ഞായറാഴ്ച പ്രസംഗം – ജൂലൈ 9; ഒരുങ്ങിയിരിക്കുക (ലൂക്കാ 12:57-13;5)

ശ്ലീഹാക്കാലം ആറാം ഞായര്‍ ലൂക്കാ 12:57-13;5

നമ്മുടെ നാട്ടില്‍ പലവിധ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സമയമാണല്ലോ ഇത്. ഈ രോഗങ്ങളെ പ്രതിരോധിക്കാന്‍ ആരോഗ്യകേന്ദ്രങ്ങള്‍ നമുക്ക് പലവിധത്തിലുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇവ വേണ്ടവിധം സ്വീകരിക്കുന്നവര്‍ക്ക് രോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. എന്നാല്‍ അവ അവഗണിക്കുന്നവരെ രോഗം പിടികൂടുക തന്നെ ചെയ്യും. അതുപോലെ റോഡില്‍ ഇറങ്ങുമ്പോള്‍ നാം കാണുന്ന ചില മുന്നറിയിപ്പുകളാണല്ലോ, ‘ശ്രദ്ധ മരിക്കുമ്പോള്‍ അപകടം ജനിക്കുന്നു’ ‘സ്വിച്ച് ഓഫ് മൊബൈല്‍ ആന്റ് സ്വിച്ച് ഓണ്‍ സീറ്റ് ബെല്‍റ്റ്’ തുടങ്ങിയവ. ഇവ പാലിക്കുന്നവര്‍ക്ക് അപകടത്തില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കുന്നു. ഇതുപോലെ ആദ്ധ്യാത്മീക ജീവിതത്തില്‍ നാം സ്വീകരിക്കേണ്ട ചില മുന്നറിയിപ്പുകളാണ് ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നത്. വലിയ പാപികളെ മാത്രമാണ് അകാലമരണം വേട്ടയാടുന്നത് എന്നുള്ള യഹൂദ ചിന്തയെ ഈശോ ചോദ്യം ചെയ്യുന്നു. മരണം പാപികള്‍ക്ക് മാത്രമല്ല അത് ആര്‍ക്കും അപ്രതീക്ഷിതമായി സംഭവിക്കാം. അതിനാല്‍ ഒരുക്കമുള്ളവരായിരിക്കണം എന്ന സന്ദേശമാണ് ഇന്നത്തെ വചനം നമുക്ക് നല്‍കുന്നത്.

പലരിലും ഉരുത്തിരിയുന്ന ഒരു മനോഭാവമാണ് നല്ല പ്രായത്തില്‍ അടിച്ചുപൊളിച്ച് ജീവിക്കാം എന്നിട്ട് പിന്നെ സമയം കിട്ടുമ്പോള്‍ നന്നായേക്കാം എന്ന് പ്രായമാകുമ്പോള്‍ കുറച്ചു പ്രാര്‍ത്ഥനയും കൊന്തയുമൊക്കെ ചൊല്ലി വീട്ടില്‍ ഇരുന്നാല്‍പ്പോരെ അല്ലാതെ ഈ തിരക്കുകള്‍ക്കിടയില്‍ എന്തിനാണ് പള്ളിയില്‍ പോകുന്നതും പ്രാര്‍ത്ഥിക്കുന്നതും എന്ന് ചിന്തിക്കുന്നവരും ഇന്ന് വിരളമല്ല. ലോകത്തിന്റെ സുഖത്തിനും തിരക്കുകള്‍ക്കുമിടയില്‍ വിശ്വാസജീവിതവും കൗദാശിക ജീവിതവും വേണ്ടെന്ന് വച്ച് പാപത്തില്‍ തുടരുന്നവര്‍ക്ക് ഈശോ നല്‍കുന്ന മുന്നറിയിപ്പാണ് ഇന്നത്തെ വചനം. ”പശ്ചാത്തപിക്കുന്നില്ലെങ്കില്‍ പ്രതീക്ഷിക്കാത്ത സമയത്ത് നാശം സംഭവിക്കും.

മരിക്കുമ്പോള്‍ ഒരുങ്ങി പശ്ചാത്തപിച്ച് കൂദാശയൊക്കെ സ്വീകരിച്ച് മാത്രമേ ഞാന്‍ മരിക്കൂ എന്ന് നമുക്ക് ആര്‍ക്കും ഉറപ്പില്ല. അതിനാല്‍ പാപബോധവും പശ്ചാത്താപവും നിറഞ്ഞ വിശുദ്ധ ജീവിതം നയിക്കുന്ന വ്യക്തികളായിട്ടു മാത്രമെ നമ്മുടെ ഓരോ ദിനവും കടന്നുപോവാന്‍ അനുവദിക്കാവൂ. വി. ഡൊമിനിക് സാവിയോയുടെ ജീവിതത്തിലെ ഒരു സംഭവം നമുക്ക് പരിചിതമായിരിക്കുന്നു. ഒരിക്കല്‍ ഡൊമിനിക് സാവിയോ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തോടു ചോദിച്ചു. ”താങ്കള്‍ ഇപ്പോള്‍ മരിക്കാന്‍ പോവുകയാണ് എന്നറിഞ്ഞാല്‍ എന്ത് ചെയ്യും?” ഡൊമിനിക് പറഞ്ഞു; ”ഞാന്‍ കളി തുടര്‍ന്നുകൊണ്ടിരിക്കും.” വിശുദ്ധിയില്‍ ജീവിച്ച ഡൊമിനിക്കിനെ സംബന്ധിച്ചിടത്തോളം മരണത്തിനു വേണ്ടി പ്രത്യേക ഒരുക്കം ആവശ്യമില്ലായിരുന്നു. വിശുദ്ധന്റെ ഈ ജീവിതശൈലി തന്നെയാണ് ഇന്നത്തെ വചനത്തിന്റെ സാരവും.

ബലിയര്‍പ്പണത്തിനിടെ പിലാത്തോസിനാല്‍ വധിക്കപ്പെട്ട് യഹൂദരെക്കുറിച്ച് ഈശോയ്ക്ക് പറയുന്ന എന്റെ വ്യക്തികളെ വചനത്തില്‍ കാണാം. ഇവരുടെ ലക്ഷ്യം ഈശോയെ കുടിക്കിലാക്കുക എന്നതുതന്നെയാണ്. കാരണം ഈശോ പിലാത്തോസിനെ അംഗീകരിക്കുമോ അതോ യഹൂദരുടെ പക്ഷം ചേരുമോ എന്നറിയാനുള്ള തന്ത്രം അവരുടെ ചോദ്യത്തില്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. എന്നാല്‍ ‘പാപിയ്ക്കുള്ള ശിക്ഷയാണ് മരണം’ എന്ന യഹൂദ ചിന്തയെ ചോദ്യം ചെയ്യുകയാണ് ഈശോ ചെയ്യുന്നത്. ‘പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും ഇതുപോലെ സംഭവിക്കാം’ അതുകൊണ്ട് കേരളത്തില്‍ സുരക്ഷിതരായി ജീവിക്കുന്ന നമുക്ക് പറയാന്‍ പറ്റില്ല. അറേബ്യന്‍ രാജ്യങ്ങളില്‍ ഐ.എസ് ഭീകരരാല്‍ വധിക്കപ്പെടുന്നവര്‍ നമ്മെക്കാള്‍ പാപികളാണെന്ന്. അല്ലെങ്കില്‍ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചയാളെക്കുറിച്ച് നമുക്ക് പറയാനാവില്ല, അവന്റെ ജീവിതം മോശമായിരുന്നതുകൊണ്ടാണ് അവന് അബദ്ധം പറ്റിയത് എന്ന്. നമ്മുടെ ജീവിതങ്ങള്‍ക്ക് ചുറ്റും ഉണ്ടാകുന്ന ഈ അനര്‍ത്ഥങ്ങളും ദുരിതങ്ങളും നാമോരോരുത്തര്‍ക്കും നല്‍കുന്നത് ഒരു മുന്നറിയിപ്പാണ്. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ നമ്മെ നിത്യനാശത്തിലേയ്ക്ക് നയിക്കും. എന്നാല്‍ പശ്ചാത്തപിച്ച വ്യക്തികള്‍ക്ക് ജീവിതത്തിലെ ദുരന്തങ്ങള്‍ നിത്യരക്ഷ പ്രദാനം ചെയ്യും.

പശ്ചാത്താപം എന്നത് ഒരു മടങ്ങിവരവാണ്. പാപത്തിന്റെ ലോകത്തില്‍ നിന്നും ദൈവത്തിന്റെ കാരുണ്യത്തിലേയ്ക്കുള്ള തിരിച്ചുവരവാണത്. ദൈവം നല്‍കുന്ന കൃപയാണത്. പത്രോശ്ലീഹാ ഈശോയെ തള്ളിപ്പറഞ്ഞ് കഠിന ഹൃദയനായെങ്കിലും ഈശോയുടെ ഒരു നോട്ടം അവനില്‍ അനുതാപം ജനിപ്പിച്ചു. ഇതുപോലെ പാപത്തെക്കുറിച്ച് അനുതപിക്കാനും പാപത്തില്‍ നിന്ന് ഓടിയകലാനുമുള്ള കൃപ നാം നേടണം. പ്രഭാഷകന്‍ 2:2-ല്‍ നാം കാണുന്നു. ”സര്‍പ്പത്തില്‍ നിന്നെന്നപോലെ പാപത്തില്‍ നിന്ന് ഓടിയകലുക” നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ കാര്യങ്ങള്‍ക്ക് ഒന്നാം സ്ഥാനം കൊടുക്കുകയും പാപത്തിന്റെ വഴി വേണ്ടെന്നുവയ്ക്കുകയും ചെയ്യുന്നതിലാണ് ദൈവത്തിന്റെ ശക്തിയും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനവും ഉണ്ടാകുക.

എന്തുകൊണ്ടാണ് മനുഷ്യന്‍ പാപത്തില്‍ നിപതിക്കുന്നത്. പ്രധാന കാരണം മനുഷ്യന് പാപ സാഹചര്യങ്ങളെ ഒഴിവാക്കാന്‍ സാധിക്കുന്നില്ല എന്നതുതന്നെയാണ്. ‘ഞാന്‍ അവിടെയാണെങ്കില്‍’ അല്ലെങ്കില്‍ ‘അതു ചെയ്താല്‍’ പാപത്തില്‍ വീഴാന്‍ ഇടവരും എന്ന് മനസ്സിലായാല്‍ നാം തീര്‍ച്ചയായും ആ സ്ഥലവും പ്രവര്‍ത്തിയും ഒഴിവാക്കണം. കാരണം നമുക്ക് പാപം ചെയ്യാന്‍ താല്‍പര്യമില്ലെങ്കിലും പലപ്പോഴും സാഹചര്യങ്ങള്‍ നമ്മെ പാപത്തിലേയ്ക്ക് നയിക്കുക തന്നെ ചെയ്യും. വിശുദ്ധ മരിയ ഗൊരേത്തിയുടെ ജീവിതത്തില്‍ നമുക്ക് കാണാം അലക്‌സാണ്ടറുമായി പാപം ചെയ്യാന്‍ എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും അവള്‍ വഴങ്ങിയില്ല. തന്റെ ഇച്ഛയ്ക്ക് അവള്‍ വഴങ്ങുകയില്ല എന്ന് മനസ്സിലാക്കിയ അലക്‌സാണ്ടര്‍ അവളുടെ ശരീരത്തില്‍ 18 പ്രാവശ്യം കുത്തിമുറിവേല്‍പ്പിച്ചു. ആ ബാലിക വിളിച്ചു പറഞ്ഞത് അലക്‌സാണ്ടറെ പാപത്തെക്കാള്‍ മരണം എന്നാണ്. കാരണം അവളുടെ അമ്മ ആദ്യകുര്‍ബാന സ്വീകരണ സമയത്ത് അവളോട് പറഞ്ഞിരുന്നു. മോളേ നീ പാപം ചെയ്യുന്നതിനേക്കാള്‍ എനിക്കിഷ്ടം പാപം ചെയ്യാതെ നീ മരിച്ചു എന്നറിയുന്നതാണ്.

ഇന്നത്തെ വചനത്തെ ആസ്പദമാക്കി പാപത്തെ ഉപേക്ഷിക്കാനും നിരന്തരമായ പശ്ചാത്താപത്തില്‍ ജീവിക്കുവാനും നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കട്ടെ. മര്‍ക്കോസ് 2:17-ല്‍ പറയുന്നു; ”ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്മാരെ വിളിക്കാനല്ല. പാപികളെ വിളിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്.” ഈശോയുടെ മനുഷ്യശരീരത്തിന്റെ ഉദ്ദേശം തന്നെ പാപികളെ രക്ഷിക്കാനാണ് എന്നിരിക്കെ പാപത്തെ ഉപേക്ഷിക്കാനും പശ്ചാത്താപത്തിന്റെ ജീവിതം നയിക്കാനും നമുക്ക് ദിനംപ്രതി കഴിയട്ടെ. ജീവിത നവീകരണം ജീവിതാവസാനത്തേയ്ക്ക് നീട്ടിവയ്ക്കാതെ എല്ലാ ദിവസവും നവീകരിക്കപ്പെട്ട വ്യക്തികളായി ജീവിക്കാന്‍ പരിശ്രമിക്കാം. എന്ന് മരണം വരിച്ചാലും എനിക്ക് നിത്യഭാഗ്യം അനുഭവിക്കാനുള്ള കൃപതരണമേ എന്ന പ്രാര്‍ത്ഥനയോടെ നമുക്ക് ജീവിക്കാം.

ജെറിന്‍ പുല്ലാട്ട്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.