പ്രതീക്ഷകളും പ്രവർത്തനങ്ങളും: മനസുതുറന്ന് പൂനാ – ഖഡ്കി രൂപത ബിഷപ്പ് മത്തായി കടവിൽ

സി. സൗമ്യ DSHJ

ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ള ബിഷപ്പ്. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഫ്രഞ്ച്, ജർമൻ എന്നീ അഞ്ചോളം ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദൻ. പറഞ്ഞു വരുമ്പോൾ അനേകം വിശേഷണങ്ങൾ ഉണ്ട് പൂനാ – ഖഡ്കി രൂപതയുടെ മെത്രാനായ ബിഷപ്പ് മത്തായി കടവിലിന്. സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ ബിഷപ്പായി സ്ഥാനമേറ്റ് പുതിയ ഉത്തരവാദിത്വങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഇദ്ദേഹത്തിന് മുന്നിൽ പ്രതിസന്ധികൾ ഏറെയാണ്. പ്രശ്‍നങ്ങളും പ്രതിസന്ധികളും ഏറുമ്പോഴും ദൈവതിരുമുൻപിൽ പ്രാർഥനയോടെ ആയിരുന്നുകൊണ്ട് അവിടുന്നിൽ നിന്നും ശക്തി സ്വീകരിച്ചു മുന്നേറുന്ന ബിഷപ്പ് മത്തായി കടവിൽ തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ചും പൂനാ – ഖഡ്കി രൂപതയെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും ലൈഫ് ഡേയോട് മനസുതുറക്കുകയാണ്.

ദൈവവിളിയുടെ വിത്തുകൾ പാകിയ കുടുംബ പശ്ചാത്തലം

മൂവാറ്റുപുഴ രൂപതയിൽ പൂതൃക്ക സെൻ്റ് ജയിംസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയിൽ കടവിൽ മത്തായി – അന്നമ്മ ദമ്പതികളുടെ മകനായി 1963- ലാണ് മത്തായി കടവിൽ ഒ.ഐ.സി ജനിച്ചത്. പിതാവ് യാക്കോബായ സഭയിൽ പെട്ടയാളും അമ്മ സീറോ മലബാർ സഭയിലും ആയിരുന്നു. ഇരു സഭകളിലുംപെട്ട മാതാപിതാക്കളുടെ സാന്നിധ്യം കൂടുതൽ ഭക്താനുഷ്ഠാനങ്ങൾ കുടുംബത്തിൽ നിന്നും തന്നെ അഭ്യസിക്കുന്നതിനു അവസരം ഒരുക്കി.

കുടുംബത്തിൽ തന്നെ ധാരാളം വൈദികരുള്ളതിനാൽ കൃത്യമായ സന്ധ്യാപ്രാർഥനയും മലങ്കര പാരമ്പര്യത്തിലെ പ്രാർഥനാചര്യകളെല്ലാം വീട്ടിൽ നിർബന്ധം. അമ്മ സീറോ മലബാർ സഭയിൽ നിന്നും വന്നതിനാൽ തന്നെ ജപമാല പ്രാർഥനയും വണക്കമാസാചരണവും ഒക്കെ ഭക്തിപൂർവ്വം നിറവേറ്റിയിരുന്നു. ചെറുപ്പകാലത്ത് സാധിക്കുന്ന എല്ലാദിവസവും ദൈവാലയത്തിൽ പോയി വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്ന പതിവും മുടക്കിയില്ല. അവധിദിവസങ്ങളിൽ എല്ലാദിവസവും തന്നെ പള്ളിയിൽ പോയിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലഘട്ടത്തിൽ തന്നെ അൾത്താര ബാലനായി ശുശ്രൂഷ ചെയ്യുവാൻ ആരംഭിച്ചു. കുടുംബത്തിൽ നിന്നും ഇടവകയിൽ നിന്നും ലഭിച്ച ഇത്തരം സാഹചര്യങ്ങൾ ബിഷപ്പ് മത്തായിയുടെ ജീവിതത്തെ ചെറുപ്പത്തിൽ തന്നെ ആത്മീയതയിൽ വളരാൻ ഏറെ സഹായിച്ചിട്ടുണ്ട്.

അമ്മയുടെ സഹോദരൻ ഫാ. കെ. എം ജേക്കബ് ഒരു ജെസ്യൂട്ട് വൈദികനാണ്. അദ്ദേഹം ജാർഖണ്ഡിലെ ദുംഖാ പ്രൊവിൻസിൽ ജോലി ചെയ്യുന്നു. ചെറുപ്പത്തിൽ അദ്ദേഹം വീട്ടിൽ വരുമ്പോൾ അദ്ദേഹത്തിൻറെ സാന്നിധ്യം വ്യക്തിപരമായി ബിഷപ്പ് മത്തായിയെ വരെയധികം സ്വാധീനിച്ചിരുന്നു. ചെറിയ മനസ്സിൽ ദൈവവിളിയുടെ വിത്തുകൾ പാകാൻ ആ വൈദികനുമായുള്ള കൂടിക്കാഴ്ച കാരണമായി. രണ്ടാമത്തെ കാര്യം ഇടവകയിൽ ജോലി ചെയ്തിരുന്ന വൈദികരുടെയും സിസ്റ്റേഴ്സിന്റെയും സ്വാധീനമാണ്. പ്രത്യേകിച്ച് ബഥനി സന്യാസിനീ സമൂഹത്തിലെ കാർമ്മൽ എന്ന സിസ്റ്റർ വളരെയധികം ദൈവവിളിയിൽ ഉറപ്പിക്കുവാൻ സഹായിച്ചിട്ടുള്ള ഒരു വ്യക്തിത്വമാണ്. മൂവാറ്റുപുഴയിൽ വളരെയധികം വൈദികരുടെ ദൈവവിളിയിൽ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികൂടിയായിരുന്നു കാർമ്മൽ സിസ്റ്റർ എന്ന് ബിഷപ്പ് കൃതജ്ഞതയോടെ അനുസ്മരിക്കുന്നു. കൂടാതെ ചെറുപ്പത്തിൽ ബിഷപ്പ് മത്തായിയുടെ ഇടവകയിൽ നിന്നും രണ്ടുപേർ ബഥനിയിൽ വൈദികരായി ശുശ്രൂഷ ചെയ്തിരുന്നു. അവരുടെ ജീവിത മാതൃകയിൽ പ്രചോദിതനായി ആണ് ബിഷപ്പ് മത്തായിയും ബഥനി സന്യാസ സമൂഹത്തിൽ ചേരുവാൻ ഇറങ്ങിത്തിരിക്കുന്നത്.

1979- ലാണ് ബിഷപ്പ് ബഥനി മിശിഹാനുകരണ സന്യാസ ആശ്രമത്തിൽ പ്രവേശിക്കുന്നത്. തുടർന്ന് പൂനെ പേപ്പൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1989 ഒക്ടോബർ ഒൻപതിന് വൈദിക പട്ടം സ്വീകരിച്ചു. അതിനു ശേഷം ലൂവൈനിലെ കത്തോലിക്ക യൂണിവേഴ്‌സിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി.

സുപ്പീരിയർ ജനറാൾ സ്ഥാനത്ത് നിന്നും മെത്രാൻ പദവിയിലേക്ക്

ബിഷപ്പ് മത്തായി കടവിൽ ബഥനി സന്യാസ സമൂഹത്തിലെ വിവിധ ശുശ്രൂഷാ മേഖലകളിലൂടെ കടന്നു വന്ന വ്യക്തിയാണ്. രണ്ടു പ്രാവശ്യം കൗൺസിലർ ആയും ആറു വർഷം പ്രൊവിൻഷ്യൽ ആയും ശുശ്രൂഷ ചെയ്തു. തുടർന്ന് 2021 മുതൽ ഒ.ഐ.സി സന്യാസ സമൂഹത്തിന്റെ ജനറാൾ ആയും സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ തന്നെ കെ.സി.എം.എസിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഉണ്ടായിരുന്നു. മൂന്നുവർഷം സി. ആർ. ഐ യുടെ നാഷണൽ എക്സിക്യൂട്ടീവിന്റെയും ഭാഗമായി. സമർപ്പിത നേതൃത്തിൽ ശുശ്രൂഷ ചെയ്തപ്പോൾ അത് സഭയുടെ വ്യത്യസ്ത തലങ്ങളുമായി ബന്ധപ്പെട്ടു ശുശ്രൂഷ ചെയ്യുവാനും ഉള്ള ഒരു അവസരമായി മാറി.

“ഒരു സഭാത്മകമായ കാഴ്ചപ്പാട് ചിട്ടപ്പെടുത്തുവാൻ ഈ പ്രവർത്തനങ്ങളെല്ലാം എന്നെ സഹായിച്ചു. മലങ്കര സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ ഡയറക്ടറും തിരുവല്ല അതിരൂപതയുടെ ഡയറക്ടറുമായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഒപ്പം അൽമായ സംഘടനയുടെ ഡയറക്ടർ സ്ഥാനത്തും ഉണ്ടായിരുന്നു. മലങ്കര സഭയുടെ ലെയ്റ്റി കമ്മീഷന്റെയും തിയോളജി കമ്മീഷന്റെയും സെക്രട്ടറിയായും കെ.സി.ബി.സി യുടെ തിയോളജി കമ്മീഷന്റെ സെക്രട്ടറി ആയും ശുശ്രൂഷ ചെയ്തു. പിതാക്കന്മാരോടും സമർപ്പിത നേതൃത്വത്തോടും അൽമായ നേതൃത്വത്തോടും ചേർന്ന് പ്രവർത്തിക്കുവാൻ എനിക്ക് കിട്ടിയ വലിയ അവസരമായിട്ടാണ് ഞാനിതിനെ കാണുന്നത്. സഭാത്മകമായ ദർശനത്തിൽ സഭയുടെ വിവിധ ശ്രേണികളിൽ പെട്ടവരുമായി ചേർന്ന് പ്രവർത്തിച്ചതിലൂടെ നല്ല ഒരു അനുഭവം സ്വന്തമാക്കുവാൻ എനിക്ക് കഴിഞ്ഞു.” – ബിഷപ്പ് മത്തായി വെളിപ്പെടുത്തുന്നു.

പൂനാ – ഖഡ്കി മിഷന്റെ ആരംഭം

ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ധാരാളം ആളുകൾ ജോലിക്കും മറ്റുമായി കേരളത്തിന് പുറത്തേക്ക് പോയിരുന്നു. അന്ന് മിലിട്ടറിയിൽ ധാരാളം ജോലി സാധ്യതകൾ ഉണ്ടായിരുന്നു. അതൊക്കെ പ്രയോജനപ്പെടുത്തി ആളുകൾ പോയപ്പോൾ അങ്ങനെയുള്ള പ്രദേശങ്ങളിൽ മലയാളികളായ ആളുകൾ സംഘടിച്ചു ശുശ്രൂഷകൾ ആരംഭിച്ചു. ‘കേരള കാത്തലിക്ക് അസോസിയേഷൻ’ എന്നൊക്കെയുള്ള പേരിലാണ് ആദ്യമൊക്കെ ശുശ്രൂഷകൾ നടന്നത്. എന്നാൽ, ഈ കാലയളവിൽ തന്നെ രണ്ടാം വത്തിക്കാൻ സൂനഹദോസിനു ശേഷം വ്യക്തിഗത സഭകളെക്കുറിച്ചുള്ള ചിന്തകൾ ബലപ്പെട്ടു. അങ്ങനെ ബലപ്പെട്ട സാഹചര്യത്തിൽ ഓരോ റീത്തുകാരും അവരവരുടേതായ കൂട്ടായ്‌മകൾ രൂപപ്പെടുത്തുവാനായി മുന്നോട്ടുവന്നു.

പൂനയിൽ ഏകദേശം 1950 കാലഘട്ടത്തിൽ തന്നെ ബഥനി ആശ്രമത്തിന്റെ സെമിനാരി ഉണ്ടായിരുന്നു. അതിനെ കേന്ദ്രീകരിച്ചുകൊണ്ട് ആദ്യനാളുകളിൽ കേരള കാത്തലിക്ക് അസോസിയേഷന്റെ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും 1980 മുതൽ മലങ്കര കാത്തലിക്ക് മിനിസ്ട്രിയുടേതായ പ്രത്യേക ശുശൂഷകൾ ഈ മേഖലകളിലൊക്കെ ആരംഭിച്ചു. അത് പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാൻ കാരണമായി. പ്രധാനമായും പൂനാ – ഖഡ്കി മിഷൻ എന്നുപറയുന്നത് 1980 മുതൽ കേരളം വിട്ടുപോയ മലയാളികളായ മലങ്കരക്കാരുടെ ഇടയിൽ ആരംഭിച്ചതായ മിഷനാണ്.

കഴിഞ്ഞ 15 വർഷമായി ആന്ധ്രായിലും തെലുങ്കാനയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കർണ്ണാടകയിലും ഉള്ള പല വില്ലേജുകളിലും പ്രവർത്തനം നടത്തി വരുകയാണ് ഈ രൂപത. പുതിയതായി ക്രിസ്ത്യാനികളായ വളരെ ചുരുക്കം കുടുംബങ്ങൾ ഈ കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ട്. 20 ഓളം ഇടവകകൾ ആ ഒരു മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ പ്രവാസികളുടെ ഇടയിലുള്ള മിഷനും, വില്ലേജ് കേന്ദ്രീകരിച്ചുള്ള മിഷൻ മേഖലകളിലും ആയി പൂനാ – ഖഡ്കി മിഷൻ രൂപതയുടെ പ്രവർത്തനങ്ങൾ വ്യാപിച്ചു കിടക്കുന്നു.

പുതിയ ഉത്തരവാദിത്വവും മിഷനും

പൂനാ – ഖഡ്കി മിഷനിലെ പ്രധാന പ്രതിസന്ധി എന്ന് പറയുന്നത് ഈ പ്രദേശത്തെ ശുശ്രൂഷ ചെയ്യുവാൻ ഉള്ള ആളുകളുടെ കുറവാണ്. ഈ രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരും സിസ്റ്റേഴ്സും മലങ്കര സഭയിലെ വിവിധ രൂപതകളിൽ നിന്നാണ് പ്രധാനമായും വരുന്നത്. അതുപോലെ വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നുള്ളവരും ശുശ്രൂഷ ചെയ്യുന്നു. “ആ നാട്ടിൽ നിന്ന് തന്നെയുള്ള ദൈവവിളിയുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ട്. ഈ പ്രതിസന്ധികൾക്കിടയിലും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് മുൻപോട്ട് പോകുകയാണ്. പുനരൈക്യപ്പെട്ട നാളുകളിൽ തിരുവനന്തപുരത്ത് ക്രിസ്ത്യാനികൾ അധികമില്ലാത്ത ഇടങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് മലങ്കര സഭയുടെ പ്രവർത്തനം ആരംഭിച്ചത്. ദൈവാശ്രയ ബോധത്തോടുകൂടി നടത്തിയ പ്രവർത്തങ്ങളാണ് തിരുവനന്തപുരം അതിരൂപതയുടെ തെക്കൻ പ്രദേശത്തു മലങ്കര സഭ വ്യാപിക്കാൻ കാരണമായത്. പാറശാല രൂപതയും മാർത്താണ്ഡം രൂപതയും ഒക്കെ അങ്ങനെ രൂപംകൊണ്ടതാണ്. അതുപോലെ തന്നെ ദൈവാശ്രയബോധത്തോടുകൂടി ദൈവത്തോട് ചേർന്ന് നിന്നുകൊണ്ട് പ്രവർത്തിക്കാനായിട്ടുള്ള ഒരു ശ്രമമായിരിക്കും പ്രധാനമായിട്ടും വരും നാളുകളിലും നടത്തുക” -ബിഷപ്പ് കൂട്ടിച്ചേർത്തു.

ഭാവിപരിപാടികൾ

ലഭ്യമായ സ്രോതസ് ഉപയോഗിച്ചുകൊണ്ട് മിഷൻ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുക എന്ന ഒരു ആഗ്രഹമുണ്ട്. കഴിയുന്നിടത്തോളം ഇവിടെയുള്ള അൽമായ സഹോദരങ്ങൾ വലിയ പ്രേഷിത തീക്ഷണതയോടെ പ്രവർത്തിക്കുണ്ട്. പ്രത്യേകിച്ച്, അൽമായർ വില്ലേജുകളിൽ മിഷൻ പ്രവർത്തനങ്ങളിൽ പോകുവനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ഇവർക്കൊപ്പം സിസ്റ്റേഴ്‌സും ആ മേഖലയിൽ പ്രവർത്തിക്കുന്നു. അതിനാൽ അൽമായരുടെയും സമർപ്പിതരുടെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ പ്രദേശത്ത് ശുശ്രൂഷകൾ വ്യാപിപ്പിക്കണമെന്ന ചിന്തയാണ് പ്രധാനമായും ഉള്ളത്.

“ഇപ്പോൾ രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരെയും സമർപ്പിതരെയും ഒന്നിച്ചുകൂട്ടി എങ്ങനെയാണ് കൂടുതൽ മെച്ചമായി പ്രവർത്തിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് ഒരു മിഷൻ സ്ട്രാറ്റജി ക്രമപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചിന്തകൾ ഉണ്ട്. പ്രാർഥനയുടെ അനുഭവത്തിൽ നിന്നുകൊണ്ട് ആത്മീയമായി ശുശ്രൂഷകൾക്ക് മുൻ‌തൂക്കം നൽകണമെന്നാണ് ആഗ്രഹം” – ബിഷപ്പ് തന്റെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചു വെളിപ്പെടുത്തി.

ദൈവാശ്രയ ബോധത്തോടുകൂടി ആത്മീയമായി ഇതൊരു ദൈവത്തിന്റെ പദ്ധതിയാണ് എന്ന് ചിന്തിച്ചുകൊണ്ട്, ഞാനല്ല, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത് എന്ന് പൗലോസ് ശ്ലീഹ പറയുന്നതുപോലെ ഒരു ദൈവികപദ്ധതിയുടെ ഭാഗമായി കണ്ടുകൊണ്ട് ശുശ്രൂഷ നടത്തുക എന്നുള്ള ചിന്ത മാത്രമാണ് ഈ അവസരത്തിൽ പ്രധാനമായും മനസ്സിൽ ഉള്ളത്.

ദൈവം ഏല്പിച്ചിരിക്കുന്ന പുതിയ ദൗത്യത്തിൽ പ്രതിസന്ധികളും വെല്ലുവിളികളും ഏറെയുണ്ട്. എങ്കിലും ശക്തനായ ദൈവത്തിന്റെ തിരുക്കരം പിടിച്ചു പ്രതീക്ഷയോടെ മുന്നേറുകയാണ് ബിഷപ്പ് മത്തായി കടവിൽ. ബിഷപ്പിന്റെ പ്രവർത്തന മേഖലയായ പൂനാ – ഖഡ്കി രൂപതയ്ക്കും മിഷൻ പ്രവർത്തനങ്ങൾക്കും ലൈഫ് ഡേ യുടെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും!

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.