ഞായര്‍ പ്രസംഗം പള്ളിക്കൂദാശ 3-ാം ഞായര്‍ യേശു ദേവാലയം ശുദ്ധീകരിക്കുന്നു

ദൈവം വസിക്കുന്ന ആലയമാണ് – ഇടമാണ് ദേവാലയം. ദൈവം മാത്രം വസിക്കേണ്ട ഇടമാണ് ദേവാലയം. ദൈവം വസിക്കുന്ന ഇടമെല്ലാം ദേവാലയമാണ്, അത് കല്ലുകള്‍ കൊണ്ട് പണിത ആലയമാണെങ്കിലും ശരീരമാകുന്ന ആലയമാണെങ്കിലും. ശരീരവും ദൈവത്തിന്റെ ആലയമാണെന്ന് യോഹ. 3/21 ഉം 1 കൊറി. 6/19 ഉം നമ്മെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവിടെ ദൈവം മാത്രമേ വസിക്കാവൂ എന്ന നിര്‍ദ്ദേശം കൂടി ഇന്നത്തെ വചനഭാഗം നല്‍കുന്നുണ്ട്.

യഹൂദരുടെ തിരുനാളുകളില്‍ പ്രധാനപ്പെട്ട തിരുനാളാണ് പെസഹാ തിരുനാള്‍. തങ്ങളെ ഈജിപ്തിന്റെ അടിമത്വത്തില്‍ നിന്നും രക്ഷിച്ച കര്‍ത്താവിനെയും ആ ദിനത്തെയും അനുസ്മരിക്കുന്ന പെസഹാ തിരുനാളിനോടനുബന്ധിച്ചാണ് ക്രിസ്തു ദേവാലയം ശുദ്ധീകരിക്കുന്നത് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. ദൈവത്തെയും ദൈവസാന്നിധ്യത്തെയും കാണേണ്ട ഇടത്തില്‍ ക്രിസ്തുവിന് കാണാന്‍ സാധിക്കുന്നത് കാള, ആട്, പ്രാവ് എന്നിവയെ വില്‍ക്കാനിരിക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയുമാണ്. തന്റെ പിതാവിന്റെ ആലയത്തെ കച്ചവടസ്ഥാപനമാക്കിയവരോട് പിന്നെങ്ങനെ ക്രിസ്തു രോഷാകുലനാകാതിരിക്കും? ദൈവത്തിന്റെ ആലയം കച്ചവടസ്ഥലമാക്കാനുള്ളതല്ല എന്ന് ക്രിസ്തു പഠിപ്പിക്കുകയാണിവിടെ.

പരിപാവനമായ ആചാരാനുഷ്ഠാനങ്ങള്‍ നടക്കേണ്ട, ഹൃദയം ഉരുകിയുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലേണ്ട, ദൈവസാന്നിധ്യം നിത്യവും കുടികൊള്ളേണ്ട, ദൈവവും മനുഷ്യനും ഒന്നിച്ചു സമ്മേളിക്കേണ്ട ദേവാലയത്തിന് അതിന്റെ വിശുദ്ധിയും തനിമയും നഷ്ടപ്പെട്ടു. അത് വീണ്ടെടുക്കാനായി അധികാരമുള്ളവന്‍ വന്നപ്പോള്‍ കച്ചവടമനസ്ഥിതി മാത്രം വച്ചുകൊണ്ട് അധികാരമുള്ളവനെ ചോദ്യം ചെയ്ത യഹൂദരോട് ക്രിസ്തുവിന് പറയാനുള്ളത് ഒരു കാര്യം മാത്രം. നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക. മൂന്നു ദിവസത്തിനകം ഞാനിത് പുനരുദ്ധരിക്കും. ക്രിസ്തു തന്റെ ഉത്ഥാനത്തെ സൂചിപ്പിക്കുന്നതിനോടൊപ്പം ദേവാലയത്തെ വിശുദ്ധിയോടും പരിശുദ്ധിയോടും കൂടെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടി പറഞ്ഞു തരികയാണ്. കാരണം ഒരോ ആലയവും ക്രിസ്തുവിന്റെ ആലയമാണ്. ക്രിസ്തു വസിക്കുന്ന ഇടമാണ്. അവന്റെ ശരീരമാണ്. അങ്ങനെയെങ്കില്‍ നമ്മുടെയൊക്കെ ദേവാലയങ്ങള്‍ എത്ര പവിത്രമായി നാം കാത്തുസൂക്ഷിക്കണം.

ദൈവം വസിക്കുന്ന ഇടത്തില്‍ കച്ചവടമനസ്സോടും അധികാരമോഹത്തോടും അശുദ്ധിയോടും വിഭജന ചിന്തകളോടും വിഭജിത ഹൃദയത്തോടും കൂടി ബലിയര്‍പ്പിക്കുമ്പോള്‍ ചാട്ടവാറുമേന്തിക്കൊണ്ട് ക്രിസ്തു വരുമെന്ന് ഓര്‍ക്കണം.
തന്റെ പിതാവിന്റെ ആലയത്തെപ്പറ്റി ക്രിസ്തു ആകുലനാകുമ്പോള്‍ ഇന്ന് നാം ആകുലരാകേണ്ടതും ഈ ദേവാലത്തെപ്പറ്റിയും ഒപ്പം നമ്മുടെ ശരീരമാകുന്ന ആലയത്തെപ്പറ്റിയുമണ്. ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്ന ശരീരത്തെ ഒരു കച്ചവടകേന്ദ്രമാക്കി മാറ്റാനുള്ളതല്ല. ദൈവം തന്ന ഈ ശരീരം ദൈവത്തിലേക്ക് തന്നെ തിരികെ എത്തിക്കണമെങ്കില്‍ ഈ ശരീരം ദൈവത്തിനു മാത്രം പ്രതിഷ്ഠിച്ചതായിരിക്കണം. ദൈവത്തെ മറന്നുകൊണ്ട് സത്യവും നീതിയും ധര്‍മ്മവും മറന്നുകൊണ്ട് എന്റെ ശരീരത്തെ ഒരു വില്‍പ്പന വസ്തുവാക്കി മാറ്റുമ്പോള്‍ അസത്യവും അനീതിയും അധര്‍മ്മവും എന്നില്‍ കൊടികുത്തി വാഴുമ്പോള്‍ ഈ ജറുസലേം ദേവാലയവും എന്റെ ശരീരവും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല. ക്രിസ്തു അവിടെ നടത്തിയ ശുദ്ധീകരണം നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ നടക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നു നാം അപ്പോള്‍ തിരിച്ചറിയണം.

ദൈവത്തിന്റെ സാന്നിധ്യം നിറയേണ്ട വിശുദ്ധ കുര്‍ബാനയ്ക്ക് വസിക്കാന്‍ യോഗ്യമായ ആലയങ്ങളായി മാറേണ്ടതാണ് നമ്മുടെയൊക്കെ ശരീരം.
അതുകൊണ്ട് നമ്മെത്തന്നെ വിശുദ്ധീകരിച്ച് നാം ആയിരിക്കുന്ന ഇടങ്ങളെ അത് കുടുംബമായാലും സമൂഹമായാലും ഇടവകയായാലും നമ്മുടെ ദേവാലയമായാലും അവയൊക്കെ വിശുദ്ധീകരിച്ച് കൊണ്ട് ദൈവത്തിന്റെ പരിശുദ്ധമായ സാന്നിധ്യ മുള്ള ഇടങ്ങളായി മാറാം.

അസീസ്സിയിലെ ഫ്രാന്‍സിസ് എല്ലാമുപേക്ഷിച്ച് കഠിനദാരിദ്ര്യം സ്വീകരിച്ച വ്യക്തി. ഭിക്ഷാടകരുടെ വസ്ത്രം വാങ്ങി ധരിച്ചവന്‍. അദ്ദേഹത്തിന് ഭക്ഷണം കഴിക്കാന്‍ സ്വന്തമായി ഒരു കോപ്പയുണ്ടായിരുന്നു. അത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഒരുവേള പ്രാര്‍ത്ഥിക്കവെ ഈ കോപ്പയെക്കുറിച്ചുള്ള ഓര്‍മ്മ കടന്നുവന്നു. ഫ്രാന്‍സിസ് ഈ കോപ്പയെടുത്ത് ഇടിച്ചുപൊട്ടിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘എന്റെ ഹൃദയം മുഴുവനായും ഈശോയുടേതാണ്. അവിടെ ഏറ്റവും നിസ്സാരമായ കോപ്പയ്ക്ക് പോലും പ്രവേശനമില്ല. അത് ഞാന്‍ അനുവദിക്കില്ല.’ ഹൃദയം ദേവാലയമാണെന്ന ബോധ്യം നിറയുമ്പോള്‍ ദൈവമല്ലാത്തതിനെയെല്ലാം ഹൃദയത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ നാം ബദ്ധശ്രദ്ധരാകും. ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ. ആമേന്‍.

‘എന്റെ ഹൃദയത്തില്‍ ദൈവത്തിനായി തുടിക്കാത്ത ഏതെങ്കിലും ഒരു തന്ത്രിയുണ്ടെങ്കില്‍ അത് പറിച്ചെടുത്ത് താമസംവിനാ നശിപ്പിക്കാന്‍ ഞാന്‍ സന്നദ്ധനാണ്.’  വി. ഗബ്രിയേല്‍

ബ്ര. ജിജു വാളിയാങ്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.