വിശുദ്ധ യൗസേപ്പ്

ഇന്ന് മാര്‍ച്ച് 19. ഒരു സൗമ്യസാന്നിദ്ധ്യമായി നമ്മുടെ ഓര്‍മ്മയിലേയ്ക്ക് ഒരു മുനിവര്യന്‍ – വി. യൗസേപ്പ് – കടന്നുവരുന്ന പുണ്യദിനം. വെളിച്ചം വിതറുന്ന, സുഖം പ്രസരിക്കുന്ന മൗനമാണ് വി. യൗസേപ്പിന്റെ മുഖമുദ്ര. അവന്‍ ഇന്ന് നമ്മെയും ക്ഷണിക്കുകയാണ്, മൗനത്തിന്റെ വിശുദ്ധനാട്ടിലേയ്ക്ക്.

ഇന്നു നാം വായിച്ചുകേട്ടത് വി. മത്തായി സുവിശേഷകന്‍ രേഖപ്പെടുത്തിയ വി. യൗസേപ്പിന്റെ ജീവിതാനുഭവമാണ്. ഉറക്കം കെടുത്തുന്ന ചിന്തകളുമായി അസ്വസ്ഥനാകുന്ന ജോസഫിനെയാണ് സുവിശേഷകന്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. വലിയൊരു പ്രതിസന്ധിയിലൂടെ ജോസഫ് നടന്നു. താനറിയാതെ തന്റെ ഭാര്യ ഗര്‍ഭിണിയായിരിക്കുന്നു. ഉലയുന്ന മനസ്സുമായി ജോസഫ് പ്രതിസന്ധിയെ നേരിടുന്നത് അതിശയിപ്പിക്കുന്ന വിധത്തിലാണ്. മറിയത്തെ മുറിപ്പെടുത്താന്‍ ജോസഫിന്റെ മനസ്സ് തയ്യാറാകുന്നില്ല. മറിയത്തിനു നേര്‍ക്ക് കുറ്റപ്പെടുത്തുന്ന രീതിയില്‍ അവന്റെ വിരലുകള്‍ ചൂണ്ടപ്പെടുന്നില്ല. എന്നാല്‍, തന്റെ ചിന്തയ്ക്കതീതമായതെന്തോ സംഭവിക്കുന്നുവെന്ന് ഊഹിക്കാനും ജോസഫിനു സാധിക്കുന്നില്ല. അതുകൊണ്ട്, മറിയത്തിന് ഒരു ആഘാതവും പറ്റാത്ത രീതിയില്‍ ‘രഹസ്യത്തില്‍ ഉപേക്ഷിക്കാന്‍’ തീരുമാനിക്കുന്നു. നല്ല തീരുമാനങ്ങള്‍ ദൈവീകമാണ്. തീരുമാനങ്ങളിലൂടെയാണ് മനുഷ്യന്റെ ജീവിതത്തിലേയ്ക്ക് ദൈവികതാളം കടന്നുവരുന്നത്. അപരനെ അപകടപ്പെടുത്തുന്ന, തിരസ്‌കരിക്കുന്ന തീരുമാനങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്നാണ് വി. യൗസേപ്പ് നമ്മോട് ആവശ്യപ്പെടുന്നത്.

തീരുമാനമെടുക്കുന്ന ജോസഫിനെ ഉറക്കം മാടിവിളിക്കുകയാണ്. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായുടെ വ്യക്തിപരമായ ഒരു വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ‘ഉറങ്ങുന്ന യൗസേപ്പിന്റെ’ പ്രതിമ ഇന്നും ലോകപ്രശസ്തി നേടിയിട്ടുണ്ട്. വലിയ ഉത്തരവാദിത്വത്തിന്റെയും തീരുമാനമെടുക്കേണ്ട സന്ദര്‍ഭങ്ങളുടെയും വലിയ പ്രതിസന്ധികളുടെയും മുന്നില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ എവിടേയ്ക്കാണ് പ്രചോദനത്തിനു നോക്കുന്നത് എന്ന ചോദ്യത്തിന്, തന്റെ മുറിയില്‍, തന്റെ മേശമേല്‍ ‘ഉറങ്ങുന്ന യൗസേപ്പിന്റെ’ രൂപമുള്ള കാര്യം പിതാവ് വെളിപ്പെടുത്തി.

തീരുമാനമെടുത്ത ജോസഫിനെ ദൈവമാണ് ഉറക്കത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. ആ ഉറക്കത്തില്‍ യൗസേപ്പിന്റെ മനസ്സും ചിന്തയും ദൈവകരങ്ങളിലായി. ഇന്ന് വി. യൗസേപ്പിന്റെ മരണത്തിരുന്നാളാണ്. മരണം വലിയ സഹോദരനെങ്കില്‍ ഉറക്കം മരണത്തിന്റെ ഇളയസഹോദരനാണ്. മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തുന്ന ദൈവത്തെ ഉല്‍പത്തി പുസ്തകത്തില്‍ (2:21) കാണാന്‍ സാധിക്കും. ഉണരുന്ന പുരുഷന്‍ കാണുന്നത്, തന്റെ മുമ്പില്‍ നില്‍ക്കുന്ന സ്ത്രീയെയാണ്. അവന്‍ അവളെ ഭാര്യയായി സ്വീകരിച്ചു.

നിദ്രയിലാണ്ട ജോസഫിനെ ദൈവം സ്വപ്നലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു പ്രത്യക്ഷമാവുകയും അദ്ദേഹത്തിന്റെ മനസ്സില്‍ നിന്നും സംശയങ്ങളെ പൂര്‍ണ്ണമായി മാറ്റാനുതകുംവിധം വെളിച്ചം വിതറുകയും ചെയ്തു. അങ്ങനെ ഒരുക്കപ്പെട്ട ജോസഫിനു രണ്ടു വലിയ രഹസ്യങ്ങളുടെ പൊരുള്‍ വെളിവാക്കിക്കിട്ടി: മറിയം ദൈവമാതാവാണെന്നും അവളില്‍ നിന്നും ജന്മമെടുക്കുന്ന ശിശു ദൈവപുത്രനാണെന്നും! മറിയത്തെയും യേശുവിനെയും അറിഞ്ഞ് അംഗീകരിച്ച ആദ്യമനുഷ്യനാണ് ജോസഫ്. തനിക്കു കിട്ടിയ വെളിപാടിന്റെ പ്രകാശത്തില്‍ ജോസഫ്, തന്റെ തീരുമാനത്തിനു മാറ്റം വരുത്തി.

ദൈവദൂതന്‍ ജോസഫിനു നല്‍കുന്ന ദൗത്യം, മറിയത്തിലൂടെ ജന്മമെടുക്കുന്ന ശിശുവിന് ‘യേശു എന്ന് പേരിടണം’ എന്നുള്ളതാണ്. “ജോസഫ് നിദ്രയില്‍ നിന്നുണര്‍ന്ന് കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. അവന്‍ ശിശുവിന് യേശു എന്ന് പേരിട്ടു” (മത്തായി 1:24-25). നിദ്രയില്‍ നിന്നുണര്‍ന്ന ജോസഫ് രണ്ടു മഹാരഹസ്യങ്ങളുടെ പൊരുളറിഞ്ഞവനാണ്. അവന്‍ രഹസ്യങ്ങളുടെ കാവല്‍ക്കാരനും സംരക്ഷകനുമായി മാറി. അങ്ങനെ മൗനം എന്ന അഭൗമികഭാവം അവന്റെ ജീവിതത്തിന്റെ മുഖമുദ്രയായി മാറി. മറിയത്തിന്റെയും യേശുവിന്റെയും കൂടെയുള്ള ജീവിതം ജോസഫിന് നക്ഷത്രത്തിന്റെയും സൂര്യന്റെയും സാമീപ്യത്തിലുള്ള ജീവിതം പോലെയായി. അവസാനം മാതാവിന്റെ മടിയില്‍, ഈശോയുടെ കൈകളില്‍ പിടിച്ച് ഭാഗ്യമരണം വി. യൗസേപ്പിനു ലഭിച്ചു.

നമുക്കും പ്രാര്‍ത്ഥിക്കാം, ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, ഞങ്ങളുടെ ആവശ്യങ്ങളില്‍ അങ്ങേപ്പക്കല്‍ ഓടിവന്ന് അങ്ങേ മദ്ധ്യസ്ഥതയെ ഞങ്ങള്‍ യാചിക്കുന്നു. ദൈവമാതാവായ അമലോത്ഭവ കന്യകയോട് അങ്ങയെ ഒന്നിപ്പിച്ച ദിവ്യസ്‌നേഹം ഞങ്ങളെയും മാതൃഭക്തിയിലേയ്ക്ക് നയിക്കട്ടെ. ഉണ്ണീശോയെ ആലിംഗനം ചെയ്ത അങ്ങേ പിതാവിനടുത്ത വാത്സല്യം ഞങ്ങളുടെ ഹൃദയങ്ങളെ ദൈവീകസത്യങ്ങളെ ആലിംഗനം ചെയ്യാന്‍ പ്രാപ്തമാക്കേണമെ.

ഫാ. ജോസഫ് കോണിക്കല്‍ MCBS