ഞായര്‍ പ്രസംഗം 2 ശ്ലീഹാക്കാലം അഞ്ചാം ഞായര്‍ ജൂലൈ 07 ദൈവപരിപാലനയില്‍ ആശ്രയിക്കുക

പെന്തക്കുസ്താ തിരുനാളില്‍ ലഭിച്ച പരിശുദ്ധാത്മാവിന്റെ തീക്ഷ്ണതയാലും അഭിഷേകത്താലും ജ്വലിച്ച് ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിച്ച ശ്ലീഹന്മാരെ അനുസ്മരിക്കുന്ന ശ്ലീഹാക്കാലത്തിന്റെ അഞ്ചാം ആഴ്ചയിലേയ്ക്ക് നാം പ്രവേശിക്കുകയാണ്. പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന എല്ലാവരും അതേ തീക്ഷ്ണതയാല്‍ ജ്വലിച്ച്, അഭിഷേകത്താല്‍ നിറഞ്ഞ് സുവിശേഷം പ്രഘോഷിക്കണമെന്ന് ഈ കാലം നമ്മെ അനുസ്മരിപ്പിക്കുന്നു.

ആത്മാവില്‍ ജ്വലിച്ച് സുവിശേഷം പ്രഘോഷിക്കുവാന്‍ പോകുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട പ്രധാന കാര്യമാണ് ദൈവപരിപാലനയിലുള്ള ആശ്രയം. ശിഷ്യന്മാരോടായി ക്രിസ്തു പറയുന്ന ഈ വചനഭാഗം ക്രിസ്തുവിനെ അനുഗമിക്കാനായി ഇറങ്ങുന്ന എല്ലാവര്‍ക്കുമായിട്ടുള്ളതാണ്. കാരണം, ക്രിസ്തുവിനെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആശ്രയം വയ്‌ക്കേണ്ടത് ദൈവത്തില്‍ മാത്രമാണ്. സമ്പത്തിലും അധികാരത്തിലും സുഖസൗകര്യങ്ങളിലും ഒന്നിലുമാകരുത്. ലോകത്തിന്റെ ആഗ്രഹം ഇനിയും നേടണമെന്നതാണ് – അതും ഏറ്റവും നല്ലത്. നല്ലതിനെയും പുതിയതിനെയും തേടിപ്പോകുന്നവര്‍ ആശ്രയം വയ്ക്കുന്നത് തങ്ങളുടെ തന്നെ കഴിവിലാണ്. ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാമെന്ന കഴിവില്‍. ഇവിടെ ക്രിസ്തു നമ്മോട് ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. നിങ്ങളെന്തിനാണ് ഭക്ഷണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചുമൊക്കെ ഓര്‍ത്ത് ആകുലപ്പെടുന്നത്? നിങ്ങളെ സൂക്ഷിച്ചു പരിപാലിക്കുന്ന ദൈവത്തിനറിയില്ലേ നിങ്ങള്‍ക്ക് എന്തൊക്കെയാണ് വേണ്ടതെന്ന്?

എല്ലാ മാതാപിതാക്കള്‍ക്കുമറിയാം തങ്ങളുടെ മക്കളുടെ വളര്‍ച്ചയില്‍ എന്തൊക്കെയാണ് അവര്‍ക്കാവശ്യമെന്ന്. ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവുമൊക്കെ വേണ്ട രീതിയില്‍ നല്‍കാന്‍ അവര്‍ക്കറിയാം. എങ്കില്‍ ഇതിന്റെയൊക്കെ കാരണഭൂതനായ സൃഷ്ടാവായ ദൈവത്തിന് തങ്ങളുടെ മക്കളുടെ വളര്‍ച്ചയില്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയുമോ? പിതാവിന് എല്ലാം അറിയാമെന്നാണ് ക്രിസ്തു നമുക്ക് നല്‍കുന്ന ഉറപ്പ്. അതുകൊണ്ട് നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ആദ്യം അവിടുത്തെ രാജ്യം അന്വേഷിക്കണം. ബാക്കിയെല്ലാം അവിടുന്ന് തന്നെ നോക്കിക്കൊള്ളും.

വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യാത്ത കാക്കകളെയും, നൂല്‍ നൂല്‍ക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യാത്ത ലില്ലികളെയും പരിപാലിക്കുന്ന ദൈവം നമ്മെയും പരിപാലിച്ചുകൊള്ളുമെന്ന് പറഞ്ഞ് അലസരായി ജീവിക്കാനുള്ള ഒഴികഴിവല്ലിത്. മറിച്ച്, നമുക്ക് രാജ്യം നല്‍കാനായി പ്രസാദിച്ചിരിക്കുന്ന ദൈവത്തിന്റെ രാജ്യത്തില്‍ അദ്ധ്വാനിക്കാനുള്ള വിളിയാണിത്. പൂക്കളെക്കാളും ചെടികളെക്കാളുമൊക്കെ ശ്രേഷ്ഠമായി സൃഷ്ടിച്ച്, ചിന്തിക്കാനും തീരുമാനമെടുക്കാനുമൊക്കെ കഴിവ് നല്‍കി ദൈവപുത്രരായി നമ്മെയൊക്കെ ഇവിടെ ആക്കിയിരിക്കുന്നത് ശ്ലീഹന്മാരെപ്പോലെ അദ്ധ്വാനിക്കാനാണ്. അങ്ങനെയുള്ളവര്‍ക്കാണ് ദൈവരാജ്യം. അവരെയാണ് ‘ചെറിയ അജഗണമേ’ എന്ന് വിളിക്കുന്നത്. അതായത്, യഥാര്‍ത്ഥത്തില്‍ ദൈവരാജ്യത്തിന് പ്രാധാന്യം നല്‍കി-ഒന്നാം സ്ഥാനം നല്‍കി അതിനെ അന്വേഷിക്കുന്നവര്‍ ചുരുക്കമാണെന്നാണ്. അങ്ങനെയുള്ള ചെറിയ അജഗണത്തെ ദൈവം പരിപാലിക്കുമെന്നുറപ്പാണ്. കാരണം, കര്‍ത്താവ് ഇടയനാണ്. യഥാര്‍ത്ഥവിശ്വാസികള്‍ – യഥാര്‍ത്ഥത്തില്‍ ദൈവരാജ്യം അന്വേഷിക്കുന്നവര്‍ അവിടുത്തെ അജഗണത്തിലെ ആടുകളുമാണ്. ആടുകളെ പരിപാലിക്കുന്ന ഇടയനായ ദൈവത്തില്‍ നാം ആശ്രയം കണ്ടെത്തണം.

ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെയൊക്കെ ഉള്ളിലുയരുന്ന ചോദ്യമാണ് ആകുലപ്പെടാതെ ജീവിക്കാന്‍ സാധിക്കുമോ എന്നത്. വിജയത്തെക്കുറിച്ചും മാര്‍ക്കിനെക്കുറിച്ചും ആകുതലയില്ലെങ്കില്‍ നന്നായി പഠിക്കുമോ? മക്കളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കയില്ലെങ്കില്‍ അവരെ നന്നായി വളര്‍ത്തുമോ? ലോകകപ്പില്‍ നമ്മുടെ രാജ്യം ജയിക്കുമോ തോല്‍ക്കുമോ എന്ന ആശങ്ക കൂടാതെ, കളി കാണാന്‍ സാധിക്കുമോ? ഇങ്ങനെ പലവിധ ആശങ്കകളാലും ആകുലതകളാലും ചുറ്റപ്പെട്ടാണ് ഓരോ ദിവസവും കഴിഞ്ഞുപോകുന്നത്. അങ്ങനെയിരിക്കെ, ആകുലപ്പെടേണ്ട എന്ന് വചനം പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?

ഇവിടെ ആകുലപ്പെടേണ്ട എന്ന് ഉദ്ദേശിക്കുന്നത് ഇങ്ങനെയുള്ള നിസ്സാര കാര്യങ്ങള്‍ക്ക് നമ്മള്‍ നല്‍കുന്ന മുന്‍ഗണനാക്രമം മാറ്റണമെന്നതാണ്. ആത്മാവിനെക്കാളും ജീവനെക്കാളും വസ്ത്രത്തിനും ഭക്ഷണത്തിനും ശരീരത്തിനും നല്‍കുന്ന മുന്‍ഗണനാക്രമം മാറ്റണം. മറ്റെന്തിനേക്കാളുമുപരി ദൈവത്തിനും ദൈവരാജ്യത്തിനും ദൈവപരിപാലനയ്ക്കും പ്രാധാന്യം കൊടുക്കണം. ക്രിസ്തു തന്നെയാണ് നമുക്കിവിടെ മാതൃക.

അവനുമുണ്ടായിരുന്നു ആകുലപ്പെടാന്‍ കാരണങ്ങള്‍. ദരിദ്രനായി പുല്‍ക്കൂട്ടില്‍ പിറക്കേണ്ടി വന്നപ്പോഴും, പലായനങ്ങള്‍ ചെയ്യേണ്ടി വന്നപ്പോഴും, ഉറ്റവരാലും ഉടയവരാലും ഒറ്റിക്കൊടുക്കപ്പെട്ടപ്പോഴും തള്ളിപ്പറയപ്പെട്ടപ്പോഴും, രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ചപ്പോഴുമൊക്കെ അവന് ആകുലപ്പെടാമായിരുന്നു. എന്നാല്‍, ക്രിസ്തു ഇതിനൊന്നും മുന്‍ഗണന കൊടുത്തില്ല. പിതാവിന്റെ പരിപാലനയില്‍ ആശ്രയിച്ചുകൊണ്ട് പിതാവിന്റെ ഹിതം നിറവേറട്ടെ എന്ന് അവിടുന്ന് പ്രാര്‍ത്ഥിച്ചു. ഈ ക്രിസ്തു ഇന്ന് നമ്മോട് പറയുന്നത് ഇത്രമാത്രം: ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ആവശ്യമുള്ള സമയത്ത് നടത്തിത്തരുന്ന ദൈവത്തില്‍ ആശ്രയിക്കുക ബാക്കിയെല്ലാം അവിടുന്ന് നോക്കിക്കൊള്ളും.

ദൈവപരിപാലനയുടെ വലിയ ഉദാഹരണമാണ് പുറപ്പാട് സംഭവം. ദൈവം പരിപാലിച്ച് വഴിനടത്തി ആവശ്യമായവയെല്ലാം നല്‍കിയിട്ടും അവിടുത്തെ ധിക്കരിച്ച ജനത്തിന് ലഭിക്കാത്ത ദൈവപരിപാലനയുടെ അടയാളമായ കാനാന്‍ദേശം ലഭിക്കാതെ പോയതിനെ നമ്മുടെ മുമ്പില്‍ അവതരിപ്പിച്ചുകൊണ്ട് നിയമാവര്‍ത്തന പുസ്തകം 1-ാം അധ്യായം 33 മുതലുള്ള വാക്യങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്ന ഒരു കാര്യം ഇത്രമാത്രം: ദൈവത്തിന്റെ പരിപാലനയില്‍ മാത്രം ആശ്രയം വയ്ക്കണം. കാരണം, അവിടുന്ന് തന്റെ വാക്കുകളില്‍ വിശ്വസ്തനാണ്.

ഇതു തന്നെയാണ് ദൈവത്തിന്റെ പരിപാലനയില്‍ ആശ്രയിക്കാതെ വിജാതീയ ദൈവങ്ങളുടെ പിന്നാലെ പോയി ദൈവത്തിന്റെ ക്രോധം വിളിച്ചുവരുത്തിയ ജനതയെ കാണിച്ചുകൊണ്ട് ഇന്നത്തെ വായനയില്‍ ഏശയ്യാ പ്രവാചകനും പറയുന്നത്. ദൈവാശ്രയത്തെ മാറ്റിനിര്‍ത്തി സ്വന്തം കഴിവുകളില്‍ ആശ്രയം വച്ച് മറ്റുള്ളവരുടെ മുമ്പില്‍ വലിയവരാകാന്‍ ശ്രമിക്കുന്നവരെ നമുക്ക് കാണിച്ചുതന്നുകൊണ്ട് പൗലോസ് ശ്ലീഹായും പറയുന്ന കാര്യമിതാണ്: നിങ്ങള്‍ ആശ്രയം വയ്‌ക്കേണ്ടത് നിങ്ങളുടെ കഴിവുകളിലാകരുത്. മറിച്ച്, ഇവയെല്ലാം നമുക്ക് തരുന്ന ദൈവത്തിന്റെ പരിപാലനയിലായിരിക്കണം.

ക്രിസ്തു പറഞ്ഞുതരുന്ന ഈ ദൈവപരിപാലന ഒട്ടും കുറഞ്ഞുപോയിട്ടില്ല എന്ന് നമുക്ക് പറഞ്ഞുതരുന്ന യാഥാര്‍ത്ഥ്യമാണ് വിശുദ്ധ കുര്‍ബാന. ദൈവത്തിന്റെ പരിപാലനയുടെ എന്നും നിലനില്‍ക്കുന്ന, എന്നും ജീവിക്കുന്ന അടയാളം. വിശുദ്ധ ബലിക്കായി അനുദിനം നമ്മള്‍ അണയുമ്പോള്‍ നമ്മെ പരിപാലിക്കുന്ന ദൈവത്തെയാണ് സ്വീകരിക്കുന്നത്. അനുദിനമുള്ള നമ്മുടെ ദിവ്യകാരുണ്യ സ്വീകരണം ഈ പരിപാലനയിലേയ്ക്ക് – ദൈവാശ്രയബോധത്തിലേയ്ക്ക് നമ്മെ നയിക്കുന്നതാകണം. പൂര്‍ണ്ണമായും പിതാവിലാശ്രയിച്ച് സമ്പൂര്‍ണ്ണബലിയായി മാറിയ ക്രിസ്തുവിനെപ്പോലെ നമുക്കും സമ്പൂര്‍ണ്ണമായി അവിടുത്തെ പരിപാലനയിലാശ്രയിച്ച് ഒരു ബലിയായി തീരാം. അങ്ങനെ അനേകരെ ദൈവത്തിന്റെ പരിപാലനയുടെ തണലില്‍ കൊണ്ടുവരുന്ന ജീവിതങ്ങളായി നമ്മുടെ ജീവിതങ്ങള്‍ മാറട്ടെ.  സര്‍വ്വേശ്വരന്‍ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. ജിജു ജോസ്, വാളിയാങ്കല്‍ MCBS