കൊറിയന്‍ സഭയുടെ കാവല്‍മാലാഖമാരായിരുന്ന വി. ആന്‍ഡ്രു തേയ്ഗനും വി. പോള്‍ ഹസാംഗും

കൊറിയയിലെ കത്തോലിക്കാ സഭയെക്കുറിച്ച് വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒരിക്കല്‍ പറഞ്ഞത് ഇപ്രകാരമാണ്: ‘സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളാല്‍ രൂപം പ്രാപിച്ചതായതിനാല്‍ കൊറിയന്‍ കത്തോലിക്കാ സഭയ്ക്ക് വളരെയേറെ പ്രത്യേകതയുണ്ട്. വളര്‍ച്ചയുടെ പടവുകള്‍ അടിവച്ച് അടിവച്ച് കയറിക്കൊണ്ടിരിക്കുന്ന, യുവത്വവും ശക്തിയും നിറഞ്ഞ ഈ സഭ അതിഭീകരമായ പീഡനങ്ങളെ അതിജീവിച്ചാണ് ഇന്നത്തെ നിലയില്‍ എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു നൂറ്റാണ്ടിനുള്ളില്‍ പതിനായിരത്തിലധികം രക്തസാക്ഷികളുടെ ചുടുനിണമാണ് ആ മണ്ണില്‍ വീണലിഞ്ഞത്. അതു തന്നെയാണ് കൊറിയയില്‍ സഭയ്ക്ക് വളരാന്‍ ഊര്‍ജ്ജവും വളവുമായത്. ക്രിസ്തുവിനു വേണ്ടി ജീവന്‍ ത്യജിച്ച ആ ആത്മാക്കള്‍ പകരുന്ന ശക്തിയാണ് ഇന്നും വിശ്വാസികളെ ആത്മധൈര്യത്തോടെ മുന്നേറാന്‍ സഹായിക്കുന്നത്.’

ചൈനയുടെ അതിര്‍ത്തി ദേശങ്ങളില്‍ നിന്ന് കൊറിയയിലെത്തിയ ചില ക്രൈസ്തവ സംബന്ധിയായ പുസ്തകങ്ങളിലൂടെയാണ് കൊറിയയില്‍ ക്രിസ്തുവിശ്വാസം ഉടലെടുത്തത്. ഈ പുസ്തകങ്ങളിലൂടെ ക്രിസ്തുവിനെ അറിഞ്ഞ ഒരു ചെറിയ കൊറിയന്‍ സമൂഹം 1784-ല്‍ മാമ്മോദീസ സ്വീകരിച്ചു. അതോടെ സഭ അതിവേഗം വളര്‍ച്ച പ്രാപിച്ചു തുടങ്ങിയെങ്കിലും ചൈനയില്‍ നിന്നുള്ള രണ്ട് വൈദികരുടെ സേവനം മാത്രമാണ് അവരുടെ ആത്മീയതയെ പരിപോഷിപ്പിക്കുന്നതിനായി ലഭ്യമായിരുന്നത്. 1836-ല്‍ വളരെയേറെ അഭ്യര്‍ത്ഥനകളുടെ ഫലമായി ഒരു സംഘം ഫ്രഞ്ച് മിഷനറി വൈദികര്‍ കൂടി കൊറിയയിലെത്തി. അവരില്‍ ബഹുഭൂരിപക്ഷവും പിന്നീട് രക്തസാക്ഷികളാവുകയാണുണ്ടായത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിലുടനീളവും അനേകം മതപീഡനങ്ങളിലൂടെയാണ് പിന്നീട് കൊറിയയിലെ ക്രൈസ്തവ വിശ്വാസികള്‍ കടന്നുപോയത്. ആ കാലയളവില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് വിശ്വാസത്തിനു വേണ്ടി രക്തം ചൊരിഞ്ഞത്. വി. ആന്‍ഡ്രു കിം ടെയ്ഗണും വി. പോള്‍ ചോംഗ് ഹസാംഗും അക്കാലയളവില്‍ കൊറിയന്‍ സഭയെ നയിച്ചിരുന്നവരാണ്.

വി. ആന്‍ഡ്രു കിം ടെയ്ഗണ്‍, കൊറിയന്‍ സ്വദേശിയായ ആദ്യ പുരോഹിതനാണ്. പതിനായിരത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് അദ്ദേഹം സെമിനാരിയില്‍ ചേര്‍ന്നത്. 1846-ലാണ് അദ്ദേഹം കൈാല്ലപ്പെട്ടത്. സഭയ്‌ക്കെതിരെ തിരിഞ്ഞ സര്‍ക്കാര്‍ അധികാരികളില്‍ നിന്ന് സഭയെ സംരക്ഷിച്ചു നിര്‍ത്തിയ വ്യക്തിയാണ് വി. പോള്‍ ഹസാംഗ്. അദ്ദേഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ്, ഗ്രിഗറി പത്താമന്‍ പാപ്പ കൊറിയന്‍ സഭയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയതും. 1839-ലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.