ഏലിയാ സ്ലീവാ മൂശാക്കാലം 5-ാം ഞായര്‍ കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍…

ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

രൂപാന്തരീകരണമലയില്‍ പ്രകാശിതമായ ഈശോയുടെ മഹത്വവും അവിടെ വെളിവാക്കപ്പെട്ട അവിടുത്തെ ദൈവപുത്രത്വവും തെളിയിക്കുന്ന സംഭവമാണ് മലയില്‍നിന്ന് ഇറങ്ങിവന്നപ്പോഴത്തെ അത്ഭുതം. അപസ്മാരം ബാധിച്ച ബാലനെ സുഖപ്പെടുത്തുന്ന മിശിഹാ തന്റെ ദൈവികാധികാരവും വിശ്വാസത്തോടു കൂടിയ പ്രാര്‍ത്ഥനയുടെ ശക്തിയും വെളിപ്പെടുത്തുന്നു.

വലിയ ആദരവോടും ഭക്തിയോടും കൂടെയാണ് സുവിശേഷത്തിലെ ആ മനുഷ്യന്‍ ഈശോയെ സമീപിക്കുന്നത്. അയാള്‍ അവിടുത്തെ മുമ്പിലെത്തി മുട്ടുകുത്തുന്നത് അവിടുത്തെ ദൈവത്വം അംഗീകരിക്കുന്നതിന്റെ അടയാളമാണ്. “എന്റെ കര്‍ത്താവേ” എന്ന അഭിസംബോധനയും അതു വ്യക്തമാക്കുന്നുണ്ട്. പഴയനിയമത്തില്‍ ദൈവത്തിന്റെ പേരുകളില്‍ പ്രധാനപ്പെട്ടതാണ് ‘കര്‍ത്താവ്’ അഥവാ ‘യാഹ്‌വേ’. ഈശോയുടെ പക്കലെത്തിയ ആ മനുഷ്യന്‍ വ്യക്തിപരമായി ഈശോയെ ദൈവമായി ഏറ്റുപറയുന്നതിനു തുല്യമാണ് “എന്റെ കര്‍ത്താവേ” എന്ന സംബോധന.

കര്‍ത്താവിന്റെ കരുണയ്ക്കുവേണ്ടിയാണ് അയാള്‍ അപേക്ഷിച്ചത്: “എന്റെ കര്‍ത്താവേ, എന്റെ പുത്രനില്‍ കനിയണമേ.” സങ്കീര്‍ത്തനങ്ങളില്‍ ദൈവസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള യാചനയുടെ ശൈലിയിലാണ് അയാളും അപേക്ഷിക്കുന്നത്. ഉദാഹരണത്തിന്, അമ്പത്താറാം സങ്കീര്‍ത്തനം ആരംഭിക്കുന്നത് ഇപ്രകാരമാണ്: “ദൈവമേ, എന്നോടു കരുണ തോന്നണമേ! മനുഷ്യര്‍ എന്നെ ചവിട്ടി മെതിക്കുന്നു. ദിവസം മുഴുവന്‍ ശത്രുക്കള്‍ എന്നെ പീഡിപ്പിക്കുന്നു” (സങ്കീ 56,1). ഈശോയുടെ രക്ഷാകരമായ ഇടപെടല്‍ യാചിച്ചുകൊണ്ട് അപേക്ഷിക്കുന്ന പലരും അവിടുത്തെ കരുണയ്ക്കായാണ് യാചിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. കാഴ്ച വീണ്ടുലഭിക്കാന്‍ ആഗ്രഹിച്ച് അവിടുത്തെ പക്കലണഞ്ഞ കുരുടര്‍, “ദാവീദിന്റെ പുത്രാ, ഞങ്ങളോടു കരുണ തോന്നണമേ” (മത്താ 9,27) എന്നാണ് പ്രാര്‍ത്ഥിച്ചത്.

ടയര്‍-സീദോന്‍ പ്രദേശത്തുവച്ച് ഈശോയെ സമീപിച്ച കാനാന്‍കാരി സ്ത്രീ അവിടുത്തോട് ഇപ്രകാരം നിലവിളിച്ചപേക്ഷിച്ചു: “ദാവീദിന്റെ പുത്രനായ എന്റെ കര്‍ത്താവേ, എന്നില്‍ കനിയണമേ” (മത്താ 15,22). ജറുസലേമിലേക്കുള്ള യാത്രാമദ്ധ്യേ സമരിയായ്ക്കും ഗലീലിയ്ക്കുമിടയ്ക്കുള്ള ഗ്രാമത്തില്‍വച്ച് ഈശോയെ കണ്ടുമുട്ടിയ പത്തു കുഷ്ഠരോഗികള്‍ ഉച്ചത്തില്‍ അവിടുത്തോടു വിളിച്ചുയാചിച്ചതും കരുണയ്ക്കായാണ്: “ഗുരുവായ ഈശോയേ, ഞങ്ങളില്‍ കനിയണമേ” (ലൂക്കാ 17,13). പൗരസ്ത്യസുറിയാനി ആരാധനക്രമത്തില്‍ കാറോസൂസാ പ്രാര്‍ത്ഥനകള്‍ക്കു മറുപടിയായി സമൂഹം ആവര്‍ത്തിച്ചിരുന്നത്, “കര്‍ത്താവേ ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ/ കര്‍ത്താവേ, ഞങ്ങളില്‍ കനിയണമേ” എന്നാണ്. ഇതിന്റെ ഗ്രീക്കുരൂപമായ (Kyrie eleison) “കീരിയേ ഏലെയിസോണ്‍/ കുറിയേലായിസോണ്‍” എല്ലാ ക്രൈസ്തവ ആരാധനക്രമങ്ങളിലും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

അപസ്മാരം പിടിപെട്ടു ക്ലേശിച്ചിരുന്ന തന്റെ മകനുവേണ്ടിയാണ് ആ പിതാവ് ഈശോയുടെ കരുണ യാചിച്ചത്. അപകരമായ രീതിയില്‍ അവന്‍ കൂടെക്കൂടെ തീയിലും വെള്ളത്തിലും വീഴുന്നു എന്നത് അപസ്മാരത്തിന്റെ ലക്ഷണമാണ്. പക്ഷേ, അവന്റെ ഈ രോഗത്തിനു പിന്നില്‍ പിശാചിന്റെ സ്വാധീനംകൂടി ഉണ്ടായിരുന്നുവെന്ന് തുടര്‍ന്നുവരുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈശോ അവനെ ശാസിച്ചപ്പോള്‍ പിശാച് അവനെ വിട്ടുപോയി (മത്താ 17,18) എന്നാണു സുവിശേഷകന്‍ രേഖപ്പെടുത്തുന്നത്. തത്ക്ഷണം ആ ബാലന്‍ സുഖം പ്രാപിക്കുകയും ചെയ്തു.

ഈശോയുടെ ശിഷ്യര്‍ക്കു സാധിക്കാതിരുന്ന കാര്യമാണ് അധികാരത്തോടെയുള്ള ഈശോയുടെ വാക്കുകള്‍ കൊണ്ടു സാധിച്ചത്. രോഗികളെ സുഖപ്പെടുത്താനും പിശാചുക്കളെ ബഹിഷ്‌ക്കരിക്കാനുമുള്ള അധികാരം ഈശോ അവരെ ദൈവരാജ്യസുവിശേഷപ്രഘോഷണദൗത്യവുമായി അയച്ചപ്പോള്‍ നല്കിയതാണ് (മത്താ 10,8). ഈ പശ്ചാത്തലത്തില്‍വേണം, “അല്ലയോ, വിശ്വാസമില്ലാത്ത ദുഷിച്ച തലമുറയേ, എത്രകാലംകൂടി ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും? എത്രകാലംകൂടി ഞാന്‍ നിങ്ങളോടു ക്ഷമിക്കും?” എന്ന അവിടുത്തെ വാക്കുകള്‍ മനസ്സിലാക്കാന്‍. മരുഭൂമിയില്‍വച്ച് ദൈവത്തോടും മോശയോടും മറുതലിച്ച ഈസ്രായേലിനെക്കുറിച്ചാണ് വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറ എന്ന് പഴയനിയമത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത് (നിയ 32,5.20). ഈശോയെ പരീക്ഷിക്കാനായി അവിടുന്നില്‍നിന്ന് ഒരടയാളം അന്വേഷിച്ചു വന്ന പ്രീശരെയും നിയമജ്ഞരെയും ഈശോ അഭിസംബോധന ചെയ്യുന്നതും ഇതിനു സമാനമായ വിശേഷണമുപയോഗിച്ചാണ് (മത്താ 12,38-39).

ശിഷ്യരുടെ വിശ്വാസക്കുറവു നിമിത്തമാണ് അവര്‍ക്ക് ആ ബാലനെ സുഖപ്പെടാത്താനാവാതെ പോയത് എന്ന് ഈശോയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് എന്തുകൊണ്ടാണ് അവനെ സുഖപ്പെടുത്താന്‍ സാധിക്കാതെ പോയത് എന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് ഉത്തരമായി അവിടുന്ന് അരുളിച്ചെയ്തു: നിങ്ങളുടെ വിശ്വാസരാഹിത്യംകൊണ്ടു തന്നെ (മത്താ 17,20). ദൈവപരിപാലയില്‍ വിശ്വാസമില്ലാതെ, അമിതമായ ഉത്ക്ണ്ഠയിലും ആകുലതയിലും ജീവിതം പാഴാക്കുന്നവരെ അവിടുന്ന് “അല്പവിശ്വാസകളേ” എന്ന് വിളിക്കുന്നതു ഗിരപ്രഭാഷണത്തില്‍ നമ്മള്‍ ശ്രവിക്കുന്നുണ്ട് (മത്താ 6,30). മറ്റു പല സന്ദര്‍ഭങ്ങളിലും ഈശോ അവിടുത്തെ ശിഷ്യരെക്കുറിച്ച് ഇതേ വിശേഷണം ഉപയോഗിച്ചിട്ടുണ്ട്.

ഉദാഹരണത്തിന്, അവര്‍ സഞ്ചരിച്ചിരുന്ന വഞ്ചിയിലേക്ക് തിരമാലകള്‍ അടിച്ചപ്പോള്‍ അസ്വസ്തരായ ശിഷ്യരോട് അവിടുന്ന് ചോദിച്ചു: “അല്പവിശ്വാസികളേ, നിങ്ങള്‍ എന്തിനു ഭയപ്പെടുന്നു” (മത്താ 8,26). വെള്ളത്തിനുമീതേകൂടെ ഈശോയുടെ പക്കലേക്കു നടന്നുനീങ്ങാന്‍ ആഗ്രഹിച്ച ശിമയോന്‍ കേപ്പാ ശക്തമായ കൊടുങ്കാറ്റു കണ്ടു ഭയന്ന് വെള്ളത്തി ലേക്കു താഴാന്‍ തുടങ്ങിയപ്പോള്‍, തന്റെ കൈനീട്ടി അയാളെ പിടിച്ചുകൊണ്ട് ചോദിച്ചു: “അല്പവിശ്വാസീ, നീ എന്തിനു സംശയിച്ചു?” (മത്താ 14,31). അപ്പമെടുക്കാന്‍ മറന്നുപോയ ശിഷ്യന്മാര്‍ അതെക്കുറിച്ച് ആകുലപ്പെട്ടപ്പോള്‍ അവിടുന്ന് അവരോടു ചോദിച്ചു: “അല്പവിശ്വാസികളേ, അപ്പം എടുത്തില്ലാ എന്നതിനെപ്പറ്റി നിങ്ങള്‍ പരസ്പരം സംസാരിക്കുന്നതെന്തിന്?” (മത്താ 16,8). ദൈവപരിപാലനയിലോ ഈശോയുടെ ദൈവികശക്തിയിലോ വിശ്വാസമില്ലാതിരുന്നതിനാലാണ് അവരെ “വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ” എന്നവിടുന്നു വിളിച്ചത്.

വിശ്വാസമില്ലാതിരിക്കുന്നതു തന്നെയാണ് വഴിപിഴയ്ക്കലും. ഈശോ തിരഞ്ഞെടുത്ത് കൂടെകൊണ്ടുനടന്നു പരിശീലിപ്പിച്ച് ദൈവരാജ്യസുവിശേഷം പ്രഘോഷിക്കാനും പിശാചുക്കളെ ബഹിഷ്‌ക്കരിക്കാനും അധികാരവും നല്കിയ ശിഷ്യന്മാര്‍പോലും വിശ്വാസത്തില്‍ വളരേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ്, എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിക്കും! എന്ന് ആവിടുന്ന് ആശ്ചര്യപ്പെടുന്നത്. ഈശോയുടെ കൂടെ നടന്നതുകൊണ്ടോ അവിടുന്നു നല്കുന്ന അധികാരം ഉണ്ടായതുകൊണ്ടോ മാത്രം ഫലമുണ്ടാകണമെന്നില്ല. ഈ ദൈവിക ദാനങ്ങളോടുള്ള നമ്മുടെ സഹകരണംവഴി വിശ്വാസത്തില്‍ വളരുന്നതാണ് പ്രധാനം.

എന്തുകൊണ്ടാണ് തങ്ങള്‍ക്ക് ആ അശുദ്ധാത്മാവിനെ ബഹിഷ്‌ക്കരിക്കാന്‍ സാധിക്കാതെപോയത് എന്ന് അവര്‍ ഈശോയോട് രഹസ്യത്തില്‍ ആരാഞ്ഞ ശിഷ്യന്മാരോട് അവിടുന്നു പറഞ്ഞു: നിങ്ങള്‍ക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട് ഇവിടെനിന്നു മാറാന്‍ പറഞ്ഞാല്‍ അതു മാറിപ്പോകും. നിങ്ങള്‍ക്ക് ഒന്നും അസാദ്ധ്യമായിരിക്കുയില്ല. മലകളെ മാറ്റുക എന്ന പ്രയോഗത്തിനര്‍ത്ഥം സാധാരണഗതിയില്‍ അസാദ്ധ്യമായത് ചെയ്യുക എന്നാണ്. സ്‌നേഹത്തിന്റെ സര്‍വോത്കൃഷ്ടതയെക്കുറിച്ചുള്ള ഗീതത്തില്‍ മലകളെ മാറ്റുന്ന വിശ്വാസത്തെക്കുറിച്ചു പൗലോസ്ശ്ലീഹാ പ്രതിപാദിക്കുന്നുണ്ടല്ലോ. “എനിക്കു പ്രവചനവരമുണ്ടായിരി ക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും സകല വിജ്ഞാനവും മലകളെ മാറ്റാന്‍തക്ക വിശ്വാസം എനിക്കുണ്ടായിരിക്കുകയും ചെയ്താാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല” (1 കോറി 13,2). മനുഷ്യ ദൃഷ്ടിയില്‍ അസാദ്ധ്യമായതുപോലും വിശ്വാസം സാദ്ധ്യമാക്കുന്നു എന്നു സാരം. മാനുഷിക കഴിവുകള്‍ക്ക് അതീതമായവ ചെയ്യാന്‍ വിശ്വാസത്തിനു സാധിക്കും. അതാണല്ലോ ഓരോ കൂദാശയിലും സംഭവിക്കുന്നത്. പരിശുദ്ധാരൂപി പ്രദാനം ചെയ്യുന്ന കൃപാവരം വിശ്വാസത്തോടും സ്‌നേഹത്തോടുംകൂടെ സ്വീകരിക്കുമ്പോള്‍ മനുഷ്യന് അസാദ്ധ്യമായതാണു നമ്മില്‍ സംഭവിക്കുന്നത്. നമുക്ക് കര്‍ത്താവിന്റെ സാന്നിദ്ധ്യത്തിലും കൂദാശകളുടെ രക്ഷാകരഫലദായകത്വത്തിലും വിശ്വാസം ഉണ്ടാകണമെന്നുമാത്രം.

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഈശോ മറ്റൊരു മറുപടി നല്കുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്: “പ്രാര്‍ത്ഥന കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തുപോവുകയില്ല” (മര്‍ക്കോ 9,29). പ്ശീത്താപരിഭാഷയില്‍, “പ്രാര്‍ത്ഥനയും ഉപവാസവുംകൊണ്ടല്ലാത മറ്റൊന്നുകൊണ്ടും ഈ വര്‍ഗത്തെ പുറത്താക്കാന്‍ സാധിക്കുകയില്ല” എന്നു കാണുന്നു. വിശ്വാസക്കുറവ് പരിഹരിക്കുന്നതിനുള്ള മാര്‍ഗമാണ് ഇവിടെ ഈശോ നിര്‍ദ്ദേശിക്കുന്നത്. പ്രാര്‍ത്ഥനയും ഉപവാസവും ഒന്നിച്ചുപോകുന്ന കാര്യങ്ങളാണ് എന്ന് ഹന്നാപ്രവാചികയുടെ ജീവിതത്തില്‍നിന്നു നമ്മള്‍ മനസ്സിലാക്കുന്നുണ്ട്. “എണ്‍പത്തിനാലു വയസ്സായ ഈ വിധവ ദൈവാലയം വിട്ടുപോകാതെ, രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കഴിയുകയായിരുന്നു” (ലൂക്കാ 2,37) എന്നാണു വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്നത്. പരസ്യജീവിതാരംഭത്തില്‍ നാല്പതുദിവസം ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ചിലവഴിച്ചുകൊണ്ട് എപ്രകാരമാണ് തിന്മയുടെ ശക്തികളെ കീഴടക്കാന്‍ നമ്മള്‍ തയ്യാറെടുക്കേണ്ടത് എന്ന് അവിടുന്നു പഠിപ്പിച്ചു. ഓരോ പരിശുദ്ധ കുര്‍ബാനയര്‍പ്പണത്തിലും നമ്മള്‍ ഇക്കാര്യം അനുസ്മരിക്കുന്നുണ്ട്: “ഉപവാസവും പ്രാര്‍ത്ഥനയും അനുതാപവുംവഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്കു പ്രസാദിപ്പിക്കാം.” ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.