വിശുദ്ധ മര്‍ത്താ പഠിപ്പിക്കുന്നത്

വിശുദ്ധ മര്‍ത്തായുടെ തിരുനാള്‍ ദിനമാണിന്ന്. ഫലദായകമായ പ്രവര്‍ത്തികളിലും അദ്ധ്വാനങ്ങളിലും ഏര്‍പ്പെടുന്നവരുടെ മധ്യസ്ഥ. മര്‍ത്തായും സഹോദരി മറിയവും ഈശോയെ സ്വീകരിച്ച രീതി വിശുദ്ധ ഗ്രന്ഥത്തില്‍ നാം കാണുന്നുണ്ട്. മര്‍ത്ത ഈശോയ്ക്കു വേണ്ടി വിരുന്നൊരുക്കിക്കൊണ്ടിരുന്നപ്പോള്‍, മറിയം ഈശോയുടെ കാല്‍ക്കലിരുന്ന് അവിടുത്തെ ശ്രവിച്ചുകൊണ്ടിരുന്നു.

മറിയമാണ് നല്ല ഭാഗം തിരഞ്ഞെടുത്തതെന്ന് ഈശോ തന്നെ പറയുകയും ചെയ്യുന്നു. കാരണം, സ്വയം അറിയാനും ദൈവത്തെ കേള്‍ക്കാനും ദൈവത്തെ അറിയാനും സമയം കണ്ടെത്തിയത്, താത്പര്യപ്പെട്ടത് മറിയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ജോലി ചെയ്തത് മര്‍ത്തായും ശരിയായത് ചെയ്തത് മറിയവുമാണ്. പലപ്പോഴും വിശ്രമമില്ലാതെയുള്ള നമ്മില്‍ പലരുടെയും പരിശ്രമങ്ങള്‍ ഫലം കാണാതെ പോവുന്നതും ഇക്കാരണം കൊണ്ടാണ് – ‘ശരിയായത്’ ചെയ്യാന്‍ സമയം കണ്ടെത്താത്തതു മൂലം .

ഇടവേളകളില്ലാതെ ജോലി ചെയ്യുകയും എന്നാല്‍, ആകുലത ഒഴിയാതെ ഇരിക്കുകയും ചെയ്യുന്നവരാണ് അധികവും. മറിയത്തെപ്പോലെ ആകാതെ മര്‍ത്തായെപ്പോലെ ആയതാണ് അതിനു കാരണം. സ്വയം അറിയാനും മറ്റുള്ളവരെ അറിയാനും ദൈവത്തോടൊപ്പമായിരിക്കാനും അവിടുത്തെ ശ്രവിക്കാനും അവിടുത്തോട് സംസാരിക്കാനും ശ്രമിക്കാതെ നമ്മിലേയ്ക്കും നമ്മുടെ തിരക്കുകളിലേയ്ക്കും ഒതുങ്ങുന്നതാണ് കാരണം.

ഈശോ പറഞ്ഞുകഴിയുമ്പോള്‍ മര്‍ത്തായ്ക്കും അത് മനസിലാവുന്നുണ്ട്. തിരക്കുകള്‍ എപ്പോഴും കൂടെക്കൊണ്ടു നടക്കുന്നത് മേന്മയല്ലെന്ന് അവള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് മര്‍ത്തായോടൊപ്പം നമുക്കും തിരിച്ചറിയാം ശാന്തമാവുന്നതും ദൈവത്തെ അറിയുന്നതുമാണ് പ്രധാനമെന്ന്.