ഞായര്‍ പ്രസംഗം, ഏലിയാ സ്ലീവാ മൂശാക്കാലം എട്ടാം ഞായര്‍ ഒക്ടോബര്‍ 17 ലൂക്കാ 8: 41b-56 (മിഷന്‍ ഞായര്‍) പ്രഘോഷിക്കപ്പെടേണ്ട വിശ്വാസം

ഏലിയാ സ്ലീവാ മൂശാക്കാലത്തിന്റെ എട്ടാം ഞായറിലേക്ക് നാം പ്രവേശിച്ചിരിക്കുന്നു. ഇന്നേ ദിനം സഭ, മിഷന്‍ ഞായര്‍ ആചരിക്കുകയാണ്. വിശ്വാസം പ്രഘോഷിക്കപ്പെടേണ്ടതാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന മിഷന്‍ ഞായറായ ഇന്ന് സഭാമാതാവ് വിചിന്തനത്തിനായി നല്‍കുന്ന സുവിശേഷഭാഗം ലൂക്കാ 8, 41b-56. ഈശോയിലുള്ള പരിപൂര്‍ണ്ണ വിശ്വാസം പ്രകടമാക്കിയ രക്തസ്രാവക്കാരി സ്ത്രീയെയും ജായ്‌റോസിനെയുമാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തുന്നത്.

സുവിശേഷത്തിലൂടെ കടന്നുപോകുമ്പോള്‍ ഈശോ ചെയ്ത ധാരാളം രോഗസൗഖ്യങ്ങള്‍ നാം കാണുന്നുണ്ട്. സാധാരണയായി സൗഖ്യത്തിന്റെ ആവശ്യം രോഗികളോ, കൂടെയുള്ളവരോ പറയുകയാണ് പതിവെങ്കില്‍ ഇന്ന് വായിച്ചുകേട്ട വചനഭാഗത്ത് ഈശോയോട് തന്റെ ദുഃഖങ്ങള്‍ പറയാതെ, തന്നെത്തന്നെ വെളിപ്പെടുത്താതെ, നിസാരമായി രോഗസൗഖ്യം നേടിയെടുക്കുന്ന സ്ത്രീയെയാണ് നാം പരിചയപ്പെടുന്നത്. ഇവിടെ യാതൊരു പരിചയപ്പെടുത്തലും സംസാരവും കൂടാതെ തന്നെ രക്തസ്രാവക്കാരി ഈശോയില്‍ നിന്ന് സൗഖ്യം സ്വന്തമാക്കുന്നത് നമ്മെയൊക്കെ അമ്പരപ്പിച്ചേക്കാം. ഇപ്രകാരമൊരു സൗഖ്യം അവള്‍ എങ്ങനെ സ്വന്തമാക്കി എന്ന ചോദ്യത്തിന് നമുക്ക് ഉത്തരമുണ്ട്. വിശ്വാസത്തിലൂടെ അവള്‍ സൗഖ്യം നേടി. ഈശോ തന്നെ അവളോട് പറയുന്നുണ്ട്: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” ചെറുപ്പം മുതല്‍ വചനവേദിയില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നുമെല്ലാം വിശ്വാസത്തെപ്പറ്റി നാം ഏറെ കേട്ടിട്ടുണ്ട്. അതിന്റെ ഫലമായി എത്രത്തോളം നമ്മില്‍ വിശ്വാസം ആഴപ്പെട്ടിട്ടുണ്ട് എന്ന ചോദ്യം സ്വയം ഉയര്‍ത്തേണ്ട ദിനമാണിന്ന്. സെക്കുലറിസത്തിന്റെ അതിപ്രസരത്തില്‍ വിശ്വാസം ഏറെ വെല്ലുവിളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകം മുന്നോട്ടു വയ്ക്കുന്ന സുഖമോഹങ്ങളില്‍ മുഴുകുമ്പോള്‍ വിശ്വാസവും വിശ്വാസജീവിതവും പിന്തള്ളപ്പെടുന്ന ഒരു കാലഘട്ടം.

ഇപ്രകാരമുള്ള കാലഘട്ടത്തില്‍ രക്തസ്രാവക്കാരി സ്ത്രീയുടെ വിശ്വാസം നമ്മുടെ മുന്‍പില്‍ വലിയ വെല്ലുവിളിയായി നിലകൊള്ളുന്നു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചാല്‍ താന്‍ സൗഖ്യപ്പെടും എന്ന് അവള്‍ വിശ്വസിച്ചെങ്കില്‍ ഈശോ ആരാണെന്നും അവനിലെ ദൈവീകത എത്രത്തോളമാണെന്നും അവള്‍ക്ക് അറിയായമായിരുന്നു. ഒരു കുഞ്ഞ് അമ്മയെയും അപ്പനെയും വിശ്വസിക്കുന്നത്, അവര്‍ തന്നെ ഏറെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്ന അറിവുള്ളതുകൊണ്ടാണ്. അറിവ് വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നു. ഈശോയില്‍ നമുക്ക് പരിപൂര്‍ണ്ണമായ വിശ്വാസമില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം ഈശോയെക്കുറിച്ചുള്ള ആഴമായ അറിവ് നമുക്കില്ല എന്നതാണ്.

ഒരു കഥ ഇപ്രകാരമാണ്. ഒരാള്‍ കാലു തെന്നി അഗാധത്തിലേക്കു നിപതിക്കുകയാണ്. ഒരു മരക്കൊമ്പില്‍ പിടുത്തം കിട്ടിയ അയാള്‍ അതില്‍ തൂങ്ങിക്കിടന്നുകൊണ്ട് ദൈവത്തോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: “ദൈവമേ, അങ്ങുണ്ടെങ്കില്‍ എന്നെ രക്ഷിക്കൂ. എങ്കില്‍ ലോകത്തിന്റെ അതിര്‍ത്തികളോളം ഞാന്‍ അങ്ങയെ പ്രഘോഷിക്കും.” ദൈവം പറഞ്ഞു: “അപകടത്തിലാകുമ്പോള്‍ എല്ലാവരും അങ്ങനെയാണ് പറയുക.” അയാള്‍ പറഞ്ഞു: “ഞാന്‍ അങ്ങനെയല്ല.” ദൈവം പ്രതിവചിച്ചു: “ശരി, ഞാന്‍ നിന്നെ രക്ഷിക്കാം. കൊമ്പില്‍ നിന്ന് പിടി വിടൂ.” “കൊമ്പില്‍ നിന്ന് കൈവിടാനോ?” അയാള്‍ അട്ടഹസിച്ചു. “എനിക്ക് അത്രയും വട്ടില്ല.” ദൈവത്തെക്കുറിച്ചും ദൈവത്തിന്റെ ശക്തിയെക്കുറിച്ചും ആഴമായ അറിവില്ലാത്ത മനുഷ്യനെയാണ് ഈ കഥയില്‍ നാം പരിചയപ്പെട്ടത്. ദൈവപുത്രനായ ഈശോയെക്കുറിച്ചും അവനെങ്ങനെയാണ് നമ്മുടെ ജീവിതത്തില്‍ ഇന്നും ഇടപെടുന്നതെന്നും അറിഞ്ഞാല്‍ മാത്രമേ നമ്മുടെ വിശ്വാസം ആഴപ്പെടുകയുള്ളൂ.

സ്വാഭാവികമായി നമ്മുടെ മനസില്‍ ഒരു ചിന്ത ഉയരും, എങ്ങനെ ഈ അറിവ് സ്വന്തമാക്കാന്‍ സാധിക്കും? ദൈവത്തെക്കുറിച്ച് അറിയാനും അവന്‍ എങ്ങനെ മനുഷ്യജീവിതത്തില്‍ ഇടപെടുന്നു എന്ന് മനസിലാക്കാനും വളരെ ആഴമേറിയതും എന്നാല്‍ ചെറുതെന്നു തോന്നിക്കുന്നതുമായ ഒരു വിശ്വാസപരിശീലനം നമ്മുടെ ഓരോരുത്തരുടെയും ഭവനങ്ങളിലുണ്ട്. അത് മറ്റൊന്നുമല്ല, വിശുദ്ധ ഗ്രന്ഥം തന്നെ. വീട്ടില്‍ കമ്പ്യൂട്ടറും ടിവിയും മൊബൈലുമൊക്കെ വന്നതോടെ അധികമൊന്നും സ്ഥാനമില്ലാത്ത ഒരു ഗ്രന്ഥമായി ഇന്ന് ബൈബിള്‍ മാറിയിരിക്കുന്നു. വിശുദ്ധ ഗ്രന്ഥ പാരായണത്തോടെയാണ് പണ്ടുകാലത്ത് ഓരോ ഭവനവും ഉണര്‍ന്നിരുന്നത്. ഒന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍ അത് നമ്മില്‍ പലരുടെയും മനസില്‍ തെളിയും. വിശുദ്ധ ഗ്രന്ഥ പാരായണം നമ്മുടെ ഭവനങ്ങളില്‍ നിന്ന് അന്യമായി തുടങ്ങിയപ്പോള്‍ നമ്മുടെ മക്കള്‍ക്ക് ദൈവം അന്യനായി മാറി. പിതാവ് ആരെന്നും പുത്രന്‍ ആരെന്നും പരിശുദ്ധാത്മാവ് ആരെന്നുമുള്ള അറിവ് നമ്മുടെ മക്കള്‍ക്ക് ഇന്നില്ല. അതുകൊണ്ട് വചനവായന എന്ന നല്ല ശീലം നഷ്ടമായിട്ടുണ്ടെങ്കില്‍ അത് വീണ്ടെടുക്കാം. ദൈവത്തെ അറിയാം. വിശ്വാസത്തില്‍ ആഴപ്പെടാം.

വായിച്ചുകേട്ട വചനഭാഗത്തിലേക്കു തന്നെ നമുക്ക് മടങ്ങിവരാം. തന്നില്‍ നിന്ന് ശക്തി നിര്‍ഗമിച്ചിരിക്കുന്നു എന്ന തിരിച്ചറിവില്‍ ഈശോ ചോദിച്ചു: “ആരാണ് എന്നെ സ്പര്‍ശിച്ചത്?” ജനക്കൂട്ടത്തിനിടയിലെ ഒരു സ്പര്‍ശനം തിരിച്ചറിയണമെങ്കില്‍ യേശുനാഥന്‍ ആ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവളുടെ അവസ്ഥ മനസിലാക്കിയിട്ടുണ്ട് എന്നത് വാസ്തവമാണ്. ആരാണ് എന്നെ സ്പര്‍ശിച്ചത് എന്ന ചോദ്യം, കിട്ടിയ സൗഖ്യം ലോകത്തിനു മുമ്പില്‍ വിശ്വാസത്തോടെ പ്രഘോഷിക്കാനുള്ള ക്ഷണമാണ്.

ഇന്ന് നാം മിഷന്‍ ഞായറായി ആചരിക്കുന്നു. ലഭിച്ച വിശ്വാസം പ്രഘോഷിക്കപ്പെടേണ്ടതാണ് എന്ന് നമ്മെ ഓരോരുത്തരെയും ഓര്‍മ്മപ്പെടുത്തുന്ന ദിനം, തനിക്കു ലഭിച്ച വിശ്വാസം പ്രഘോഷിക്കാനുള്ള തീക്ഷ്ണതയില്‍ എരിഞ്ഞ വ്യക്തിയാണ് നമ്മുടെ വിശ്വാസത്തിന്റെ പിതാവായ തോമാശ്ലീഹാ. കൊടുങ്ങല്ലൂര്‍ മുതല്‍ മൈലാപ്പൂര്‍ വരെ അക്കാലത്ത് യാത്ര ചെയ്ത് കഷ്ടപ്പാടുകള്‍ ഏറ്റെടുത്ത് തന്റെ വിശ്വാസം അദ്ദേഹം പ്രഘോഷിച്ചു. ഇതുപോലെ നമ്മുടെ മിഷന്‍ പ്രദേശങ്ങളില്‍ ജീവിതത്തിന്റെ സുഖസന്തോഷങ്ങള്‍ വേണ്ടെന്നു വച്ച് ഞെരുക്കങ്ങളിലും പീഡനങ്ങളിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ധാരാളം വൈദികരും സന്യസ്തരും അത്മായരുമുണ്ട്. അവര്‍ക്കു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കേണ്ട ദിനമാണിത്. അതുമാത്രം പോരാ, നമ്മുടെ ജീവിതത്തിലൂടെ നമ്മുടെ അയല്‍വക്കങ്ങളില്‍ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കാനും നമുക്ക് സാധിക്കണം. വിശ്വാസത്തിനു വേണ്ടി നാം എന്ത് ചെയ്തിട്ടുണ്ട്? എന്താണ് ചെയ്യാനിരിക്കുന്നത്? നമുക്ക് സ്വയം ചോദിക്കാം. വചനവായനയിലൂടെ ദൈവത്തെ അറിയാം. അവനില്‍ വിശ്വസിക്കാം. ജീവിതത്തിലൂടെ പ്രഘോഷിക്കാം.

ബ്ര. ജിനോ വാഴപ്പനാടി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.