ബഹുമതികളുടെ കൊടുമുടി കയറിയ വിശുദ്ധ മദര്‍ തെരേസ 

ലോകം ആദരവോടെ ഉറ്റു നോക്കിയ ഒരു വ്യക്തിത്വമായിരുന്നു മദർ തെരേസയുടേത്. പ്രായം ചുളിവുകൾ വീഴ്ത്തിയ മുഖത്തെ മായാത്ത പുഞ്ചിരിയുമായി അവർ നടന്നു കയറിയത് ലോകത്തിന്റെ മനഃസാക്ഷിക്കുള്ളിലേക്കാണ്. വേദനിക്കുന്ന ആളുകൾക്കായി അവര്‍ അതിർത്തികൾ കടന്നു. തന്റെ സാന്നിധ്യം ആവശ്യമാണെന്ന് മനസിലാക്കിയ ഇടങ്ങളിലെല്ലാം അവര്‍ കയറി ചെന്നു. അതിർത്തിയോ  ഭാഷകയോ രാജ്യങ്ങമോ ഒന്നും അവര്‍ നോക്കിയില്ല. ആ മഹനീയ വ്യക്തിത്വത്തിന് ഉടമയെ ലോകം എങ്ങനെ ആദരിക്കാതിരിക്കും?

മദറിനെ തേടി നിരവധി പുരസ്‌കാരങ്ങളാണ് എത്തിയത്. അതിൽ പ്രധാനപ്പെട്ടതാണ് 1979  ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം. സമ്മാന തുകയായ  1,92,000 അമേരിക്കൻ ഡോളർ മദർ പാവങ്ങൾക്കായി സംഭാവന ചെയ്തു. 1962 ൽ ഇന്ത്യ മദർ തെരേസക്ക് പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.  ഇന്ത്യക്കു പുറത്തു ജനിച്ച ഒരാൾക്ക് ഈ ബഹുമതി നൽകുന്നത് ഇതാദ്യമായിട്ടായിരുന്നു. പത്മശ്രീ സ്വീകരിക്കാൻ മാത്രമുള്ള സേവനങ്ങളൊന്നും താൻ ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ആദ്യം മദർ ഈ പുരസ്കാരം നിരസിച്ചിരുന്നു. എന്നാൽ പാവങ്ങൾക്കു വേണ്ടിയെങ്കിലും ഇത് സ്വീകരിക്കണം എന്നുള്ള ഒരുപാട് ബാഹ്യസമ്മർദ്ദങ്ങളുടെ ഫലമായിയാണ് മദർ അവസാനം പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയത്. അതേ വർഷം തന്നെ  ഫിലിപ്പീൻസ് സർക്കാർ മാഗ്സെസെ അവാർഡ് നൽകി മദർ തെരേസയെ ആദരിച്ചു. ദക്ഷിണേഷ്യയിൽ മദർ തെരേസ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് ബഹുമതി സമ്മാനിച്ചത്.

1969 ൽ ജവഹർലാൽ നെഹറു  അവാർഡ് ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാന്റിംഗ് പുരസ്കാരത്തിനും മദർ തെരേസ അർഹയായി. 1972 ൽ രാഷ്ട്രം ഒരു പൗരനു നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി ഇന്ത്യ മദർ തെരേസയെ ആദരിച്ചു. ഭാരതരത്ന അവാർഡും,ചരിത്രത്തിലാദ്യമായായിരുന്നു ഇന്ത്യക്കു പുറത്തു ജനിച്ച ഒരു വ്യക്തിക്കു നൽകുന്നത്.

പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, മാർപ്പാപ്പയുടെ സമാധാന സമ്മാനം തുടങ്ങി  നിരവധി പുരസ്കാരങ്ങളും മദറിന് ലഭിച്ചു. അപ്പോഴൊക്കെ വിനീതയായി നിന്ന് താൻ ഇതിനൊന്നും അർഹയല്ലെന്നു പറഞ്ഞ മദർ തെരേസയെയാണ് ലോകം ദർശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.