ഞായര്‍ പ്രസംഗം ദനഹാ നാലാം ഞായര്‍ ജനുവരി 24 യോഹ. 2: 1-11 കാനായില്‍ മിശിഹായുടെ മഹത്വം വെളിപ്പെടുന്നു

ഡോ. ആഡ്രൂസ് മേക്കാട്ടുകുന്നേൽ

ദൈവപുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരത്തെക്കുറിച്ച് യോഹന്നാന്‍ ശ്ലീഹാ രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: “വചനം മാംസമായി നമ്മുടെ ഇടയില്‍ കൂടാരമടിച്ചു. അവന്റെ മഹത്വം, പിതാവിന്റെ ഏകജാതന്റെ മഹത്വം, കൃപയും സത്യവും നിറഞ്ഞതായി നമ്മള്‍ കണ്ടു” (യോഹ. 1:14). മാമ്മോദീസായില്‍ ആരംഭിച്ച പരസ്യജീവിതത്തോടെയാണ് ഈശോ തന്റെ ദൈവികമഹത്വം വെളിവാക്കി തുടങ്ങിയത്.

ഇന്നത്തെ സുവിശേഷത്തില്‍, നസ്രായനായ ഈശോയുടെ ദൈവികമഹത്വം വെളിപ്പെടുത്തിയ ആദ്യത്തെ അടയാളത്തെക്കുറിച്ച് നമ്മള്‍ വായിക്കുന്നു (യോഹ. 2:1-12). യോഹന്നാന്‍ ശ്ലീഹാ അത്ഭുതങ്ങളെ ‘അടയാളങ്ങള്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം, അത്ഭുതങ്ങള്‍ ഈശോയുടെ ‘ദൈവികമഹത്വം’ വെളിപ്പെടുത്തുന്ന അടയാളങ്ങളാണ്. കാനായിലെ കല്യാണവിരുന്നിന്റെ വേളയില്‍ അവിടുന്ന് പ്രവര്‍ത്തിച്ച അത്ഭുതം അവിടുത്തെ ‘ദൈവികമഹത്വത്തിന്റെ അടയാളം’ ആയിരുന്നു (യോഹ. 2:11). ഈ അടയാളത്തിന്റെ അര്‍ത്ഥം ഗ്രഹിച്ച, അവിടുത്തെ മഹത്വം ദര്‍ശിച്ച ശിഷ്യന്മാര്‍ ഈശോയില്‍ വിശ്വസിക്കുകയും ചെയ്തു. അവിടുത്തെ മനുഷ്യാവതാര ലക്ഷ്യമാണ് ഇതോടെ നിറവേറാന്‍ ആരംഭിച്ചത്.

മൂന്നാം ദിവസത്തെ അടയാളം

“മൂന്നാം ദിവസം ഗലീലിയായിലെ കാനായില്‍ ഒരു വിവാഹവിരുന്ന് നടന്നു” (യോഹ. 2:1) എന്ന ആമുഖത്തോടെയാണ് രണ്ടാം അധ്യായത്തിലെ തന്റെ വിവരണം വി. യോഹന്നാന്‍ ആരംഭിക്കുന്നത്. ഒന്നാം അധ്യായത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ദിവസങ്ങള്‍ എണ്ണിയാല്‍ (1:29,35.43) രണ്ടാം അധ്യായത്തിലേത് അഞ്ചാം ദിവസമാണ്. പിന്നെ എന്തുകൊണ്ടാണ് സുവിശേഷകന്‍ ‘മൂന്നാം ദിവസം’ എന്ന് രേഖപ്പെടുത്തുന്നത്?

മൊപ്‌സുവെസ്ത്യായിലെ തെയഡോറിന്റെ അഭിപ്രായത്തില്‍ ഈ മൂന്നാം ദിവസം, യോഹ. 1:29-34 ല്‍ സൂചിപ്പിക്കപ്പെടുന്ന ഈശോയുടെ മാമ്മോദീസായ്ക്കു ശേഷമുള്ള മൂന്നാം ദിവസമാണ്. മാമ്മോദീസായ്ക്കു ശേഷം അന്ത്രയോസും അദ്ദേഹത്തിന്റെ സ്‌നേഹിതനും ഈശോയുടെ കൂടെ വസിക്കുന്ന സംഭവം (യോഹ. 1:35-42) ഒന്നാം ദിവസത്തേതും ഈശോ പീലിപ്പോസിനെയും നഥാനിയേലിനെയും വിളിക്കുന്ന സംഭവം (യോഹ. 1:43-51) രണ്ടാം ദിവസത്തേതുമായി പരിഗണിച്ചാല്‍ രണ്ടാം അധ്യായത്തില്‍ വിവരിക്കുന്ന കാനായിലെ വിവാഹം മൂന്നാം ദിവസത്തെ സംഭവമാണ്. കാനാ സംഭവം ഈശോയുടെ മാമ്മോദീസായിലെ വെളിപ്പെടുത്തലിന്റെ തുടര്‍ച്ചയായി മനസ്സിലാക്കണമെന്നു ചുരുക്കം.

‘മൂന്നാം ദിവസം’ എന്ന പ്രയോഗത്തിന് ദൈവശാസ്ത്രപരമായ അര്‍ത്ഥം കൂടിയുണ്ട്. അത് മരിച്ചവരില്‍ നിന്നുള്ള ഈശോയുടെ ഉത്ഥാനത്തെ സൂചിപ്പിക്കുന്നതാണ്. തിരുലിഖിതങ്ങളില്‍ പറയുന്നതുപോലെ, മിശിഹാ സംസ്‌ക്കരിക്കപ്പെട്ട് ‘മൂന്നാം ദിവസം ഉയിര്‍ത്തു’ (1 കോറി 15:4) എന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നാണ്. ഈശോ പ്രവര്‍ത്തിച്ച ഏറ്റവും വലിയ അടയാളം – അത്ഭുതം – അവിടുത്തെ ഉത്ഥാനമാണ്. കാനായില്‍ നടന്ന ആദ്യത്തെ അടയാളവും മൂന്നാം ദിവസമായിരുന്നു എന്നു പറയുക വഴി, ഈശോയുടെ കുരിശുമരണത്തിന്റെ മൂന്നാം ദിവസം സംഭവിച്ച അവിടുത്തെ ഉത്ഥാനവുമായി കാനായിലെ സംഭവത്തിനുള്ള ബന്ധം സൂചിപ്പിക്കുകയാണ് യോഹന്നാന്‍. മിശിഹായുടെ മഹത്വീകരണത്തിന്റെ ആരംഭം കാനായിലാണെങ്കില്‍ അതിന്റെ പരിസമാപ്തി അവിടുത്തെ ഉത്ഥാനത്തിലാണല്ലോ.

മഹത്വീകരണത്തിന്റെ മണിക്കൂര്‍

മിശിഹാ നിര്‍വ്വഹിച്ച രക്ഷണീയകര്‍മ്മത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന് അതുല്യമായ സ്ഥാനമുണ്ട്. സുവിശേഷ വിവരണത്തിന്റെ ആരംഭത്തിലും (യോഹ. 2:1-12) അവസാനത്തിലും (യോഹ. 19:25-27) അവള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈശോയുടെ പരസ്യജീവിതാരംഭത്തിലും അവസാനത്തിലുമുള്ള മറിയത്തിന്റെ സാന്നിധ്യം അവിടുത്തെ ജീവിതം മുഴുവനിലുമുണ്ടായിരുന്ന സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്.

വീഞ്ഞ് തീര്‍ന്നുപോയ കുടുംബത്തിന്റെ വിഷമസ്ഥിതി കണ്ടറിഞ്ഞ് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിവുള്ള തന്റെ പുത്രന്റെ പക്കല്‍ ഉണര്‍ത്തിക്കുന്നത് മറിയമാണ്. കണ്ടറിഞ്ഞതും കേട്ടറിഞ്ഞും സഹായിക്കുന്നവളാണ് പരിശുദ്ധ മറിയം (ഏലീശ്വായ്ക്ക് തന്റെ സഹായം ആവശ്യമുള്ള സാഹചര്യമാണെന്ന് കേട്ടറിഞ്ഞാണല്ലോ തിടുക്കത്തില്‍ സഹായിക്കാനെത്തിയത്. ലൂക്കാ 1:39-45). വിശ്വാസികളായ നമുക്കേവര്‍ക്കുമുണ്ടാകേണ്ട മനോഭാവമാണിത്. നമുക്കു ചുറ്റുമുള്ള സഹോദരങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിയാനുള്ള താല്‍പര്യം. നിസ്സഹായാവസ്ഥ ഈശോയുടെ സന്നിധിയില്‍ ഉണര്‍ത്തിക്കാനുള്ള വിശ്വാസം. അതാണ് നമുക്കാവശ്യം. എങ്കില്‍ നമുക്കുചുറ്റും ഇന്നും അത്ഭുതങ്ങള്‍ സംഭവിക്കും.

വീഞ്ഞു തീര്‍ന്നുപോയ അവസ്ഥ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയ അമ്മയായ മറിയത്തോട് ഈശോയുടെ മറുപടി ഇപ്രകാരമായിരുന്നു: ”സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല” (യോഹ. 2:4). ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ‘സമയം’ ഈശോയുടെ മഹത്വീകരണത്തിന്റേതാണ്. താന്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന അത്ഭുതത്തെ തന്റെ മഹത്വീകരണത്തിന്റെ മണിക്കൂറുമായി ഈശോ ബന്ധിപ്പിക്കുന്നു. ഈശോയുടെ വാക്കുകളുടെ അര്‍ത്ഥമിതാണ്: ‘എന്റെ മഹത്വീകരണത്തിന്റെ സമയം ഇപ്പോള്‍ ആയിട്ടില്ലെങ്കിലും ആ മണിക്കൂറിനോടു ബന്ധിപ്പിച്ചു മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന അത്ഭുതത്തിന്റെ അര്‍ത്ഥം വ്യക്തമാവുകയുള്ളു’. ഈശോയുടെ ദൈവികമഹത്വം ലോകത്തിന് വെളിപ്പെടുത്തുവാന്‍ വേണ്ടിയാണ് കാനായിലെ അത്ഭുതം എന്നു സാരം. ഇസ്രായേല്‍ക്കാരുടെ ജീവിതത്തിലും ദൈവം അത്ഭുതകരമായി ഇടപെട്ട് മഹത്വം പ്രകടമാക്കുന്ന രംഗമാണ് ആദ്യവായനയിലുള്ളത് (സംഖ്യ 11:23-35). മരുഭൂമി യാത്രയ്ക്കിടയില്‍ ജനത്തിനു ഭക്ഷണത്തിനായി കാടപ്പക്ഷികളെ നല്‍കിയ രംഗത്തെ ദൈവികമഹത്വത്തിന്റെ വെളിപ്പെടുത്തലായാണ് മനസ്സിലാക്കേണ്ടത്.

ണ്ടാം ഹവ്വായായ മറിയം

പരിശുദ്ധ അമ്മയെ ‘സ്ത്രീയേ’ എന്ന് ഈശോ അഭിസംബോധന ചെയ്യുന്നതിനെക്കുറിച്ച് നമുക്ക് അസ്വസ്ഥത തോന്നിയേക്കാം. കാനായിലെ മറിയത്തിന്റെ സാന്നിധ്യം ഭൗതികഅമ്മ എന്ന നിലയിലല്ല; മറിച്ച്, രക്ഷാകരമായ ദൈവിക വെളിപ്പെടുത്തലില്‍ സഹകാരിണി എന്ന നിലയിലാണ്. മറിയം അവിടെ ‘രണ്ടാം ഹവ്വാ’ എന്ന സ്ഥാനത്താണ്. ദൈവികമഹത്വത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ പ്രകാശനത്തിന്റെ വേളയില്‍ കുരിശിന്‍ചുവട്ടില്‍ നില്‍ക്കുന്ന മറിയത്തെയും ഈശോ ‘സ്ത്രീയേ’ എന്നാണ് വിളിക്കുന്നത് (യോഹ. 19:25-27).

രക്ഷകനെക്കുറിച്ചുള്ള ആദ്യ വാഗ്ദാനവുമായി ബന്ധപ്പെട്ടതാണ് ഈ ‘സ്ത്രീ’ പ്രയോഗം. ദൈവഹിതത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ച സര്‍പ്പത്തോട് ദൈവം പറഞ്ഞു: ‘നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും’ (ഉല്‍. 3:15). തിന്മയുടെ തല തകര്‍ക്കുന്ന രക്ഷകന്റെ മാതാവായ സ്ത്രീ മറിയമാണ് എന്ന വസ്തുത വ്യക്തമാക്കുന്നതാണ് ‘സ്ത്രീയേ’ എന്ന ഈശോയുടെ അഭിസംബോധന. രക്ഷകനായ ഈശോയുടെ ദൈവികമഹത്വ വെളിപ്പെടുത്തലിന്റെ ആരംഭത്തിലും അവസാനത്തിലും പരിശുദ്ധ കന്യകാമറിയം അവിടുത്തോടൊപ്പമുണ്ട്. മിശിഹായോടു ബന്ധപ്പെടുത്തി വേണം മറിയത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ എന്നു സാരം.

ഈശോ സന്നിഹിതനായിരിക്കുന്ന വിവാഹവിരുന്ന്

ഈശോ സമാരംഭിക്കുന്ന മിശിഹായുഗം അനുസ്മരിപ്പിക്കുന്നതാണ് കാനായിലെ വിവാഹസന്ദര്‍ഭം. ദൈവമായ കര്‍ത്താവും ഇസ്രായേലും തമ്മിലുള്ള ബന്ധത്തെ ഭാര്യാ-ഭര്‍തൃബന്ധത്തോട് ഉപമിക്കുന്നത് പഴയമനിയമത്തിന്റെ ശൈലിയാണ് (ഏശ. 54:5; ഹോസി. 2:19-20). സത്യദൈവത്തെ ഉപേക്ഷിച്ച് മറ്റ് ദേവന്മാരുടെ പിന്നാലെ പോകുന്നതിനെ വിവാഹബന്ധത്തിലെ അവിശ്വസ്തതയായും പരിഗണിച്ചിരുന്നു (ജറെ. 3:7-8; 31:32). പുതിയനിയമത്തില്‍ പൗലോസ്ശ്ലീഹാ മിശിഹായും തിരുസഭയും തമ്മിലുള്ള ബന്ധത്തെയും ഭാര്യാ-ഭര്‍തൃബന്ധത്തോടാണല്ലോ ഉപമിക്കുന്നത് (എഫേ. 5:25).

സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ച വചനമായ ഈശോ അവരുടെ വിവാഹത്തിനുള്ള ക്ഷണം നിരസിക്കുന്നില്ല (ഒരിജന്‍). വിവാഹമെന്ന കൂദാശയില്‍ അവിടുന്നു തന്നെയാണ് പുരുഷനെയും സ്ത്രീയെയും ഒന്നിപ്പിക്കുന്നത്. അവിടുത്തെ സാന്നിധ്യം വഴി മിശിഹാ വിവാഹമെന്ന കൂദാശയെ വിശുദ്ധീകരിക്കുകയായിരുന്നു (ടൂറിനിലെ മാക്‌സിമൂസ്). ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന അതിവിശിഷ്ട വേദിയാണ് വിവാഹത്തിന്റേത്. തന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കുചേരാന്‍ ദൈവം മനുഷ്യനെ ക്ഷണിക്കുന്ന രംഗം വിവാഹത്തിന്റെ ഈ ദൈവികമാനം മനസ്സിലാക്കി കുടുംബജീവിതം നയിക്കാന്‍ നമ്മെ സഹായിക്കട്ടെ.

ശുചീകരണത്തിന് വെള്ളം വയ്ക്കുന്ന കല്‍ഭരണികള്‍

വാട്ടര്‍ടാങ്കും പൈപ്പ്‌വെള്ളവുമൊക്കെ ഇന്നത്തെപ്പോലെ സുലഭമാകുന്നതിനു മുമ്പ് നമ്മുടെ വീടുകളി ല്‍ ആവശ്യത്തിനുള്ള വെള്ളം കിണറുകളില്‍ നിന്ന് കോരിയെടുത്ത് വലിയ കുടങ്ങളിലും പാത്രങ്ങളിലും സൂക്ഷിക്കുന്ന രീതിയുണ്ടായിരുന്നു. പാലസ്തീനായിലെ യഹൂദര്‍ തങ്ങളുടെ ശുചീകരണത്തിന് ആവശ്യമായ ജലം ഭവനങ്ങളില്‍ സൂക്ഷിച്ചിരുന്നു. ആ വിവാഹവീട്ടില്‍ ഇപ്രകാരം ജലം സംഭരിക്കാനുപോയിഗിച്ചിരുന്ന ആറ് കല്‍ഭരണികള്‍ ഉണ്ടായിരുന്നു. ഈ കല്‍ഭരണികളിലാണ് വക്കോളം വെള്ളം നിറയ്ക്കാന്‍ ഈശോ ആവശ്യപ്പെട്ടത്. അപ്രകാരം അവര്‍ നിറച്ച വെള്ളം അവിടുന്ന് വീഞ്ഞാക്കി രൂപാന്തരപ്പെടുത്തി. ഈ അത്ഭുതത്തെക്കുറിച്ച് അപ്രേം പിതാവ് എഴുതുന്നത് ഇപ്രകാരമാണ്: ‘യഹൂദരുടെ ശുചീകരണത്തിന് ഉപയോഗിച്ച ഭരണികളിലേക്ക് നമ്മുടെ കര്‍ത്താവ് തന്റെ പ്രബോധനം പകര്‍ന്നു. തന്റെ പ്രബോധനത്താല്‍ എല്ലാറ്റിനെയും രൂപാന്തരപ്പെടുത്താന്‍ അവിടുന്ന് വരുന്നത് നിയമത്തിന്റെയും പ്രവാചകന്മാരുടെയും മാര്‍ഗ്ഗത്തിലൂടെയാണ് എന്നു വ്യക്തമാക്കാനായിരുന്നു ഇത്’. വിശുദ്ധ ആഗ്‌സതീനോസും ഇതിന് സമാനമായ വ്യാഖ്യാനമാണ് നല്‍കുന്നത്: ‘നമ്മുടെ കര്‍ത്താവീശോമിശിഹാ വെള്ളം വീഞ്ഞാക്കിയപ്പോള്‍ രുചിരഹിതമായിരുന്നതിന് രുചി കൈവന്നു; ലഹരിയില്ലാതിരുന്നതിന് ലഹരിയായി’. പഴയനിയമം മിശിഹായില്‍ നിന്നാണ് അര്‍ത്ഥം സ്വീകരിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. പഴയനിമയത്തിന് രുചിയുണ്ടാകുന്നത് മിശിഹാകേന്ദ്രീകൃതമായി അത് മനസ്സിലാക്കുമ്പോഴാണ്.

എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍ക്ക് ഉത്ഥിതനായ മിശിഹാ, മോശ മുതല്‍ എല്ലാ പ്രവാചകന്മാരും തന്നെപ്പറ്റി വിശുദ്ധഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്നവ വ്യാഖ്യാനിച്ചു കൊടുത്തപ്പോള്‍ (ലൂക്ക 24:27) അവര്‍ക്കുണ്ടായ ഹൃദയം ജ്വലിച്ച അനുഭവത്തോടാണ് കാനായിലെ സംഭവത്തെ താരതമ്യപ്പെടുത്തേണ്ടത്. ഇസ്രായേല്‍ ജനതയ്ക്ക് ഇതുവരെ നിയമവും പ്രവാചകന്മാരുമാകുന്ന (പഴയനിയമം) കീഴ്ത്തരം വീഞ്ഞാണ് നല്‍കപ്പെട്ടിരുന്നത്. പഴയനിയമത്തിന്റെ ഈ അപൂര്‍ണ്ണത സൂചിപ്പിക്കുന്നതാണ് ആറ് കല്‍ഭരണികള്‍. യഹൂദചിന്തപ്രകാരം ഏഴാണ് പൂര്‍ണ്ണസംഖ്യ. ഏഴാമത്തേത് മിശിഹായുടെ പ്രബോധനമാണ്. പഴയനിയമത്തിന് അര്‍ത്ഥം നല്‍കുന്നത് ഈശോയെന്ന വ്യക്തിയും അവിടുത്തെ പ്രബോധനവുമാണ്.

മണവാളനായ മിശിഹാ

മിശിഹായുടെ വരവോടെ വീഞ്ഞ് സമൃദ്ധമായുണ്ടാകുമെന്നത് പഴയനിയമത്തിലെ ശക്തമായ പ്രതീക്ഷയായിരുന്നു (ഏശ. 25:6; ജോയേല്‍ 3:18; ആമോസ് 9:13-14). പഴയമനിയമ പ്രതീക്ഷകളെല്ലാം പൂര്‍ത്തിയായത് ഈശോയിലാണല്ലോ. യഹൂദരുടെ ശുചീകരണത്തിനുള്ള വെള്ളമാണ് ഈശോ വീഞ്ഞായി രൂപാന്തരപ്പെടുത്തുന്നത്. മോശയുടെ നിയമപ്രകാരമാണ് ശുചീകരണകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിരുന്നത്. അതിന്റെ സ്ഥാനത്താണ് മിശിഹാ വീഞ്ഞ് സമൃദ്ധമായി പ്രദാനം ചെയ്യുന്നത്. മോശവഴി നിയമം നല്‍കപ്പെട്ടെങ്കില്‍, ഈശോമിശിഹാ വഴി കൃപയും സത്യവും നല്‍കപ്പെട്ടിരിക്കുന്നു (യോഹ. 1:17). വെള്ളം വീഞ്ഞാക്കിയതു വഴി പ്രവാചകന്മാര്‍ മുന്‍കൂട്ടി അറിയിച്ച മിശിഹായുഗം ആരംഭിച്ചിരിക്കുന്നു എന്ന് ഈശോ വ്യക്തമാക്കുകയായിരുന്നു. അങ്ങനെ, തന്റെ മഹത്വം വെളിപ്പെടുത്തിയ ആദ്യത്തെ അടയാളം ഈശോ ഗലീലിയായിലെ കാനായില്‍ കാണിച്ചു. അവന്റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിക്കുകയും ചെയ്തു (യോഹ. 2:11) എന്നുകൂടി ശ്ലീഹാ രേഖപ്പെടുത്തുന്നുണ്ട്.

ഈശോയുടെ ദൈവികമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങള്‍ അവിടുന്നില്‍ വിശ്വസിക്കാനുള്ള ക്ഷണം കൂടിയാണ്. അവിടുത്തെ ശിഷ്യന്മാര്‍ ഈശോ ആഗ്രഹിച്ചതുപോലെ പ്രതികരിച്ചു. ആദ്യ അടയാളം കണ്ട് വിശ്വസിക്കാന്‍ തുടങ്ങിയ ശിഷ്യന്മാരുടെ വിശ്വാസം പൂര്‍ണ്ണമായത് അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട അടയാളമായ ഉത്ഥാനത്തോടു കൂടിയാണല്ലോ. നമ്മുടെ ജീവിതത്തിലും ദൈവം നല്‍കുന്ന അടയാളങ്ങള്‍, ദൈവിക ഇടപെടലുകളായി മനസ്സിലാക്കി അവിടുന്നിലുള്ള വിശ്വാസത്തില്‍ വളരുവാന്‍ നമുക്കും സാധിക്കണം.

സ്വര്‍ഗ്ഗീയ മഹത്വത്തെ കുഞ്ഞാടിന്റെ വിവാഹവിരുന്നുമായി ബന്ധപ്പെടുത്തിയാണ് വെളിപാട് ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത് (വെളി. 19:1-10). ഈശോ തന്നെയും, രാജാവ് തന്റെ പുത്രനുവേണ്ടി ഒരുക്കിയ വിവാഹവിരുന്നിനോടും സാദൃശ്യപ്പെടുത്തിയാണല്ലോ സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് (മത്താ. 22:1-14). ആ സ്വര്‍ഗ്ഗീയവിരുന്നിന്റെ മുന്നോടിയും മുന്നാസ്വാദനവുമാണ് ഓരോ പരിശുദ്ധ കുര്‍ബാനയര്‍പ്പണവും. കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍ ബലിപീഠത്തില്‍ വീഞ്ഞിനെ അവിടുത്തെ തിരുരക്തമാക്കി രൂപാന്തരപ്പെടുത്തുന്നു. ‘അവന്‍ പറയുന്നതു നിങ്ങള്‍ ചെയ്യുവിന്‍’ ദൈവപുത്രനായ ഈശോയുടെ പക്കല്‍ മാത്രമേ നമ്മുടെ പ്രശ്‌നങ്ങള്‍ക്കും കുറവുകള്‍ക്കും പരിഹാരമുള്ളു. പരിശുദ്ധ അമ്മ നമ്മെ പറഞ്ഞുവിടുന്നത് തിരുക്കുമാരന്റെ പക്കലേക്കാണ്.

കാനായിലെ വിവാഹം മിശിഹായും സഭയും തമ്മിലുള്ളതാണ് എന്നതാണ് സഭാപിതാക്കന്മാരുടെ വ്യാഖ്യാനം. യോഹന്നാന്‍ മാംദാന മിശിഹായെ മണവാളനായി അവതരിപ്പിക്കുന്നുണ്ടല്ലോ (യോഹ. 3:29). യുഗാന്ത്യത്തില്‍ സംഭവിക്കാനിരിക്കുന്ന സ്വര്‍ഗ്ഗീയവിവാഹത്തിന്റെ മുന്നോടിയാണിത്. തിരുസഭയുടെ മക്കളായ നാമോരുത്തരുമാണ് ഈ വിവാഹവരുന്നിലെ ക്ഷണിതാക്കള്‍. ഈ സ്വര്‍ഗ്ഗീയവിരുന്നിന്റെ മുന്നാസ്വാദാനമാണ് ഓരോ പരിശുദ്ധ കുര്‍ബാനയര്‍പ്പണവും. തന്നെത്തന്നെയുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ ഒരിക്കല്‍ മാത്രം ബലിയര്‍പ്പിച്ച ശ്രേഷ്ഠപുരോഹിതനായ മിശിഹാ എപ്പോഴും ജീവനോടെ ഇരിക്കുകയും നമുക്കുവേണ്ടി പ്രാര്‍ത്ഥന അര്‍പ്പിക്കുകയും ചെയ്യുന്നു (ഹെബ്രാ. 7:25-28). സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന ഈ പ്രാര്‍ത്ഥനയിലാണ് പരിശുദ്ധ കുര്‍ബാന വഴി നാമും പങ്കുചേരുന്നത്. സ്വര്‍ഗ്ഗീയവിരുന്നിന്റെ മുന്നാസ്വാദാനമാണ് ഓരോ പരിശുദ്ധ കുര്‍ബാനയര്‍പ്പണവും. അന്ന് കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍, ഇന്ന് ബലിപീഠത്തില്‍ വീഞ്ഞ് തന്റെ തന്നെ രക്തമാക്കി നമുക്കു നല്‍കുന്നു. അതുവഴി ദൈവികജീവനില്‍ നമ്മെ പങ്കുകാരാക്കുകയും ചെയ്യുന്നു. സ്വര്‍ഗ്ഗീയകുഞ്ഞാടിന്റെ വിവാഹവിരുന്നിന് അര്‍ഹരായി കാണപ്പെടുവാന്‍ ദൈവം ന മ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.