ഞായറാഴ്ച പ്രസംഗം – ആഗസ്റ്റ് 06; ദൈവീകപദ്ധതി (യോഹ 9:1-12)

കൈത്താക്കാലം മൂന്നാം ഞായര്‍ യോഹ 9:1-12

ജന്മനാ അന്ധനായി ജനിച്ച ഒരുവന് ഈശോ സൗഖ്യം നല്‍കുന്ന സുവിശേഷഭാഗം നമുക്ക് മുമ്പില്‍ അവതരിപ്പിക്കുക കുറവുകളെ നിറവുകളാക്കുന്ന ദൈവസ്‌നേഹത്തെയാണ്. നല്ല മുന്തിരി ഫലങ്ങള്‍ ലഭിക്കുമെന്ന് വിചാരിച്ച് നട്ടുവളര്‍ത്തിയ മുന്തിരിച്ചെടി ഉടയവന് കാട്ടുമുന്തിരി ഫലങ്ങള്‍ സമ്മാനിക്കുന്നത് പോലെയാണ്, ശിഷ്യരുടെ ചോദ്യം ഗുരുവിന്റെ കാതുകളില്‍ പതിക്കുക. ”ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ് ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ?”
പുറപ്പാടിന്റെ പുസ്തകം 20:5 വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു. ”എന്തെന്നാല്‍ ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവ്, എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും.” ഇതുകൊണ്ട് തന്നെ ശിഷ്യരുടെ ചോദ്യത്തെ അത്ര കണ്ട് വിലകുറച്ച് കാണുവാന്‍ ഗുരുവിന് സാധിക്കുന്നില്ല. അതിനാലാവാം സൗമ്യഭാവത്തില്‍ ഈശോ മറുപടി പറയുന്നതും. ”ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തമല്ല പ്രത്യുതാ ദൈവത്തിന്റെ പ്രവര്‍ത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്.” കാലാകാലങ്ങളായി യഹൂദരുടെ ഇടയില്‍ ഉണ്ടായിരുന്ന അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യുക എന്നതിലുപരി ശിഷ്യര്‍ക്ക് ഗുരു നല്‍കുന്ന മഹത്തായ പാഠംതന്നെയാണ് സുവിശേഷഭാഗം – ദൈവീക പദ്ധതിയെന്ന പാഠം.

സ്വജനത്തില്‍പ്പെട്ട ഹെബ്രായനെ പ്രഹരിച്ച ഈജിപ്തുകാരനെകൊന്ന് മണ്ണില്‍ മറവുചെയ്ത്, സ്വരക്ഷയ്ക്കായ് മിദിയാനിലേക്ക് ഓടിപ്പോയ മോശയ്ക്ക് അജ്ഞാതമായിരുന്നു അവന്റെ മേലുള്ള ദൈവീക പദ്ധതി. സ്വസഹോദരങ്ങളാല്‍ പൊട്ടക്കിണറ്റില്‍ എറിയപ്പെടുമ്പോഴും കച്ചവടസംഘത്തിന് തന്നെ വില്‍ക്കപ്പെട്ടപ്പോഴും ജോസഫിനും അജ്ഞാതമായിരുന്നു അവനിലുള്ള ദൈവീക പദ്ധതി. ഏഴുപേരെ വിവാഹം ചെയ്തിട്ടും തന്റേതല്ലാത്ത കാരണങ്ങളാല്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സാറയ്ക്കും അജ്ഞാതമായിരുന്നു അവളെക്കുറിച്ചുള്ള ദൈവീകപദ്ധതി. തിരുവചനത്തില്‍ നാം കണ്ടുമുട്ടുന്ന ജന്മനാ അന്ധനായ മനുഷ്യന്റെ അന്ധതയ്ക്ക് പിന്നിലെ ദൈവീക പദ്ധതി അവനും അജ്ഞാതമായിരുന്നു. ഓരോ മനുഷ്യജന്മത്തിന് പിന്നിലും അവന് അല്ലെങ്കില്‍ അവള്‍ക്ക് അജ്ഞാതമായിരിക്കുന്ന ഒരു ദൈവീക പദ്ധതി ഉണ്ടെന്ന് തിരുവചനം തന്നെ നമുക്ക് സാക്ഷ്യം നല്‍കുന്നു.

എന്തേ ദൈവമേ എന്റെ ജീവിതം ഇങ്ങനെ? ഞാനെന്തേ ഇത്ര അധപതിച്ചുപോയി? എന്റെ കുടുംബത്തില്‍ മാത്രമെന്തേ സമാധാനവും സന്തോഷവും ഇല്ലാത്തത്? എനിക്ക് മാത്രമെന്തേ ഇത്രമാത്രം രോഗങ്ങളും ക്ലേശങ്ങളും? തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന നമുക്കുള്ള ഉത്തരംകൂടിയാണ് ഇന്നത്തെ സുവിശേഷം പറഞ്ഞ് തരിക. ലോക പ്രശസ്തനായ Inspirational Speaker നിക്കിനെ നമുക്ക് എല്ലാവര്‍ക്കും തന്നെ പരിചയമുണ്ട്. ഇരുകൈകളും കാലുകളുമില്ലാതെ ജനിച്ച് വീണ നിക്ക്, തന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ ദൈവത്തോട് ചോദിച്ചു; ”തറയില്‍ ഇഴയാന്‍ മാത്രം വിധിക്കപ്പെട്ട ഈ ജന്മം ദൈവമേ എന്തിന് നീ എനിക്ക് തന്നു.” എന്നാല്‍ 13-ാമത്തെ വയസ്സുമുതല്‍ തന്നിലെ ദൈവീക പദ്ധതിയെ തിരിച്ചറിഞ്ഞ് തന്റെ ജീവിതം കൊണ്ട് മനുഷ്യമനസ്സുകളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ നിക്കിന് സാധിച്ചപ്പോള്‍ പിന്നീട് അവന്‍ ദൈവത്തോട് പറഞ്ഞു; ”ദൈവമേ ഈ ഒരു ജന്മം തന്നതില്‍ ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു.” ഒപ്പം നിക്ക് നമുക്കായ് കൂട്ടിച്ചേര്‍ക്കുന്നു. ”നന്മയ്ക്ക് വേണ്ടി അല്ലാത്തതൊന്നും ദൈവം നിങ്ങളുടെ ജീവിതത്തില്‍ അനുവദിക്കുകയില്ല.”

നിറക്കുറവിന്റെയും മുടിക്കൊഴിച്ചിലിന്റെയും അമിതവണ്ണത്തിന്റെയും ആകാരവടിവിന്റെയും ഒക്കെ കാര്യത്തില്‍ ആകുലപ്പെട്ട് അസ്വസ്ഥപ്പെട്ട് ജീവിതം തള്ളിനീക്കുന്ന നമ്മെപ്പോലുള്ള മനുഷ്യജീവിതങ്ങള്‍, നിക്കിനെപ്പോലുള്ള മനുഷ്യരുടെ ജീവിതം കാണുമ്പോള്‍ നാം മനസ്സിലാക്കേണ്ട കാര്യമാണ്, നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കുറവുകളിലെ ദൈവീകപദ്ധതി മനസ്സിലാക്കുക എന്നത്.

ഒരിക്കല്‍ ഒരു വൈദികന്‍ ഇടവകധ്യാനത്തില്‍ പങ്കുവെച്ചത് ഓര്‍ക്കുന്നു. ”അന്നെന്റെ സഹോദരി എനിക്ക് നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് എനിക്ക് ഈ തിരുവസ്ത്രം അന്യമായേനെ.” Formation കാലത്തില്‍ എവിടെയോ നഷ്ടപ്പെട്ടുപോയ തന്റെ ജീവിതത്തിന്റെ അര്‍ത്ഥം തനിക്ക് തിരിച്ച് പിടിക്കാനായത് തന്റെ സഹോദരിയുടെ മരണം തന്നില്‍ ഏല്‍പ്പിച്ച ആഘാതമാണെന്ന് ആ വൈദികന്‍ പറയുമ്പോള്‍, ഇന്ന് ഓര്‍ത്തുപോകുന്നു. ആ സഹോദരിയുടെ മരണം ആ വൈദികന്റെ ജീവിതത്തിലെ ദൈവീക പദ്ധതിയുടെ ഭാഗമാണെന്ന്.

ഒരുപക്ഷെ നാം ചിന്തിച്ച് പോകാം ദൈവം ഇത്രയും സ്വാര്‍ത്ഥനാണോയെന്ന്. ഒരുവനെ സ്വന്തമാക്കാന്‍ മറ്റൊരുവനെ ഇല്ലായ്മ ചെയ്യുന്നുവോ എന്ന് നമുക്ക് തോന്നാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം നോക്കേണ്ടത് ഈശോയുടെ തന്നെ ജീവിതമാണ്. സൃഷ്ടിയെ രക്ഷിക്കാന്‍ വേണ്ടി സൃഷ്ടാവ് ക്രൂശിലേറി. അതാണ് ദൈവീക പദ്ധതിയുടെ മഹത്തായ ഉദാഹരണം.

തിരുവചനഭാഗത്ത് ഈശോ കൂട്ടിച്ചേര്‍ക്കുന്നു. ”ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.” ലോകത്തെ പ്രകാശിപ്പിച്ച, പ്രകാശിപ്പിക്കുന്ന ക്രിസ്തുവിന്റെ ശിഷ്യരാകാന്‍ വിളിക്കപ്പെട്ട നാമെല്ലാവരും, നമ്മുടെ ഈ ലോകജീവിതത്തില്‍ മറ്റൊരു പ്രകാശമായി തീരേണ്ടവരാണ്. എപ്പോഴും എന്നിലെ കുറവുകളും ഇല്ലായ്മയുമാണ് എന്റെ ധ്യാനവിഷയമെങ്കില്‍, എനിക്ക് എങ്ങനെ ലോകത്തിന് പ്രകാശമായിത്തീരാന്‍ കഴിയും. ഞങ്ങളുടെ ഇല്ലായ്മകളെയും കുറവുകളെയും ദൈവീക പദ്ധതിയുടെ ഭാഗമായികണ്ടുകൊണ്ട് ലോകത്തെ പ്രകാശിപ്പിച്ച വ്യക്തികളുടെ ജീവിതങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ സാധിച്ചാല്‍ നമ്മുടെ കുറവുകളിലും ദൈവത്തിന്റെ പദ്ധതി ഉണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും.

‘There is something in nothingness’ എന്നത് തത്വശസ്ത്രത്തിലെ ഒരു ചൊല്ലാണ്. അതുപോലെ നമ്മുടെ ഇല്ലായ്മകളില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ് ദൈവീകപദ്ധതി. അത് മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും ചിന്താതീതവുമാണ്. അതുകൊണ്ട് പ്രിയമുള്ളവരെ കുറവുകളെക്കുറിച്ച് ഓര്‍ത്ത് ആകുലപ്പെടാതെ, കുറവുകളിലും എന്തോ ഒന്ന് നിറവിനായ് ദൈവം കാത്ത് വച്ചിട്ടുണ്ട് എന്ന ചിന്ത മനസ്സില്‍ സൂക്ഷിക്കാം. ഈ ലോകത്തില്‍ ആയിരിക്കുന്നിടത്തോളം കാലം, ലോകത്തിന്റെ പ്രകാശമായിത്തീരാന്‍ നമുക്ക് പരിശ്രമിക്കാം. കുറവുകളെ നിറവുകളാക്കുന്ന ദൈവത്തിന്റെ കൃപ നമ്മോട് കൂടെ ഉണ്ടാവട്ടെ.

ഷൈന്‍ കൈതാക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.