ഞായര്‍ പ്രസംഗം 2, കൈത്താക്കാലം നാലാം ഞായര്‍ ആഗസ്റ്റ് 09 യോഹ. 9: 1-38 പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും

ഈശോമിശിഹായില്‍ സ്‌നേഹം നിറഞ്ഞ വൈദികരേ, പ്രിയപ്പെട്ട സഹോദരങ്ങളെ,

കൈത്താക്കാലം നാലാം ഞായറില്‍ നാം എത്തിനില്‍ക്കുമ്പോള്‍ സഭാമാതാവ് മക്കളായ നമുക്ക് വിചിന്തനത്തിനായി നല്‍കുക വി. മര്‍ക്കോസിന്റെ സുവിശേഷം 7:1-13 വരെയുള്ള വചനഭാഗമാണ്. പാരമ്പര്യങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചുമുള്ള തര്‍ക്കത്തെപ്പറ്റിയാണ് ഇവിടെ പറഞ്ഞുവയ്ക്കുക. ജറുസലേമില്‍ നിന്നു വന്ന നിയമജ്ഞരും ഫരിസേയരും യേശുവിനു ചുറ്റും കൂടി എന്ന് പറഞ്ഞുകൊണ്ടാണ് ഇന്നത്തെ വചനഭാഗം ആരംഭിക്കുന്നത്. അതായത്, നമ്മുടെ സെന്‍ട്രല്‍ ഗവണ്മെന്റ് സംവിധാനങ്ങളായ CBI, IB, INA തുടങ്ങിയ ഏജന്‍സികള്‍ ചില പ്രശ്നങ്ങളുടെയും നിജസ്ഥിതി അറിയാന്‍ വരുന്നതുപോലെ. ഇതുപോലെയാണ് ജറുസലേമില്‍ നിന്ന് ഗലീലിയിലേയ്ക്ക് ഫരിസേയരും നിയമജ്ഞരും യേശുവിനെ ചോദ്യം ചെയ്യാന്‍ എത്തുക.

യഹൂദ റബ്ബിമാര്‍ വ്യാഖ്യാനിച്ചു പഠിപ്പിച്ചതും പിന്നീട് തിരുലിഖിതരൂപത്തില്‍ ആയിത്തീര്‍ന്നതുമായ മിഷ്‌നയും താല്‍മുദുമൊക്കെ ദൈവപ്രമാണങ്ങള്‍, എപ്രകാരം പാലിക്കണമെന്നു പഠിപ്പിച്ച വ്യാഖ്യാനനങ്ങളായിരുന്നു. അങ്ങനെ 613 പ്രമാണങ്ങള്‍ പാലിക്കുവാന്‍ ജനങ്ങളെ കടപ്പെടുത്തി. അതില്‍ 365 പ്രമാണങ്ങള്‍ അരുതായ്മകളെക്കുറിച്ചും 248 പ്രമാണങ്ങള്‍ അനുഷ്ഠിക്കേണ്ടവയെക്കുറിച്ചുമാണ് പറഞ്ഞുവയ്ക്കുന്നത്. കാലക്രമത്തില്‍ ദൈവവചനത്തേക്കാള്‍ പ്രാധാന്യം ദൈവവചനം പാലിക്കുവാന്‍ നിര്‍മ്മിച്ച പ്രമാണങ്ങള്‍ക്കും കല്‍പനകള്‍ക്കും നല്‍കിയപ്പോള്‍ എല്ലാം കീഴ്മേല്‍ മറിഞ്ഞു. നിയമങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും വള്ളിപുള്ളി വിടാതെ പാലിക്കുന്നുവെന്ന പേരില്‍ സ്വയം അഹങ്കരിക്കുന്ന ഫരിസേയരെയും നിയമജ്ഞരെയും വചനത്തിലൂടെ ക്രിസ്തു നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ ഇന്നത്തെ ലേഖനവായനയിലൂടെ പൗലോസ്ശ്ലീഹായും പറഞ്ഞുവയ്ക്കുന്നത് ഇത്തരമൊരു മനോഭാവത്തെക്കുറിച്ചു തന്നെയാണ്.

തങ്ങളുടെ പ്രവര്‍ത്തികളില്‍ അമിതമായ ആത്മവിശ്വാസം നടത്തുന്നവരെ വിഡ്ഢികള്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ട്, ‘അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ; എന്തെന്നാല്‍, തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല, കര്‍ത്താവ് പ്രശംസിക്കുന്നവനാണ് സ്വീകാര്യന്‍’ എന്ന് അവിടുന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്. യേശുവിന്റെ കാലത്ത്, തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്നും യഹോവയുടെ നിയമങ്ങളും പ്രമാണങ്ങളും അഭംഗുരം പാലിക്കുന്നവരുമാണെന്ന മട്ടില്‍ അഹങ്കരിച്ചിരുന്നവരായിരുന്നു യഹൂദര്‍. ദൈവപ്രമാണങ്ങള്‍ ലംഘിക്കുന്നവരെ ശിക്ഷിക്കുന്നത് ഒരു പുണ്യമായിട്ടാണ് അവര്‍ കണ്ടിരുന്നത്. നന്മ ചെയ്യുന്നതിലുപരി പ്രമാണങ്ങളും പാരമ്പര്യങ്ങളും പാലിക്കുന്നതിനാണ് അവര്‍ പ്രാധാന്യം കൊടുത്തിരുന്നത്. യേശുവിനെ കുരിശില്‍ തറയ്ക്കുവാന്‍ അവര്‍ ഒന്നടങ്കം ആവശ്യപ്പെട്ടതിന്റെ കാരണവും ഇതുതന്നെയായിരുന്നു.

അവര്‍ യേശുവിനെ കണ്ടത് കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നവനായിട്ടല്ല; മറിച്ച് അശുദ്ധിയെ സംബന്ധിച്ച നിയമങ്ങള്‍ ലംഘിക്കുന്നവനായിട്ടാണ്, യേശുവിനെ അവര്‍ കണ്ടത് സാബത്തില്‍ നന്മ ചെയ്യുന്നവനായിട്ടല്ല; മറിച്ച് സാബത്ത് ലംഘിക്കുന്നവനായിട്ടായിരുന്നു, യേശുവിനെ അവര്‍ കണ്ടത്, ദൈവത്തെ പിതാവേ എന്നു വിളിക്കുന്നവനായിട്ടല്ല; മറിച്ച് ദൈവദൂഷണം പറയുന്നവനായിട്ടായിരുന്നു. നിയമത്തിന്റെയും പാരമ്പര്യത്തിന്റെയും കണ്ണട ധരിച്ചു നോക്കിയപ്പോള്‍ അവര്‍ക്ക് യേശു ചെയ്യുന്നതെല്ലാം ദൈവദൂഷണവും നിയമലംഘനവുമായി തോന്നി. ഇതുകൊണ്ടാണ് യേശു ഫരിസേയരെക്കുറിച്ചും നിയമജ്ഞരെക്കുറിച്ചും ഇപ്രകാരം പറഞ്ഞുവയ്ക്കുക: ‘ഈ ജനം അധരങ്ങള്‍ കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്ന് വളരെ ദൂരെയാണ്’ എന്ന്.

ഒരു ക്രൈസ്തവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസത്തിന്റെ സ്രോതസ്സായി നില്‍ക്കുന്നത് വിശുദ്ധ ഗ്രന്ഥവും പാരമ്പര്യവുമാണ്. ഒരുകാലത്ത്, കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മില്‍ വേര്‍പിരിഞ്ഞതും പാരമ്പര്യത്തിന്റെ പേരിലായിരുന്നു. പാരമ്പര്യം എന്നതു കൊണ്ട് നാം എന്താണ് അര്‍ത്ഥമാക്കുന്നത്? ലോകത്തിലേയ്ക്ക് നാം ഒന്നു കണ്ണോടിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും, ഏതൊരു പ്രസ്ഥാനത്തിനും സമൂഹങ്ങള്‍ക്കും അവരുടേതായ കൃത്യമായ പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. എന്നാല്‍, പാരമ്പര്യം എന്നതിലൂടെ വിശുദ്ധ ഗ്രന്ഥം എന്താണ് അര്‍ത്ഥമാക്കുന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ഗ്രീക്ക് പദമായ Paradosis പുതിയനിയമത്തില്‍ 13 തവണ ഉപയോഗിക്കുന്നുണ്ട്. ഇവയില്‍ 3 തവണ അപ്പസ്‌തോലന്മാരുടെ പ്രബോധനങ്ങളെ സൂചിപ്പിക്കാനും പത്തു തവണ പൂര്‍വ്വീകരുടെ ആചാരങ്ങളെ സൂചിപ്പിക്കാനുമാണ് ഉപയോഗിക്കുന്നത്. ക്രിസ്തുവിനെ പാരമ്പര്യ വിരോധിയായി ചിത്രീകരിക്കാന്‍ മര്‍ക്കോ. 7:1-13 അതായത്, ഇന്നത്തെ സുവിശേഷഭാഗത്തെ ഉപയോഗിക്കുന്നവരുണ്ടാകും.

എന്നാല്‍, ക്രിസ്തു പൂര്‍വ്വീകരുടെ പാരമ്പര്യങ്ങളെ കാറ്റില്‍ പറത്തിയ നിഷേധിയായ വിപ്ലവകാരിയായിരുന്നില്ല. പകരം, ആചാരപ്രകാരം എട്ടാം ദിവസം പരിച്ഛേദനം സ്വീകരിച്ചവനും ആണ്ടുവട്ടത്തിലെ പ്രധാന തിരുനാളുകള്‍ക്ക് ജറുസലേമിലേയ്ക്ക് തീര്‍ത്ഥാടനം ചെയ്തവനും പതിവായി സിനഗോഗില്‍ പ്രാര്‍ത്ഥനയ്ക്കു പോവുകയും ചെയ്ത ക്രിസ്തു ഒരിക്കലും പാരമ്പര്യങ്ങള്‍ക്ക് എതിരല്ലായിരുന്നു. മറിച്ച്, പൂര്‍വ്വീകരുടെ നിയമങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനത്തോടെ കണ്ട് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയവനായിരുന്നു. ആകയാല്‍, ക്രിസ്തു വിമര്‍ശിച്ചത് ദൈവത്തെയും ദൈവഹിതത്തെയും അവഗണിച്ച് അനിഷ്ടത്തിനും കാര്യസാധ്യത്തിനുംവേണ്ടി പാരമ്പര്യത്തെ വളച്ചൊടിക്കുന്ന നിയമപണ്ഡിതരെയായിരുന്നു. വി. യോഹന്നാന്റെ സുവിശേഷം 2:13-20 വരെയുള്ള വചനഭാഗം പരിശോധിക്കുകയാണെങ്കില്‍ നമുക്ക് കാണാന്‍ സാധിക്കും. ഊനമറ്റവയെ മാത്രമേ ദൈവത്തിന് ബലിയര്‍പ്പിക്കാവൂ എന്ന, വി. പാരമ്പര്യത്തിന്റെ മറവില്‍ വിശ്വാസികള്‍ കൊണ്ടുവരുന്ന സകല മൃഗങ്ങളെയും അവഗണിച്ച് അഴിമതിക്കു വഴിയൊരുക്കുന്ന കച്ചവട മനഃസ്ഥിതിയെ ക്രിസ്തു എതിര്‍ക്കുന്നു. ഇവിടെ ക്രിസ്തു എതിര്‍ക്കുന്നത് പാരമ്പര്യത്തെയല്ല; അതിന്റെ പേരില്‍ നടക്കുന്ന ചൂഷണത്തെയും പകല്‍ക്കൊള്ളയെയുമാണ്.

പ്രിയപ്പെട്ടവരേ, സ്‌നേഹമില്ലാത്ത നിയമപാലനവും ആത്മീയത ഇല്ലാത്ത അനുഷ്ടാനങ്ങളും അതിനാല്‍ തന്നെ നിരര്‍ത്ഥകമാണ്. ഒരിക്കല്‍ ഒരു കൂട്ടം കൊള്ളക്കാര്‍ ഒരു വഴിയാത്രക്കാരനെ ആക്രമിച്ച് കൈയ്യിലുള്ളതെല്ലാം തട്ടിയെടുത്ത് മര്‍ദ്ദിച്ച് അവശനാക്കി. അവര്‍ അയാളുടെ ഭാണ്ഡക്കെട്ട് തുറന്ന് കൊള്ളമുതല്‍ പങ്കുവച്ചപ്പോള്‍ ഒരുവനു കിട്ടിയത് ഒരു പൊതിച്ചോറ്. അത് തുറന്നു നോക്കിയ അയാള്‍ അതിലുണ്ടായിരുന്ന രണ്ടു കഷണം ഇറച്ചി വറുത്തത് എടുത്ത് ദൂരെ കളഞ്ഞുകൊണ്ട് പറഞ്ഞത് ഇങ്ങനെയത്രേ: ‘ശ്ശൊ… ഇന്ന് വെള്ളിയാഴ്ച ആയിപ്പോയല്ലോ…!’

ക്രിസ്തീയത വെറും നിയമങ്ങളും പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും പാലിക്കാനുള്ളത് മാത്രമാണെന്നു ചിന്തിക്കുന്നവരുണ്ടെങ്കില്‍ അവര്‍ മനസ്സിലാക്കേണ്ടത്, നാം മാമ്മോദീസായിലൂടെ സഭയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നത് ക്രിസ്തുവിലേയ്ക്ക് വളരുവാന്‍ വേണ്ടിയാണ്. ക്രിസ്തുവിന്റെ കാരുണ്യം നമ്മിലൂടെ ലോകത്തില്‍ പ്രകടമാക്കുവാന്‍ വേണ്ടിയാണ്. അതിനാല്‍ വ്യര്‍ത്ഥവും അപ്രസക്തവുമായ പാരമ്പര്യങ്ങളുടെ തടവറയില്‍ നിന്ന് പുറത്തുകടന്ന് എല്ലാവരോടും കരുണയോടെ ജീവിക്കാന്‍ പരിശ്രമിക്കാം. കരുണയാണ് ദൈവത്തിന്റെ സ്വഭാവം, കരുണയിലാണ് വിശുദ്ധി, കരുണയിലാണ് പൂര്‍ണ്ണത. ആകയാല്‍, ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ മുഖങ്ങളാകുവാനുള്ള കൃപയ്ക്കുവേണ്ടി നമുക്ക് ഈ വിശുദ്ധ ബലിയില്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ബ്ര. റോബി വരകുപാറയ്ക്കല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.