“മതത്തെ നശിപ്പിക്കാൻ ഒരാൾ ആഗ്രഹിച്ചാൽ, അയാൾ പുരോഹിതരെ ആക്രമിച്ചുകൊണ്ടു തുടങ്ങുന്നു” – വി. വിയാനി ദിന ചിന്തകൾ

ആഗസ്റ്റ് മാസം നാലാം തീയതി കത്തോലിക്കാ സഭ വൈദികരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ആഘോഷിക്കുന്നു. ക്രിസ്തീയ പൗരോഹിത്യത്തെക്കുറിച്ചുള്ള ഒരു വിചിന്തനം ഈ അവസരത്തിൽ ഉചിതമാണന്നു കരുതുന്നു. വി. ജോൺ വിയാനിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. “മതത്തെ നശിപ്പിക്കാൻ ഒരുവൻ ആഗ്രഹിച്ചാൽ അയാൾ വൈദികരെ ആക്രമിച്ചുകൊണ്ടു തുടങ്ങുന്നു. എന്തെന്നാൽ എവിടെ വൈദികരില്ലാതാകുന്നോ അവിടെയെല്ലാം ബലികളും ഇല്ലാതാകുന്നു; എവിടെ ബലികളില്ലാതാകന്നുവോ അവിടെ മതവും ഇല്ലാതാകന്നു.”

പാശ്ചാത്യസഭ തളരുന്നതായി വിലയിരുത്തുന്ന ഈ കാലഘട്ടത്തിൽ പ്രശ്നപരിഹാരത്തിനായി പ്രാദേശികവും അന്തർദേശീയവുമായ സെമിനാറുകൾ സംഘടിപ്പിക്കുന്നു, സഭയെ പുതുജീവിപ്പിക്കാൻ വിവിധ രീതികളിലുള്ള കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നു. പക്ഷേ, അടിസ്ഥാനപ്രശ്നങ്ങളിലേയ്ക്ക് കടക്കാൻ നമ്മൾ വൈമുഖ്യം കാണിക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖ 10-ാം നമ്പറിൽ പഠിപ്പിക്കുന്നു, വിശുദ്ധ കുർബാന സഭയെ പടുത്തുയർത്തുന്നു. വിശുദ്ധ ബലിയർപ്പണമാണ് സഭയുടെ ജീവശ്വാസം. ബലിയർപ്പണം കുറയുമ്പോൾ സഭയ്ക്ക് ജീവൻ നഷ്ടപ്പെട്ടാൽ അതിൽ അതിശയോക്തി തെല്ലുമില്ല. ചുരുക്കത്തിൽ വൈദികരുടെ എണ്ണം കുറവായതിനാൽ പാശ്ചാത്യസഭയിൽ അനുദിനം ദിവ്യബലികളുള്ള ദൈവാലയങ്ങൾ കുറഞ്ഞുവരുന്നു, മാസത്തിൽ ഒരു തവണയെങ്കിലും വിശുദ്ധ കുർബാനയ്ക്കുവേണ്ടി ദാഹിക്കുന്നവർ നിരവധിയാണ്. വിശുദ്ധ കുർബാനയെ സ്നേഹിക്കുന്ന ഒരു തലമുറ വളർന്നാൽ സഭ വളരും. അതിനായി വിശുദ്ധ ബലിയും കൂദാശകളും വിശുദ്ധിയോടെ പരികർമ്മം ചെയ്യുന്ന പുരോഹിതഗണം വേണം.

ബലിയർപ്പണത്തിലൂടെ ദൈവത്തിങ്കലേയ്ക്ക് മുഖമുയർത്തുന്ന വൈദികൻ സഭയ്ക്ക് പുതുജീവൻ നൽകുന്നു. ദൈവജനത്തെ അപ്രകാരം ചെയ്യാൻ പഠിപ്പിക്കുന്ന പുരോഹിതൻ സഭയെ പണിതുയർത്തുന്നു. കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥം നമ്പർ 250-ൽ ഇപ്രകാരം പഠിപ്പിക്കുന്നു: “കൂദാശകൾ പരികർമ്മം ചെയ്യുന്ന കത്തോലിക്കാ വൈദികൻ തന്റെ സ്വന്തം അധികാരത്താലോ ധാർമ്മിക പൂർണ്ണതയാലോ അല്ല പ്രവർത്തിക്കുന്നത്. പിന്നെയോ, ക്രിസ്തുവിന്റെ നാമത്തിലാണ്. തിരുപ്പട്ടാഭിഷേകത്തിലൂടെ രൂപാന്തരീകരണപരവും സൗഖ്യദായകവും രക്ഷാകരവുമായ ശക്തി അയാളിൽ ഒട്ടിച്ചുചേർക്കപ്പെടുന്നു. പുരോഹിതന് സ്വന്തമായി ഒന്നുമില്ലാത്തതുകൊണ്ട് അയാൾ സർവ്വോപരി ഒരു ദാസനാണ്. അതുകൊണ്ട്, ഓരോ യഥാർത്ഥ പുരോഹിതനെയും വ്യതിരിക്തനാക്കുന്ന സവിശേഷത സ്വന്തം വിളിയെക്കുറിച്ചുള്ള വിനയപൂർണ്ണമായ വിസ്മയമാണ്.”

തന്റെ വൈദിക ദൈവവിളി ഒരു വിനീതശുശ്രൂഷയായി കണ്ട് കുമ്പസാരക്കൂട്ടിലൂടെ ദൈവകാരുണ്യത്തിന്റെ അനന്തവിസ്മയം തീർത്ത ഒരു സാധാരണ പുരോഹിതനാണ് വി. മരിയാ വിയാനി. ഭൂമിയിൽ ക്രിസ്തുവിന്റെ രക്ഷാകരജോലിയാണ് താൻ തുടരുന്നത് എന്ന വിശ്വാസദാർഡ്യമാണ് അദ്ദേഹത്തിന്റെ പൗരോഹിത്യജീവിതത്തിന് മിഴിവേകിയത്. സ്നേഹനിധിയായ ദൈവത്തെ ജനത്തിനു ചരിചയപ്പെടുത്തിക്കൊടുക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശുശ്രൂഷ. അതിനായി മണിക്കൂറുകൾ ദൈവകാരുണ്യത്തിന്റെ പിള്ളത്തൊട്ടിലായ കുമ്പസാരക്കൂട് അദ്ദേഹം തന്റെ കർമ്മവേദിയാക്കി. അത് മനസ്സിലായപ്പോൾ ദൈവജനത്തിന്റെ നിലയ്ക്കാത്ത നിര വിശുദ്ധന്റെ സന്തതസഹചാരിയായി. മത്സ്യത്തിനു ജലമില്ലാതെ ജീവിക്കാൻ സാധിക്കാത്തതുപോലെ ദൈവത്തെക്കൂടാതെ മനുഷ്യനും ജീവിക്കാൻ സാധ്യമല്ല. ഇത് മരിയ വിയാനിയുടെ ജീവിതദർശനമായിരുന്നു.

എന്താണ് ഒരു പുരോഹിതന്റെ ഏറ്റവും വലിയ ജോലി? അത് ലോകത്തിന് ക്രിസ്തുവിനെ പകർന്നുകൊടുക്കുക എന്നതു മാത്രമാണ്. പൗരോഹിത്യശുശ്രൂഷയിൽ ക്രിസ്തുവാംശം (christic values) ഇല്ലായെങ്കിൽ അത് ക്രിസ്തീയ പൗരോഹിത്യശുശ്രൂഷയല്ല. മറിച്ച്, വെറുമൊരു ഉദ്യോഗം (Profession) മാത്രമാണ്.

കേരളസഭ ദൈവവിളിയുടെ പറുദീസാ ആയി നിലനിന്നിരുന്നതും നിലനിൽക്കുന്നതും ക്രിസ്തുവിനെ കൊടുക്കുന്ന നിരവധി വിശുദ്ധരായ വൈദികർ ഉണ്ടായതുകൊണ്ടാണ്. അതിൽ പിന്നോക്കം പോകുന്നുവെങ്കിൽ ഞാനും കൂടി ഉൾപ്പെടുന്ന പുരോഹിതഗണത്തിന് ഒരു പങ്കില്ലേ? വി. തോമസ് അക്വീനാസ് പറയുന്നു: “രക്ഷയുടെ ഒരു മാർഗ്ഗമായി വൈദികപട്ടം നല്‍കുന്നു. അത് ഒരു വ്യക്തിക്കു വേണ്ടിയല്ല. പിന്നെയോ, മുഴുവൻ സഭയ്ക്കും വേണ്ടിയാണ്.”

പുരോഹിതജീവിതം അവകാശങ്ങളും ബഹുമാനങ്ങളും അംഗീകാരങ്ങളും നേടിയെടുക്കാനുള്ള ചവിട്ടുപടികളല്ല. മറിച്ച്, ദൈവമുഖം ദർശിച്ച് ദൈവജനത്തിനുവേണ്ടി വിനീതശുശ്രൂഷ ചെയ്യുവാനുള്ള കടമയും ഉത്തരവാദിത്വവുമാണ്.

ഫ്രാൻസീസ് പാപ്പയുടെ ഇത്തവണത്തെ പെസഹാദിന സന്ദേശത്തിലെ ഒരു ഓർമ്മപ്പെടുത്തലോടെ ഈ വിചിന്തനം അവസാനിപ്പിക്കാം.

“അഭിഷിക്തരായ നിങ്ങളോട് ഒരു കാര്യം മാത്രമേ എനിക്കു പറയാനുള്ളൂ: പത്രോസിനെപ്പോലെ പിടിവാശിക്കാരനാവരുത്. നിങ്ങളുടെ പാദങ്ങൾ കഴുകാൻ അനുവദിക്കുക. ദൈവം നിങ്ങളുടെ ശുശ്രൂഷകനാണ്. നിനക്കു ശക്തി നൽകാനും നിൻ്റെ പാദം കഴുകുവാനും അവൻ നിൻ്റെ സമീപത്തുണ്ട്. അതിനാൽ ഞാനും കഴുകപ്പെടേണ്ടവനാണ് എന്ന അവബോധത്തോടെ ക്ഷമയുടെ വലിയ വ്യക്തികളാവുക.

ക്ഷമിക്കുക. നമ്മളെ അളക്കുന്ന അളവുകോലാണിത്. നിങ്ങൾ ക്ഷമിച്ചതുപോലെ നിങ്ങളോടും ക്ഷമിക്കപ്പെടും. ക്ഷമിക്കാൻ ഭയപ്പേടേണ്ട. ചിലപ്പോൾ സംശയങ്ങൾ ഉണ്ടാവും… അപ്പോൾ ക്രിസ്തുവിലേയ്ക്കു നോക്കുക, ക്രൂശിതനിലേയ്ക്കു നോക്കുക. അവിടെ എല്ലാവർക്കും മാപ്പുണ്ട്. ആശ്വസിപ്പിക്കുന്നതിലും ക്ഷമിക്കുന്നതിലും റിസ്കുകൾ എടുക്കുന്നതിലും ധൈര്യമുള്ളവരാവുക. കൗദാശികമായ പാപമോചനം നൽകാൻ ഇപ്പോൾ നിങ്ങൾക്കു കഴിയുന്നില്ലെങ്കിലും അവരെ അനുയാത്ര ചെയ്യുന്ന ഒരു സഹോദരനെന്ന നിലയിൽ അല്പം ആശ്വാസമെങ്കിലും നൽകുകയും മടങ്ങിവരുന്നവനായി വാതിൽ തുറന്നുകൊടുക്കയും ചെയ്യുക. പൗരോഹിത്യം എന്ന കൃപയ്ക്കു ദൈവത്തിനു ഞാൻ നന്ദി പറയുന്നു. വൈദീകരേ, നിങ്ങൾക്കുവേണ്ടി ദൈവത്തിനു ഞാൻ നന്ദി അർപ്പിക്കുന്നു. ഈശോ നിങ്ങളെ സ്നേഹിക്കുന്നു. നിൻ്റെ പാദം കഴുകാൻ അവനെ അനുവദിക്കുക, അതു മാത്രമാണ് അവൻ നിങ്ങളോട് ചോദിക്കുക.”

വി. ജോൺ മരിയ വിയാനി എന്ന എളിയ വൈദികന്റെ ദർശനത്തിൽ വിശുദ്ധമായ പുരോഹിത ശുശ്രൂഷ തിരുസഭയെ നവീകരിക്കുന്നു എന്ന സത്യം നമുക്ക് മറക്കാതിരിക്കാം. ഇന്നേ ദിനം വൈദികർക്കുവേണ്ടി പ്രത്യേകമായി നമുക്ക് പ്രാർത്ഥിക്കാം.

ഫാ. ജയ്സൺ അലക്സ് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.