കുട്ടികള്‍ക്കു വിശുദ്ധ കുര്‍ബാന നല്‍കാന്‍ വി. പത്താം പീയൂസ് അനുവദിച്ചത് എന്തുകൊണ്ട്?

വി. പത്താം പീയൂസ് മാര്‍പാപ്പയുടെ തിരുനാൾ ദിനം ആഗസ്റ്റ് 21 -ന് ആണ്. പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം നല്‍കിയിരുന്ന വിശുദ്ധ കുര്‍ബാന കുട്ടികള്‍ക്കും നല്കാന്‍ തീരുമാനിച്ചത് വി. പത്താം പീയൂസ് പാപ്പാ ആണ്. ആദ്യകാലങ്ങളില്‍ കുട്ടികള്‍ക്ക് വിശുദ്ധ കുര്‍ബാനയുടെ മേശയ്ക്കു ചുറ്റും നില്‍ക്കാനുള്ള അനുവാദമേ ഉണ്ടായിരുന്നുള്ളൂ. കൂദാശകള്‍ സ്വീകരിക്കാനുള്ള പരിശീലനമാണ് അതിലൂടെ നല്‍കിയിരുന്നത്.

എന്നാല്‍, 1910-ല്‍ വി. പത്താം പീയൂസ് പാപ്പാ ഒരു ഡിക്രിയിലൂടെ (Quam Singulari) ഇതിന് മാറ്റം വരുത്തി. വി. പത്താം പീയൂസ് ഇതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്, ആത്മാവിന്റെ നിഷ്‌കളങ്കതയിലും ശുദ്ധതയിലും ആയിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്നാണ്. മാത്രമല്ല, ചെറുപ്രായത്തില്‍ തന്നെ ഈശോയുമായി ഒന്നുചേരുന്നതും ഏറെ വിശിഷ്ടമായ കാര്യമാണെന്ന് പരിശുദ്ധ പിതാവ് സൂചിപ്പിച്ചിരുന്നു.

കുട്ടികളെ ഒരുപാട് സ്‌നേഹിച്ചിരുന്ന ക്രിസ്തുവിനെയാണ് സുവിശേഷത്തില്‍ കാണുന്നത്. ‘ശിശുക്കള്‍ എന്റെ അടുത്ത് വരുവാന്‍ അനുവദിക്കുവിന്‍. അവരെ തടയേണ്ട’ എന്ന് ഈശോ പറഞ്ഞതില്‍ നിന്നും കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും തുറവിയും യേശു ഇഷ്ടപ്പെട്ടിരുന്നു എന്ന് നമുക്ക് മനസിലാക്കാം. ശിശുക്കളെപ്പോലെ ആയിരിക്കുന്നവര്‍ക്കാണ് അവിടുന്ന് സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്തിരിക്കുന്നതും.

ക്രിസ്തുവിന് ശിശുക്കളോടുള്ള സ്‌നേഹം മനസിലാക്കി വി. പത്താം പീയൂസ് എഴുതി, ‘അതിനാല്‍, അവരെ ചെറുപ്രായത്തില്‍ തന്നെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവരിക. അവിടുന്ന് അവരെ എല്ലാ അപകടങ്ങളില്‍ നിന്നും അവരെ കാത്തുകൊള്ളും. ശിശുക്കള്‍ക്ക് അവിടുത്തെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. വിശുദ്ധ കുര്‍ബാനയില്‍ നിന്നും ലഭിക്കുന്ന ശക്തി അവരെ സംരക്ഷിക്കും. യേശു അവരുടെ കൈയില്‍ മുറുകെ പിടിച്ചുകൊള്ളും.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.