ഞായറാഴ്ച പ്രസംഗം – ഫെബ്രുവരി 18; അടിയുറച്ച വിശ്വാസം (മത്താ 7:21-27)

നോമ്പുകാലം രണ്ടാം ഞായര്‍ മത്താ 7:21-27

നോമ്പിന്റെ ചൈതന്യം ഹൃദയത്തിലേറ്റുവാങ്ങി നോമ്പാചരിച്ചുകൊണ്ട് മുമ്പോട്ടുപോകുന്ന നാം ഇന്ന് നോമ്പുകാലത്തിന്റെ രണ്ടാം ഞായറാഴ്ചയിലാണ്. മരുഭൂമിയിലെ പരീക്ഷകളെ വിജയിച്ച്, തന്റെ ദൗത്യമാരംഭിച്ചയുടനെ ഈശോ നടത്തുന്ന സുദീര്‍ഘമായ മലയിലെ പ്രസംഗത്തിന്റെ അവസാനഭാഗമാണ് തിരുസ്സഭ ഇന്ന് നമുക്ക് വിചിന്തനത്തിനായി നല്‍കുന്നത്. ഇന്ന് വായിച്ചുകേട്ട വചനഭാഗം ശിഷ്യത്വത്തെപ്പറ്റിയാണ്. കര്‍ത്താവേ കര്‍ത്താവേ എന്ന് വിളിക്കുന്നവനല്ല സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക എന്ന് അസന്നിഗ്ദ്ധമായി ഈശോ പ്രഖ്യാപിക്കുകയാണ്. പ്രാര്‍ത്ഥന ആവശ്യമില്ലെന്നല്ല, മറിച്ച് പ്രാര്‍ത്ഥന ദൈവേഷ്ടം ചെയ്യാനുള്ള ശക്തിയായി, പ്രചോദനമായി മാറണമെന്നോര്‍മ്മപ്പെടുത്തുകയാണ് വചനം. തൊട്ടുമുമ്പുള്ള അധ്യായത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്ന ഈശോയെയാണ് നാം കണ്ടത്. ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന. എന്നാല്‍ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചവന്‍ പ്രാര്‍ത്ഥനയെ ജീവിതഗന്ധിയാക്കണമെന്ന് പഠിപ്പിക്കുകയാണ് ഇവിടെ. തൊട്ടുമുമ്പത്തെ വചനഭാഗം വ്യാജപ്രവാചകന്മാരെപ്പറ്റിയാണ്. അവര്‍ മറ്റുള്ളവരെ വഞ്ചിക്കുന്നവരാണ്. എന്നാല്‍ വചനഭാഗം നമ്മോട് പറയുന്നത് സ്വയം വഞ്ചിക്കുന്നവരെപ്പറ്റിയാണ്; അതായത്, ജീവിതവുമായി ബന്ധമില്ലാത്ത പ്രാര്‍ത്ഥന നടത്തുന്ന ആത്മവഞ്ചകരെപ്പറ്റി.

ഏറ്റവുമധികം ആത്മീയമുന്നേറ്റങ്ങളും ധ്യാനകേന്ദ്രങ്ങളും കൂടുതലായി ഉള്ളയിടമാണ് നമ്മുടെ കേരളം. കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ ഓരോ ആഴ്ചയിലും ധ്യാനം കൂടി നവീകരിക്കപ്പെട്ട് ജീവിതത്തിലേയ്ക്ക് കടന്നുവരുന്നവര്‍ ഏതാണ്ട് ഇരുപതിനായിരത്തോളമാണെന്നാണ്. എന്നാല്‍ ഇതിനനുസരിച്ചുള്ള ഒരു ആത്മീയ വളര്‍ച്ച കേരളസഭയിലെ വിശ്വാസികളില്‍ നടക്കുന്നുണ്ടോ എന്നത് ആത്മശോധന ചെയ്യേണ്ട കാര്യമാണ്. നമ്മുടെ ആത്മീയ വളര്‍ച്ചയില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ അതിന്റെ തകരാറ് പ്രാര്‍ത്ഥന ചൊല്ലാഞ്ഞിട്ടോ പള്ളിയില്‍ വരാഞ്ഞിട്ടോ അല്ല മറിച്ച് നാം അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളെ നാം ജീവിക്കാന്‍, ജീവിതങ്ങളില്‍ അലിയിച്ചുചേര്‍ക്കാന്‍ പരാജയപ്പെടുന്നു അല്ലെങ്കില്‍ മറന്നുപോകുന്നു എന്നതാണ്.

വചനം കേട്ട് അത് അനുസരിക്കുന്നവന് ‘പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യന്‍’ എന്ന സര്‍ട്ടിഫിക്കറ്റാണ് ഈശോ നല്‍കുന്നത്. നമ്മുടെ ജീവിതങ്ങളാകുന്ന ഭവനങ്ങള്‍ സ്വയം കെട്ടിപ്പടുക്കുവാനും സ്വയം വളരുവാനും പ്രത്യേകമാംവിധം കൃപ സിദ്ധിച്ചവരാണ് ക്രിസ്തുവിന്റെ അനുയായികളായ നാം നമ്മുടെ ജീവിതങ്ങള്‍ക്ക് നാം നല്‍കേണ്ട ശക്തമായ അടിത്തറയെപ്പറ്റി ഈശോ സംസാരിക്കുകയാണ്. ദൈവമാകുന്ന പാറമേല്‍ ജീവിതങ്ങള്‍ക്ക് അടിസ്ഥാനമിടണം. പഴയനിയമത്തില്‍ ഏശ 30:29-ല്‍ ദൈവത്തെ ഇസ്രായേലിന്റെ രക്ഷാശില എന്നാണ് വിശേഷിപ്പിക്കുക. പുതിയ നിയമത്തിലേയ്ക്ക് കടന്നുവരുമ്പോള്‍, 1 കോറി 10:4 ല്‍ പൗലോസ്ശ്ലീഹാ ഉറപ്പിച്ചു പറയുന്നു. നമ്മുടെ ആത്മീയ ശില ക്രിസ്തുവാണ്. ദൈവമാകണം നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനശില.

ദൈവത്തിന്റെ കയ്യിലെ പെന്‍സില്‍ മാത്രമാണ് താനെന്ന് പറഞ്ഞ മദര്‍ തെരേസ മിഷന്‍ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ഒരു അനാഥശാല പണിയാനാരംഭിച്ചു. പലരും മദറിനോട് പണിക്കാവശ്യമായ പണം ഉണ്ടോ എന്ന് ചോദിച്ചു. പോക്കറ്റില്‍ കിടന്ന രണ്ടുരൂപയെടുത്തു കാണിച്ച് മദര്‍ പറഞ്ഞു: രണ്ടുരൂപയും ദൈവവുമുണ്ടെങ്കില്‍ ഇതിലും വലുത് സംഭവിക്കും. വെറും അഞ്ചു രൂപയും ഈശോയിലുള്ള ശക്തമായ വിശ്വാസവുമായി വന്ന മദര്‍ ഇന്ത്യന്‍ ജനതയിലൂടെ ഹൃദയം കീഴടക്കിയതിന് കാരണം, മദറിന്റെ ജീവിതത്തിന്റെ അടിത്തറ, മദര്‍ കെട്ടിപ്പടുത്ത സകലത്തിന്റെയും അടിത്തറ ദൈവമായിരുന്നതുകൊണ്ടാണ്.

ഈശോ പറയുന്ന രണ്ട് ഭവനങ്ങളുടെയും പണിക്കാര്‍ വചനം കേട്ടവരാണ്. ഒരാള്‍ അനുസരിച്ചവന്‍ മറ്റയാള്‍ കേട്ടിട്ടും അനുസരിക്കാത്തവന്‍. കേട്ടിട്ടും അനുസരിക്കാത്തതാണ് വലിയ പരാജയത്തിന് കാരണം. തീക്ഷ്ണതയോടെ വചനം വെറുതെ കേള്‍ക്കുന്നതുമാത്രം നമ്മെ രക്ഷിക്കില്ല. ആവേശത്തോടെ ഡോക്ടറുടെ ഉപദേശം കേള്‍ക്കുക മാത്രം ചെയ്യുന്ന രോഗി ഒരിക്കലും സുഖപ്പെടില്ലല്ലോ.

ഒരു സര്‍ക്കസ് കൂടാരത്തില്‍ ആരവം ഉയരുകയാണ്. വളരെ ഉയരത്തില്‍ വലിച്ചുകെട്ടിയ കയറിലൂടെ ഒരാള്‍ നടക്കുന്നു. പലരുടെയും ശ്രദ്ധയാകര്‍ഷിച്ചത് മറ്റൊന്നാണ്, അയാളുടെ ചുമലിലിരുന്ന് താഴേയ്ക്ക് നോക്കി പുഞ്ചിരി തൂകുന്ന കൊച്ചുപെണ്‍കുട്ടി. സര്‍ക്കസ് കഴിഞ്ഞപ്പോള്‍ ജനക്കൂട്ടത്തിലെ ചിലര്‍ ആ ബാലികയോട് ചോദിച്ചു: മോള്‍ക്ക് ഇത്രയും ധൈര്യം എവിടുന്നു കിട്ടി? തെല്ലും സംശയിക്കാതെയവള്‍ പറഞ്ഞു: എന്റെ അച്ഛന്റെ ചുമലിലിരിക്കുമ്പോള്‍ ഞാനാരെയാണ് പേടിക്കേണ്ടത്? ഒരിക്കലും കരങ്ങള്‍ കുറുകാത്ത ദൈവത്തിന്റെ കരങ്ങളില്‍ നമ്മുടെ ജീവിതങ്ങളെ സമര്‍പ്പിക്കാം, അടിസ്ഥാനമിടാം. 1 കോറി 3:11 നമുക്ക് മനസ്സില്‍ സൂക്ഷിക്കാം. ”യേശു ക്രിസ്തുവെന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. അതിനു പുറമേ മറ്റൊന്നു സ്ഥാപിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.” നമ്മുടെ അഭയശിലയായ കര്‍ത്താവ് നമ്മെ അനുഗ്രഹിക്കട്ടെ.

 ജോജിത്ത് മൂലയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.