തോമാശ്ലീഹാ ഭാരതത്തിന്റെ ഉജ്ജ്വലദീപം

‘തമസോമാ ജ്യോതിര്‍ഗമയാ’ ഇരുളില്‍ നിന്ന് പ്രകാശത്തിലേക്കു നയിക്കണമേ എന്ന ഋഷിമാരുടെ പ്രാര്‍ത്ഥനക്ക് ഉത്തരമെന്നോണം ക്രിസ്തുശിഷ്യന്‍ മാര്‍തോമാശ്ലീഹാ ക്രിസ്തുവിന്റെ സാന്ത്വനപ്രകാശവുമായി കടലും കരയും കടന്ന് ഭാരതമണ്ണിലെത്തി ക്രിസ്തുവിന്റെ പ്രകാശം പകര്‍ന്നു.

ജൂലൈ 3-ന് ദുക്റാന തിരുനാള്‍ ആഘോഷിക്കുമ്പോള്‍ നമ്മുടെ ഹൃദയം ജ്വലിക്കുകയും വദനങ്ങള്‍ പ്രകാശിക്കുകയും ചെയ്യട്ടെ. ദൈവത്തിന്റെ അനന്തപരിപാലനയില്‍ ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിലൊരാളും ഉത്ഥിതനായ ക്രിസ്തുവിന്റെ വിശ്വാസം ഏറ്റുപറഞ്ഞ് ആരാധിച്ച് എന്റെ കര്‍ത്താവും എന്റെ ദൈവവും എന്ന് ഉദ്‌ഘോഷിച്ച തോമാശ്ലീഹാ ഇന്ത്യയില്‍ സുവിശേഷം അറിയിച്ചത് വലിയ ഭാഗ്യമാണ്.

കേരളത്തില്‍ തോമാശ്ലീഹാ വന്നുവെന്നും സുവിശേഷം പ്രസംഗിക്കുകയും രക്തസാക്ഷിയായി മരിച്ചുവെന്നതിനും ഏറ്റവും വലിയ തെളിവ് അദ്ദേഹം സ്ഥാപിച്ച ഏഴു ദേവാലയങ്ങളും വിശ്വാസത്തിലടിയുറച്ച ഒരു ക്രൈസ്തവ സമൂഹവും ഇവിടെയുണ്ടായിരുന്നു എന്നതു മാത്രമാണ്. തോമാശ്ലീഹാ സ്ഥാപിച്ച പള്ളികള്‍ പാലയൂര്‍, കൊടുങ്ങല്ലൂര്‍, കോട്ടക്കടവ് (പറവൂര്‍), കോക്കമംഗലം, നിരണം, കൊല്ലം, നിലയ്ക്കല്‍ (ചായല്‍) എന്നിവയാണ്. ഏഴു പള്ളികള്‍ എന്നുപറയുമ്പോള്‍ ഏഴു ക്രൈസ്തവ സമൂഹങ്ങള്‍ എന്ന് അര്‍ത്ഥമുണ്ട്. തോമാശ്ലീഹായുടെ ഭാരതമിഷന്‍ പ്രവര്‍ത്തനത്തിന്റെ മറ്റൊരു പ്രധാന തെളിവാണ് മൈലാപ്പമൂരിലുള്ള കബറിടം.

മൈലാപ്പൂരിലെ ചിന്നമലയിലാണ് തോമാശ്ലീഹാ കുന്തത്താല്‍ കുത്തപ്പെട്ട് രക്തസാക്ഷിയായി മരിച്ചത്. ബ്രാഹ്മണര്‍ തോമാശ്ലീഹായെ വിഗ്രഹാരാധനക്കു  നിര്‍ബന്ധിക്കുകയും എന്നാല്‍ ശ്ലീഹാ അതിനു വഴങ്ങാതെ അടുത്തുള്ള ഒരു പാറയിലേക്ക് ഓടിപ്പോവുകയും ഒരു കുരിശ് മാറോട് ചേര്‍ത്തുപിടിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. അപ്പോഴാണ് ഒരു കൊലയാളി ശ്ലീഹായെ കുന്തം കൊണ്ടു കുത്തിയത്. ശ്ലീഹാ രക്തം വാര്‍ന്ന് പിടഞ്ഞുമരിച്ചു. 72 ജൂലൈ മൂന്നിനാണ് സംഭവം നടന്നത്. ‘തോമായുടെ പ്രവര്‍ത്തനങ്ങള്‍’ എന്ന പുസ്തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: “എല്ലാ സഹോദരന്മാരും വിലപിച്ചു. അവര്‍ വെണ്മയേറിയ വസ്ത്രങ്ങള്‍ കൊണ്ടുവന്ന് മൃതദേഹം പൊതിഞ്ഞ ഒരു രാജകീയ കബറിടത്തില്‍ സംസ്‌കരിച്ചു. അതോടൊപ്പം ശ്ലീഹായുടെ രക്തം നനഞ്ഞ അല്‍പം മണ്ണും കുത്താന്‍ ഉപയോഗിച്ച കുന്തത്തിന്റെ ഒരു ഭാഗവും ഒരു മണ്‍കുടത്തിലാക്കി കല്ലറയില്‍ നിക്ഷേപിക്കുകയും ചെയ്തു.” കല്ലറക്കു സമീപം അത്ഭുതകരമായ ഒരു ദീപം എപ്പോഴും കത്തിക്കൊണ്ടിരുന്നതായി കണ്ടുവെന്ന് തിയഡോര്‍ രാജാവ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എ.ഡി. 1293-ല്‍ മാര്‍ക്കോപോളോ എന്ന സഞ്ചാരി അവിടുത്തെ കല്ലറ സന്ദര്‍ശിച്ചു. മൂന്നാം നൂറ്റാണ്ടായപ്പോള്‍ മൈലാപ്പൂര്‍ പ്രദേശത്ത് സമുദായ സംഘര്‍ഷങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അവിടുത്തെ ക്രൈസ്തവര്‍ സുരക്ഷിതസ്ഥാനങ്ങളായ പടിഞ്ഞാറേ തീരത്തേക്ക് പലായനം ചെയ്തു. തോമാശ്ലീഹായുടെ ഭൗതീകാവശിഷ്ടങ്ങള്‍ എദ്ദേസായിലേക്ക് മാറ്റിസ്ഥാപിച്ചു. എദ്ദേസാ പട്ടണത്തിന്റെ വക്താവ് മാര്‍ അപ്രേം ഇങ്ങനെ പ്രഖ്യാപിച്ചു: “തോമാശ്ലീഹായുടെ തിരുശേഷിപ്പുകള്‍ ഇന്ത്യയില്‍ നിന്ന് ഇവിടെ കൊണ്ടുവന്നിരിക്കുന്നു. ഈ അമൂല്യനിധി എദ്ദേസാ പട്ടണത്തെ ധന്യമാക്കുന്നു. ഇന്ത്യയിലെന്നപോലെ എദ്ദേസായിലും തോമായുടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കട്ടെ.” പൗരസ്ത്യ സഭാപിതാവും വേദപാരംഗതനും സുറിയാനി പണ്ഡിതനുമായിരുന്ന മാര്‍ അപ്രേം തോമാശ്ലീഹായെ പ്രകീര്‍ത്തിച്ച് കവിതകള്‍ എഴുതിയിട്ടുണ്ട്.

അടയാളങ്ങളും അത്ഭുതങ്ങളും

ഒത്തിരിയേറെ അത്ഭുതങ്ങള്‍ തോമാശ്ലീഹായുടെ അനുഗ്രഹസാന്നിധ്യം കൊണ്ട് നടന്നിട്ടുണ്ട്. ഏതാനും അത്ഭുതങ്ങള്‍ ഇവിടെ കുറിക്കട്ടെ.

സ്വര്‍ഗ്ഗത്തില്‍ ഭവനം പണിയുന്നു

ഗുണ്ടഫര്‍ രാജാവ് തന്റെ രാജകുമാരനു വേണ്ടി മനോഹരമായ ഒരു കൊട്ടാരം പണിയാന്‍ തീരുമാനിച്ചു. ഒരു നല്ല ശില്‍പിയെ കൊണ്ടുവരാന്‍ ഹബ്ബാന്‍ എന്ന ദൂതനെ അയച്ചു. ഹബ്ബാന്‍ ശില്‍പിയെ അന്വേഷിച്ച് പാലസ്തീനായിലെത്തി. ദൈവനിയോഗം പോലെ തോമായെ കണ്ടുമുട്ടി കാര്യങ്ങള്‍ സംസാരിച്ചു. കൊട്ടാരം പണിയാമെന്ന് തോമാ സമ്മതിച്ചു. തോമായുടെ പ്രവര്‍ത്തനങ്ങളും വാക്കുകളും ഹബ്ബാനെ ഗാഢമായി സ്പര്‍ശിച്ചു. തോമാ ഇന്ത്യയിലെത്തിയപ്പോള്‍ രാജകീയമായ സ്വീകരണമാണ് ലഭിച്ചത്. കൊട്ടാരത്തിന്റെ പ്ലാന്‍ തയ്യാറാക്കി പണിയാനുള്ള പണം രാജാവില്‍ നിന്നു വാങ്ങി തോമാ പുറത്തേക്കിറങ്ങി.

നാട്ടിലെ പാവപ്പെട്ടവരുടെ ദാരിദ്ര്യവും ദുഃഖവും കണ്ട് അലിവു തോന്നി പണമെല്ലാം പാവപ്പെട്ടവര്‍ക്ക് ദാനമായി കൊടുത്തു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ രാജാവ് പണി കാണാന്‍ എഴുന്നള്ളി. എന്ത് അതിശയം, യാതൊരു പണിയും ചെയ്തിട്ടില്ല. രാജാവ് കുപിതനായി തോമായെ കാരാഗൃഹത്തിലടച്ചു. താമസംവിനാ, പെട്ടെന്ന് രാജകുമാരന്‍ കാലം ചെയ്തു. ഒരു ദര്‍ശനത്തില്‍ രാജകുമാരന്‍ രാജാവിനെ അറിയിച്ചു, തോമായെ പരീക്ഷിക്കരുത്. തോമായുടെ കാരുണ്യപ്രവര്‍ത്തികള്‍ ദൈവം അംഗീകരിച്ചു. സ്വര്‍ഗത്തില്‍ ഒരു മനോഹരകൊട്ടാരം എനിക്കായി നിര്‍മ്മിച്ചിട്ടുണ്ട്. രാജാവ് മനസ്സലിഞ്ഞ് തോമായെ കുറ്റവിമുക്തനാക്കി. ഈ ലോകത്തില്‍ അനാവശ്യമായ കൊട്ടാരങ്ങളും മാളികകളും പണിയുന്നതിനേക്കാളും നല്ലതാണ് കാരുണ്യപ്രവര്‍ത്തികള്‍ ചെയ്ത് സ്വര്‍ഗത്തില്‍ എന്നേക്കുമായി ഒരു ഭവനം ലഭിക്കുന്നത്.

മൈലാപ്പൂരില്‍ ഒരു ദേവാലയം പണിതപ്പോള്‍ ദൈവിക ഇടപെടല്‍ ഉണ്ടായതാണ് മറ്റൊരു അത്ഭുതം. ക്രിസ്ത്യാനികള്‍ക്ക് മൈലാപ്പൂരില്‍ ഒരു ആരാധനാലയം പണിയാന്‍ തോമാശ്ലീഹാ ആഗ്രഹിച്ചു. എന്നാല്‍, അവിടുത്തെ രാജാവും ബ്രാഹ്മണ പുരോഹിതരും അതിനു സമ്മതിച്ചില്ല. അപ്പോള്‍ ഒരു അസാധാരണ സംഭവമുണ്ടായി. പട്ടണത്തില്‍ നിന്ന് പത്തു മൈല്‍ അകലെ കടല്‍ത്തീരത്ത് ഒരു വലിയ തടി വന്നുകിടക്കുന്നു. രാജാവ് ആ തടി കൊട്ടാരത്തിലെ ചില പണികള്‍ക്ക് ഉപയോഗിക്കാന്‍ ആഗ്രഹിച്ചു. ശക്തരായ കുറെയാളുകളെ ആ തടി കൊണ്ടുവരാനായി അയച്ചു. പക്ഷേ, ആ തടി അനക്കാന്‍ പോലും അവര്‍ക്കു കഴിഞ്ഞില്ല. വീണ്ടും കൂടുതൽ ആളുകളെയും ആനയെയും വിട്ടു. പക്ഷേ, തടി അനങ്ങുന്നില്ല. തോമാശ്ലീഹാ ധൈര്യപൂര്‍വം മുന്നോട്ടുവന്ന് ചക്രവര്‍ത്തിയെ ഉണര്‍ത്തിച്ചു. ക്രിസ്ത്യാനികള്‍ക്ക് ദേവാലയം പണിയാന്‍ അനുവദിക്കുക. എങ്കില്‍ ഞാന്‍ തനിയെ ആ തടി കൊണ്ടുവരാം. തോമായുടെ ആവശ്യം അനുവദിച്ചു. തോമാശ്ലീഹാ കടല്‍ത്തീരത്തെത്തി. വലിയ ജനക്കൂട്ടവും അവിടെ കൂടി. തോമാ പ്രാര്‍ത്ഥിച്ച് കുരിശടയാളം വരച്ച് അരയില്‍ കെട്ടിയിരുന്ന ചരടിന്റെ ഒരറ്റം തടിയുടെ ഒരറ്റത്തു കെട്ടി. നിഷ്പ്രയാസം തടി വലിച്ചുകൊണ്ടു വന്നു. തോമാ അവിടെ ഒരു കുരിശു നാട്ടി. മനോഹരമായ ദേവാലയം പണിതു (തോമാശ്ലീഹാ, ഫാ. പോള്‍ പാറേക്കാട്ടില്‍ എറണാകുളം).

തോമാശ്ലീഹാ മലയാറ്റൂരില്‍

മലയാറ്റൂര്‍ തീര്‍ത്ഥാടനവും ഭക്തജനപ്രവാഹവും രോഗശാന്തികളും നമുക്ക് എത്രയോ സുപരിചിതമാണ്. തോമാശ്ലീഹാ മലയാറ്റൂര്‍ വന്നതിനെക്കുറിച്ചുള്ള ചരിത്രം ഇങ്ങനെയാണ്. തോമാ സുവിശേഷം പ്രസംഗിച്ച് ക്ഷീണിതനായി മലയാറ്റൂരെത്തി. അപ്പോള്‍ അവിടുത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ വലിയ ജനക്കൂട്ടത്തെ കണ്ടു. കുറച്ചു പേര്‍ തോമായെ കാണാന്‍ വന്നപ്പോള്‍ അവരോട് സുവിശേഷം പ്രസംഗിച്ചു. എന്നാല്‍, അവര്‍ തോമായെ അപമാനിച്ച് പറഞ്ഞയച്ചു. തോമാ ഗുരുവിനെപ്രതി അപമാനങ്ങള്‍ സഹിക്കാന്‍ തയ്യാറായി മലയില്‍ കയറി, ഏകാന്തതയില്‍ രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചു. അവിടെ പാറയില്‍ ഒരു കുരിശ് വരച്ച് സാഷ്ടാംഗം വീണ് ചുംബിച്ചു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആ കുരിശില്‍ നിന്ന് രക്തം പൊടിഞ്ഞു. യേശുവിന്റെ തിരുമുറിവില്‍ തൊട്ട വിരല്‍ കൊണ്ട് വീണ്ടും കുരിശടയാളം വരച്ചു. പ്രാര്‍ത്ഥിച്ച് പരവശനായി തളര്‍ന്നുവീണപ്പോള്‍ പരിശുദ്ധ അമ്മ അവിടെ പ്രത്യക്ഷപ്പെട്ട് വിളിച്ചുണര്‍ത്തുകയും എന്താ ഇത്ര ദുഃഖപരവശനായി ഇരിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു. തോമാ പറഞ്ഞു: “ദിവ്യമാതാവേ, ഈ ജനങ്ങള്‍ എന്റെ സന്ദേശം കേള്‍ക്കുന്നില്ല. അവരാരും തന്നെ ക്രിസ്തീയ സത്യങ്ങള്‍ അനുസരിക്കുന്നില്ല.”

ഇതിനു മറുപടിയായി പരിശുദ്ധ അമ്മ പറഞ്ഞു: “നാളെത്തന്നെ നീ പോയി ക്രിസ്തീയ സത്യങ്ങള്‍ പ്രസംഗിക്കുക. എന്റെ ദിവ്യകുമാരന്‍ വഴി അവര്‍ നിന്റെ ഉപദേശം കേള്‍ക്കുകയും ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്യും. ഈ സ്ഥലം പിന്നീട് ക്രിസ്ത്യാനികളുടെ വണക്കത്തിനുള്ള സ്ഥലമാകും.” തോമാക്ക് വിശപ്പടക്കാന്‍ പ്രത്യേക ഭക്ഷണവും മാതാവ് കൊടുത്തു. പിറ്റേ ദിവസം തോമാ ജനങ്ങളോട് പ്രസംഗിക്കുകയും അനേകായിരങ്ങള്‍ മാനസാന്തരപ്പെടുകയും ചെയ്തു. തോമാ പിന്നീട് പല തവണ മലയില്‍ വന്ന് പ്രാര്‍ത്ഥിച്ചിരുന്നു. ദാഹിച്ചപ്പോള്‍ കൈയ്യിലുണ്ടായിരുന്ന വടി കൊണ്ട് പാറയിലടിച്ച് വെള്ളം വരികയും ചെയ്തു.

വര്‍ഷങ്ങള്‍ക്കു ശേഷം തോമാശ്ലീഹാ പ്രാര്‍ത്ഥിച്ച മലയാറ്റൂര്‍ മലയില്‍ നായാട്ടിനായി വന്നവര്‍ കുരിശാകൃതിയിലുള്ള ഒരു പ്രകാശം കണ്ടു പേടിച്ചു. അത് എന്തെന്നറിയാന്‍ അവര്‍ അതില്‍ കുത്തിനോക്കി. അപ്പോള്‍ അതില്‍ നിന്ന് രക്തം വന്നുകൊണ്ടിരുന്നു. അവര്‍ ഭയവിഹ്വലരായി നില്‍ക്കുമ്പോള്‍ പാറയില്‍ ഒരാളുടെ കാല്‍പ്പാട് കണ്ടു. കുരിശാകൃതിയിലുള്ള പ്രകാശം കണ്ടതുകൊണ്ട് അവര്‍ അത് ക്രിസ്ത്യാനികളോട് പറഞ്ഞു. ക്രിസ്ത്യാനികള്‍ വന്ന്, അത് തോമാശ്ലീഹാ പ്രാര്‍ത്ഥിച്ച സ്ഥലമാണെന്നു മനസ്സിലാക്കുകയും രക്തം വരുന്നതും പ്രകാശപൂരിതവുമായ കുരിശിനെ വണങ്ങുകയും ചെയ്തു. ധാരാളം മാനസാന്തരങ്ങളും രോഗശാന്തികളും തുടര്‍ന്നുകൊണ്ടേയിരുന്നു. മല കയറുമ്പോള്‍ പൊന്നുംകുരിശു മുത്തപ്പാ, പൊന്‍മല കയറ്റം എന്നും മലയിറങ്ങുമ്പോള്‍ പൊന്നുംകുരിശു മുത്തപ്പാ, പൊന്‍മലയിറക്കം എന്നും ഉരുവിടുന്നു. എന്നും വന്‍ജനാവലി രാത്രി മുഴുവന്‍ മലയില്‍ കയറാനും പ്രാര്‍ത്ഥിക്കാനും പോകുന്നത് സന്തോഷപ്രദമാണ്.

നമ്മുടെ പൗരസ്ത്യ സുറിയാനി ആരാധനാക്രമം തോമാശ്ലീഹായുടെ ക്രിസ്ത്വാനുഭവത്തിലൂടെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഈശോയും ശിഷ്യന്മാരും സംസാരിച്ച ഭാഷ ‘അറമായ സിറിയക്ക്’ ആയിരുന്നു. ജറുസലേമില്‍ ആരംഭിച്ച സഭ അറമായ സിറിയക്കില്‍ ആയിരിക്കുക സ്വാഭാവികമാണല്ലോ. വിവിധ സഭകള്‍ അവരുടെ പാരമ്പര്യത്തോട് വിശ്വസ്തത പുലര്‍ത്തണമെന്നും ഓരോ വ്യക്തിസഭയും അതിന്റെ പാരമ്പര്യങ്ങള്‍ പൂര്‍ണ്ണമായി നിലനിര്‍ത്തണമെന്നും തിരുസഭ ആഗ്രഹിക്കുന്നു.

തോമാശ്ലീഹായില്‍ നിന്ന് നമുക്ക് ഉള്‍ക്കൊള്ളാനുള്ള പാഠങ്ങള്‍

1. എന്റെ കര്‍ത്താവും എന്റെ ദൈവവും എന്നുള്ള വിശ്വാസപ്രഖ്യാപനം. ആരാധനാവത്സരങ്ങളില്‍ ഈ വാക്കുകള്‍ ഭക്തിപൂര്‍വം ഉച്ചരിക്കുക. ഉത്ഥിതനായ ഈശോയുടെ തിരുമുറിവുകള്‍ മനസ്സില്‍ കാണുക. കര്‍ത്താവിനെ ആത്മനാ ദര്‍ശിക്കുക.

2. ‘നമുക്കും അവനോടു കൂടി പോയി മരിക്കാം’ എന്നു പറയാനുള്ള ധൈര്യം നമുക്കു വേണം. പാപത്തേക്കാള്‍ മരണം എന്നുള്ള ചിന്തയുണ്ടാവണം. ദുഃശ്ശീലങ്ങളെയും തഴക്കദോഷങ്ങളെയും മാറ്റിയെടുക്കാനുള്ള നട്ടെല്ല് വേണം. മിശിഹായോടുള്ള സ്‌നേഹത്തെപ്രതി പുണ്യം അഭ്യസിക്കാനുള്ള എല്ലാ തടസങ്ങളെയും സ്‌നേഹത്തില്‍ ശുശ്രൂഷ ചെയ്യുമെന്ന തീരുമാനമെടുക്കുക. നമ്മള്‍ തോമാശ്ലീഹായുടെ മക്കളാണെന്ന് അഭിമാനിക്കണം. തോമായെന്നു കേട്ടാല്‍ അഭിമാനപൂരിതമാണം അന്തരംഗം..

തിരുനാള്‍ ആശംസകള്‍ നേരുന്നു…

ഫാ. സെബാസ്റ്റ്യന്‍ ഈറ്റോലില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.