വിശുദ്ധ സ്‌നാപകയോഹന്നാന്റെ വസ്ത്രം നല്‍കുന്ന സന്ദേശങ്ങള്‍

വി. മത്തായിയുടെയും വി. മര്‍ക്കോസിന്റെയും സുവിശേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്ന വി. സ്‌നാപകയോഹന്നാനെ കാണുമ്പോള്‍ വ്യത്യസ്തനായ വ്യക്തിയായിട്ടാണ് നമുക്ക് തോന്നുക. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്തില്‍.

‘യോഹന്നാന്‍ ഒട്ടകരോമം കൊണ്ടുള്ള വസ്ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അവന്റെ ഭക്ഷണം’ (മത്തായി 3:4). ദാരിദ്ര്യം എന്ന അദ്ദേഹത്തിന്റെ വ്രതത്തെ സൂചിപ്പിക്കുന്നതിലുപരിയായി വേറെ എന്താണ് അദ്ദേഹത്തിന്റെ വസ്ത്രം സൂചിപ്പിക്കുന്നത്. യഹൂദര്‍ അദ്ദേഹത്തെ പ്രവാചകനായാണ് കണക്കാക്കിയിരുന്നത്. പഴയ നിയമത്തില്‍ ഏലിയ പ്രവാചകനും ഇതേ വസ്ത്രമാണ് ധരിച്ചിരുന്നത് എന്ന സൂചനയുമുണ്ട്. ‘അവന്‍ രോമക്കുപ്പായവും തുകല്‍ കൊണ്ടുള്ള അരപ്പട്ടയും അണിഞ്ഞിരുന്നു. ഉടനെ രാജാവ് പറഞ്ഞു: തിഷ്ബ്യനായ ഏലിയാ ആണ് അവന്‍’ (1 രാജാ. 1:8).

മലാക്കി നാലാം അധ്യായത്തിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ‘കര്‍ത്താവിന്റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുമ്പ് പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ അടുത്തേയ്ക്ക് അയയ്ക്കും (മലാക്കി 4:5 ). ഈശോ തന്നെയും സ്‌നാപകയോഹന്നാനെ ഏലിയായോട് സാദൃശ്യപ്പെടുത്തുന്നുണ്ട്. ‘നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഇവനാണ് വരാനിരിക്കുന്ന ഏലിയാ’ (മത്തായി 11:14).

പിന്നീട് ഈശോ തന്നെ അദ്ദേഹത്തിന്റെ വസ്ത്രത്തെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ‘എന്തു കാണാനാണ് നിങ്ങള്‍ മരുഭൂമിയിലേയ്ക്കു പോയത്, കാറ്റത്തുലയുന്ന ഞാങ്ങണയോ അല്ലെങ്കില്‍ വേറെ എന്തു കാണാനാണ് നിങ്ങള്‍ പോയത്, മൃദുല വസ്ത്രങ്ങള്‍ ധരിച്ച മനുഷ്യനെയോ, മൃദുല വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണുള്ളത്.’

അനുതാപവും മാനസാന്തരവും പ്രഘോഷിക്കാനുള്ള ദൗത്യത്തെയാണ് സ്‌നാപകയോഹന്നാന്റെ വസ്ത്രം സൂചിപ്പിക്കുന്നത് എന്ന് ഈ തിരുവചനങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. പാപത്തെക്കുറിച്ച് അനുതപിക്കുന്ന അവസരങ്ങളില്‍ പൊതുമധ്യത്തില്‍ ചാക്കുടുത്ത് ചാരം പൂശുന്ന പതിവ് പഴയനിയമത്തില്‍ പലയിടത്തും കാണാം. ഇതെല്ലാമാണ് അദ്ദേഹത്തിന്റെ വസ്ത്രവും വെളിവാക്കുന്ന പ്രതീകങ്ങള്‍.