ഞായർ പ്രസംഗം 2, കൈത്താക്കാലം അഞ്ചാം ഞായർ ആഗസ്റ്റ് 08 മനുഷ്യബന്ധങ്ങളുടെ വില

ബ്ര. നിധിന്‍ മറ്റത്തില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,

വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച അനേകം വിശുദ്ധാത്മാക്കളാല്‍ ഫലം ചൂടിനില്‍ക്കുന്ന തിരുസഭയെ അനുസ്മരിക്കുകയും ദൈവ-മനുഷ്യബന്ധങ്ങളില്‍ ആഴപ്പെട്ടുകൊണ്ട് വിശ്വാസത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ നമ്മെ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന കൈത്താക്കാലത്തിലെ അഞ്ചാമത്തെ ആഴ്ചയിലേക്ക് നാമിന്ന് പ്രവേശിക്കുമ്പോള്‍ വി. ലൂക്കായുടെ സുവിശേഷം 16-ാം അദ്ധ്യായം 19 മുതല്‍ 31 വരെയുള്ള വാക്യങ്ങളാണ് വചനവിചിന്തനത്തിനായി നമുക്കിന്ന് ലഭിച്ചിരിക്കുന്നത് – ധനവാന്റെയും ലാസറിന്റെയും ഉപമ.

ഒരു വശത്ത് ഒരു കുരുന്നുജീവന്‍ രക്ഷിക്കാന്‍ വേണ്ടി 18 കോടി സമ്പാദിക്കുമ്പോള്‍ മറുവശത്ത് 18 ആഴ്ച പോലും പ്രായമില്ലാത്ത കുഞ്ഞുജീവന് യാതൊരു വിലയും കല്‍പിക്കാതെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് കൊന്നുകളഞ്ഞ സംഭവം വരെ നടക്കുന്ന ഈ നാട്ടില്‍ മനുഷ്യജീവനും മനുഷ്യബന്ധങ്ങള്‍ക്കുമുണ്ടായിരിക്കേണ്ട വിലയെയും ദൃഢതയെയും ചൂണ്ടിക്കാട്ടുകയാണ് ധനവാന്റെയും ലാസറിന്റെയും ഉപമ.

കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കില്ല എന്നു പറയുന്നതുതന്നെ സഹോദരങ്ങളോടുള്ള ബന്ധത്തിന് ദൈവസന്നിധിയില്‍ എത്രമാത്രം വിലയുണ്ടെന്ന് കാണിക്കുന്നു. ലാസര്‍ എന്ന പേര് എലിയേസര്‍ എന്ന ഹീബ്രുനാമത്തില്‍ നിന്ന് എടുത്തിരിക്കുന്നതാണ്. ലാസര്‍ എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവം സഹായിക്കുന്നു’ എന്നാണ്. ദരിദ്രനായ ലാസറിന് ഈ സുവിശേഷഭാഗത്ത് പേര് ലഭിച്ചപ്പോള്‍ പേര് ലഭിക്കാതെപോയ ഹതഭാഗ്യനാണ് ധനവാന്‍. ലാസറിന്റെ ജീവന് വില കല്‍പിക്കാത്ത ധനവാന്‍ ദൈവസന്നിധിയില്‍ തിരസ്‌കൃതനായി. കാരണം, ‘ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്.’ മനുഷ്യബന്ധങ്ങള്‍ക്ക് വില കല്‍പിക്കാത്ത പഴയനിയമത്തിലെ കായേനും പുതിയനിയമത്തിലെ ധനവാനും ഒരേ ദിശയില്‍ യാത്ര ചെയ്യുന്നവരാണ്. ദൈവത്തെയും മാമോനെയും ഒരുപോലെ സേവിക്കാന്‍ സാധിക്കില്ല എന്നു പറയുന്ന വചനത്തിന് ധനവാന്‍ ഉത്തമോദാഹരണമാണ്.

തിരുസഭ നമ്മെ പഠിപ്പിക്കുന്ന പതിനാല് കാരുണ്യപ്രവര്‍ത്തകള്‍ നമുക്കെല്ലാവരക്കും പരിചിതമാണ്. പതിനാല് കാരുണ്യപ്രവര്‍ത്തികളെ സഭ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഏഴ് ശാരീരിക കാരുണ്യപ്രവര്‍ത്തികളും ഏഴ് ആദ്ധ്യാത്മിക കാരുണ്യപ്രവര്‍ത്തികളും. ധനവാന്റെയും ലാസറിന്റെയും ഉപമയെ ശാരീരിക കാരുണ്യപ്രവര്‍ത്തികളായി ബന്ധപ്പെടുത്താം. ഒന്നാമത്തെയും രണ്ടാമത്തെയും ശാരീരിക കാരുണ്യപ്രവര്‍ത്തികള്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും ദാഹിക്കുന്നവര്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നതുമാണ്. ഈ ഉപമയില്‍, സമൃദ്ധിയില്‍ കഴിയുന്ന ധനവാന്‍, ലാസറിന് ഒന്നും തന്നെ ഭക്ഷണമായി കൊടുക്കുന്നില്ല. ധനവാന്‍ തീന്‍മേശയില്‍ ഉപേക്ഷിച്ചുപോയ റൊട്ടി പോലും ലാസറിന് ല ഭിച്ചിരുന്നില്ല. ലൂക്കാ സുവിശേഷത്തില്‍ തന്നെ വിശന്നു മരിക്കാറായ ധൂര്‍ത്തപുത്രനെ വരവേറ്റ് ഒരു സദ്യ തന്നെ വിളമ്പുന്ന പിതാവിന്റെ സ്‌നേഹത്തെ സൂചിപ്പിക്കുന്ന ഭാഗം അടങ്ങിയിരിക്കുന്നു എന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇവിടെയാണ് ധനവാന്‍ ആദ്യമായി ജീവിതത്തില്‍ തോറ്റുപോകുന്നത്. മറ്റുള്ളവരുടെ ജീവിതത്തില്‍ അപ്പമായിത്തീരുവാനുള്ള അവസരമാണ് ധനവാന്‍ നഷ്ടമാക്കിയത്.

ശാരീരിക കാരുണ്യപ്രവര്‍ത്തികളിലെ മൂന്നു നാലും കാരുണ്യപ്രവര്‍ത്തികളാണ് വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രം കൊടുക്കുന്നതും പാര്‍പ്പിടമില്ലാത്തവര്‍ക്ക് പാര്‍പ്പിടം കൊടുക്കുന്നതും. വ്രണബാധിതനായ ലാസറിന്റെ വ്രണങ്ങള്‍ നായ നക്കുന്ന സന്ദര്‍ഭം ഉണ്ടായിട്ടുപോലും ആ മുറിവുകളെ മരുന്നുപയോഗിച്ച് കെട്ടിവയ്ക്കാനോ തന്റെ ഭവനത്തില്‍ കയറ്റി പരിചരിക്കാനോ ധനവാന്‍ തയ്യാറാകുന്നില്ല. ലൂക്കാ സുവിശേഷത്തില്‍ തന്നെ വഴിയില്‍ മുറിവേറ്റു കിടക്കുന്ന അപരിചിതന്റെ മുറിവ് വച്ചുകെട്ടി സത്രത്തില്‍ കൊണ്ടുചെന്ന് പരിചരിക്കുന്ന നല്ല സമരിയാക്കാരന്റെ ഉപമയും അടങ്ങിയിരിക്കുന്നു. നിയമാവര്‍ത്തന പുസ്തകത്തില്‍ നാം ഇപ്രകാരം വായിക്കുന്നുണ്ട്: “നിന്റെ ദരിദ്രസഹോദരനു വേണ്ടി കൈയ്യയ്ക്കാന്‍ നീ മടിക്കരുത്. അല്ലെങ്കില്‍ അത് നിനക്ക് പാപമായിത്തീരും.”

ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പറയുന്നത് ഇപ്രകാരമാണ്: “മറ്റുള്ളവരുടെ ആവശ്യങ്ങളിലും സഹനങ്ങളിലും ആഴത്തില്‍ പങ്കുപറ്റുമ്പോള്‍ അത് എന്നെത്തന്നെ പങ്കുവയ്ക്കലായി മാറുന്നു.” “ദരിദ്രനെ സഹായിക്കുന്നത് ഔദാര്യമല്ല; കടമയാണ്” എന്ന് വി. ബേസില്‍ പറയുന്നുണ്ട്. ഈ കടമ നിര്‍വ്വഹിക്കാന്‍ ധനവാനു സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ധനവാന്‍ ദൈവസന്നിധിയില്‍ തിരസ്‌കൃതനാകുന്നു.

രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുന്നത്, അവശരെ സഹായിക്കുന്നത്, മരിച്ചവരെ സംസ്‌കരിക്കുന്നത് എന്നിങ്ങനെയാണ് അഞ്ചും ആറും ഏഴും ശാരീരിക കാരുണ്യപ്രവര്‍ത്തികള്‍. സ്വന്തം വീട്ടുമുറ്റത്ത് കിടന്ന ലാസറിനെ സ്‌നേഹസാന്ത്വനങ്ങളോടെ ധനവാന്‍ സന്ദര്‍ശിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നില്ല. രണ്ടാം വായനയില്‍ ഏശയ്യാ പ്രവചനത്തില്‍ നാം വായിച്ചുകേട്ടു: “ദൈവം നീതിയെ അളവുചരടും ധര്‍മ്മത്തെ തൂക്കുകട്ടയും ആക്കും” എന്ന്. തന്റെ മുമ്പിലുള്ള സഹോദരനെ പരിഗണിക്കാതെ എങ്ങനെയാണ് ധനവാനെ നീതിമാനായ ദൈവത്തിന് പരിഗണിക്കാനാവുക?

അവശരെയും പാവപ്പെട്ടവരെയും സഹായിച്ചിരുന്ന മദര്‍ തെരേസ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: “സ്‌നേഹത്തിനു വേണ്ടിയുള്ള വിശപ്പാണ് ഇന്ന് ഏറ്റവും കൂടുതലായി തെരുവുകള്‍ അനുഭവിക്കുന്നത്” എന്ന്. തന്റെ മുമ്പില്‍ കിടന്ന ദരിദ്രനും അവശനുമായ ലാസറിനെ സമ്പന്നതയാല്‍ മഞ്ഞളിച്ച കണ്ണു കൊണ്ട് ഒന്നു കാണാനോ, സഹായിക്കാനോ മരിച്ച സമയത്ത് ഒന്ന് സംസ്‌കരിക്കുവാന്‍ പോലും സാധിക്കാത്ത ധനവാന്‍ ഒരിറ്റു വെള്ളത്തിനായി യാചിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും.

നാം ഇന്ന് വായിച്ചുകേട്ട ലേഖനഭാഗത്ത് പൗലോ സ് അപ്പസ്‌തോലന്‍ പറയുന്നത്: “നിങ്ങള്‍ക്കു വേണ്ടി ഞാന്‍ സന്തോഷപൂര്‍വ്വം ചെലവിടും. എന്നെത്തന്നെ സമര്‍പ്പിക്കും” എന്നാണ്. ലാസറിനു വേണ്ടി സന്തോഷപൂര്‍വ്വം ചെലവഴിച്ചെങ്കില്‍, തന്നെത്തന്നെ സമര്‍പ്പിച്ചിരുന്നെങ്കില്‍ ധനവാനും ലാസറും ഒരുപോലെ അബ്രാഹത്തിന്റെ മടിയില്‍ കിടക്കുമായിരുന്നു. മനുഷ്യജീവനും ബന്ധങ്ങള്‍ക്കും വില കല്‍പിക്കാത്ത ഈ ലോകത്തിന്റെ പ്രതീകമായി ധനവാന്‍ നില്‍ക്കുന്നു.

പ്രിയ സഹോദരങ്ങളേ, ശത്രുവിനെപ്പോലും സ്‌നേഹിക്കാന്‍ പറഞ്ഞുകൊണ്ട് മനുഷ്യബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കാനായി സ്വന്ത ശരീര-രക്തങ്ങള്‍ സ്‌നേഹത്തിന്റെ വിലയായി നല്‍കുന്ന ഈ വിശുദ്ധ കുര്‍ബാനയില്‍ നാം പങ്കുചേരുമ്പോള്‍ നമ്മളും മറ്റുള്ളവര്‍ക്കായി മുറിച്ചുനല്‍കി നമ്മുടെ സമ്പത്തും കഴിവുകളും മനുഷ്യബന്ധങ്ങളെ വളര്‍ത്താന്‍ ഉതകുന്നതാകട്ടെ എന്ന് ദിവ്യകാരുണ്യനാഥനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

സര്‍വ്വശക്തനും സ്‌നേഹനിധിയുമായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ബ്ര. നിധിന്‍ മറ്റത്തില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.