വിശുദ്ധ അല്‍ഫോന്‍സ: ഭാരതത്തിന്റെ വീരകന്യക

ആര്‍ഷഭാരതം ജന്മം നല്‍കിയവരില്‍ വീരകന്യകയായി സാര്‍വ്വത്രിക സഭ അംഗീകാരം നല്‍കിയ ഏകവ്യക്തിയാണ് വി. അല്‍ഫോന്‍സ. ദൈവീകപുണ്യങ്ങളും സാന്മാര്‍ഗ്ഗിക പുണ്യങ്ങളും വീരോചിതമായ രീതിയില്‍ അഭ്യസിച്ചിരുന്ന കന്യകയാണ് അല്‍ഫോന്‍സ എന്ന് നിരന്തരമായ പഠനത്തിനുശേഷം തിരുസഭ പ്രഖ്യാപിച്ചു. സഭയുടെ പ്രഖ്യാപനത്തെ അല്‍ഫോന്‍സാമ്മ വഴി തുടര്‍ച്ചയായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ട് ദൈവം സ്ഥിരീകരിക്കുകയും ചെയ്തു.

വിശേഷേണ, ശുദ്ധരായവരെയാണല്ലോ വിശുദ്ധര്‍ എന്ന് വിളിക്കുക. സവിശേഷമായ രീതിയില്‍ ശുദ്ധമായ ഹൃദയത്തിനുടമയാണ് അല്‍ഫോന്‍സ എന്നും വീരോചിത സുകൃതാഭ്യസനത്തില്‍ ഈ ഭാരതപുത്രി അദ്വിതീയയാണെന്നും അവളെ അടുത്തറിയാവുന്നവര്‍ മനസ്സിലാക്കിയിരുന്നു. വി. അല്‍ഫോന്‍സായുടെ ആദ്ധ്യാത്മികജീവിതത്തെ വളരെ അടുത്തറിഞ്ഞിരുന്ന ഫാ. റോമുളൂസ് തന്റെ പ്രവചനതുല്യമായ ചരമപ്രസംഗത്തില്‍ ഇപ്രകാരം പറയുന്നു: ‘ഈ കന്യകയെ ഏറ്റവും അടുത്തറിഞ്ഞിട്ടുള്ള ചുരുക്കം ചില ആളുകളിലൊരാള്‍ എന്ന നിലയില്‍ ഞാന്‍ പറയുന്നു, എന്റെ ഹൃദയത്തിന്റെ അഗാധമായ വിശ്വാസത്തില്‍ നിന്നും ഞാന്‍ പറയുന്നു, കേരളത്തില്‍ എന്നല്ല ഭാരതത്തില്‍ തന്നെ ഈ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള ഉല്‍കൃഷ്ട വ്യക്തികളില്‍ ദൈവസമക്ഷം വളരെ മാഹാത്മ്യം നേടിയ ഒരു പുണ്യകന്യകയുടെ ശവസംസ്‌ക്കാരത്തിലാണ് നാം പങ്കുകൊള്ളുന്നത്.’

പ്രസംഗത്തിന്റെ തുടര്‍ന്നുള്ള ഭാഗത്ത് അല്‍ഫോന്‍സാമ്മയെ വീരകന്യക എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നുണ്ട്. ‘കന്യകാലയ സഹോദരികളേ, കണ്ണുനീര്‍ ചൊരിയേണ്ടാ. ഈ വീരകന്യകയോടു കൂടെ വസിക്കുന്നതിനും ഇവളെ പരിചരിക്കുന്നതിനും ഭാഗ്യം ലഭിച്ചതില്‍ ആഹ്ളാദിക്കുക.’

വി. അല്‍ഫോന്‍സാമ്മയ്ക്ക്, ഒരു വീരകന്യകയ്ക്ക് അര്‍ഹമായ അംഗീകാരം നല്‍കുന്നതില്‍ മഹത്തായ പൈതൃകം പേറുന്ന ഈ മാതൃരാജ്യം അതീവ ശ്രദ്ധാലുവായിരുന്നു. പലതവണകളായും പല രീതികളിലും ഭാരതം അല്‍ഫോന്‍സാമ്മയെ ആദരിച്ചിട്ടുണ്ട്.

1. വി. അല്‍ഫോന്‍സാമ്മായുടെ സ്വര്‍ഗ്ഗപ്രവേശനത്തിന്റെ സുവര്‍ണ്ണജൂബിലി വേളയില്‍ ഒരു രൂപയുടെ സചിത്ര തപാല്‍സ്റ്റാമ്പ് ഭാരത സര്‍ക്കാര്‍ മുദ്രണം ചെയ്യുകയും 1996 ജൂലൈ 19-ന് മുന്‍ കേന്ദ്രവ്യവസായ മന്ത്രി ശ്രീ. കെ. കരുണാകരന്‍ ഭരണങ്ങാനത്ത് സ്റ്റാമ്പിന്റെ പ്രകാശനം നിര്‍വ്വഹിക്കുകയും ചെയ്തു.

2. 1996 ജൂലൈ 27-ന് സ്വര്‍ഗ്ഗപ്രവേശ സുവര്‍ണ്ണജൂബിലിവര്‍ഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുവാന്‍ ഭരണങ്ങാനത്ത് എത്തിയത് ലോക്സഭാ സ്പീക്കര്‍ ശ്രീ. പി.എ. സാംഗ്മയാണ്.

3. ഭാരത സര്‍ക്കാരിന്റെ പോസ്റ്റല്‍ വിഭാഗം, അല്‍ഫോന്‍സാമ്മയോടുള്ള ബഹുമാനാര്‍ത്ഥം പുറത്തിറക്കിയ സ്‌പെഷ്യല്‍ കവറിന്റെ പ്രകാശനവും 1996 ജൂലൈ 27-ന് ഭരണങ്ങാനത്തു തന്നെ നിര്‍വ്വഹിക്കപ്പെട്ടു.

4. പരിശുദ്ധ പിതാവ് ബെനഡിക്ട് 16-ാമന്‍ പാപ്പ, 2008 ഒക്‌ടോബര്‍ 12-ന് നടത്തിയ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദ പ്രഖ്യാപനത്തില്‍ പങ്കെടുക്കുവാന്‍ 12 പേരടങ്ങുന്ന ഉന്നത തല പ്രതിനിധിസംഘത്തെ നമ്മുടെ രാജ്യം വത്തിക്കാനിലേയ്ക്ക് അയയ്ക്കുകയുണ്ടായി.

5. അല്‍ഫോന്‍സാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഭാരതത്തിലെ ആഘോഷങ്ങള്‍ 2008 നവംബര്‍ 9-ന് ഭരണങ്ങാനത്തു നടന്നപ്പോള്‍ മുഖ്യാതിഥിയായി എത്തിയത് ഈ രാജ്യത്തിന്റെ മുന്‍ പ്രസിഡന്റും ലോകാരാധ്യ ശാസ്ത്രജ്ഞനും ദാര്‍ശനികനുമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമാണ്.

6. വിശുദ്ധപദ പ്രഖ്യാപന സ്മാരകമായി 2008 നവംബര്‍ 16-ന് 5 രൂപയുടെ സചിത്ര തപാല്‍ സ്റ്റാമ്പും 20 രൂപയുടെ സചിത്ര മിനിയേച്വര്‍ തപാല്‍ ഷീറ്റും ഡല്‍ഹിയില്‍ പ്രകാശനം ചെയ്യപ്പെട്ടു.

7. 2009 ആഗസ്റ്റ് 23-ാം തീയതി വി. അല്‍ഫോന്‍സാ ജന്മശതാബ്ദി വാര്‍ഷികാഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തത് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീ. പ്രണാബ് കുമാര്‍ മുഖര്‍ജിയാണ്.

8. മറ്റ് രണ്ട് വിധത്തില്‍ക്കൂടി 2009 ആഗസ്റ്റ് 23-ന് നമ്മുടെ രാജ്യം ഭരണങ്ങാനത്തു തന്നെ വി. അല്‍ഫോന്‍സാമ്മയോട് ആദരവ് പ്രകടിപ്പിക്കുകയുണ്ടായി.

a) വി. അല്‍ഫോന്‍സാമ്മയുടെ ജന്മശതാബ്ദി സ്മരണ നിലനിര്‍ത്തുവാനായി 5 രൂപയുടെ വിനിമയ നാണയവും 100 രൂപയുടെ സ്മാരക നാണയവും അന്നേദിവസം പ്രകാശനം ചെയ്യപ്പെട്ടു.

b) ഇത്തരം പ്രകാശനചടങ്ങുകള്‍ ഡല്‍ഹിയ്ക്കു പുറത്തു നടക്കുമ്പോള്‍ ധനകാര്യ സഹമന്ത്രിമാരെയോ മറ്റ് വകുപ്പുകളുടെ മന്ത്രിമാരെയോ അയയ്ക്കുന്ന പതിവ് മാറ്റിവച്ച് കേന്ദ്ര ധനകാര്യ വകുപ്പിന്റെ ക്യാബിനറ്റ് മന്ത്രി തന്നെ നാണയങ്ങളുടെ പ്രകാശനത്തിന് എത്തിച്ചേര്‍ന്നു.

9. കേന്ദ്ര ഗവണ്‍മെന്റിന്റെ നേരിട്ടുള്ള താല്‍പര്യത്തില്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലും ചെലവിലും 2010-ല്‍ നിര്‍മ്മിച്ചു പ്രകാശനം ചെയ്ത ‘God’s Chosen One’എന്ന ഡോക്യുമെന്ററി ചിത്രം, ഭാരതം വി. അല്‍ഫോന്‍സായ്ക്കു നല്‍കിയ വലിയ ആദരവായി.

11. ആദരവുകളുടെ തന്നെ മകുടമെന്ന പോലെ, 2010 ആഗസ്റ്റ് 12-ാം തീയതി വി. അല്‍ഫോന്‍സാ ജന്മശതാബ്ദി വര്‍ഷാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഭരണങ്ങാനത്തെത്തിയത് ഭാരതത്തിന്റെ രാഷ്ട്രപതി തന്നെയാണ്. ഭാരതത്തിന്റെ പ്രഥമ വിശുദ്ധയെ ആദരിക്കുവാന്‍ ഭാരതത്തിന്റെ പ്രഥമ വനിതാ രാഷ്ട്രപതി നേരിട്ട് ഭരണങ്ങാനത്തെത്തിയ അവസരം!

ഈ വിശിഷ്ട വ്യക്തികളെല്ലാം വിവിധ സമ്മേളനവേദിയില്‍ എത്തുന്നതിനു മുമ്പ് വിശുദ്ധയുടെ കബറിടത്തിലെത്തി പ്രാര്‍ത്ഥിക്കുവാനും ആദരവ് പ്രകടിപ്പിക്കുവാനും കാണിച്ച താല്‍പര്യം അല്‍ഫോന്‍സാമ്മ എന്ന കന്യകയെ ഭാരതം എങ്ങനെ വീക്ഷിക്കുന്നു എന്നതിന് ഉത്തമസാക്ഷ്യങ്ങളായി.

വിശ്വപ്രസിദ്ധ പത്രപ്രവര്‍ത്തകനായ കുല്‍ദീപ് സിംഗ് നയ്യാരെപ്പോലുള്ളവരുടെ കബറിടസന്ദര്‍ശനവും പ്രാര്‍ത്ഥനയും പൊതുസമൂഹം വി. അല്‍ഫോന്‍സായ്ക്കു നല്കുന്ന ആദരവിന് തെളിവായി നില്‍ക്കുന്നു. ചുരുക്കത്തില്‍ ഭാരതം ആദരവോടെ നമിക്കുന്ന സ്വന്തം വീരകന്യകയാണ് വി. അല്‍ഫോന്‍സ.

റവ. ഡോ. ജോസഫ് തടത്തിൽ

കടപ്പാട്: ഗോതമ്പുമണി