വിശുദ്ധ അല്‍ഫോന്‍സാ: പ്രത്യാശയുടെ മീവല്‍പക്ഷി

സി. സോണിയ ഡി.സി.

തനിക്കു മുന്നിലെ പട്ടിണിസാമ്രാജ്യത്തെ കണ്ട് നെഞ്ചുരുകുന്ന ഒരു രത്‌നരാജകുമാരപ്രതിമയുടെ കഥ വളരെയേറെ സുപരിചിതമാണല്ലോ. തന്റെ പാവപ്പെട്ട പ്രജകളെ സഹായിക്കാനുള്ള കാരുണ്യഹൃദയവുമായി കേവലം ഒരു പ്രതിമ പ്രവര്‍ത്തിക്കുകയാണ് ഒരു മീവല്‍പക്ഷിയിലൂടെ. ഓരോ ദിനവും ഏറ്റവും വേദനയനുഭവിക്കുന്ന മനുഷ്യരിലേയ്ക്ക് തന്റെ അവയവങ്ങളായ രത്‌നക്കല്ലുകള്‍ കൊത്തിയെടുക്കാന്‍ ആ രാജകുമാരന്‍ മീവല്‍പക്ഷിയോട് ആജ്ഞാപിക്കുകയാണ്. തന്നിലെ മൂല്യമുള്ള ഓരോ ഭാഗവും ഓരോ ദിനവും കുറഞ്ഞുകുറഞ്ഞ് പാവങ്ങളിലേയ്ക്ക്, നിസ്സഹായരിലേയ്ക്ക് സഹായഹസ്തമായി അദ്ദേഹത്തിന്റെ ഉദാരതയും ഊഷ്മളമായ സ്‌നേഹവും മാറുകയാണ്. ഓരോ അവയവങ്ങള്‍ കൊത്തിപ്പറിക്കുമ്പോള്‍ രാജകുമാരനും മീവല്‍പക്ഷിയും അനുഭവിക്കുന്ന വേദന ഒന്നുതന്നെ. അനാഥരും അവശരും തൃപ്തിയടയുമ്പോള്‍ രാജകുമാരനും മീവല്‍പക്ഷിയും അനുഭവിക്കുന്ന സംതൃപ്തിയും ഒന്നുതന്നെ.

മരിച്ചുകഴിഞ്ഞ് ഇത്രമാത്രം പരസ്‌നേഹ പ്രവര്‍ത്തനത്തിനായി ഒരുങ്ങുന്ന രാജകുമാരന്‍ ജീവിച്ചിരുന്നപ്പോള്‍ എത്രമാത്രം മൃദുലഹൃദയനും ജനസ്‌നേഹിയും ആയിരുന്നിരിക്കാം. ജീവിച്ചാലും മരിച്ചാലും ദൈവതിരുമുഖം നമ്മെ വെളിപ്പെടുത്തുന്ന ധന്യജീവിതങ്ങളാണ് വിശുദ്ധര്‍. ദൈവത്തിനു മുന്നിലെ മിഴിവിളക്കുകളും മനുഷ്യര്‍ക്കു മുന്നിലെ വഴിവിളക്കുകളാണ് വിശുദ്ധര്‍.

മേല്‍പ്പറഞ്ഞ കഥയിലെ മീവല്‍പക്ഷിയെപ്പോലെ, ക്രൂശിതനായ യേശുവിന്റെ ദിവ്യവചനങ്ങളുടെ സൗന്ദര്യം തന്റെ സഹനത്തിലൂടെ നമ്മിലേയ്‌ക്കെത്തിച്ച നമ്മുടെ വിശുദ്ധയായ അമ്മയാണ് വി. അല്‍ഫോന്‍സാ. മുന്തിരിപ്പഴങ്ങള്‍ ചക്കിലിട്ടു ഞെരിച്ചുകിട്ടുന്ന ചാറ് സംഭരിച്ചുവച്ച് ശുദ്ധീകരിക്കുമ്പോള്‍ വീര്യമുള്ള വീഞ്ഞ് കിട്ടുന്നതുപോലെ, വേദനകള്‍ കൊണ്ട് വിശുദ്ധീകരിക്കുമ്പോള്‍  നാം ആത്മവീര്യമുള്ളവരാകുന്നു എന്നുപറഞ്ഞ അല്‍ഫോന്‍സാമ്മ, തന്റെ സഹനവും ത്യാഗവുമാകുന്ന സുകൃതസൗധം വിലപിടിച്ച കല്ലുകള്‍ കൊണ്ട് സ്വര്‍ഗ്ഗത്തില്‍ പണിത് സഹനപുത്രിയായ അമ്മയുടെ നിര്‍മ്മലജീവിതം സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും ഉത്തമ ആവിഷ്‌കാരമാകുന്നു. ആ പവിത്രജീവിതത്തിന്റെ സൗരഭ്യം കേരളക്കര മാത്രമല്ല, ലോകം മുഴുവനിലേയ്ക്കും പകര്‍ന്നുകൊണ്ടിരിക്കുന്നു.

മാമ്മോദീസായില്‍ ലഭിച്ച വരപ്രസാദം ഇതുവരെയും നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കുവാനുള്ള അനുഗ്രഹം ദൈവം എനിക്ക് പ്രദാനം ചെയ്തുവെന്ന് തന്റെ പ്രിയ വിശുദ്ധരായ വി. കൊച്ചുത്രേസ്യായെയും, വി. ചാവറ പിതാവിനെയും പോലെ അല്‍ഫോന്‍സാമ്മയും അടിവരയിട്ട് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

‘സ്‌നേഹത്തിന്റെ തീച്ചൂളയില്‍ കത്തിയെരിയുന്ന ഒന്ന് ഞാന്‍ കണ്ടു. എന്റെ ഹൃദയം, അത് എല്ലാവരെയും സ്‌നേഹിച്ചിരുന്നു’ – എന്ന വിശ്വകവി ഖലീല്‍ ജിബ്രാന്റെ വരികള്‍ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തില്‍ എത്രയോ അര്‍ത്ഥവത്താണ്. സഹനത്തിന്റെ കാസാ മട്ടോളം സന്തോഷത്തോടെ കുടിക്കുവാനുള്ള കൃപ കര്‍ത്താവ് അവളിലേയ്ക്ക് കനിഞ്ഞിരുന്നു. സ്‌നേഹത്തെ പ്രതി ദുരിതങ്ങള്‍ സഹിക്കുക, അതില്‍ സന്തോഷിക്കുകയും ചെയ്യുക. ഇതു മാത്രമാണ് അമ്മ ഇഹത്തില്‍ ആഗ്രഹിച്ചതും ജീവിച്ചതും. അങ്ങനെ സ്‌നേഹത്തിന്റെയും പരിഹാരത്തിന്റെയും ഒരു ബലിവസ്തുവായി തന്റെ ജീവിതം അമ്മ യേശുവിനര്‍പ്പിച്ചു.

‘ജീവിതസങ്കടങ്ങളുടെ തിരശ്ശീലയ്ക്കു മുമ്പില്‍ സുസ്മിതവദനവുമായി പ്രത്യക്ഷപ്പെടുന്നവരാരോ അവര്‍ മഹാന്‍’  അല്‍ഫോന്‍സാമ്മ പറഞ്ഞു. പുഞ്ചിരി ഒരി  തിരിവെട്ടമാണ്. ‘സങ്കടപ്പെടുന്നവരുടെ മുഖത്തേയ്ക്ക് നോക്കി കരുണയോടെ ഞാന്‍ പുഞ്ചിരിക്കും.’ പുഞ്ചിരി ഒരു ദൈനംദിനചര്യായാക്കി മാറ്റുവാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് കഴിഞ്ഞിരുന്നു. ഫ്രാന്‍സിസ് പാപ്പ തന്റെ അപ്പസ്‌തോലിക ലേഖനങ്ങളിലെല്ലാം അടിവരയിട്ട് ഓര്‍മ്മിപ്പിച്ച ഒരു പ്രധാന കാര്യമാണ് ‘സന്തോഷമുള്ള സന്യാസിനികള്‍ ദൈവീകസാന്നിധ്യത്തിന്റെ, പ്രതീകങ്ങളുടെ, ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങളാണ്’ എന്ന്. ജീവിതസഹനങ്ങളിലൂടെ ആനന്ദത്തിന്റെ സാക്ഷിയാകുവാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് സാധിച്ചിരുന്നു.

ജീവിതത്തില്‍ ഈശോയുടെ തിരുഹൃദയത്തിലെ സ്‌നേഹാഗ്നിയിലെ ഒരു പൊരിയാവാന്‍ കൊതിച്ച അല്‍ഫോന്‍സാമ്മ സ്‌നേഹം, ത്യാഗം, സേവനം, സഹനം എന്നീ വിശുദ്ധ മൂല്യങ്ങളിലൂടെ സ്‌നേഹത്തിന്റെ പ്രകാശമായി മലമുകളില്‍ ഉയര്‍ത്തിവച്ച അഗ്നിസ്തംഭമായി ഇന്നും ജ്വലിക്കുകയാണ്. അളവില്ലാത്ത വിശുദ്ധിയുടെ, സഹനത്തിന്റെ ജീവിതപ്രഭ ചൊരിഞ്ഞുകൊണ്ട്.

സഹനത്തിന്റെയും ത്യാഗത്തിന്റെയും മുള്ളുകള്‍ നിറഞ്ഞ പാതയിലൂടെ പ്രാര്‍ത്ഥനയെ പരിചയാക്കി സ്‌നേഹഗീതങ്ങള്‍ ഏറ്റവും മധുരമായി പാടിയ പ്രത്യാശയുടെ കിരണങ്ങള്‍ പരത്തി നമുക്കിടയിലൂടെ അനുഗ്രഹങ്ങളുമായി പറന്നിറങ്ങുന്ന പ്രത്യാശയുടെ മീവല്‍പക്ഷിയാണ് വി. അല്‍ഫോന്‍സാമ്മ.

സി. സോണിയ കളപ്പുരക്കല്‍ ഡി.സി.