപിനി വെറും നാടകം കളിക്കുന്നു. എന്നാല്‍, അവളുടെ കണ്ണീരില്‍ സത്യമുണ്ട് എന്ന് ഹൃദയത്തില്‍ നിന്നുയരുന്ന മാനസാന്തരത്തിനുള്ള ആഗ്രഹമുണ്ടെന്ന് ഫരിസേയനറിയുന്നില്ല. പക്ഷേ യേശു അതറിഞ്ഞു. കാരണം ഹൃദയത്തെ തൂക്കിനോക്കുന്നവനാണ് അവന്‍ (സുഭാ 21:2). പാപിനിയുടെ അനുതാപം രക്ഷാകരമാണെന്ന് യേശുവിന് ബോദ്ധ്യമുണ്ടായിരുന്നു. അതിനാല്‍ അവിടെ വെച്ചുതന്നെ അവളുടെ പ്രവൃത്തിയെ പ്രശംസിക്കുകയും പാപക്ഷമ നല്‍കി സമാധാനത്തിലേയ്ക്ക് അവളെ ആനയിക്കുകയും ചെയ്തു. യേശു വന്നത് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ് (യോഹ 10:10) അല്ലാതെ നശിപ്പിക്കാനല്ല.

യേശുവിന്റെ മനുഷ്യാവതാരം പാപക്ഷമ നമുക്ക് അനുഭവവേദ്യമാക്കി. പക്ഷേ ദൈവീക ക്ഷമയുടെ ലക്ഷ്യം മനുഷ്യന്റെ അനുതാപമാണ് (2 പത്രോസ് 3:9). ആകയാല്‍ ദൈവത്തിന്റെ ക്ഷമ രക്ഷാകരമാണ് (2 പത്രോസ് 3:15). ലോകത്തില്‍ ഓരോ മനുഷ്യജീവനും ദൈവീകമായ ക്ഷമയുടെ ഫലം അനുഭവിക്കുന്നു. അവിടുത്തെ ക്ഷമയാണ് നമ്മുടെ നിലനില്‍പ്പിനാധാരം. ആകയാല്‍ ദൈവത്തിന്റെ ക്ഷമ നമ്മില്‍ വിഫലമായിത്തീരാതിരിക്കാന്‍ അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും ഫലങ്ങള്‍ പുറപ്പെടുവിക്കേണ്ടിയിരിക്കുന്നു. പാപജീവിതത്തെക്കുറിച്ച് കണ്ണുനീര്‍ പൊഴിക്കാതെ നാം നടത്തുന്ന പാപസങ്കീര്‍ത്തനങ്ങള്‍ വെറും പ്രഹസനമായിത്തീരുന്നു. നമ്മുടെ പാപം നമ്മെ ദൈവകൃപയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന്, പരിശുദ്ധാത്മാവിന്റെ അഭിഷിക്തത്തില്‍ നിന്നകറ്റുന്നു. പാപാവസ്ഥയെ ആത്മശോധനയിലൂടെ കണ്ടെത്തി അവയെപ്രതി അനുതപിക്കുന്ന ഒരു ഹൃദയമുണ്ടെങ്കില്‍ സ്വര്‍ഗ്ഗം ഏറ്റവുമധികം സന്തോഷിക്കുക നമ്മെ പ്രതിയായിരിക്കും.

പാപിനിയുടെ പാപങ്ങള്‍ ക്ഷമിച്ചതിനുശേഷം യേശു അവളോടു പറയുന്നു. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക. സമാധാന രാജാവായ യേശു നല്‍കുന്ന സമാധാനമാണ് യഥാര്‍ത്ഥ രക്ഷാകരമായ സമാധാനം. ലോകം വച്ചു നീട്ടുന്ന സമാധാനവും സന്തോഷവുമൊക്കെ അല്‍പ്പായുസ്സ് മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ശേഷം അവള്‍ യേശുവിലേയ്ക്ക് തിരിഞ്ഞു. യേശു ശിഷ്യരോട് പറയുന്നു. ”നിങ്ങള്‍ക്ക് സമാധാനം” ”ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ട് പോകുന്നു.” ഈ വാക്യങ്ങളിലൂടെ ‘സമാധാന ദാതാവ്’ ദൈവമാണ് മനുഷ്യനല്ല എന്ന വസ്തുത ഈശോ വ്യക്തമാക്കുകയാണ്. അല്‍പ്പം സമാധാനത്തിനുവേണ്ടി ലഹരിയ്ക്കും പാപകരമായ ചെയ്തികള്‍ക്കും അശുദ്ധമായ കൂട്ടുകെട്ടുകള്‍ക്കും പിന്നാലെ പായുന്നവര്‍ പൈശാചികതയുടെ ബന്ധനത്തിനടിമകളാണ്. യേശുവിന്റെ അനുഗാമികള്‍ വിളിക്കപ്പെടുന്നത് തിന്മയെ നന്മകൊണ്ട് ജയിക്കാനാണ്. പൈശാചികതയെ ദൈവീകത കൊണ്ട് നേരിടുമ്പോഴാണ് ദൈവരാജ്യം സംജാതമാകുന്നത്. ദൈവീകമായ സമാധാനത്തിലേയ്ക്കുള്ള കുറുക്കുവഴി പ്രാര്‍ത്ഥന തന്നെയാണ്. പ്രാര്‍ത്ഥനയാകുന്ന താക്കോല്‍കൊണ്ട് ഹൃദയവാതിലുകള്‍ തുറന്നിടുമ്പോള്‍ അവിടുന്ന് നമ്മുടെ ഹൃദയത്തില്‍ സമാധാനം നിറയ്ക്കും.

ഡൊമിനിക് പുല്‍പ്പേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.