ഞായര്‍ പ്രസംഗം 2, ശ്ലീഹാക്കാലം ആറാം ഞായര്‍ ജൂണ്‍ 27 യഥാര്‍ത്ഥ അറിവ് പശ്ചാത്താപത്തിന്

ബ്ര. നിധിന്‍ മറ്റത്തില്‍ MCBS

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനഫലമായി ഈ ലോകത്തിന്റെ നാനാദിക്കുകളിലേക്ക് അനേകം ആത്മാക്കളെ നേടാനായി ഇറങ്ങിത്തിരിച്ച ശ്ലീഹന്മാരുടെ പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കുന്ന ശ്ലീഹാക്കാലത്തിന്റെ ആറാമത്തെ ആഴ്ചയിലേക്ക് നാം ഇന്ന് പ്ര വേശിക്കുകയാണ്. പരിശുദ്ധാത്മാവിന്റെ ദാനങ്ങളിലൊന്നായ അറിവിലൂടെ നാം പശ്ചാത്താപത്തിലേക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകതയെയാണ് സഭ ഇന്ന് നമുക്ക് വിചിന്തനത്തിനായി നല്‍കുന്നത്.

മാതാ-പിതാ-ഗുരു ദൈവം എന്നത് ഒരു ഭാരതീയ ദര്‍ശനമാണ്. മാതാപിതാക്കളെയും ഗുരുവിനെയും ദൈവതുല്യം കാണുന്ന സംസ്കാരം. മാതാപിതാക്കളും ഗുരുഭൂതരും നമുക്ക് പഠനത്തിലൂടെയും ജീവിതമാതൃകകളിലൂടെയും അറിവ് പകര്‍ന്നു തരുന്നവരാണ്. അറിവുകള്‍ തിരിച്ചറിവുകളിലേയ്ക്ക് നമ്മെ നയിക്കുന്നു. പാപത്തെക്കുറിച്ച് ശരിയായ അറിവ് ലഭിക്കുമ്പോഴാണ് നാം യഥാര്‍ത്ഥമായ പശ്ചാത്താപത്തിലേക്ക് നീങ്ങുന്നത്. പൂര്‍ണ്ണമായ അറിവ് ഒരാളെ മോക്ഷത്തിലേക്ക് നയിക്കുന്നു എന്ന ഭാരതീയ തത്വശാസ്ത്രം പോലെ തെറ്റായ അറിവ് നമ്മെ അപൂര്‍ണ്ണതയിലേക്കും അതുവഴി തിന്മയിലേക്കും നയിക്കുന്നു; യഥാര്‍ത്ഥമായ അറിവ് പൂര്‍ണ്ണതയിലേക്കും.

ഇന്നത്തെ സുവിശേഷഭാഗം ആരംഭിക്കുന്നതു തന്നെ ‘എന്തുകൊണ്ട് നിങ്ങള്‍ ശരിയായി വിധിക്കുന്നില്ല’ എന്ന പരാതിയോടെയാണ്. തെറ്റായ വിധികള്‍ പലരെയും നാശത്തിലേക്ക് നയിച്ചിട്ടുണ്ട്. അതുകൊണ്ട് യഥാര്‍ത്ഥമായ അറിവിലൂടെ പശ്ചാത്തപത്തിലേക്ക് കടന്നുവന്ന് പുതിയ സൃഷ്ടിയാകാന്‍ സഭ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നു.

നിത്യഗുരുവായ ദൈവം പഠിപ്പിച്ചതും നിര്‍ദ്ദേശിച്ചതുമായ കാര്യങ്ങളെ പിന്തുടരാനും അനുസരിക്കാനുമാണ് മോശ ഇസ്രായേല്‍ ജനത്തോട് പറയുന്നതെന്ന് ഒന്നാം വായനയില്‍ നാം ശ്രവിച്ചു. തിന്മയുടെമേല്‍ വിജയം വരിക്കാനുള്ള ഏകവഴിയായി ദൈവം നല്‍കിയ കല്‍പനകളെ മോശ ഇസ്രായേല്‍ ജനത്തിനു കൈമാറി. കല്‍പനകള്‍ അനുസരിക്കുന്നതുവഴി മറ്റു ജനതകളുടെ ദൃഷ്ടിയില്‍ ഇസ്രായേല്‍ ജനത ജ്ഞാനികളും വിവേകികളുമാകുമെന്ന് മോശ പറഞ്ഞു. ഇസ്രായേല്‍ ജനതയുടെ യാത്രയിലുടനീളം കല്‍പനകള്‍ അനുസരിച്ച് അവര്‍ നീങ്ങിയപ്പോള്‍ ദൈവം അവരെ സഹായിച്ചു. എപ്പോഴെല്ലാം ഈ കല്‍പനകളില്‍ നിന്ന് വ്യതിചലിച്ച് തിരിച്ചറിവില്ലാതെ പെരുമാറിയോ അപ്പോഴെല്ലാം ദൈവം അവരെ ശിക്ഷിച്ചു. പക്ഷേ അത് ശിക്ഷയല്ല മറിച്ച് ശിക്ഷണമായിരുന്നു. യഥാര്‍ത്ഥമായ അറിവിലൂടെ പശ്ചാത്താപത്തിലേക്ക് കടന്നുവന്ന് ദൈവത്തിന്റെ സ്വന്തം ജനമായിത്തീരുന്നതിനുള്ള ശിക്ഷണം.

അറിവുള്ളവരെയാണ് വിധികര്‍ത്താവായി നാം കാണാറുള്ളത്. ശരിയായ വിധി കര്‍ത്താവില്‍ നിന്നാണ് വരുന്നതെന്ന് ഏശയ്യാ പ്രവാചകനിലൂടെ നാം ശ്രവിച്ചു. വാദപ്രതിവാദങ്ങള്‍ ഉയരുമ്പോള്‍ ശരിയായത് തെരഞ്ഞെടുത്ത് വിധി നടത്തുന്ന വിധികര്‍ത്താവായി ഏശയ്യാ പ്രവാചകന്‍ ദൈവത്തെ ചിത്രീകരിക്കുന്നു. തെറ്റില്‍ കഴിയുന്നവര്‍ തിരിച്ചറിവ് ലഭിച്ച് പശ്ചാത്താപത്തിലൂടെ ദൈവത്തില്‍ എത്തിച്ചേരുമെന്നാണ് ഏശയ്യാ പ്രവാചകന്‍ പ്രത്യാശിക്കുന്നത്.

തനിക്ക് ലഭിച്ചിരിക്കുന്ന അറിവാണ് ഈ ലോകത്തില്‍ വലുതെന്നു കരുതി അഹങ്കരിക്കുകയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും ചെയ്തിരുന്ന സാവൂള്‍, പരിശുദ്ധാത്മാവിന്റെ ദാനമായ അറിവിനാല്‍ നിറഞ്ഞപ്പോള്‍ തനിക്ക് അതുവരെ ലഭിച്ചിരുന്ന സ്വാര്‍ത്ഥമായ അറിവുകള്‍ വെടിഞ്ഞ്, പശ്ചാത്തപിച്ച് ജ്ഞാനസ്‌നാനം സ്വീകരിച്ച് പൗലോസ് ശ്ലീഹായായി. അനേകം ആത്മാക്കളെ നേടി ദൈവമഹത്വത്തിനായി തന്റെ പ്രവര്‍ത്തനങ്ങളെ മാറ്റിവച്ചു. പരിശുദ്ധാത്മാവിലൂടെ ദാനമായി ലഭിക്കുന്ന യഥാര്‍ത്ഥമായ അറിവ് നമ്മെ മാറ്റങ്ങള്‍ക്ക് വിധേയമാക്കുമെന്ന് പൗലോസ് അപ്പസ്‌തോലന്റെ അത്ഭുതകരമായ ജീവിതം നമുക്ക് കാണിച്ചുതരുന്നു. ‘ഇനി മുതല്‍ ഞാനല്ല, ക്രിസ്തു എന്നില്‍ ജീവിക്കുന്നു’ എന്ന് പൗലോസ് ശ്ലീഹാ പറയുന്നതു തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

വര്‍ത്തമാന കാലത്തില്‍ ഓരോ മഹാമാരിയോടും പൊരുതി ജീവിക്കുമ്പോള്‍ നമ്മുടെയുള്ളില്‍ തോന്നിപ്പോകുന്ന ഒരു ചോദ്യമാണ് എന്തുകൊണ്ട് ദൈവം നീതിമാന്മാരെ പെട്ടെന്ന് തിരികെ വിളിക്കുന്നു എന്ന ചോദ്യം. ഈ ചോദ്യത്തിന് ആസ്പദമായ രണ്ടു സംഭവങ്ങള്‍ ഇന്നത്തെ സുവിശേഷത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. ഈ ചോദ്യത്തിന് ഉത്തരമായി ഈശോ നമ്മോട് ഒരു മറുചോദ്യമാണ് ചോദിക്കുന്നത്: “എന്തുകൊണ്ട് നിങ്ങള്‍ ശരിയായി വിധിക്കുന്നില്ല?” മിഥ്യാധാരണകളില്‍ നിന്ന് പുറപ്പെടുന്നതൊന്നും ശരിയായിത്തീരണമെന്നില്ല. നിങ്ങള്‍ വിധിക്കരുത് എന്ന് ഈശോ പറയുന്നത് അതുകൊണ്ടാണ്. പലപ്പോഴും അഹങ്കാരത്തോടെയാണ് നാം വിധി കല്‍പിക്കുന്നത്. എളിമയോടും വിനയത്തോടും കൂടി ദൈവസന്നിധിയില്‍ മാനസാന്തരപ്പെട്ടു നില്‍ക്കുമ്പോള്‍ അവിടെ നാം പരിശുദ്ധാത്മാവിനാല്‍ നിറയും. വിശുദ്ധ കുര്‍ബാനയില്‍ നാം സ്വീകരിക്കുന്ന ഗോതമ്പ് അപ്പത്തില്‍ ഈശോ സന്നിഹിതനാണെന്ന തിരിച്ചറിവിലേക്ക് നാം വളരുമ്പോള്‍ അവിടെ നമുക്ക് സക്കേവൂസിനെപ്പോലെ മാനസാന്തരപ്പെട്ട് അവിടുത്തെ സ്‌നേഹത്തിലേക്കും കരുതലിലേക്കും വളരാനായി സാധിക്കും.

മിഥ്യാധാരണകളിലും തെറ്റായ അറിവുകളിലും തടഞ്ഞുവീഴാതെ യഥാര്‍ത്ഥമായ അറിവും ബുദ്ധിയും തരണമേ എന്ന് അവിടുത്തോട് പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യാം.

ബ്ര. നിധിന്‍ മറ്റത്തില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.