ഞായര്‍ പ്രസംഗം 3 – ഒക്ടോബര്‍ 13, വിശ്വസിക്കുന്നവന് നിത്യരക്ഷ

മിശിഹായുടെ രണ്ടാം വരവിനെയും നമ്മുടെ സ്വര്‍ഗ്ഗപ്രാപ്തിയെയും ധ്യാനിക്കുന്ന ഏലിയാ സ്ലീവാ മൂശാക്കാലത്തിലെ ആറാം ആഴ്ചയിലേയ്ക്ക് നാം പ്രവേശിച്ചിരിക്കുന്നു. സഭയാകുന്ന അമ്മ, ഇന് ത്തെ വചനത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ‘ഭൂമിയിലെ ചെറുതും വലുതുമായ നമ്മുടെ നൊമ്പരത്തിന്റെ വേളകളില്‍ നമുക്ക് ആശ്രയമായി ക്രിസ്തുവുണ്ട്.’

സുവിശേഷകനായ ലൂക്കാ നമുക്ക് ആദ്യം പരിചയപ്പെടുത്തുന്നത് സിനഗോഗ് അധികാരിയായ ജായ്‌റോസിനെയാണ്. യഹൂദര്‍ ധ്യാനത്തിനും വചനവ്യാഖാനത്തിനും ഒരുമിച്ചുകൂടുന്ന സ്ഥലമാണ് സിനഗോഗ്. ആ സിനഗോഗിലെ നേതാക്കന്മാരുടെ തലവനായ വ്യക്തിയായിരുന്നു ജായ്‌റോസ്. ഹൃദയം തകരുന്ന വേദനയോടെ ആയിരിക്കണം അവന്‍ ഈശോയെ സമീപിച്ച് കാല്‍ക്കല്‍ വീഴുന്നത്. അവന്റെ നൊമ്പരത്തിന്റെ കാരണം, തന്റെ പന്ത്രണ്ടു വയസ്സു മാത്രം പ്രായമുള്ള ഏകപുത്രി മരണത്തെ മുന്നില്‍ക്കണ്ട് കിടക്കുന്നു എന്നതാണ്. ഈയൊരു അവസരത്തില്‍ ഏതൊരപ്പന്റെ ഹൃദയമാണ് ആഴമായ ദുഃഖത്തില്‍ പതിക്കാത്തത്.

സുവിശേഷകന്‍ രണ്ടാമതായി നമുക്ക് പരിചയപ്പെടുത്തുന്നത്, രക്തസ്രാവക്കാരിയായ ഒരു സ്ത്രീയെയാണ്. പന്ത്രണ്ടു വര്‍ഷത്തോളമായി അവളുടെ ഹൃദയം നൊമ്പരത്തിന്റെ താഴ്‌വരയാണ്. യഹൂദ ആചാരമനുസരിച്ച്, പന്ത്രണ്ടു വര്‍ഷമായി അവള്‍, അശുദ്ധരുടെ ഗണത്തിലാണ്. അവള്‍ ആരെയൊക്കെ സ്പര്‍ശിക്കുന്നുവോ, അവരിലേയ്ക്കും അശുദ്ധി പകരും എന്ന യഹൂദചിന്ത അവളെ കൂടുതല്‍ മാനസീകദുഃഖത്തിന്റെ പിരിമുറുക്കത്തിലേയ്ക്ക് നയിച്ചിട്ടുമുണ്ടാകാം. ഒരു വൈദ്യനായിരുന്ന, സുവിശേഷകനായ ലൂക്കാ അവള്‍ക്കു നല്‍കുന്ന വിശേഷണം ഇപ്രകാരമാണ്: ‘ആര്‍ക്കും സുഖപ്പെടുത്താന്‍ കഴിയാതിരുന്നവള്‍.’ ശരീരത്തിന്റെ വേദനയും സാമൂഹിക അവഗണനയും നേരിടുമ്പോള്‍ ഏതു സ്ത്രീയുടെ ഹൃദയമാണ് നൊമ്പരപ്പെടാത്തത്?

നൊമ്പരപ്പെട്ട് മകള്‍ക്കു വേണ്ടി ഈശോയെ സമീപിച്ച ജായ്‌റോസിനും, സുഖപ്പെടാനാഗ്രഹിച്ച രക്തസ്രാവക്കാരിയായ സ്ത്രീയ്ക്കും ലഭിച്ച സൗഖ്യാനുഭവം വിവരിച്ചുകൊണ്ട് ലൂക്കാ സുവിശേഷകന്‍ ഇന്ന് എന്നോടു ചോദിക്കുകയാണ്, ‘ഹൃദയത്തില്‍ നൊമ്പരം കൊണ്ടുനടക്കുന്നവനാണോ നീ? എങ്കില്‍ ക്രിസ്തു നിന്റെ അവകാശമണ്.’ നൊമ്പരപ്പെടുന്നവന്റെ അവകാശമാണ് ക്രിസ്തു. അതുകൊണ്ടായിരിക്കാം ഈശോ ഒരിക്കല്‍ പറഞ്ഞത്: ‘അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം’ (മത്തായി 11:28-29). എന്റെ പ്രതിസന്ധികള്‍ക്കുള്ള ഉത്തരം അവന്റെ പക്കലുണ്ട്.

നൊമ്പരപ്പെടുന്ന എനിക്ക് ക്രിസ്തുവാകുന്ന ഈ അവകാശം സ്വന്തമാക്കാനായി ഒന്നു മാത്രം ചെയ്താല്‍ മതി. ജായ്‌റോസിനെപ്പോലെ, രക്തസ്രാവക്കാരി സ്ത്രീയെപ്പോലെ ആഴമായ വിശ്വാസത്തോടെ അവന്റെ അടുക്കല്‍ ഒന്ന് വന്നു നിന്നാല്‍ മതി. ഓര്‍ക്കുക, ആഴമായ വിശ്വാസത്തോടെ എന്നത് പ്രധാനപ്പെട്ട കാര്യം തന്നെ. എന്റെ വിശ്വാസത്തിന്റെ മേഖലയില്‍ ഞാന്‍ എവിടെ നില്‍ക്കുന്നുവെന്ന് ആത്മപരിശോധന ചെയ്യാം. അതറിയാന്‍ യാക്കോബ് 2:17 ശ്രദ്ധിക്കണം. ‘പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജ്ജീവമാണ്.’ യാക്കോബ് ശ്ലീഹാ ഉന്നയിക്കുന്ന ഒരു ചോദ്യം വളരെ പ്രസക്തമാണ്. ‘ഒരു സഹോദരനോ, സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ, ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍, നിങ്ങളിലാരെങ്കിലും ശരീരത്തിന് ആവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോട് പറയുന്നെങ്കില്‍ അതുകൊണ്ട് എന്തു പ്രയോജനം?’ ക്രൈസ്തവ വിശ്വാസം ആഴമുള്ളതായി തീരുന്നത്, ജീവനുള്ളതായി തീരുന്നത്, പ്രവൃത്തികളിലൂടെയാണ്. ദൈവം ഏകനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൊള്ളാം, നല്ലത്, ഓര്‍ക്കുക, പിശാചുക്കളും അതു തന്നെ വിശ്വസിക്കുന്നു. അങ്ങനെയെങ്കില്‍ എന്റെ വിശ്വാസത്തെ പിശാചുക്കളുടെ വിശ്വാസത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താണ്?

പ്രിയമുള്ളവരെ, എന്റെ വിശ്വാസത്തെ വ്യത്യസ്തമാക്കുന്നത് എന്റെ പ്രവൃത്തികളായിരിക്കണം – എന്റെ പുണ്യപ്രവൃത്തികള്‍. എന്റെ പ്രവൃത്തികളിലൂടെ ആയിരിക്കണം എന്റെ വിശ്വാസം ഞാന്‍ പ്രഘോഷിക്കേണ്ടത്. എന്റെ പ്രവൃത്തികള്‍ കണ്ടിട്ട് ഞാനൊരു ക്രിസ്തുശിഷ്യനാണെന്ന് എത്ര പേര്‍ പറയും? ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നെന്ന് പറയുകയും അപരന്റെ നൊമ്പരം അകറ്റാന്‍, അവന്റെ ഇല്ലായ്മകളെ പരിഗണിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാതിരിക്കുകയും ചെയ്താല്‍ ഞാന്‍ കള്ളം പറയുന്നു. സ്വന്തം നൊമ്പരത്തിന്റെ മദ്ധ്യേ അപരന്റെ വേദനകള്‍ക്ക് കാതു കൊടുക്കുന്നവനാണ് ക്രിസ്തുശിഷ്യന്‍. കാരണം, ഗുരു അത് കാട്ടിത്തന്നിട്ടുണ്ട്. കുരിശില്‍ മാനസീകവും ശാരീരികവുമായ വേദന അനുഭവിക്കുമ്പോഴും താഴെ നില്‍ക്കുന്ന തന്റെ അമ്മയുടെ ഹൃദയ നൊമ്പരങ്ങള്‍ മനസ്സിലാക്കാനായി അവനു സാധിച്ചു. അനാഥമാക്കപ്പെട്ട ആ ജീവിതത്തെ തിരിച്ചറിഞ്ഞ്, അവന്‍ യോഹന്നാനോടു പറഞ്ഞു: ‘ഇതാ നിന്റെ അമ്മ.’ പ്രിയമുള്ളവരെ, ഒരു ക്രിസ്തുശിഷ്യന് സ്വന്തം നൊമ്പരങ്ങള്‍, അപരന്റെ നൊമ്പരങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാനുള്ള ലൈസന്‍സല്ല. മറിച്ച്, അപരന്റെ നൊമ്പരത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്.

ഇന്ന് ലേഖനവായനയിലൂടെ പൗലോസ് ശ്ലീഹാ ആത്മാവിന്റെ ഫലങ്ങള്‍ ഏതെല്ലാമെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു. സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടാല്‍ മാത്രമേ, എന്റെ നൊമ്പരങ്ങള്‍ക്കിടയിലും എനിക്ക് അപരനെ സ്‌നേഹിക്കാനും അപരനോട് ദയ കാണിക്കാനും, ക്ഷമിക്കാനും സാധിക്കൂ. അതുകൊണ്ട് പരിശുദ്ധാത്മാവിനോട് നാം പ്രാര്‍ത്ഥിക്കണം: ‘പരിശുദ്ധാത്മാവേ, എന്റെ വിശ്വാസത്തെ പ്രവൃത്തികളാല്‍ ആഴപ്പെടുത്താന്‍ എന്നെ സഹായിക്കണമേ’ എന്ന്.
ജായ്‌റോസിന്റെയും, രക്തസ്രാവക്കാരി സ്ത്രീയുടെയും അനുഭവത്തില്‍ നിന്ന് നാം മനസ്സിലാക്കി, നൊമ്പരപ്പെടുന്നവന്റെ അവകാശമാണ് ക്രിസ്തു എന്ന്. ഈ അവകാശം സ്വന്തമാക്കാന്‍ ആഴമായ വിശ്വാസത്തോടെ ക്രിസ്തുവിനെ സമീപിച്ചാല്‍ മതി. എന്റെ ആഴമായ വിശ്വാസം ഞാന്‍ പ്രകടിപ്പിക്കേണ്ടത്, നൊമ്പരങ്ങള്‍ക്കിടയിലും അപരന്റെ വേദനകളെ പരിഗണിച്ചുകൊണ്ടാണ്. ഇവ അസാധ്യമായ കാര്യങ്ങളല്ല എന്ന് ഈശോയും, മാതാവും, യൗസേപ്പിതാവും, വിശുദ്ധരും നമുക്ക് കാട്ടിത്തന്നിട്ടുണ്ട്.

അലക്‌സാണ്ടറിന്റെ കുത്തേറ്റ് ആശുപത്രിയില്‍ മരണത്തെ കാത്തുകിടക്കുമ്പോഴും മരിയ ഗൊരേത്തി എന്ന പെണ്‍കുട്ടി പറഞ്ഞത്: ‘അലക്‌സാണ്ടര്‍, നിന്നോടു ഞാന്‍ ക്ഷമിച്ചിരിക്കുന്നു.’ എന്നാണ്. കാരണം, അലക്‌സാണ്ടറിന്റെ ആത്മാവിന്റെ നൊമ്പരം അവള്‍ മനസ്സിലാക്കിയിരുന്നു. അപരന്റെ നൊമ്പരങ്ങള്‍ ഇല്ലാതാക്കാന്‍ ഞാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ കാണുന്ന ദൈവം എന്റെ നൊമ്പരങ്ങള്‍ ഒപ്പാനയി കടന്നുവരും. അതു തീര്‍ച്ച. അപരന്റെ നന്മയ്ക്കായി സ്വയം മുറിച്ചു നല്‍കുന്ന ദിവ്യകാരുണ്യത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാം. ‘ഞങ്ങളെ വിശ്വാസത്തില്‍ ആഴപ്പെടുത്തണേ’ എന്ന്.

ബ്ര. ജൂഡ് കോയില്‍പ്പറമ്പില്‍ MCBS