ശ്രീലങ്കയിൽ ഞായറാഴ്ച്ച കുർബാന താല്കാലികമായി നിർത്തിവെച്ചു

ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞായറാഴ്ചകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല എന്ന് ശ്രീലങ്കയിലെ സഭാനേതൃത്വം അറിയിച്ചു. സ്ഫോടനഭീഷണി നിലനിൽക്കുന്ന സാഹചര്യമാണ് ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് സഭാനേതൃത്വത്തെ നയിച്ചത്.

ദുരന്തം ഇനിയും ആവർത്തിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും ഇനിയും സ്ഫോടനങ്ങൾ ഉണ്ടാകാനിടയുണ്ട് എന്നും വെളിപ്പെടുത്തുന്ന രേഖ താൻ കണ്ടു എന്നും കൊളംബോ ആർച്ച്ബിഷപ്പ് വെളിപ്പെടുത്തി. ആക്രമണത്തെ തുടർന്ന് പരസ്യമായ വിശുദ്ധ കുർബാന അർപ്പണം നിർത്തലാക്കിയിരുന്നു. ഇതു കൂടാതെയാണ് ഇപ്പോൾ ഞായറാഴ്ചകളിലെ ബലിയർപ്പണം കൂടി മാറ്റിവച്ചിരിക്കുന്നത്.

ജനങ്ങൾ എല്ലാവരും ഭീതിയിലാണ്. അത് ഇല്ലാതാക്കുവാനുള്ള എല്ലാ നടപടികളും സ്വീകരിക്കണം എന്നുപറഞ്ഞ ബിഷപ്പ്, ദേവാലയങ്ങൾക്ക് സുരക്ഷ ശക്തമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നും ചൂണ്ടിക്കാട്ടി.