ജോസഫ് ചിന്തകൾ 135: യൗസേപ്പിതാവിനോടുള്ള ഭക്തി – ഏറ്റവും മഹത്തരമായ കൃപകളിൽ ഒന്ന്

ദിവ്യകാരുണ്യഭക്തിയുടെ വലിയ പ്രചാരകനായിരുന്ന വി. പീറ്റർ ജൂലിയൻ എയമാർഡ് വി. യൗസേപ്പിതാവിനോടുള്ള ഭക്തിയുടെയും തീക്ഷ്ണമതിയായ പ്രചാരകനായിരുന്നു. ഫ്രാൻസിൽ നിന്നുള്ള ഈ വിശുദ്ധന്റെ അഭിപ്രായത്തിൽ, ഒരു ആത്മാവിനെ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്താൻ ദൈവം ആഗ്രഹിക്കുമ്പോൾ ആ ആത്മാവിനെ വി. യൗസേപ്പുമായി യോജിപ്പിക്കുന്നു. ദൈവത്തിന് ഒരു ആത്മാവിനു നൽകാൻ കഴിയുന്ന ഏറ്റവും മഹത്തരമായ കൃപകളിലൊന്നാണ് വി. യൗസേപ്പിതാവിനോടുള്ള ഭക്തി. ഈ ഭക്തിയിൽ കൃപയുടെ ഭണ്ഡാരം മുഴുവൻ ദൈവം ഒരു ആത്മാവിന് വെളിപ്പെടുത്തിക്കൊടുക്കുന്നു എന്നും വി. എയ്മാർഡ് പഠിപ്പിക്കുന്നു.

യൗസേപ്പിതാവിനോടുള്ള ഭക്തി യഥാർത്ഥത്തിൽ ഈശോയിലേക്കാണ് നമ്മളെ അടുപ്പിക്കുന്നത്. യൗസേപ്പിന്റെ മുമ്പിലെത്തുന്നവർക്കെല്ലാം അവൻ ഈശോയെ നൽകുന്നു. ദൈവപുത്രനായി ജീവിതം സമർപ്പണം നടത്തിയ ഈ പിതാവിന് ഏറ്റവും ഇഷ്ടമുള്ള കാര്യം, തന്റെ പുത്രനിലേക്ക് തന്റെ പക്കൽ വരുന്നവരുടെ ശ്രദ്ധ തിരിക്കുക എന്നതാണ്. കാരണം, രക്ഷകനെ ആദ്യമായി കൈകളിൽ സ്വീകരിച്ചവൻ എന്ന നിലയിൽ അത് അവന്റെ ഏറ്റവും വലിയ ഉത്തരവാദിത്വവും കടമയുമാണ്.

യൗസേപ്പിതാവിനോടുള്ള അടിയുറച്ച സ്നേഹവും ബഹുമാനവും നമ്മുടെ ആത്മീയവളർച്ചയുടെ ലക്ഷണങ്ങളാണ്. യൗസേപ്പിന്റെ പക്കൽ എത്തിയോ, എങ്കിൽ നാം രക്ഷാമാർഗ്ഗത്തിലാണ്. അവിടെ അഭയം തേടുന്നവരാരും ഈശോയെ അറിയാതെ മടങ്ങുന്നില്ല. യൗസേപ്പിതാവു വഴി ഈശോയിലേക്കു നമുക്കു കൂടുതൽ അടുക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.