മദര്‍ തെരേസയുടെ സൂക്തങ്ങള്‍ 

ലോകത്തിനു മുന്നില്‍ സ്നേഹത്തിന്റെ പുതിയൊരു അധ്യായം തുറന്നു വെച്ച വ്യക്തിയാണ് വിശുദ്ധ മദര്‍ തെരേസ. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധ പദവി ചാര്‍ത്തി കൊടുക്കപ്പെട്ട ചുരുക്കം ചിലരില്‍ ഒരാള്‍. വാക്കുകളല്ല പ്രവര്‍ത്തികളാണ് ലോകത്തെ മാറ്റത്തിന്റെ പാതയില്‍ നയിക്കുക എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുത്ത മനുഷ്യ സ്നേഹി. അതിലുപരി ദൈവാന്വേഷി.

മദര്‍ തെരേസ തന്റെ ജീവിതം കൊണ്ട് കാട്ടിക്കൊടുത്തത്‌ സ്നേഹം എന്ന മൂന്ന് അക്ഷരങ്ങളില്‍ ഒളിഞ്ഞിരുന്ന സാഗരത്തെയാണ്. മദര്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചതും സ്നേഹത്തെ കുറിച്ച് തന്നെ. മദര്‍ തെരേസയുടെ പ്രസക്തമായ കുറച്ചു വചനങ്ങളാണ് താഴെ ചേര്‍ക്കുന്നത്:

  1. ചെറിയ കാര്യങ്ങൾ ആയാലും വലിയ സ്‌നേഹത്തോടും കരുതലോടും ചെയ്യുക. വളരെ ചെറിയ ഒരു കാര്യമായിരുന്നാൽ പോലും സ്‌നേഹത്തോടും ആർദ്രതയോടും അനുകമ്പയോടും ചെയ്യുമ്പോൾ അത് അമൂല്യവും ശ്രേഷ്‌ഠവുമായ ഒന്നായി രൂപാന്തരപ്പെടുന്നു.
  2. ക്ഷയമോ കുഷ്ഠമോ അല്ല,താൻ ആർക്കും വേണ്ടാത്തവനാണ് എന്ന തോന്നലാണ് ഇന്നത്തെ ഏറ്റവും വലിയ രോഗം.
  3. കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം ചിലവിടാന്‍ കഴിയാത്തതും,മാതാപിതാക്കൾക്ക് പരസ്പരം കാണാന്‍ നേരമില്ലാത്തതും ആയ ഭവനങ്ങളിൽ നിന്ന് ലോകത്തിന്റെ അസമാധാനം തുടങ്ങുന്നു.
  4. ഞാ൯ ദൈവത്തിന്‍റെ കയ്യിലെ ഒരു ചെറിയ പെന്‍സിൽ ആകുന്നു. അവിടുന്നു തന്നെ ചിന്തിക്കുന്നു,എഴുതുന്നു,എല്ലാം ചെയ്യുന്നു. പലപ്പോഴും അത് ദുഷ്കരം. മുന ഒടിഞ്ഞ പെ൯സിൽ ആകുമ്പോൾ ദൈവത്തിനു കുറച്ചുകൂടി ചെത്തി മൂർച്ചപ്പെടുത്തേണ്ടിയും വരും.
  5. ഭക്ഷണത്തിനു വേണ്ടിയുള്ള ആഗ്രഹം നിറവേറ്റുന്നതിനേക്കാൾ എത്രയോ ബുദ്ധിമുട്ടാണ് സ്നേഹത്തിനു വേണ്ടിയുള്ള ആഗ്രഹം നിറവേറ്റാൻ.
  6. ഓരോരുത്തരും വളരെ തിരക്കിലായതിനാൽ എല്ലാവരും സ്നേഹത്തിനായി ദാഹിച്ചിരിക്കുന്നു.
  7. ഓരോ വ്യക്തിക്കും വ്യത്യസ്‌തമായ ദൗത്യവും പങ്കും വഹിക്കാനുണ്ട്. എല്ലാവരെയും ഒരേ ദൗത്യത്തിലേക്കല്ല ദൈവം വിളിച്ചിരിക്കുന്നത്. അവരവർക്കു ലഭിച്ചിട്ടുള്ള ദൗത്യം കൃത്യമായും സ്‌തുത്യർഹമായും നിർവഹിക്കുകയാണു വേണ്ടത്.
  8. നിങ്ങൾ പോകുന്ന എല്ലായിടത്തും സ്നേഹം വ്യാപിക്കുക. നിങ്ങളുടെ അടുത്തു നിന്ന് മടങ്ങുന്നവര്‍ ആരും സന്തോഷവന്മാരല്ലാതെ മടങ്ങരുത്.
  9. നൂറു പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഒരാള്‍ക്ക് ഭക്ഷണം നല്‍കുക.
  10. ക്രിസ്തുവാകുന്നപ്രകാശം പകരുവാന്‍ കഴിയാത്ത വാക്കുകള്‍ അന്ധകാരം വര്‍ധിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.