ഞായറാഴ്ച പ്രസംഗം – ജൂലൈ 16; ഇടുങ്ങിയ വാതിലിലൂടെ സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്ക് (ലൂക്കാ 13:23-30)

ശ്ലീഹാക്കാലം ഏഴാം ഞായര്‍ ലൂക്കാ 13:23-30

മുന്‍ മെക്‌സിക്കന്‍ സുന്ദരി എക്‌സ്മാള്‍ഡോ സോളിക്‌സ് ഗൊണ്‍സാലസ് എന്ന 21-കാരി യുവതി കത്തോലിക്കായില്‍ ചേര്‍ന്ന് സന്യാസിനിയായത് സമൂഹ്യമാധ്യമങ്ങളിലൂടെയെല്ലാം പ്രചരിച്ച ഒരു വാര്‍ത്തയാണ്. തനിക്ക് സ്വന്തമാക്കാമായിരുന്ന അംഗീകാരങ്ങളുടെയും സുഖങ്ങളുടെയും എല്ലാം വിശാലമായ വഴികളെ ത്യജിച്ച് അവള്‍ സ്വീകരിച്ച വലിയ ത്യാഗത്തിന്റെ പാത ഇടുങ്ങിയതായിരുന്നു. ‘ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക’ എന്നതിലൂടെ മൂന്ന് സന്ദേശങ്ങളാണ് സഭാമാതാവ് നല്‍കുന്നത്. അവ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ നിരന്തരം ശ്രമിക്കുക, നീതിനിഷ്ഠമായ ജീവിതം നയിക്കുക. ദൈവകൃപയിലാശ്രയിക്കുക എന്നിവയാണ്.

ഒറ്റയടിപ്പാതയിലൂടെ നടക്കുന്നതുപോലെയും വീതികുറഞ്ഞ വാതായനത്തിലൂടെ പ്രവേശിക്കുന്നതുപോലെയും ക്ലേശകരവും നിരന്തരമായ പരിശ്രമം ആവശ്യപ്പെടുന്നതുമാണ് സ്വര്‍ഗ്ഗരാജ്യപ്രവേശനം. ഇന്നു കത്തോലിക്കാ സഭയിലുള്ള ഓരോ വിശുദ്ധന്റെയും വിശുദ്ധയുടെയും ജീവിതം നമുക്കു മുമ്പില്‍ തുറന്നു കാണിക്കുന്നത് സ്വര്‍ഗ്ഗരാജ്യത്തെ പ്രതി എത്രമാത്രം പീഢകളും കഷ്ടപ്പാടും അവര്‍ സ്വന്തം ജീവിതത്തില്‍ സ്വീകരിച്ചു എന്നതാണ്. മറ്റുള്ളവരാല്‍ തരംതാഴ്ത്തപ്പെടുമ്പോഴും ചെയ്യാത്ത കുറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോഴും അവരത് സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയായി കണക്കാക്കി സഹിക്കുകയായിരുന്നു. പരിശ്രമം എന്നത് നമ്മുടെ ഭാഗത്ത് നിന്ന് നാം ചെയ്യേണ്ട പ്രവൃത്തിയാണ്. യഹൂദ ജനം തങ്ങള്‍ രക്ഷിക്കപ്പെട്ട ജനമാണെന്നും ദൈവത്തിന്റെ സ്വന്തം ജനമെന്ന നിലയില്‍ ആ ജനപദത്തിലുള്ള അംഗത്വം കൊണ്ടു മാത്രം രക്ഷപ്പെടുമെന്നും കരുതിയിരുന്നു.

എന്നാല്‍ യേശു അത് തിരുത്തി പറഞ്ഞു. രക്ഷപ്രാപിക്കാന്‍ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. അതായത് കരുണ, ക്ഷമ, ശുശ്രൂഷ തുടങ്ങി ഉപവി പ്രവര്‍ത്തികളിലൂടെ കടന്നുവരുന്ന വിജാതിയനും സ്വര്‍ഗ്ഗരാജ്യം ലഭിക്കും. ആദിമ സഭയുടെ ജീവിതപശ്ചാത്തലത്തില്‍ സഭ തന്നെ ഇടുങ്ങിയ വാതിലാണ്. അതിലൂടെ യേശുവിലെത്തിയവര്‍ സഹിച്ച പീഢനങ്ങള്‍ നമ്മള്‍ മനസ്സിലാക്കിയതാണ്. അതിനാല്‍ നിരന്തരമായ പരിശ്രമത്തിലൂടെ അനുദിനം നമ്മുടെ കുരിശുമെടുത്ത് ഇടുങ്ങിയ വഴിയിലൂടെ യേശുവിനെ അനുഗമിക്കുമ്പോഴാണ് നാം നമ്മുടെ ജീവിതം സുരക്ഷിതമാക്കുന്നത്. നിത്യജീവന് നാം അവകാശികളാകുന്നത്.

ദൈവരാജ്യ പ്രവേശത്തിനു ഒഴിച്ചുകൂടാന്‍ വയ്യാത്ത സുവസ്ഥയാണ് നീതിനിഷ്ഠമായ ജീവിതം – യേശുവിനോടുള്ള വ്യക്തിപരമായ ബന്ധം കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കുന്നില്ല. മറിച്ച് കൂടുതല്‍ പ്രതിബദ്ധത നമ്മില്‍ നിന്നാവശ്യപ്പെടുകയാണ്. എന്നാല്‍ കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള മാര്‍ഗ്ഗമായി ഭക്തിയെ നാം കാണരുത്. ഞാന്‍ യേശുവിനാല്‍ വിളിക്കപ്പെട്ടവനാണ് അവിടുത്തെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവനാണ് എന്നു പറഞ്ഞ് നമുക്കുള്ള ഉത്തരവാദിത്വം നാം മറക്കരുത്. ഒരു കുടുംബത്തില്‍, സമൂഹത്തില്‍ ഞാന്‍ ചെയ്യേണ്ട കാര്യം വ്യക്തമായും കൃത്യമായും ചെയ്‌തെങ്കില്‍ മാത്രമേ നിഷ്ഠമായ ജീവിതം ഞാന്‍ നയിച്ചു എന്നു പറയാനാവൂ. അല്ലാതെ നാം അടക്കപ്പെട്ട വാതിലിനു മുമ്പില്‍ നിന്ന് മുട്ടുമ്പോള്‍ ”നിങ്ങള്‍ എവിടെ നിന്നാണെന്ന് ഞാന്‍ അറിയുന്നില്ല” എന്നായിരിക്കും മറുപടി.

ദേവാലയത്തില്‍ തടിച്ചുകൂടിയിരുന്ന ദൈവജനത്തെ നോക്കി ദൈവത്തിന്റെ സ്വരത്തില്‍ ആമോസ് പ്രവാചകന്‍ വിളിച്ചു പറഞ്ഞു; ”എനിക്കു മടുത്തു, നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്ക് ഇഷ്ടമില്ല. നിങ്ങളുടെ ബലികള്‍ എനിക്കു വേണ്ട. നിങ്ങളുടെ സ്‌തോത്രഗീതം എനിക്ക് ആസ്വദിക്കാനാവുന്നില്ല. പിന്നെ എന്താണാവോ ദൈവത്തിനു പ്രിയങ്കരം?” പ്രവാചകന്‍ തുടരുന്നു; ”നിങ്ങളുടെ നീതി ജലംപോലെ ഒഴുകട്ടെ സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാല്‍ പോലെയും.” സത്യസന്ധവും നീതിനിഷ്ഠവുമായ ജീവിതത്തിനെ ദൈവത്തെ പ്രസാദിപ്പിക്കാനാവൂ. മിക്ക പ്രവാചകന്റെ പുസ്തകത്തില്‍ ഒരു ഭക്തന്റെ ചിത്രം നാം കാണുന്നുണ്ട് (6:6-9).

അയാളുടെ ഒരേ ഒരു ചിന്ത ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാം എന്നാണ്. ഭക്തന്‍ ചോദിക്കുന്നു; ”എന്താണ് ഞാന്‍ അങ്ങേക്ക് കാഴ്ച നല്‍കേണ്ടത്. എങ്ങനെ കുമ്പിട്ടാണ് അങ്ങ് പ്രസാദിക്കുക. ഒരു വയസ്സുള്ള കാളക്കുട്ടിയെ ഞാന്‍ ബലി അര്‍പ്പിക്കണോ? ആയിരക്കണക്കിനു മുട്ടാടുകളെ ബലി തന്നാലോ? പതിനായിരക്കണക്കിന് കുടം എണ്ണ കമഴ്ത്തിയാലോ, അതോ എന്റെ മകനെ ഞാന്‍ ബലി സമര്‍പ്പിക്കണമോ?” പ്രവാചകനിലൂടെ ദൈവം അയാളോടു പറയുന്നു; ”അല്ലയോ മനുഷ്യാ നല്ലതെന്തെന്ന് നിന്നോടു ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ – നീതി പ്രവര്‍ത്തിക്കുക, കരുണകാണിക്കുക, വിനയത്തോടെ നിന്റെ ദൈവത്തോടൊപ്പം നടക്കുക.”

നിയമം കര്‍ശനമായി പാലിക്കുന്ന ഫരിസേയരോടു യേശു പറഞ്ഞത് ”കപടനാട്യക്കാരായ ഫരിസേയരെ നിങ്ങള്‍ക്കു ദുരിതം നിങ്ങള്‍ തുളസിയുടെയും ചതക്കുപ്പയുടെയും ദശാംശം കൊടുക്കുന്നു. എന്നാല്‍ നിയമത്തിലെ പ്രധാനപ്പെട്ട നീതി, കാരുണ്യം, വിശ്വസ്തത നിങ്ങള്‍ വിട്ടുകളയുന്നു.” ദൈവത്തോടും തന്നോടും കുടുംബത്തോടും സമൂഹത്തോടും നീതിപുലര്‍ത്താന്‍ നാം കടപ്പെട്ടിരിക്കുന്നു. ശിക്ഷിക്കുന്നതില്‍ ദൈവം അമാന്തം കാണിക്കുന്നതിന്റെ മറവില്‍ യാതൊരു ഉളുപ്പും കൂടാതെ പാപം ചെയ്തുകൊണ്ടിരിക്കുന്നത് അനീതിയാണ്. അങ്ങനെയുള്ളവര്‍ക്ക് നാശം എന്ന് വചനം തന്നെ സാക്ഷ്യപ്പെടുത്തന്നു ആകയാല്‍ നീതിനിഷ്ഠമായ ജീവിതം നമുക്ക് നയിക്കാം അത് വീതികുറഞ്ഞ പാതയിലൂടെ നടന്ന് സ്വര്‍ഗ്ഗരാജ്യത്തിലെത്താന്‍ നമ്മെ സഹായിക്കും.

സ്വന്തം പുണ്യത്തിലെന്നതിലുപരി ദൈവത്തിന്റെ കൃപയിലാശ്രയിക്കാനാണ് വചനം തരുന്ന മൂന്നാമത്തെ സന്ദേശം. യേശുവിനോടുള്ള വ്യക്തിപരമായ ബന്ധവും അനുദിന കുരിശുമെടുത്ത് അവിടുത്തെ പിന്നാലെയുള്ള ഗമനവും ദൈവരാജ്യ പ്രവേശനത്തിനും രക്ഷക്കും കാരണമാകുമെങ്കിലും ഇത് ദൈവത്തിന്റെ ദാനമാണ്. എന്റെ കഴിവാണ്, ഞാന്‍ ചെയ്ത കാരുണ്യപ്രവൃത്തിയാണ്, എന്റെ ദാനമാണ് ഈ സഹോദരന്റെ ജീവിതം. ഞാനാണ് ഇവന്റെ പഠനചിലവ് വഹിക്കുന്നത്, ഞാനാണീ പള്ളിക്കു കുരിശുപള്ളി പണിതു നല്‍കിയത്, ഞാനാണ് എന്നും ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്നത് എന്നു പറഞ്ഞ് ഇഹത്തില്‍ വ്യാപരിച്ച് മരണശേഷം സ്വര്‍ഗ്ഗകവാടത്തില്‍ മുട്ടുമ്പോള്‍ അബ്രാഹവും, ഇസഹാക്കും, യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിലിരിക്കുന്നതായും നാം പുറന്തള്ളപ്പെടുന്നതായും അനുഭവപ്പെടും.

ജീവിതത്തില്‍ നാം അവഗണിച്ച പലരെയും അവിടെ കാണും. പരിശുദ്ധനായ ഫരിസേയനെക്കാള്‍ ദൈവസന്നിധിയില്‍ നീതികരിക്കപ്പെടുന്നത് പാപിയായ ചുങ്കക്കാരനാണ്. പുണ്യപ്പെട്ടു ജീവിച്ച മൂത്തപുത്രനെക്കാള്‍ മുമ്പ് പിതാവിന്റെ വിരുന്ന് ആസ്വദിക്കാന്‍ സാധിച്ചത് പാപിയായ ധൂര്‍ത്തപുത്രനാണ്. ആകയാല്‍ നമ്മുടെ പ്രവൃത്തികള്‍ ഇപ്പോള്‍ പിമ്പന്മാരായി നില്‍ക്കുന്നതാവട്ടെ ദൈവകൃപയില്‍ ആശ്രയിച്ച് തിരിച്ചുവന്നാല്‍ അത് നമ്മെ മുന്‍നിരയില്‍ കൊണ്ടെത്തിക്കും.

പ്രിയപ്പെട്ടവരെ യേശുമാത്രമാണ് ദൈവരാജ്യത്തിലേക്കുള്ള വഴിയും വാതിലും. അതിനു നമ്മെ സഹായിക്കുന്നതാണ് അനുദിനജീവിതത്തിലെ നമ്മുടെ കുരിശുകള്‍. അവ സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് നീതിയുടെയും കാരുണ്യത്തിന്റെയും വിനയത്തിന്റെയും വിശ്വസ്തതയുടെയും ഹൃദയവാതില്‍ നമുക്കു തുറക്കാം. വിശുദ്ധ കുര്‍ബ്ബാനയില്‍ നാം പ്രാര്‍ത്ഥിക്കുന്നതുപോലെ ”നീതിയുടെ വാതില്‍ ഞങ്ങള്‍ക്കായ് തുറക്കണമേ, നിന്റെ സന്നിധിയിലേക്ക് പാപികളേവരെയും മാടിവിളിച്ചവനേ അനുതാപികളായ ഞങ്ങള്‍ക്കെല്ലാം അങ്ങേ വാതില്‍ തുറന്നു തന്ന് നിന്റെ മുമ്പില്‍ സ്തുതി ആലപിക്കാന്‍ യോഗ്യരാക്കണമേ” എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.

ജിനില്‍ വടക്കേമുറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.