​”അമ്മേ ക്ഷമിക്കണം, ദൈവമേ ഈ ഭക്ഷണത്തിന് ഇത്തിരി രുചി കൂട്ടണേ” സോഷ്യൽ മീഡിയയെ ചിരിപ്പിച്ച ഒരു കൊച്ചുമിടുക്കന്റെ പ്രാർഥന

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിരി പടർത്തുന്നത് ഒരു കൊച്ചുമിടുക്കന്റെ നിഷ്കളങ്കമായ പ്രാർഥനയാണ്. ഭക്ഷണത്തിന് മുന്നിലിരുന്ന് അതീവ ഗൗരവത്തോടെ ഈ ബാലൻ ദൈവത്തോട് ആവശ്യപ്പെട്ടത് കേട്ട് മാതാപിതാക്കൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.

​”ദൈവമേ ഈ ഭക്ഷണം കഴിഞ്ഞ തവണത്തെക്കാൾ നല്ല രുചിയുള്ളതാക്കി മാറ്റേണമേ” എന്നായിരുന്നു അവന്റെ ആത്മാർഥമായ പ്രാർഥന. അമ്മയുടെ പാചകം അത്ര പോരെന്ന കാര്യം യാതൊരു കാപട്യവുമില്ലാതെ അവൻ ദൈവത്തോട് തുറന്നു പറയുകയായിരുന്നു. പ്രാർഥനയ്ക്കിടയിൽ ക്യാമറയിലേക്കുള്ള അവന്റെ നോട്ടം കൂടിയായതോടെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി.

​ഈ വീഡിയോ നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇത് നൽകുന്ന സന്ദേശം വളരെ വലുതാണെന്ന് ആളുകൾ പറയുന്നു. മുതിർന്നവരെപ്പോലെ ഉള്ളിലൊന്ന് വെച്ച് പുറമെ മറ്റൊന്ന് സംസാരിക്കാൻ കുട്ടികൾക്കറിയില്ല. അവരുടെ മനസ്സ് അത്രമേൽ നിഷ്കളങ്കമാണ്. കുട്ടികളെപ്പോലെ ശുദ്ധമായ മനസ്സോടെ വേണം ദൈവത്തെ സമീപിക്കാൻ എന്ന് യേശുക്രിസ്തു പഠിപ്പിച്ച കാര്യമാണ് ഈ കൊച്ചുബാലന്റെ പ്രാർഥനയിലൂടെ വീണ്ടും ഓർമ്മിപ്പിക്കപ്പെടുന്നത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.